രാഷ്ട്രത്തിന്റെ തനത് മൂല്യങ്ങള്‍ സുരക്ഷിതമായിരിക്കണം എന്ന് ഇച്ഛിക്കുന്ന രാഷ്ട്രസ്‌നേഹികളായ കുറേപേരുടെ ലക്ഷ്യബോധത്തോടുകൂടിയുള്ള ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ സഫലതയാണ് ഈ വേദി. കേസരി പുതിയ കാര്യാലയത്തിലേക്ക് മാറുമ്പോള്‍ അത് കേസരിയുടേത് മാത്രമായ ഒരു കാര്യാലമായിട്ടല്ല മറിച്ച്, ഒട്ടധികം സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും സാംസ്‌കാരികപ്രവര്‍ത്തനങ്ങളുടേയും കേന്ദ്രമായിട്ടുകൂടിയാണ് മാറുന്നത്. ആ നിലയ്ക്ക് ഇത് വളരെ സന്തോഷകരമാണ്. ഒരു മാധ്യമപഠനഗവേഷണകേന്ദ്രം സ്ഥാപിതമാകുന്നു എന്നതിനെ വലിയൊരു ചുവടുവെപ്പായിട്ടാണ് ഞാന്‍ കാണുന്നത്. ധര്‍മ്മബോധമുള്ള മാധ്യമപ്രവര്‍ത്തകരെ സൃഷ്ടിക്കുന്നതിന് ഈ സംരംഭത്തിന് സാധിക്കട്ടെ എന്ന് ഹാര്‍ദ്ദമായി സങ്കല്പിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
ഒരു സമൂഹത്തിന്റെ നിലനില്പിന് അഥവാ സമൂഹമനസ്സിനെ സൃഷ്ടിക്കുന്നതിലും സ്വാധീനിക്കുന്നതിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് മാധ്യമങ്ങളാണ്. തീര്‍ച്ചയായും സമൂഹമനസ്സിനെ സൃഷ്ടിക്കുന്നതില്‍ അദ്വിതീയ പങ്കു വഹിക്കുന്നത് വിദ്യാഭ്യാസ പ്രക്രിയയാണ്. ആ വിദ്യാഭ്യാസ പ്രക്രിയയില്‍ ഒന്നാമത്തെ ഗുരുവായ അമ്മയും അനന്തരം അച്ഛനും അതിനുശേഷം ഗുരുജനങ്ങളും ആ ഗുരുജനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ വ്യവസ്ഥയും എല്ലാം വരുന്നു. അതിനാല്‍ സൃഷ്ടിക്കപ്പെടുന്നതാണ് സമൂഹമനസ്സ്. എന്നാല്‍ സമൂഹമനസ്സ് ഏറ്റവും അധികം സ്വാധീനിക്കപ്പെടുന്നത് മാധ്യമങ്ങളാലാണ്. പ്രത്യേകിച്ച് ജനാധിപത്യവ്യവസ്ഥ നിലനില്‍ക്കുന്ന രാഷ്ട്രത്തില്‍ ഇതിനുള്ള മഹിമയും സവിശേഷതയും ഏറെയാണ്. ജനാധിപത്യത്തിന്റെ നാലാമത്തെ തൂണാണ് മാധ്യമങ്ങള്‍ എന്ന് പറയുമ്പോഴും ചിന്തിക്കുമ്പോള്‍ തോന്നുന്നത് കൂടുതല്‍ പ്രാധാന്യം ഇതിനല്ലേ എന്നാണ്. എന്തായാലും അത് ചര്‍ച്ചാ വിഷയമായി തുടരട്ടെ. പക്ഷെ സമൂഹമനസ്സിനെ സ്വാധീനിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് അദ്വിതീയമാണ്. അത് ഏവരും അംഗീകരിക്കും.
