ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്ര സമുച്ചയം കംബോഡിയയില്‍ ഉള്ള അങ്കുര്‍വാട്ടാണ്. എന്നാല്‍ ഇപ്പോള്‍ സജീവമായി ക്ഷേത്ര ആചാരങ്ങള്‍ നടന്നുപോരുന്ന വലിയ ഹൈന്ദവാരാധനാലയം ഏതാണ്? ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര ഗോപുരം എവിടെയാണ് സ്ഥിതി ചെയ്യുന്നത്? ഇതിനുള്ള ഉത്തരമാണ് തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രം.
കാവേരി നദിക്കും കൊല്ലിടാം പുഴക്കും നടുവിലുള്ള ദ്വീപാണ് ശ്രീരംഗം. അവിടുള്ള രംഗനാഥസ്വാമി ക്ഷേത്രം ദ്രാവിഡിയന്‍ വാസ്തുശില്പകലയുടെ എല്ലാ ഭംഗിയും വിളിച്ചു പറയുന്നത് കൂടിയാണ്. വിഷ്ണു ഭഗവാന്‍ ആരാധനാമൂര്‍ത്തി ആയിട്ടുള്ള ഈ അമ്പലം തമിഴര്‍ക്ക് ‘തിരുവരംഗം’ ആണ്. വൈഷ്ണവ സമ്പ്രദായം ദക്ഷിണേന്ത്യയില്‍ പ്രചരിപ്പിക്കുന്നതില്‍ ഈ അമ്പലം വഹിച്ച പങ്കു ചെറുതല്ല.
155 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഇതിന്റെ മുഖകവാടങ്ങളില്‍ ഒന്നായ രാജഗോപുരത്തിന് 144 അടി ഉയരമുണ്ട് ! പതിനാലാം നൂറ്റാണ്ടില്‍ ഡല്‍ഹി സുല്‍ത്താന്മാരുടെ പടയോട്ടത്തില്‍ തകര്‍ന്നടിഞ്ഞ ഈ അമ്പലസമുച്ചയത്തിന് ഇന്ന് 21 മുഖ ഗോപുരങ്ങളുണ്ട് .12 വലിയ ക്ഷേത്ര കുളങ്ങളും ഇതിനകത്തുണ്ട്. 11, 12 നൂറ്റാണ്ടുകളിലെ പ്രാദേശിക ചരിത്രം വെളിവാക്കുന്ന ശിലാലിഖിതങ്ങളും ക്ഷേത്ര ചുമരുകളില്‍ കാണാം.
സംഘ കാലഘട്ടം മുതല്‍ (ബിസി 06 – എഡി04) ശ്രീരംഗത്തെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. ചിലപ്പതികാരത്തിലും പരാമര്‍ശമുള്ള ഈ അമ്പലം വിവിധകാലഘട്ടങ്ങളില്‍ ചോള, പാണ്ഡ്യ, ഹൊയ്‌സാല, വിജയനഗര സാമ്രജ്യത്തിന്റെ അധീനതയിലും ആയിരുന്നു. എഡി 1323ലെ ഡല്‍ഹി സുല്‍ത്താന്മാരുടെ പടയോട്ടത്തില്‍നിന്ന് ക്ഷേത്ര സമ്പത്തും മറ്റും സംരഷിക്കാന്‍ ഏതാണ്ട് 13,000 വൈഷ്ണവ വിശ്വാസികള്‍ അടരാടി മരണം വരിച്ചെന്നു ക്ഷേത്ര ചരിത്രം പറയുന്നു. എന്തിനേറെ, പ്രധാന പ്രതിഷ്ഠയായ രംഗനായകി (ലക്ഷ്മി)യുടെ വിഗ്രഹം പോലും മറ്റൊരു സ്ഥലത്തേക്ക് എടുത്തു കൊണ്ടുപോയാണ് പടയോട്ടത്തില്‍ നിന്ന് സംരക്ഷിച്ചത്! ഈ ക്ഷേത്രത്തിലെ ആയിരം കല്‍മണ്ഡപം ദ്രാവിഡിയന്‍ ശില്പചാരുതയുടെ മികച്ച ഉദാഹരണമാണ്.