ന്യൂഡല്‍ഹി: ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്കായി അനുവദിച്ച തുകയുടെ 90 ശതമാനവും വിതരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. അവശേഷിക്കുന്ന 10 ശതമാനം വിതരണം ചെയ്യാനായി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇനി നാല് മാസം കൂടി ബാക്കിയുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിലും അനുവദിച്ച തുക ബാക്കിയാക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചിരിക്കുന്നത്.
84,900 കോടി രൂപയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കായി കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം അനുവദിച്ചത്. ഇതില്‍ 76,800 കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്തത്. 2019 നവംബറില്‍ 50,000 കോടി രൂപയോളം വിതരണം ചെയ്തിരുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബജറ്റ് വിഹിതമായി അനുവദിച്ചതിന് പുറമെ 12 ശതമാനം കൂടി ഈ വര്‍ഷം തൊഴിലുറപ്പ് പദ്ധതികള്‍ക്കായി അനുവദിച്ചിരുന്നു.
1 കോടിയിലധികം കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇതില്‍ 243 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കൊറോണ കാരണം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികള്‍ ജോലി നഷ്ടമായി അവരവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയെത്തിയതാണ് തൊഴിലുറപ്പ് പദ്ധതികള്‍ക്ക് മുന്‍വര്‍ഷത്തെക്കാള്‍ സാദ്ധ്യത കൂടുതലാകാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്.