സിപിഎം നടത്തുന്ന കിരാതമായ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കുന്നത് തടയാന്‍ പൊതുജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് കോടിക്കണക്കിനു രൂപ ചെലവഴിക്കുന്ന ഇടതു സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കൊലപാതകക്കേസുകളില്‍നിന്ന് പ്രതികളെ രക്ഷിക്കാന്‍ ബക്കറ്റു പിരിവു നടത്തിയ അതേ പാര്‍ട്ടിയാണ് ഇപ്പോള്‍ അധികാരമുണ്ടെന്ന അഹന്തയുടെ പുറത്ത് പൊതുഖജനാവ് പാര്‍ട്ടിഫണ്ട് പോലെ ഉപയോഗിക്കുന്നത്. പേരിയ ഇരട്ടക്കൊല കേസില്‍ ഒന്നര കോടിയോളം രൂപ സര്‍ക്കാര്‍ ധനം വഴിവിട്ട് ചെലവഴിച്ചിട്ടും സിബിഐ അന്വേഷണം തടയാന്‍ കഴിഞ്ഞില്ല എന്ന നാണംകെട്ട അവസ്ഥയിലാണ് സിപിഎം എത്തിയിരിക്കുന്നത്. കൊലക്കേസ് പ്രതികള്‍ക്ക് ‘സര്‍ക്കാര്‍ ഒപ്പമുണ്ട്’ എന്ന സന്ദേശം നല്‍കുകയാണ് കോടികള്‍ പാഴാക്കിയ ഈ ദുര്‍നടപടിയിലൂടെ ഇടത് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ സൂത്രധാരന്മാര്‍ക്ക് പോലീസ് സ്വാധീനമുപയോഗിച്ചും മറ്റു കുതന്ത്രങ്ങള്‍ പയറ്റിയും പ്രതികളെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. സിബിഐ അന്വേഷണം വന്നാല്‍ ഇത്തരം അടവുകള്‍ വിലപ്പോവില്ലെന്നും കൊന്നവര്‍ മാത്രമല്ല കൊല്ലിച്ചവരും അഴിയെണ്ണേണ്ടി വരുമെന്നുമുള്ള ഉറച്ച ബോദ്ധ്യമാണ് എന്തുവില കൊടുത്തും സിബിഐ അന്വേഷണത്തെ തടയാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. പണം വാരിയെറിഞ്ഞ് സുപ്രീംകോടതിവരെ പോയിട്ടും സിബിഐ അന്വേഷണത്തെ തടയാന്‍ കഴിയില്ലെന്നു വന്നതോടെ കൊലക്കേസ് പ്രതികള്‍ മാത്രമല്ല സിപിഎം നേതൃത്വവും അങ്കലാപ്പിലായിരിക്കുകയാണ്.
2019 ഫെബ്രുവരി 17-നാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും (21) ശരത്‌ലാലും (24) കമ്മ്യൂണിസ്റ്റ് കാപാലികന്മാരാല്‍ പൈശാചികമായി കൊല ചെയ്യപ്പെട്ടത്. സിപിഎം ഏരിയ, ലോക്കല്‍ കമ്മിറ്റി നേതാക്കളടക്കം 14 പേരാണ് സംഭവത്തില്‍ പ്രതികളായി പിടിക്കപ്പെട്ടത്. കൊലപാതകത്തിന്റെ തലേദിവസം അവയ്‌ലബിള്‍ ലോക്കല്‍ കമ്മറ്റി ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന സാക്ഷിമൊഴി പാര്‍ട്ടി നേതൃത്വമാണ് സംഭവത്തിന്റെ പിന്നിലെന്ന് വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു. പ്രതികളെല്ലാവരും സജീവ സിപിഎം പ്രവര്‍ത്തകരാണ്. കൊലപാതകശേഷം പാര്‍ട്ടികേന്ദ്രമായ വെളുത്തോളിയില്‍ പ്രതികളെ സഹായിച്ച സിപിഎം പ്രവര്‍ത്തകരെ പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി രക്ഷപ്പെടുത്താന്‍ ശ്രമിച്ച മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്റെ ഇടപെടലുകളും ഗൂഢാലോചനയ്ക്കുള്ള പാര്‍ട്ടി പിന്തുണയുടെ തെളിവാണ്. 2019 സപ്തംബര്‍ 30നാണ് കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഡിവിഷന്‍ ബഞ്ചില്‍ അപ്പീലുമായി പോയ സര്‍ക്കാര്‍ അവിടെയും തോറ്റിട്ടും കൊലക്കേസ് പ്രതികളെ രക്ഷിക്കണമെന്ന വാശിയോടെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കോടികള്‍ ചെലവഴിച്ച് പ്രഗത്ഭരായ അഭിഭാഷകരെ അണിനിരത്തിയിട്ടും സുപ്രീംകോടതി സിബിഐ അന്വേഷണം തന്നെ ശരിവെച്ചത് സിപിഎം നേതാക്കളുടെ കൈയിലെ ചോരക്കറയുടെ കാഠിന്യത്തെയാണ് സൂചിപ്പിക്കുന്നത്. പേരിയയിലെ ഇരട്ടക്കൊലക്കേസ് അടക്കം കണ്ണൂരില്‍ സിപിഎം നടത്തിയ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കുകയാണെങ്കില്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളടക്കം അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന കാര്യം തീര്‍ച്ചയാണ്.
