അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടപ്പോഴേ മാര്‍ക്‌സിസ്റ്റു നേതാക്കള്‍ പറഞ്ഞതാണ് ഇത് ഹിന്ദുരാഷ്ട്രം പണിയാനുള്ള തുടക്കമാണെന്ന്. വേദമന്ത്രങ്ങളുടെ ഉച്ചാരണം, മോദി തന്നെ തറക്കല്ലിട്ടത്, അവിടുത്തെ പൂജാവിധികള്‍ ഇതെല്ലാം കണ്ടപ്പോഴേ സംഗതി പിശകാണെന്ന് സഖാക്കള്‍ കലശലായി സംശയിച്ചതാണ്. അന്നു സഖാക്കള്‍ തൊണ്ടകീറിപ്പറഞ്ഞതാണ് ”ഇതാ ഹിന്ദുരാഷ്ട്രം വരാന്‍ പോകുന്നു; ജീവനില്‍ കൊതിയുള്ളവര്‍ വല്ല കുണ്ടിലും കുഴിയിലും ഒളിച്ചുകൊള്ളൂ” എന്ന്. ആരും അതുകേട്ടില്ല. ഫലമോ ഇതാ അടുത്ത തറക്കല്ലിടലും നടന്നു. അയോദ്ധ്യയിലല്ല; തലസ്ഥാന നഗരിയായ ദില്ലിയില്‍ തന്നെ. പുതിയ പാര്‍ലമെന്റ് മന്ദിരത്തിനാണ് ഇത്തവണ മോദി തറക്കല്ലിട്ടത്. അവിടെയും സഖാക്കള്‍ കണ്ടു ഹിന്ദുത്വത്തിന്റെ ‘തിരനോട്ടം’! ശൃംഗേരി മഠത്തിലെ ആചാര്യന്മാരെ കൊണ്ടുവന്നാണ് ഭൂമി പൂജചെയ്യിച്ചത്. വേദമന്ത്രങ്ങളുടെ അകമ്പടിയോടെ മോദിയുടെ കൈകൊണ്ടുള്ള ശിലാസ്ഥാപനം. ‘ആത്മനിര്‍ഭര്‍ ഭാരത’ത്തിന് സാക്ഷിയും 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ പ്രതീകവുമാണ് ഈ പുതിയ മന്ദിരം എന്നാണ് മോദി പറഞ്ഞത്. ഇപ്പോള്‍ വ്യക്തമായില്ലേ; ഇത് ഹിന്ദുരാഷ്ട്രത്തിന്റെ ശിലാസ്ഥാപനം തന്നെ. മതേതര റിപ്പബ്ലിക് എന്ന് ഊറ്റം കൊള്ളുന്ന രാജ്യത്തിന് ഇത് അപമാനകരമാണ് എന്ന് പാര്‍ട്ടി പത്രം മുഖപ്രസംഗം വഴി പ്രതികരിക്കുകയും ചെയ്തു.
മാര്‍ക്‌സിസ്റ്റുകാരെ ഏറ്റവും ആവേശം കൊള്ളിച്ചതായിരുന്നു ട്രമ്പിന്റെ തോല്‍വിയും ജോബൈഡന്റെയും കമലഹാരിസിന്റെയും വിജയവും. അമേരിക്കയില്‍ കമ്മ്യൂണിസം വന്നു എന്ന നിലയ്ക്കായിരുന്നു സഖാക്കളുടെ ആവേശം. ഇക്കഴിഞ്ഞ ദിവസം അമേരിക്കന്‍ വൈസ്പ്രസിഡന്റ് കമലാഹാരിസ് തന്റെ ഓഫീസിലേയ്ക്ക് ആദ്യമായി പ്രവേശിക്കുന്നതിന്റെ രംഗം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. കമല കയറിവരുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നില്‍ക്കുന്നു. രണ്ടുപേര്‍ മൈക്കിനുമുമ്പിലെത്തി വേദമന്ത്രത്തിലെ രുദ്രം ചൊല്ലുന്നു. കൈകൂപ്പി എല്ലാവരും ഭക്തിഭാവത്തില്‍ നില്‍ക്കുന്നു. അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഭക്തിബഹുമാനപൂര്‍വ്വം വേദമന്ത്രോച്ചാരണം തീരുന്നതുവരെ അതേ നില്പില്‍ നില്‍ക്കുന്നു. ദില്ലിയില്‍ മാത്രമല്ല, തങ്ങളുടെ പ്രിയങ്കരിയായ കമല ഭരിക്കുന്ന അമേരിക്കയിലും ഹിന്ദുരാഷ്ട്രം വരുന്നു എന്ന് വിലപിക്കേണ്ട ഗതികേടിലാണ് സഖാക്കള്‍.