സാഹിത്യത്തിനുള്ള വിശ്വവിഖ്യാതമായ നൊബേല്‍ സമ്മാനം ഏറെ ആദരവോടെയും ശ്രേഷ്ഠതയോടെയുമാണ് വിശ്വജനത ഇന്നും എന്നും നെഞ്ചിലേറ്റി സ്വീകരിക്കുന്നത്. ഈ സമ്മാനത്തിന്റെ രൂപകല്പന തന്റെ മരണപത്രത്തിലൂടെ ലോകജനതയ്ക്ക് നല്‍കിയ മഹാനാണ് ആല്‍ഫ്രഡ് നൊബേല്‍. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക് ഹോമില്‍ ജനിച്ച ഈ വിശ്വപൗരന്‍ ശാസ്ത്രത്തിന്റെ തിരുമുറ്റത്ത് അസാമാന്യമായ കണ്ടുപിടുത്തങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും പ്രസിദ്ധി നേടിയ ഒരു കുടുംബത്തിലെ അംഗമായിരുന്നു. സ്വയാര്‍ജ്ജിതമായ തന്റെ സമ്പത്തിന്റെ അവകാശം പിന്‍തുടര്‍ച്ചക്കാര്‍ക്കു നല്‍കാതെ ജനനന്മയ്ക്കായി അദ്ദേഹം മാറ്റിവച്ചു.
1833 ഒക്‌ടോബര്‍ 23നാണ് ആല്‍ഫ്രഡ് നൊബേലിന്റെ ജനനം. ഇമ്മാനുവല്‍ നൊബേല്‍ പിതാവും കരോളിന്‍ ആന്‍ട്രീറ്റ മാതാവുമാണ്. സയന്‍സ് അദ്ധ്യാപകനായ പിതാവ് സ്‌ഫോടക പദാര്‍ത്ഥങ്ങളില്‍ ഗവേഷണം നടത്തുന്ന ആളായിരുന്നു. പിതാവിന്റെ ശ്രേഷ്ഠമായ ഈ സ്വഭാവമായിരുന്നു ശാസ്ത്രപഠനത്തിലേക്ക് ആല്‍ഫ്രഡിനേയും ആകൃഷ്ടനാക്കിയത്. വിജ്ഞാനവും സൗഭാഗ്യവും ഒത്തിണങ്ങിയ ഒരു സ്ത്രീയായിരുന്നു ആല്‍ഫ്രഡിന്റെ മാതാവ്. കുട്ടിക്കാലത്ത് അമ്മയോടൊത്ത് കട്ടിലില്‍ കിടക്കുമ്പോള്‍ കുട്ടിക്കഥകളും യക്ഷിക്കഥകളും ഒപ്പം വീരചരിത്രങ്ങളും അമ്മയില്‍ നിന്നും ധാരാളം കേള്‍ക്കുക എന്നത് അദ്ദേഹത്തിന്റെ ഒരു സ്വഭാവമായിരുന്നു. വിഷാദശീലനായ തന്റെ മകനില്‍ മഹത്വം ഒളിഞ്ഞു കിടക്കുന്നു എന്ന സത്യം ആ അമ്മ അന്നേ ദര്‍ശിച്ചിരുന്നു.
