പെണ്ണിനും മണ്ണിനുമായി തന്റെ കാവ്യജീവിതത്തെയും തന്നെത്തന്നെയും സമര്‍പ്പിച്ച കവിയാണ് സുഗതകുമാരി. വിജയിക്കാനെളുതല്ലാത്ത ഒട്ടേറെ മഹായുദ്ധങ്ങള്‍ക്ക് പടനായികയായിരുന്നു അവര്‍. കന്യാവനങ്ങളുടെ നിലവിളികള്‍ വനരോദനങ്ങളായി മാറ്റൊലികൊള്ളുമ്പോഴും കാടും കൂടും നഷ്ടപ്പെട്ട ഒറ്റക്കിളിയുടെ രോദനമായി ആ കവിത മലയാളിയുടെ മനഃസാക്ഷിയില്‍ വന്ന് തട്ടിക്കൊണ്ടിരുന്നു.
പെണ്ണും മണ്ണും കാടും പുഴയും ആക്രമിക്കപ്പെടുമ്പോഴെല്ലാം ആ ശബ്ദം ഉയര്‍ന്നുകേട്ടു. അട്ടപ്പാടിയിലെ മൊട്ടക്കുന്നുകളില്‍ നട്ടുപിടിപ്പിച്ച പച്ചപ്പായി, അശരണര്‍ക്ക് അഭയത്തണലായി, ആറന്മുളയില്‍ വയല്‍ ക്രൂരതക്കെതിരായി ആ കരങ്ങള്‍ ഉയര്‍ന്നു. കാടിനും നാടിനും വരും തലുറക്കും വേണ്ടിയുള്ള ആ രോദനങ്ങള്‍ നമ്മുടെ ഉറക്കം കെടുത്തി. അധികാരികളുടെ ബധിരകര്‍ണ്ണങ്ങളില്‍ അവ വനരോദനങ്ങളായി മാറ്റൊലികൊണ്ടു.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭക്കുള്ളില്‍ നമ്മുടെ ജനപ്രതിനിധികള്‍ സുഗതകുമാരിയേയും അവരുടെ കവിതകളേയും നിലപാടുകളേയും പരിഹസിച്ചത് കുപ്രസിദ്ധമായി. കടലില്‍ മഴയുണ്ടായിട്ടും വനമില്ലല്ലോ എന്നായിരുന്നു ആ പരിഹാസം! മരക്കവിതയെന്ന് പരിഹസിച്ചവരെ മറികടന്നും കാലം ആ കവിതകള്‍ അമരമാണെന്ന് തെളിയിച്ചു.
രാത്രിമഴയും ഇരുള്‍ ചിറകുകളും അമ്പലമണിയും തുലാവര്‍ഷപ്പച്ചയും പാവം മാനവഹൃദയവും മലയാളി ഋതുപകര്‍ച്ചകള്‍ പോലെ ഏറ്റുവാങ്ങി. പ്രത്യയശാസ്ത്രശാഠ്യങ്ങളും വരട്ടുതത്ത്വവാദങ്ങളുമില്ലാത്ത ഒരു വാനമ്പാടിയുടെ, രാക്കുയിലിന്റെ പൊള്ളിക്കുന്ന ഗീതങ്ങളായി അവ പെയ്തിറങ്ങി. ആളും ആരവവും സംഘടിത വൈതാളികരും ഇല്ലാതെയും ആ കവിത കാലത്തിന്റെ ചുവരെഴുത്തുകളായി. ലോകം ഉറങ്ങുകയോ അലറുകയോ ചെയ്യുമ്പോഴും ജാലകപ്പഴുതിനരികെ കണ്ണും കാതും ഹൃദയവും തുറന്നു വച്ച് ജാഗ്രതയോടെയിരിക്കുന്ന ഒരു കവിഹൃദയമായിരുന്നു സുഗതകുമാരിയുടേത്.
