അതിനെന്നമ്പാടി,
യതിലെ തൈര്വറ്റാ
ലുരുട്ടിവെച്ചതും
പരത്തിവെച്ചതും
വറത്തിട്ടുപ്പേരി
പതിച്ചിട്ടുംപഴം
നുറുക്കിനെ തേനില്‍
നനച്ചതും തെക്കേ-
വരിക്കപ്ലാവിന്റെ
പഴംചുളേം, തരി
മണിയന് മാവിന്റെ
ചുവട്ടില്‍ നിന്നുഞാന്‍
പെറുക്കിവെച്ചിട്ടു
ണ്ടൊരുവട്ടി മാങ്ങ
വഴികണ്ണില് കണ്ണീര്
നിറഞ്ഞല്ലോ കുഞ്ഞേ
വിഷമിപ്പിക്കാതെ
വരില്ലയോ മുത്തേ
പെരുത്ത കോപത്താ
ലൊരു ശകടനെ
പെരുവിരലിലി
ട്ടുരുട്ടിയോനല്ലേ
അതുപൊലെ വണ്ടി
പെരുപ്പ്, വേഗമേ-
റ്റലറിയെത്രയോ
ശകടങ്ങള്‍ പ്രാണന്……
(പിഴച്ച നാക്കേ നീ
പറഞ്ഞേക്കെല്ലെന്റെ
പവിഴപ്പുറ്റിലെ
തുടുമണി മുത്ത്)
വരും വരാതില്ല
തരും തരാതില്ല
കവിളിലെ ചോപ്പില്‍
നനഞ്ഞ മുത്തവും
തലയില്‍ പീലിക്ക-
ണ്ണിളകിയാടുന്ന
നിഴലനക്കമു-
ണ്ടെവിടെയും കണ്ണാ
അരികിലെത്തിട്ടു
മറഞ്ഞിരിപ്പൊ നീ
പറഞ്ഞുപറ്റിച്ചു
കളിക്കുന്നോ കണ്ണാ….
മുനിഞ്ഞു താഴുന്ന
ചെറുതിരിവെട്ട-
മഴിഞ്ഞുവീഴുന്നു
പലവുരു നേരം
ഓര്ത്തിരിപ്പാണ്
കാത്തിരിപ്പാണ്
കാല്‍ത്തള കൊഞ്ചും
പാല്‍വെളിച്ചത്തെ.