പിതാവിനെപ്പോലെ തന്നെ ആല്‍ഫ്രഡ് രസതന്ത്രം, ഊര്‍ജ്ജതന്ത്രം, വാസ്തുശില്പം മുതലായവയില്‍ അസാമാന്യ പ്രതിഭ പ്രകടിപ്പിച്ചിരുന്നു. യുവത്വത്തിന്റെ ആരംഭത്തില്‍ കപ്പല്‍ നിര്‍മ്മാണത്തിലെ കമ്പം മൂലം കുറച്ചു കാലം അമേരിക്കയില്‍ അദ്ദേഹം താമസിച്ചു. എന്നാല്‍ 1853 ആയപ്പോഴേയ്ക്കും ആല്‍ഫ്രഡ് സ്വീഡനിലേക്ക് തിരികെ പോന്നു. തിരിച്ചുവന്ന ആല്‍ഫ്രഡ് അച്ഛനോടൊപ്പം ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേര്‍ന്നു. നൈട്രോ-ഗ്ലിസറിന്‍ തുടങ്ങിയവയുടെ ഗവേഷണത്തിലായിരുന്നു പിതാവ്. നൈട്രോ-ഗ്ലിസറിനെക്കാളും ശക്തിയുള്ള ഒരു പദാര്‍ത്ഥത്തിന്റെ കണ്ടുപിടുത്തം നടത്തുക എന്നതായിരുന്നു ആല്‍ഫ്രഡിന്റെ മനസ്സു നിറയെ. ‘ഡൈനാമിറ്റ്’ എന്ന മിശ്രിതത്തിന്റെ കണ്ടുപിടുത്തത്തിലേക്ക് ആല്‍ഫ്രഡ് വന്നെത്തിയത് അങ്ങനെയാണ്. 1865-66 കാലഘട്ടത്തിലാണ് ഡൈനാമിറ്റ് അവസാന പരീക്ഷണത്തിലൂടെ പൂര്‍ണ്ണതയിലെത്തിയത്. ശാസ്ത്രലോകത്തുണ്ടായ ഈ നേട്ടമാണ് ആല്‍ഫ്രഡ് നൊബേലിനെ ലോകജനതയ്ക്കു മുന്നിലെത്തിച്ചത്. ഇതിലൂടെ ധനാഢ്യനായി മാറിയ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എല്ലാ രാജ്യങ്ങളിലും ഡൈനാമിറ്റ് നിര്‍മ്മാണശാലകള്‍ ഉയര്‍ന്നുവന്നു. ലോകത്ത് ഏറ്റവും മാരകശക്തിയുള്ള പദാര്‍ത്ഥമായിരുന്നു ഡൈനാമിറ്റ്.
നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. എങ്കിലും അദ്ദേഹം ഏകാന്തതയിലായിരുന്നു. വിട്ടുമാറാത്ത തലവേദന അദ്ദേഹത്തെ ഒരു രോഗിയായി മാറ്റിയിരുന്നു. ആല്‍ഫ്രഡ് ഒരു തത്വചിന്തകന്‍ മാത്രമായിരുന്നില്ല, കാഥികനും സംഭാഷണ ചതുരനുമായിരുന്നു. ആഡംബരങ്ങളിലോ പുറംപൂച്ചുകളിലോ ഒരല്പം പോലും അദ്ദേഹം തല്പരനായിരുന്നില്ല. ഉപരിപ്ലവബുദ്ധിജീവികളേയും കപടഹൃദയരേയും അദ്ദേഹം നന്നേ വെറുത്തിരുന്നു. സാഹിത്യത്തിന്റെ അനന്തവിശാലതയില്‍ അദ്ദേഹം ആഹ്ലാദചിത്തനായിരുന്നു. ധാരാളം ഭാഷകള്‍ അദ്ദേഹം പഠിച്ചു. സ്വീഡിഷ്, ഫ്രഞ്ച്, റഷ്യന്‍, ഇംഗ്ലീഷ്, ജര്‍മ്മന്‍, ഇറ്റാലിയന്‍ തുടങ്ങിയ ഭാഷകളില്‍ അവഗാഹമായ അറിവ് സമ്പാദിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ കവിതയും രചിച്ചിട്ടുണ്ട്. യുദ്ധത്തെ അദ്ദേഹം വെറുത്തിരുന്നു. ലോകങ്ങള്‍ തമ്മിലുള്ള വൈരത്തിന് പരിഹാരമായി ഒരു ഐക്യരാഷ്ട്രസംഘടനയുടെ ആശയം അദ്ദേഹത്തിന്റെ മനോമുകുരത്തില്‍ തെളിഞ്ഞുവന്നു. അങ്ങനെയുള്ള ഒരു സംഘടന യാഥാര്‍ത്ഥ്യമാക്കാന്‍ അതിയായി ആഗ്രഹിക്കുകയും ചെയ്തു.
