ന്യൂനപക്ഷ ക്ഷേമത്തിനുവേണ്ടി മാര്‍ക്‌സിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുമ്പോള്‍ ഈ ന്യൂനപക്ഷക്കാര്‍ താമരചിഹ്നം തേടിപ്പോകുന്നത് നന്ദികേടല്ലേ? കമ്മികള്‍ക്കും കൊങ്ങികള്‍ക്കും ഇതെങ്ങനെ സഹിക്കും? ഇത്തവണത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷക്കാരായ നാനൂറോളം പേരാണ് താമരചിഹ്നത്തില്‍ മത്സരിക്കുന്നത്. അതില്‍ നൂറ്റിപ്പതിനേഴ് പേര്‍ മുസ്ലിങ്ങള്‍. അവരില്‍ തന്നെ ഒമ്പതു മുസ്ലിം സ്ത്രീകള്‍! ഇങ്ങനെപോയാല്‍ അരിവാള്‍ ചുറ്റികയ്ക്കും കൈപ്പത്തിയ്ക്കും കോണിയ്ക്കുമൊക്കെ വോട്ടുചെയ്യാന്‍ ആരാണുണ്ടാവുക? ബിജെപിക്കാര്‍ മുസ്ലിങ്ങളെ പൂടനുള്ളി തൊണ്ടതൊടാതെ വിഴുങ്ങിയതിന്റെ എന്തൊക്കെ കഥകളാണ് സഖാക്കള്‍ നാടുതെണ്ടി പറഞ്ഞത്. ഗുജറാത്ത് കലാപം മുതല്‍ ഷഹീന്‍ബാഗ്‌വരെയുള്ള കണ്ണീരിന്റെ കഥ എത്ര തവണ കഥാപ്രസംഗം പോലെ അവതരിപ്പിച്ചു. എന്നിട്ടും ഈ ന്യൂനപക്ഷക്കാര്‍ താമര ചിഹ്നം തേടി പോകുകയാണല്ലോ കാറല്‍മാര്‍ക്‌സ് മുത്തപ്പാ… കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗം സംഘപരിവാറിനോടു ചായ്‌വ് കാട്ടുന്നു എന്ന് ഒരു ജമാഅത്തെ ഇസ്ലാമി എഴുത്തുകാരന്‍ വിലപിക്കുകയാണ്. രണ്ടുകൂട്ടരും ഇങ്ങനെ ബിജെപി പാളയത്തിലേയ്ക്ക് പോയാല്‍ തങ്ങളുടെ കരച്ചില്‍ കേള്‍ക്കാന്‍ ആരുണ്ടാവും?
ഇതേ സമയം സഖാക്കന്മാര്‍ക്ക് തങ്ങളുടെ അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നം കണ്ടാല്‍ ഓക്കാനം വരുന്നുവത്രെ. തൊടുപുഴ നഗരസഭാ തിരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റുകാര്‍ അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നം കൈവിടുന്നു എന്നാണ് ഒരു പത്രവാര്‍ത്ത. അവിടെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറായത് ഒരു സ്ഥാനാര്‍ത്ഥി മാത്രമാണത്രെ. ബാക്കിയുള്ളവരെല്ലാം കുട, ഓട്ടോറിക്ഷ തുടങ്ങിയ സ്വതന്ത്രചിഹ്നങ്ങളിലാണ് മത്സരിക്കുന്നത്. സിറ്റിംഗ് സീറ്റില്‍ പോലും പാര്‍ട്ടി ചിഹ്നം കൈവിടുന്നതില്‍ പല സഖാക്കള്‍ക്കും പ്രതിഷേധമുണ്ടെങ്കിലും പുറത്തുകാണിക്കാന്‍ വയ്യാത്ത സ്ഥിതിയിലാണ്. സംഘടനാ സംവിധാനം ദുര്‍ബ്ബലമായതിനാല്‍ കിഴക്കന്‍ മേഖലയില്‍ ഒരു സീറ്റില്‍പോലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ ആളെ കിട്ടുന്നില്ല. അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ടു ചെയ്യാന്‍ ഉറച്ച സഖാക്കള്‍ക്കുപോലും അറപ്പാണത്രെ.