ഒരു ജനാധിപത്യ രാഷ്ട്രം നിലനില്‍ക്കുന്നത്, അതിന്റെ അഖണ്ഡതയും ഐക്യവും ഊട്ടി ഉറപ്പിക്കപ്പെടുന്നത് കുറേ വോട്ടര്‍മ്മാരെക്കൊണ്ടല്ല. ജനങ്ങള്‍ പൗരന്മാരാകുന്നതിലൂടെയാണ്. ജനങ്ങള്‍ പൗരന്മാരാകുമ്പോള്‍ മാത്രമേ നമ്മുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം പോലും സഫലമായി തീരൂ. ആ പൗരസൃഷ്ടി എത്ര ശ്രദ്ധയോടെ മാധ്യമലോകം ചെയ്യുന്നു എന്നത് വലിയൊരു ചോദ്യമാണ്. പൗരസൃഷ്ടിക്ക് ഉതകുന്നവിധം, രാഷ്ട്രത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും ഊട്ടി ഉറപ്പിക്കുന്നവിധം ഒരു സമൂഹമനസ്സിനെ രൂപീകരിക്കാന്‍ ഇവിടെ എത്രകണ്ട് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നു? യുദ്ധവിമാനങ്ങള്‍ പലപ്പോഴും റഡാറുകളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ ദിശ ചെരിഞ്ഞും മറിഞ്ഞും താഴ്ന്നും പറക്കുമത്രെ. ഞാന്‍ ധരിച്ചത് റഡാറിന്റെ അടുത്തെത്തുമ്പോഴും കൂടുതല്‍ കാഴ്ചയില്‍പ്പെടുമെന്നാണ്. പക്ഷെ റഡാറില്‍ നിന്ന് അകന്നു പറക്കുമ്പോഴാണത്രെ റഡാറുകള്‍ പെട്ടെന്ന് പിടിക്കുന്നത്. ഇതുപോലെ റഡാറിന്റെ രീതിയിലല്ലേ ഇന്നത്തെ മലയാള മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് തോന്നിപ്പോകാറുണ്ട്. ഇവിടെ അടുത്ത് നടക്കുന്നത് ഒന്നും കാണുകയും അറിയുകയും ചെയ്യില്ല. അങ്ങ് ദൂരേയ്ക്ക് പിടിച്ച് വച്ചിരിക്കുകയാണ് അവരുടെ ക്യാമറകള്‍. കേരളത്തിന്റെ ആറിരട്ടിയോളം വിസ്തൃതിയും ജനസംഖ്യയും ജനസാന്ദ്രതയുമുള്ള ഉത്തരപ്രദേശില്‍ ഏതെങ്കിലും ഗ്രാമത്തില്‍ ഒരു ബലാത്സംഗം നടന്നിട്ടുണ്ടോ (എവിടെയായാലും ബലാത്സംഗം നടക്കരുത്, കാരണം അത് വ്യക്തിത്വത്തിനു മുകളിലുള്ള കടന്നുകയറ്റമാണ്) എന്ന് അന്വേഷിച്ച് നടക്കും. പക്ഷെ ഈ കേരളത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിനുള്ളില്‍ അര്‍ദ്ധരാത്രി ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് പറഞ്ഞയക്കപ്പെട്ട് അതിന്റെ ഭാഗമായി ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ഇവിടെ ഏറെ വിഷയമല്ല. നമ്മുടെ തൊട്ടയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ തങ്ങളുടെ കോളനികളിലേക്ക് മതപരിവര്‍ത്തനത്തിന് നിങ്ങള്‍ വരരുത് എന്ന് മാന്യമായ ഭാഷയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ഒരു യുവാവിനെ രണ്ട് കയ്യും രണ്ട് കാലും വെട്ടിമുറിച്ച് കഴുത്തറുത്ത് കൊന്നപ്പോള്‍ ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് അത് വാര്‍ത്തയായില്ല. കാഞ്ചികാമകോടിയിലെ ശങ്കരാചാര്യ ജയേന്ദ്രസരസ്വതി സ്വാമികള്‍ അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് ദിവസങ്ങളോളം മഞ്ഞപ്പത്രം പോലെയോ നീലപത്രം പോലെയോ പ്രവര്‍ത്തിച്ച മാധ്യമങ്ങള്‍ പിന്നീട് അദ്ദേഹത്തിന്റെ വിചാരണ തമിഴ്‌നാട്ടില്‍ നിന്ന് മാറ്റിയ സമയത്തോ, പ്രസ്തുത കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി മോചിതനാക്കിയ സമയത്തോ ഒന്നാം പേജ് പോയിട്ട് രണ്ടാം പേജ് പോലും മാറ്റിവെക്കാന്‍ തയ്യാറായില്ല. ചരമപേജില്‍ ചെറിയൊരു കോളത്തില്‍ ആവാര്‍ത്ത കൊടുത്തു. അത് വായിക്കാന്‍ ലെന്‍സ് വെക്കേണ്ടിവന്നു. ഇത് കാണിക്കുന്നത് എന്താണ്?
