കൊറോണ ബാധിച്ച് ലോകം ഏതാണ്ട് നിശ്ചലമായ പത്തു മാസങ്ങളാണ് കടന്നുപോയത്. വാക്‌സിന്‍ പരീക്ഷണങ്ങള്‍ അവയുടെ അന്തിമഘട്ടത്തിലേക്ക് കടക്കുകയും വാക്‌സിനേഷനുള്ള വിപുലമായ തയ്യാറെടുപ്പുകള്‍ രാജ്യത്താകമാനം പൂര്‍ത്തിയായി വരികയുമാണ്. ലോകത്തിലെ ഏറ്റവും വലിയ രോഗപ്രതിരോധ പരിപാടിക്ക് രാജ്യം തയ്യാറെടുക്കുകയാണെന്നാണ് രാജ്‌കോട്ടിലെ എയിംസിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും വാക്‌സിന്‍ വേഗത്തിലെത്തിക്കുമെന്നും കഴിഞ്ഞ വര്‍ഷം നാം അണുബാധ തടയാന്‍ ശ്രമിച്ചതുപോലെ പ്രതിരോധ കുത്തിവെപ്പ് വിജയകരമാക്കാന്‍ ഒരുമിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം പറയുകയുണ്ടായി. ‘മരുന്നില്ല അതിനാല്‍ കരുതല്‍’ എന്ന ആശയത്തില്‍ നിന്ന് ‘മരുന്നിനൊപ്പം കരുതല്‍’ എന്ന ആശയത്തിലേക്ക് നാം മാറണമെന്നാണ് പ്രധാനമന്ത്രി സൂചിപ്പിച്ചത്. പ്രതിരോധ കുത്തിവെയ്പുകള്‍ വിജയിപ്പിക്കുന്ന കാര്യത്തില്‍ ജനങ്ങളുടെ സമ്പൂര്‍ണ്ണ സഹകരണവും അനിവാര്യമാണ്. കേന്ദ്ര സര്‍ക്കാര്‍ മുമ്പ് നടത്തിയ ചില രോഗപ്രതിരോധ കുത്തിവെയ്പുകള്‍ക്കെതിരെ വ്യാജപ്രചരണം അഴിച്ചുവിട്ട് ജനങ്ങളെ അതില്‍നിന്ന് പിന്തിരിപ്പിച്ചവരുള്ള നാടാണ് നമ്മുടേത്. ഒരു തരത്തിലുള്ള കിംവദന്തികളിലും വിശ്വസിക്കാതെ എല്ലാവരും ഒറ്റക്കെട്ടായി പ്രതിരോധ കുത്തിവെയ്പുകളും വിജയിപ്പിക്കാന്‍ മുന്നോട്ടു വരേണ്ടതുണ്ട്. പോളിയോ നിര്‍മ്മാര്‍ജ്ജനത്തിലും മറ്റും ഭാരതം നേട്ടം കൈവരിച്ചതുപോലെ കോവിഡ് രോഗാണുക്കളെ പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതിലും ഒത്തൊരുമിച്ചുള്ള പരിശ്രമം ആവശ്യമാണ്. വാക്‌സിനേഷന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാകില്ലെന്ന് ബന്ധപ്പെട്ട എല്ലാവരും ഉറപ്പുവരുത്തേണ്ടതാണ്.
തദ്ദേശീയമായി വികസിപ്പിക്കുന്ന നാലെണ്ണം ഉള്‍പ്പെടെ ആറു വാക്‌സിനുകളാണ് രാജ്യത്ത് പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലുള്ളത്. വാക്‌സിന്‍ വിതരണം മുന്നില്‍കണ്ട് 83 കോടി സിറിഞ്ചുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 35 കോടി സിറിഞ്ച് കൂടി വാങ്ങാനുള്ള കരാര്‍ ക്ഷണിച്ചിട്ടുമുണ്ട്. ആദ്യഘട്ടത്തില്‍ ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 30 കോടി മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. കുത്തിവെയ്പിന് ഇതുവരെ 96,000 പേര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നാലുഘട്ടങ്ങളായി പ്രതിരോധകുത്തിവെയ്പുകള്‍ നടത്തുന്നതിനുള്ള സംഭരണ-വിതരണ കേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ജനുവരി അവസാനത്തോടെ കുത്തിവെയ്പ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നുണ്ട്. കേന്ദ്രത്തില്‍ നിന്ന് 1800 വാക്‌സിന്‍ കരിയറുകളും 100 കോള്‍ഡ് ബോക്‌സുകളും എത്തിയിട്ടുണ്ട്. 17 ലക്ഷം സിറിഞ്ചുകളും എത്തി. നിലവില്‍ സംസ്ഥാനത്തെ 97% സര്‍ക്കാര്‍-സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2,91,633 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിക്കാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോവിഡ് വാക്‌സിന്റെ വിതരണം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ നാല് ജില്ലകളില്‍ (തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട്) ഡ്രൈ റണ്‍ നടക്കുകയുണ്ടായി. എല്ലാ സംസ്ഥാനങ്ങളിലുംകൂടി 30 കോടി പേരാണ് ആദ്യഘട്ടം വാക്‌സിനേഷനുള്ള മുന്‍ഗണനാ വിഭാഗത്തിലുള്ളത്. ഇതില്‍ ഒരു കോടി ആരോഗ്യപ്രവര്‍ത്തകരാണ്. ശുചീകരണത്തൊഴിലാളികളും പോലീസുള്‍പ്പെടെയുള്ള സേനാ വിഭാഗങ്ങളിലുള്ളവരും രണ്ട് കോടിയോളം വരും. ഇരുപത്തിയാറ് കോടി അന്‍പതുവയസ്സിനുമേല്‍ പ്രായമുള്ളവരാണ്. ഒരു കോടി അന്‍പതു വയസ്സിനു താഴെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണ്. എല്ലാവര്‍ക്കും സൗജന്യമായാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. കമ്പനികളില്‍ നിന്ന് വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. അടുത്ത എട്ട് മാസംകൊണ്ട് ഒന്നാംഘട്ടം വാക്‌സിനേഷന്‍ പൂര്‍ത്തിയാകുമെന്നു കരുതപ്പെടുന്നു. കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയെ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ അതിജീവിക്കാന്‍ ശ്രമിച്ചതുപോലെ തുടര്‍ന്നുള്ള സമ്പൂര്‍ണ്ണ പ്രതിരോധ കുത്തിവെയ്പിന്റെ കാര്യത്തിലും ഇവയുടെ സഹായം ഉറപ്പാക്കാന്‍ കഴിയും.
