മനുഷ്യ മനസ്സിന്റെയും മണ്ണിന്റെയും വേദനയുള്‍ ക്കൊണ്ട കവിയായിരുന്നു സുഗതകുമാരിയെന്ന് തപസ്യകലാസാഹിത്യവേദി അനുസ്മരിച്ചു. ആ തീവ്രവേദനകളില്‍ ചാലിച്ചെഴുതിയ അനേകം കാവ്യങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയായി ടീച്ചര്‍ മാറി.
പ്രകൃതിദുരന്തങ്ങളും മനുഷ്യജീവിതത്തിന്റെ ദുഃഖങ്ങളും സ്ത്രീജന്മത്തിന്റെ ആകുലതകളും എല്ലാത്തിനും പരിഹാരമായ കൃഷ്ണസങ്കല്‍പത്തിന്റെ ആത്മീയസാന്നിധ്യവും ടീച്ചറിന്റെ കവിതകളില്‍ വരികളായി നിറഞ്ഞു. തപസ്യയുടെ ചിരകാലസുഹൃത്തും തപസ്യാവേദികളിലെ സ്ഥിരം സാന്നിധ്യവുമായിരുന്ന സുഗതകുമാരി ടീച്ചറിന്റെ ചിന്തകളും രചനകളും ഈ സംഘടനയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
തപസ്യ വര്‍ഷം തോറും നടത്തി വരാറുള്ള വനപര്‍വ്വമഹോത്സവം എന്ന പ്രകൃതി സംരക്ഷണ പരിപാടി പലവട്ടം സുഗതകുമാരി ടീച്ചറിന്റെ അഭിനന്ദനം നേടിയിട്ടുണ്ട്. സൈലന്റ്‌വാലി പ്രക്ഷോഭത്തിലൂടെ പ്രകൃതി അനുഭവിക്കുന്ന പ്രശ്‌നങ്ങളെ മനുഷ്യമനസ്സിലേക്ക് എത്തിക്കുന്നതിന് നടത്തിയ ശ്രമങ്ങള്‍ ടീച്ചറിന്റെ ഹൃദയവിശുദ്ധി പ്രകടമാക്കുന്നതാണ്. മലയാള കവിതാലോകത്തിലെ മാതൃസാന്നിധ്യമായിരുന്ന സുഗതകുമാരി ടീച്ചറിന്റെ വിയോഗത്തില്‍ തപസ്യ കലാസാഹിത്യ വേദി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.