കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ എണ്ണത്തില്‍ ഇടതുപക്ഷം മുന്നിട്ടുനില്‍ക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ മുന്നേറ്റം നടത്തിയിരിക്കുന്നത് ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യമാണെന്നു കാണാം. മുന്‍തിരഞ്ഞെടുപ്പുകളില്‍എല്ലാം ബി.ജെ.പി. ചില പോക്കറ്റുകളില്‍ മാത്രം സ്വാധീനമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമായിട്ടാണ് പലരും വിലയിരുത്തിയിരുന്നതെങ്കില്‍ ഇന്നത് മാറിയിരിക്കുന്നു. മഞ്ചേശ്വരം മുതല്‍ പാറശാല വരെ ശക്തമായ സാന്നിദ്ധ്യം അറിയിക്കുവാന്‍ ഈ തിരഞ്ഞെടുപ്പോടെ ബി.ജെ.പിക്കു കഴിഞ്ഞിരിക്കുന്നു. മാത്രമല്ല കേരളത്തില്‍ ഇടത് തരംഗമെന്ന് അച്ചുനിരത്തുന്ന മാധ്യമങ്ങളും ബി.ജെ. പി. മുന്നേറിയില്ല എന്ന് ആനന്ദിക്കുന്ന ചാനല്‍ സഖാക്കളും മറച്ചുവയ്ക്കുന്ന ചില കണക്കുകളും വസ്തുതകളുമുണ്ട്. 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഏതാണ്ട് 223 സീറ്റുകളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. വലതുപക്ഷ മുന്നണിക്കാകട്ടെ ഉദ്ദേശ്യം 824 സീറ്റുകളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. അതേസമയം ബി.ജെപി നയിക്കുന്ന ദേശീയ ജനാധിപത്യസഖ്യത്തിന് 2015ലെ തിരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ 356 സീറ്റുകള്‍ വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. ഈ വസ്തുത മറച്ചുവച്ചുകൊണ്ടുള്ള വാചകക്കസര്‍ത്തുകളാണ് പല ചാനലുകളിലും നടന്നത്.ഇതിന്റെ ഭാഗമായിട്ടായിരുന്നു പാലക്കാട് മുനിസിപ്പല്‍ കെട്ടിടത്തിനു മുകളില്‍ കയറി ജയ്ശ്രീറാം വിളിച്ചതും ശിവജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതും ഒക്കെ ചര്‍ച്ചയാക്കിയത്.
ഈ തിരഞ്ഞെടുപ്പ് ഏറെ സവിശേഷതകള്‍ ഉള്ള ഒന്നായിരുന്നു. രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പാഠങ്ങള്‍ പഠിക്കാന്‍ കഴിയുന്ന തിരഞ്ഞെടുപ്പ്. അതില്‍ ഏറ്റവും പ്രധാനം അഴിമതി ആരോപണങ്ങളില്‍ മുഖം നഷ്ടപ്പെട്ട ഇടതുപക്ഷമുന്നണി ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ നിലംപരിശാക്കി എന്നുള്ളതാണ്. അഴിമതി ആരോപണങ്ങള്‍, സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് വ്യാപാരം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കൊള്ളരുതായ്മകള്‍ക്ക് നേതൃത്വം കൊടുത്ത കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ ഇടതുപക്ഷ ഗവണ്‍മെന്റിനെ അപചയങ്ങളുടെ നെല്ലിപ്പലകയിലെത്തിച്ച സമയത്ത് നടന്ന തിരഞ്ഞെടുപ്പിലും അവര്‍ക്ക് വിജയിക്കാനായതെങ്ങിനെ എന്നത് പഠനവിധേയമാക്കേണ്ട സംഗതിയാണ്. നാം കൊട്ടിഘോഷിക്കുന്നതുപോലെ ശരാശരി മലയാളി പ്രബുദ്ധനല്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഇരുതലമൂരിയും, വെള്ളി മൂങ്ങയും, സ്വര്‍ണ്ണച്ചേനയും, ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകള്‍ക്കും നിരന്തരം തലവച്ചു കൊടുക്കുന്ന മലയാളിയെ എങ്ങിനെ പറ്റിക്കണമെന്ന് ഏറ്റവും നന്നായറിയുന്നത് തട്ടിപ്പുകളുടെ തമ്പുരാക്കന്മാരായ കമ്മ്യൂണിസ്റ്റുകള്‍ക്കുതന്നെയാണ്. മാരീച വേഷംകെട്ടിയ കമ്മ്യൂണിസ്റ്റുകള്‍ ഈ തിരഞ്ഞെടുപ്പില്‍ ആദ്യം ഉപേക്ഷിച്ചത് പാര്‍ട്ടി ചിഹ്നമായിരുന്നു. അരിവാള്‍ ചുറ്റിക മാറ്റി വച്ച് പൈനാപ്പിളും പാണ്ടിക്കലവും വരെ ചിഹ്നമായി സ്വീകരിച്ച് ഇടത് സ്വതന്ത്രന്മാരെ അണിനിരത്തി പിണറായി സര്‍ക്കാരിനോടുള്ള അമര്‍ഷം വഴിതിരിച്ചുവിടാന്‍ ഒരു പരിധിവരെ കമ്മ്യൂണിസ്റ്റ് തിരഞ്ഞെടുപ്പ് വിദഗ്ധര്‍ക്കായി. ജാതി, വര്‍ഗ്ഗീയ, മതഭീകരവാദ സംഘടനകളുമായുണ്ടാക്കിയ ബാന്ധവം ഈ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ ഒട്ടൊന്നുമല്ല സഹായിച്ചത്. സര്‍വ്വോപരി കോണ്‍ഗ്രസ് രാജ്യത്തെമ്പാടും അപ്രസക്തമായതുപോലെ കേരളത്തിലും അവസാനനാളുകളിലേക്ക് കടക്കുകയും അവര്‍ നയിക്കുന്ന ഐക്യമുന്നണി അനൈക്യമുന്നണിയായി മാറുകയും ചെയ്തത് ഇടതുപക്ഷത്തിന് ഗുണം ചെയ്തു.
കേരള രാഷ്ട്രീയത്തിലെ ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ ഇരുധ്രുവങ്ങളെയും ചെങ്കൊടിക്കീഴില്‍ നിര്‍ത്തുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിജയിച്ചു എന്നു കാണാം. മുസ്‌ലിം മതമൗലികവാദികളുടെ വോട്ടുബാങ്ക് ഉറപ്പിക്കുന്നതില്‍ ഇടതുപക്ഷം കഴിഞ്ഞ കുറച്ച് കാലമായി വിജയിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ്സിലെ മാണി ഗ്രൂപ്പിനെ കമ്മ്യൂണിസ്റ്റ് തീര്‍ത്ഥം തളിച്ച് ശുദ്ധിചെയ്ത് ചെങ്കൊടിപുതപ്പിച്ചതോടെ മധ്യ കേരളത്തിന്റെ സംഘടിത ക്രിസ്ത്യന്‍ വര്‍ഗ്ഗീയ വോട്ടുകള്‍ പെട്ടിയിലാക്കുവാനും കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ യു.ഡി.എഫിന്റെ ഭാഗമായി നില്‍ക്കുന്ന മുസ്‌ലീംലീഗ് പോലും അടുത്ത തിരഞ്ഞെടുപ്പിനു മുമ്പ് ഇടതുപാളയത്തില്‍ എത്തിച്ചേര്‍ന്നാല്‍ അതിശയിക്കേണ്ടതില്ല. കാരണം ഇന്ന് കേരളത്തിലുള്ളത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല’കമ്മ്യൂണലിസ്റ്റ്’പാര്‍ട്ടിയാണ്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ മുന്നേറ്റം തടയാന്‍ ഇടതു വലതു മുന്നണികള്‍ നടത്തിയ സൗഹൃദമാച്ചായിരുന്നു ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ഇതില്‍ ഇടതന്‍ ജയിച്ചാലും വലതന്‍ ജയിച്ചാലും ഒരു പോലെ തന്നെയാണ്. ബി.ജെ.പി.ക്കെതിരെ ഇന്നല്ലെങ്കില്‍ നാളെ കേന്ദ്രത്തിലേതു പോലെ ഒരു മുന്നണിയാകേണ്ടവരാണ് തങ്ങള്‍ എന്ന ധാരണ ഇരുകൂട്ടര്‍ക്കുമുണ്ട്. അവരുടെ പരസ്പര സഹായസഹകരണങ്ങളില്‍ ബിജെപിക്ക് ചില സീറ്റുകളും ചില സ്ഥലത്തെ ഭരണം തന്നെയും നഷ്ടപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. എങ്കിലും ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് ഭാരതീയ ജനതാ പാര്‍ട്ടി തന്നെയാണെന്നുകാണാം.