തോല്‍ക്കുന്ന മഹാസമരങ്ങളുടെ പൊള്ളിക്കുന്ന പോര്‍മുഖങ്ങളില്‍ മലയാളിയുടെ മനഃസാക്ഷിയായിരുന്ന പ്രൊഫ.എം.പി.മന്മഥനെപ്പോലെ സുഗതകുമാരി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു. മന്മഥന്‍ സാറിന്റെ നേതൃത്വത്തില്‍ അശരണരുടെ അഭയകേന്ദ്രങ്ങളില്‍ അക്ഷരജ്യോതിസ്സെത്തിക്കുന്ന അക്ഷയപുസ്തകനിധി കാല്‍നൂറ്റാണ്ടു മുമ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ അക്കിത്തം, എം.ലീലാവതി, കുഞ്ഞുണ്ണിമാഷ് എന്നിവരോടൊപ്പം സുഗതകുമാരി ടീച്ചറും നേതൃസമിതിയില്‍ ചേര്‍ന്നു നിന്നു.

പായിപ്ര രാധാകൃഷ്ണന്‍, എം.ലീലാവതി
എഴുപതുകളുടെ ആദ്യപാദത്തില്‍ മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് കഥയെഴുത്തില്‍ കമ്പം കയറുന്നത്. മഹാരാജാസിലെ തൂണിനുപോലും സാഹിത്യമുള്ളകാലം (ഇന്നത് രാഷ്ട്രീയം എന്നു മാറ്റിപ്പറയണം!). നട്ടുച്ചക്ക് പോലും ഇരുളും കുളിര്‍മ്മയും ഒളിച്ചു കളിക്കുന്ന ഇടനാഴികളില്‍ നിങ്ങള്‍ കണ്ടുമുട്ടുന്നത് വരും കാലത്തെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയോ വൈസ്ചാന്‍സിലര്‍ കെ.എസ്. രാധാകൃഷ്ണനോ, കഥാകൃത്ത് എന്‍.എസ്.മാധവനോ, മന്ത്രി തോമസ് ഐസക്കോ, വനിതാകമ്മീഷന്‍ അദ്ധ്യക്ഷ ജോസഫൈനോ ആവാം. ആയിടക്ക് ഭ്രാന്തന്റെ മകന്‍ എന്നൊരു കുട്ടിക്കഥയെഴുതി ‘തളിര്’ മാസികക്ക് അയച്ചു. അടുത്ത മാസം കഥ പ്രസിദ്ധീകരിച്ച കോപ്പിയും പത്രാധിപര്‍ സുഗതകുമാരി ടീച്ചറില്‍ നിന്നും പത്തു രൂപ മണിയോര്‍ഡറും കിട്ടി. ആ കൈനീട്ടം പൊലിച്ചു എന്ന് പറയണം. അടുത്തു തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എം.ടി. എന്റെ കഥ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സുഗതകുമാരിയെ നേരില്‍ കാണുന്നത്. ‘രാത്രിമഴ’യും ‘കൃഷ്ണാ നീയെന്നെ അറിയില്ല’ തുടങ്ങിയ കവിതകളും തലയ്ക്കു പിടിച്ചു നടക്കുന്ന കാലം. നേര്‍ത്ത രേഖകള്‍കൊണ്ടു വരച്ച ആ പൂന്തൊട്ടില്‍ ഇന്നും കാറ്റത്ത് ആടി നില്‍ക്കുന്നു. സാഹിത്യ അക്കാദമിക്കാലത്ത് ടീച്ചറുമായി കൂടുതല്‍ അടുത്തിടപഴകാനായത് ഹൃദ്യമായ അനുഭവമാണ്. ആലപ്പുഴയില്‍ നടന്ന സംസ്ഥാന ബാലസാഹിത്യ ശില്പശാലയില്‍ ടീച്ചര്‍ ചെയ്ത ഉദ്ഘാടനപ്രസംഗം അമ്പലപ്പുഴ പാല്‍പ്പായസം പോലെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.