തന്റെ സമ്പത്തിന്റെ അവകാശം ആര്‍ക്കും നല്‍കുന്നതില്‍ അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നില്ല. അങ്ങനെ നല്‍കിയാല്‍ അവരുടെ പരിശ്രമശീലവും ഉത്സാഹവും നഷ്ടമായി മാറുമെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും പുരോഗതിക്കും ജനസാമാന്യത്തിന്റെ ക്ഷേമത്തിനും ലോകസമാധാനത്തിനും ഉതകുന്നരീതിയില്‍ തന്റെ സമ്പത്ത് മാറ്റണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. 1896 ഡിസംബര്‍ 10ന് ഇറ്റലിയിലെ സാന്‍ റെമോ പട്ടണത്തിലെ തന്റെ വര്‍ക്ക്ഷാപ്പില്‍ വച്ച് മഹാനായ ശാസ്ത്രജ്ഞന്‍ അനന്തതയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടു മറഞ്ഞു. പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.
നൊബേലിന്റെ സ്വത്തിന്റെ അധികഭാഗവും ഒരു ഫണ്ടായി നിക്ഷേപിക്കാനും അതിന്റെ പലിശ മനുഷ്യരാശിയുടെ നന്മയ്ക്കായി മുന്‍കൊല്ലം പ്രവര്‍ത്തിച്ച ശ്രേഷ്ഠനായ വ്യക്തിക്ക് നല്‍കാനും തീരുമാനിച്ചു. കിട്ടുന്ന പലിശ അഞ്ചുതുല്യഭാഗങ്ങളായി വിഭജിക്കുന്നതിനും താഴെ പറയുന്ന വിധത്തില്‍ നല്‍കണമെന്നും ഒസ്യത്തില്‍ പ്രതിപാദിച്ചിരുന്നു. ഒന്നും രണ്ടും ഭാഗം ഊര്‍ജ്ജതന്ത്രം, രസതന്ത്രം എന്നിവയില്‍ പ്രധാനമായ കണ്ടുപിടുത്തങ്ങള്‍ക്കും അടുത്തഭാഗം ഊര്‍ജ്ജതന്ത്രം, രസതന്ത്രം എന്നിവയില്‍ പ്രധാനമായ കണ്ടുപിടുത്തങ്ങള്‍ക്കും അടുത്ത ഭാഗം ശരീരശാസ്ത്രത്തിലോ വൈദ്യശാസ്ത്രത്തിലോ നടത്തിയ കണ്ടുപിടുത്തതിനും, നാലാമത്തെ വിഹിതം സാഹിത്യത്തിലെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടിക്കും, അഞ്ചാമത്തേത് സമാധാനപരമായ രാജ്യങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സംഘടനകള്‍ക്കും നല്‍കാനായിരുന്നു വ്യവസ്ഥ. ഇതിനായി ഓരോന്നിനും പ്രത്യേക സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തിയിരുന്നു. സാഹിത്യത്തിനുള്ള സമ്മാനം നല്‍കാന്‍ സ്റ്റോക്ക് ഹോം അക്കാദമിയെയാണ് ചുമതലപ്പെടുത്തിയത്.
ലോകജനത ഏറെ ആദരവോടെ ഏറ്റുവാങ്ങുന്ന ഒരു ഉന്നത ബഹുമതി തന്നെയാണ് നൊബേല്‍ സമ്മാനം. ദീര്‍ഘവീക്ഷണത്തോടെയുള്ള ആല്‍ഫ്രഡ് നോബലിന്റെ ഈ മഹാസമ്മാനം ലോകജനതയുടെ മനസ്സില്‍ തിളങ്ങിനില്‍ക്കുന്ന ഒരു ധ്രുവപ്രകാശം തന്നെയാണ്.