ഈയടുത്ത് രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും വേണ്ടി കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന സമയത്ത്, മുമ്പ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ട വിഷയമായിരുന്നിട്ടുപോലും ഇവിടെ ഏതെല്ലാം രീതിയിലുള്ള അക്രമങ്ങള്‍ അരങ്ങേറി എന്നും എന്തൊക്കെ രാഷ്ട്രവിരുദ്ധവാദങ്ങള്‍ നടന്നുവെന്നും നമുക്കറിയാം. എന്നാല്‍ എന്തായിരുന്നു കേരളത്തിലെ മാധ്യമങ്ങളുടെ പൊതു നിലപാട്? ഇതെല്ലാം അപഗ്രഥിച്ചേ മതിയാകൂ. 1947ല്‍ വിഭജനാനന്തരം ആണെങ്കിലും ഭാരതം സ്വാതന്ത്ര്യം നേടി, 50ല്‍ റിപ്പബ്ലിക് യൂണിയനായി. അതിനുശേഷം എത്രയെത്ര വിദ്യാഭ്യാസ കമ്മീഷനുകള്‍ ഇവിടെ നിയോഗിക്കപ്പെടുകയോ രൂപീകരിക്കപ്പെടുകയോ ചെയ്തു; തനത് രാഷ്ട്രവ്യക്തിത്വത്തെ വളര്‍ത്തിയെടുക്കുന്ന വിദ്യാഭ്യാസ പദ്ധതി രൂപീകരിക്കുന്നതിനുവേണ്ടി. നമ്മുടെ പ്രഥമ ഉപരാഷ്ട്രപതിയായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വരെ കമ്മീഷന്‍ ഉണ്ടായി എന്ന് നമുക്ക് അറിയാം. എത്രയോ കമ്മീഷനുകളും കമ്മറ്റികളും ഉണ്ടായി. അവസാനം അതിന് ഉതകുന്ന ഒരു വിദ്യാഭ്യാസപദ്ധതി ഇപ്പോഴാണ് വരുന്നത്. പുതിയ വിദ്യാഭ്യാസ നയം. ഭാരതത്തിന്റെ അന്തഃസത്തയെത്തന്നെ മാറ്റാന്‍ തക്കവിധത്തിലുള്ള ഇത്ര വലിയ ഒരു പരിവര്‍ത്തനം വരുന്ന സമയത്ത് ആ ഗുണകരമായ വശങ്ങളെ നമ്മുടെ മാധ്യമങ്ങള്‍ എത്ര ഉയര്‍ത്തിക്കാണിക്കുന്നു എന്ന് ചിന്തിക്കേണ്ടതാണ്. മാധ്യമങ്ങളുടെ നിലപാടുകള്‍ ഓരോന്നും വിശകലനം ചെയ്താല്‍, അത് അതിര്‍ത്തി സംരക്ഷണത്തിന്റെ കാര്യത്തിലായാലും ഇടത്തട്ടുകാരെ ഒഴിവാക്കി സാമാന്യ ജനങ്ങള്‍ക്ക് പ്രയോജനകരമായ കാര്യപദ്ധതികള്‍ നടപ്പിലാക്കുന്ന വിഷയത്തിലായാലും ശരി ഗുണകരമായ എന്തുണ്ടെങ്കിലും അതിനെ ചൂണ്ടിക്കാണിക്കുകപോലും ചെയ്യാതെ രാഷ്ട്രത്തെ ധ്വംസിക്കുന്ന, അഖണ്ഡതയെ തകര്‍ക്കുന്ന നീക്കങ്ങളില്‍ പങ്ക് ചേരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ കാണുന്നു. നമുക്ക് വേണ്ടത് പ്രായോഗികമായ പദ്ധതികളാണ്. ധര്‍മ്മബോധമുള്ള മാധ്യമപ്രവര്‍ത്തകര്‍ സൃഷ്ടിക്കപ്പെടാത്ത പക്ഷം ആര് തന്നെ മാധ്യമസ്ഥാപനങ്ങള്‍ നടത്തിയിട്ടും ഒരു പ്രയോജനവുമില്ല. അതുകൊണ്ട് ആദ്യം വേണ്ടത് സ്വത്വബോധമുള്ള, രാഷ്ട്രാഭിമാനമുള്ള മാധ്യമപ്രവര്‍ത്തകരെ സൃഷ്ടിക്കലാണ്. അതിലൂടെ മാത്രമേ നമുക്ക് നാളെയെങ്കിലും സമൂഹമനസ്സിനെ സ്വാധീനിക്കാന്‍, രാഷ്‌ട്രോന്മുഖമാക്കിത്തീര്‍ക്കാന്‍ സാധിക്കൂ. ഇത് വ്യക്തിയുടെ ആവശ്യമല്ല. രാഷ്ട്രത്തിന്റെ ആവശ്യമാണ്. അതിലേക്ക് വലിയൊരുപങ്ക് ഈ മാധ്യമ പഠനഗവേഷണ കേന്ദ്രത്തിന് സാധിക്കുമെന്ന് ആഗ്രഹിക്കുകയാണ്. അതിന് ഹാര്‍ദ്ദമായി ആശംസിക്കുന്നു.