ലോകം ഒരു പുനര്‍വിചിന്തനത്തിനു തയ്യാറായിട്ടുണ്ടെന്നും ഇത് ഭാരതത്തിലേക്കു തിരിയാന്‍ എല്ലാ രാജ്യങ്ങളെയും നിര്‍ബ്ബന്ധിതമാക്കിയിട്ടുണ്ടെന്നുമുള്ള ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവതിന്റെ അഭിപ്രായം പുതിയ ലോകക്രമത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെ പ്രസക്തിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേസരി മാധ്യമ പഠനഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ടാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ലോകത്തെ ഒരു കുടുംബമായി കണ്ടുകൊണ്ട് ഭാരതം മുന്നോട്ടുവെക്കുന്ന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പുതിയ ലോകക്രമത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കോവിഡാനന്തരലോകം തയ്യാറാകുമെന്നു കരുതാം. കൊറോണ ബാധയില്‍ നിന്നുള്ള അതിജീവനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊപ്പം ഭാവി ലോകക്രമത്തെ കുറിച്ചുള്ള ചര്‍ച്ചകളും മാധ്യമങ്ങളില്‍ സജീവമാണ്. മാസ്‌കും സാനിറ്റൈസറും മറ്റും ഉപയോഗിച്ചുള്ള കോവിഡ് പ്രതിരോധത്തില്‍നിന്ന് വാക്‌സിന്‍ ഉപയോഗിച്ചുള്ള പ്രതിരോധത്തിലേക്ക് കടക്കുന്നതോടെ പഴയ ലോകക്രമത്തിലേക്ക് മടങ്ങാമെന്ന് പലരും കരുതുന്നു. ഈ പുതിയ കാലത്തെ ‘ന്യൂ നോര്‍മല്‍’ (നവ സാധാരണം) എന്നു വിളിച്ചുകൊണ്ട് പഴയ ലോകമായിരിക്കില്ല വീണ്ടും വരിക എന്നു കരുതുന്നവരുണ്ട്. പാശ്ചാത്യ ജീവിതമൂല്യങ്ങള്‍ക്ക് മേധാവിത്തമുണ്ടായിരുന്ന, കമ്പോള ശക്തികളുടെ കഴുത്തറുപ്പന്‍ മത്സരങ്ങള്‍കൊണ്ട് കലുഷിതമായിരുന്ന ഒരു ആഗോള ലോകക്രമത്തെ പുനരാനയിക്കണോ എന്ന ചോദ്യം തികച്ചും പ്രസക്തമാണ്. മനുഷ്യരാശിയെ ഒന്നടങ്കം അകത്തളങ്ങളിലേക്ക് ഉള്‍വലിയാന്‍ പ്രേരിപ്പിച്ച കോവിഡ് കാലം പ്രതിരോധത്തിനുശേഷം നാം സ്വീകരിക്കേണ്ട ജീവിത ശൈലിയെ കുറിച്ചും ചില സൂചനകള്‍ നല്‍കുകയുണ്ടായി. അവ ഉള്‍ക്കൊണ്ട് പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു സംസ്‌കാരത്തിലേക്ക് ലോകം മാറുന്നില്ലെങ്കില്‍ കൊറോണയേക്കാള്‍ മാരകമായ രോഗാണുക്കളെയായിരിക്കും ഭാവിലോകത്തിനു നേരിടേണ്ടി വരിക എന്നും ശാസ്ത്രലോകം മുന്നറിയിപ്പു നല്‍കുന്നു. ഭാരതം മുന്നോട്ടുവെക്കുന്ന ആദ്ധ്യാത്മികതയില്‍ അടിയുറച്ച ജീവിതവീക്ഷണത്തിന്റെ പ്രസക്തി പതിന്മടങ്ങ് വര്‍ദ്ധിച്ചതായാണ് കാണപ്പെടുന്നത്.