ഹൃദയകുമാരി ടീച്ചര്‍ സാഹിത്യഅക്കാദമി പുരസ്‌കാരം ഏറ്റുവാങ്ങാന്‍ തൃശ്ശൂര്‍ വന്നപ്പോള്‍ സുഗതകുമാരിയും വന്നിരുന്നു. തനിക്ക് ലഭിക്കുന്ന പുരസ്‌കാരത്തേക്കാള്‍ ടീച്ചര്‍ ആഹ്ലാദിക്കുന്നപോലെ തോന്നി. അന്നവിടെ തികച്ചും അനൗപചാരികമായി ക്വാര്‍ട്ടേഴ്‌സില്‍ വച്ച് നളിനി ബേക്കലിന്റെ ‘ഒറ്റക്കോലം’ എന്ന പുസ്തകവും സ്‌നേഹവാത്സല്യങ്ങളോടെ പ്രകാശനം ചെയ്ത് ആദ്യകോപ്പി സ്വീകരിച്ചതും ഓര്‍ക്കുന്നു.
പിന്നെപ്പിന്നെ ടീച്ചര്‍ സമരമുഖങ്ങളിലേക്ക് ആര്‍ത്തലച്ചെത്തുന്ന പുഴപോലെ ഒഴുകിയിറങ്ങുകയായിരുന്നു. അട്ടപ്പാടിയിലും പൂയംകൂട്ടിയിലും ആ പ്രതിരോധത്തിന്റെ ശബ്ദം ഉയര്‍ന്നു. മലയാളികളുടെ മുറ്റത്ത് വലിയൊരു തണല്‍മരമായി, മഹാശ്വത്ഥമായി സുഗതകുമാരി പടര്‍ന്നു പന്തലിക്കുകയായിരുന്നു. കിളികള്‍ക്കും കാറ്റിനും അഭയമൊരുക്കുന്ന പഥികന് തണലായി കൂട്ടുനിന്ന മഹാവൃക്ഷം.
സാമ്പത്തികമായി ഏറെ ക്ലേശിച്ചിരുന്ന ഒരു ഘട്ടത്തില്‍ ടീച്ചര്‍ എന്നെ വിളിച്ചു. കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പാണ് എനിക്ക് പെട്ടെന്നു തോന്നിയ പോംവഴി. ദില്ലിയിലെ മലയാളത്തിന്റെ അമ്പാസിഡറായിരുന്ന വി.കെ.മാധവന്‍കുട്ടിയോട് ഞാന്‍ കാര്യം പറഞ്ഞു. മാധവന്‍കുട്ടി സന്തോഷപൂര്‍വ്വം ആ ദൗത്യം ഏറ്റെടുത്തു. ആ സിനീയര്‍ ഫെല്ലോഷിപ്പ് തനിക്ക് വലിയ ആശ്വാസമായെന്ന് ടീച്ചര്‍ പറയുമായിരുന്നു.
കക്ഷി രാഷ്ട്രീയത്തിന്റെ പുറം തിണ്ണയില്‍ അലസശയനം നടത്തി സ്ഥാനമാനങ്ങള്‍ നേടിയെടുക്കുന്ന കവികളുടെയും ബുദ്ധിജീവികളുടേയും ജനുസ്സായിരുന്നില്ല സുഗതകുമാരിയുടേത്. രാധാകൃഷ്ണ പ്രണയത്തിന്റേയും കനിവിന്റെയും ഭൂതദയയുടേയും ഒടുങ്ങാത്ത ഉറവായിരുന്നു ആ കവിതകള്‍. ആസ്ഥാന വിദ്വാന്മാരായ എഴുത്തുകാരുടെയും ആക്ടിവിസ്റ്റുകളുടേയും പതിവുവഴികളില്‍ നിന്നും വേറിട്ട് ഏകാന്തഗരിമയാര്‍ന്നൊരു ജീവിതം. കാട്ടുകിളിയുടെ പ്രവാചകസ്വര വിശേഷത്തോടെ മര്‍മ്മവേദിയായി ആ വനരോദനങ്ങള്‍. ആ രാത്രിമഴ പെയ്‌തൊഴിഞ്ഞിരിക്കുന്നു. മഴ തീര്‍ന്നെങ്കിലും ആ മരം ഇനിയും പെയ്തുകൊണ്ടിരിക്കും.
അടുത്തു ചെല്ലുവാന്‍ വയ്യ, ജനാലക്കു ജന്മങ്ങള്‍ക്കു പുറത്തു ഞാന്‍ വ്യഥപൂണ്ടുകാത്തുനില്‍ക്കുന്നു.