ഹൈക്കോടതിയില്‍ നിന്ന് സി.ബി.ഐ അന്വേഷണം വേണമെന്ന വിധി ഉണ്ടായശേഷം എട്ടുതവണ സി.ബി.ഐ ആവശ്യപ്പെട്ടിട്ടും കേസ് സംബന്ധിച്ച രേഖകള്‍ കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് അനുവാദം നല്‍കിയിരുന്നില്ല. ഒടുവില്‍ സുപ്രീം കോടതിയിലും തോറ്റശേഷമാണ് രേഖകള്‍ സിബിഐക്കു നല്‍കിയത്. ഇതുപോലെ മട്ടന്നൂരില്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിലും കേസ് സിബിഐക്കു വിടണമെന്ന മാതാപിതാക്കളുടെ ആവശ്യത്തെ എതിര്‍ക്കാന്‍ ഒരു കോടിയിലധികം രൂപ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് വാദിക്കാന്‍ ഇടത് സര്‍ക്കാര്‍ ചെലവഴിച്ചതായാണ് അറിയുന്നത്. ഈ ആവശ്യം ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളത്. കൊലപാതകങ്ങളില്‍ ഇരകളോടൊപ്പമല്ല പ്രതികളോടൊപ്പമാണ് സിപിഎം നിലകൊള്ളുന്നതെന്ന് വാളയാറില്‍ രണ്ടു പെണ്‍കുട്ടികളെ സിപിഎമ്മുകാര്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലും വ്യക്തമായതാണ്. മാറാട് കൂട്ടക്കൊലയിലും ടി.പി. ചന്ദ്രശേഖരന്‍ വധത്തിലും കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിയില്‍ വെച്ച് സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന സംഭവത്തിലുമെല്ലാം യഥാസമയം സിബിഐ അന്വേഷണം നടന്നിരുന്നുവെങ്കില്‍ കൊലപാതക രാഷ്ട്രീയത്തിന്റെ പിന്നിലെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാനും യഥാര്‍ത്ഥ പ്രതികളെ ശിക്ഷിക്കാനും കഴിയുമായിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ ആത്മാര്‍ത്ഥതയും സംശയാസ്പദമാണ്. കേരളത്തിനു പുറത്ത് എല്ലായിടത്തും സിപിഎമ്മുമായി കൈകോര്‍ക്കുന്ന കോണ്‍ഗ്രസ്സിന് കേരളത്തിനകത്ത് അവരുടെ ക്രൂരതകളെ എതിര്‍ക്കാനുള്ള മനോഭാവം നഷ്ടപ്പെട്ടതായാണ് കാണുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ അന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ കോണ്‍ഗ്രസ് നടത്തിയ കള്ളക്കളികള്‍ ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. പെരിയ ഇരട്ടക്കൊല കേസിന്റെ കാര്യത്തിലും കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വം ഉദാസീനമായാണ് പ്രതികരിച്ചത്.
കൊലപാതക രാഷ്ട്രീയം കമ്മ്യൂണിസ്റ്റുകാര്‍ക്ക് അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് ഇനിയെങ്കിലും കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കണം. സ്ഥിതിസമത്വം എന്ന സുന്ദരമായ ലക്ഷ്യം ആശയതലത്തില്‍ മുന്നോട്ടുവെച്ചാണ് ലോകത്തിലെല്ലായിടത്തും കമ്മ്യൂണിസ്റ്റുകള്‍ ജനങ്ങളെ അവരിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ അവര്‍ അധികാരത്തില്‍ വന്ന സ്ഥലങ്ങളിലെല്ലാം പ്രായോഗിക തലത്തില്‍ നടന്നത് ജനാധിപത്യവിരുദ്ധമായ കൂട്ടക്കൊലകളായിരുന്നു. റഷ്യയില്‍ സ്റ്റാലിനും ചൈനയില്‍ മാവോയുമൊക്കെ ലക്ഷക്കണക്കിന് ജനങ്ങളെയാണ് കൂട്ടക്കൊല നടത്തിയത്. ചൈനയില്‍ ടിയാനെന്‍മെന്‍ സ്‌ക്വയറില്‍ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രക്ഷോഭം നടത്തിയ പതിനായിരത്തിലധികം വിദ്യാര്‍ത്ഥികളെ നിഷ്‌ക്കരുണം ടാങ്ക് കയറ്റി കൊന്നപ്പോള്‍ അതിലൊന്നും യാതൊരു തെറ്റും കാണാത്തവരാണ് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകള്‍. ബംഗാളിലും ത്രിപുരയിലുമെല്ലാം സിപിഎം അധികാരത്തിലിരുന്നപ്പോള്‍ നിരവധി പേരെയാണ് രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കൊലപ്പെടുത്തിയത്. ഇതേ രീതിയിലാണ് കേരളത്തില്‍ കണ്ണൂരിലടക്കം പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലകളില്‍ നിരവധി ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് വിധേയരാകാത്ത ഒരു കക്ഷിയുമില്ല കേരളത്തില്‍. എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയില്‍ ഒരു ഏകാധിപതി രൂപം കൊള്ളുകയെന്നതിന് ഉത്തമോദാഹരണമാണ് ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി. അഴിമതിയില്‍ മുങ്ങിക്കുളിച്ചും പാര്‍ട്ടിയിലും പുറത്തുമുള്ള എല്ലാ എതിര്‍ശബ്ദങ്ങളെയും ഇല്ലാതാക്കാന്‍ പരിശ്രമിച്ചും ജനാധിപത്യത്തിലെ ഈ ഏകാധിപതി നടത്തുന്ന കമ്മ്യൂണിസ്റ്റ് രീതിയിലുള്ള നടപടിയായി വേണം നികുതിപ്പണം ഉപയോഗിച്ച് സിബിഐ അന്വേഷണത്തെ തടയാനുള്ള ശ്രമത്തെയും കാണേണ്ടത്.