2015ലെ തിരഞ്ഞെടുപ്പിലെ നേട്ടം നിലനിര്‍ത്താന്‍ ഇടതുപക്ഷത്തിനായിട്ടില്ല. 35 പഞ്ചായത്തുകളുടെ ഭരണവും 361 വാര്‍ഡുകളും അവര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. 44 മുനിസിപ്പാലിറ്റികളില്‍ ഉണ്ടായിരുന്ന ഭരണം 35 ആയി കുറയുകയാണ് ഉണ്ടായത്. അതേ സമയം ബി.ജെ.പി.പാലക്കാട് നഗരസഭയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുകയും പന്തളം നഗരസഭ പിടിച്ചെടുക്കുകയും ചെയ്തു. മാവേലിക്കരയിലാകട്ടെ ഇടതു വലതു മുന്നണികള്‍ക്കൊപ്പം സീറ്റുപിടിച്ചു ഭരണം നിയന്ത്രിക്കുന്ന ശക്തിയായിമാറി. വര്‍ക്കലയടക്കം ഒന്‍പത് നഗരസഭകളില്‍ രണ്ടാമത്തെ ഒറ്റക്കക്ഷിയാവാന്‍ കഴിഞ്ഞു എന്നത് നിസ്സാരകാര്യമല്ല. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 12 പഞ്ചായത്തുകളുടെ ഭരണമാണ് ബി.ജെ.പി. മുന്നണിക്ക് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 23 ആയി ഉയര്‍ന്നു. ചരിത്രത്തിലാദ്യമായി എല്ലാ കോര്‍പ്പറേഷനുകളിലും ബി.ജെ.പി. പ്രതിനിധികള്‍ ജയിച്ചെത്തി എന്നതും മാറ്റത്തിന്റെ ഗതി സൂചിപ്പിക്കുന്ന ഒന്നാണ്. ജനാധിപത്യ പ്രകിയകളെ കമ്മ്യൂണിസ്റ്റുകള്‍ കള്ളവോട്ടുകൊണ്ട് തോല്‍പ്പിക്കുന്ന കണ്ണൂരിലടക്കം നിരവധി താമരകള്‍ ഈ തിരഞ്ഞെടുപ്പില്‍ വിരിഞ്ഞു വിളങ്ങി. ന്യൂനപക്ഷ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയിലും കോട്ടയം ജില്ലയിലും ബി.ജെ.പിക്ക് ലഭിച്ച സീറ്റുകള്‍ കേരളരാഷ്ട്രീയത്തിന്റെ ഭാവി തീരുമാനിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഇനി ഒരു തിരഞ്ഞെടുപ്പില്‍ കൂടി ഇടതുപക്ഷവുമായി സൗഹൃദ മത്സരം കാഴ്ചവയ്ക്കാന്‍ കോണ്‍ഗ്രസ് മുന്നണി ബാക്കി ഉണ്ടാവുമെന്ന് തോന്നുന്നില്ല. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പിയുടെ വിജയം തടയാന്‍ ഇടതുപക്ഷത്തിന് അടിയറവച്ച കോണ്‍ഗ്രസ്സിന്റെ മൂവര്‍ണ്ണക്കൊടി ഇനി ഒരിക്കലും അവിടെ ഉയരാന്‍ പോകുന്നില്ല. ആത്യന്തിക വിജയത്തില്‍ നിന്നും ഭാരതീയ ജനതാ പാര്‍ട്ടിയെ തടയാന്‍ ഒരു മായാ യുദ്ധത്തിനും കഴിയില്ല എന്ന ശക്തമായ സൂചനയാണ് ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നല്‍കുന്നത്.