വര്‍ത്തമാനകേരളം നേരിടുന്ന മുഖ്യപ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ ഉതകുന്ന വികസന അജണ്ടയാണ് ഭാവി വികസനത്തിന് അത്യാവശ്യമായിട്ടുള്ളത്. കാര്‍ഷിക-വ്യാവസായിക മേഖലകള്‍ നേരിടുന്ന തകര്‍ച്ച, ഭീമമായ ഭക്ഷ്യസുരക്ഷയ്ക്കുള്ള ഭീഷണി, ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍, സര്‍ക്കാര്‍ തലത്തിലുള്ള അനിയന്ത്രിതമായ ധൂര്‍ത്തും പാഴ്ചിലവുകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമതയില്ലായ്മ, വിദ്യാഭ്യാസ-ആരോഗ്യസംരക്ഷണ മേഖലകളുടെ ശോചനീയാവസ്ഥ, സംസ്ഥാനത്തുനിന്ന് പുറത്തേയ്‌ക്കൊഴുകുന്ന ഭീമമായ ക്രയശേഷി തുടങ്ങിയ എല്ലാ പ്രതിസന്ധികളെയും പരിഹരിച്ചുകൊണ്ടുള്ള വികസനമാണ് ഭാവിയില്‍ ഏറ്റെടുക്കേണ്ടത്. അതോടൊപ്പം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ഭരണതലത്തില്‍ വ്യാപകമായുള്ള അഴിമതിയും സ്വജനപക്ഷപാതവും പരിഹരിക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ട് ഇവ ഓരോന്നും സമയബന്ധിതമായി പരിഹരിക്കാനുള്ള ഫലപ്രദമായ നയങ്ങളും വികസനതന്ത്രങ്ങളും പുനഃസംഘടനകളും ജനപങ്കാളിത്തത്തോടെ ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടതാണ്.
സംസ്ഥാനത്തിന്റെ ഭാവി വികസന പരിപ്രേക്ഷ്യത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ആദ്യം പരിശോധിക്കേണ്ടത് ഏതുവിധത്തിലുള്ള വികസനമാണ് സ്വീകരിക്കേണ്ടത് എന്നതാണ്. ആത്മനിര്‍ഭര്‍ഭാരത് നയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വികേന്ദ്രീകൃത-സ്വാശ്രയ പങ്കാളിത്തഘടനയിലുള്ള സുസ്ഥിര വികസനമാണ് കേരളത്തിന് അഭികാമ്യമായിട്ടുള്ളത്. ഇത് സംസ്ഥാനത്തെ സ്വാശ്രയത്തിലേക്കു നയിക്കുമ്പോള്‍ വികേന്ദ്രീകൃത-പങ്കാളിത്ത വ്യവസ്ഥയിലൂടെ പ്രാദേശികതലത്തിലും സ്വാശ്രയവികസനം ഉറപ്പാക്കാന്‍ സഹായിക്കും. ഇത്തരമൊരു വികസന പരിപ്രേക്ഷ്യം സ്വീകരിക്കുമ്പോള്‍ നയപരവും ഘടനാപരവും വ്യവസ്ഥാപരവും ഭരണപരവുമായ നിരവധി പൊളിച്ചെഴുത്തുകള്‍ ആവശ്യമായി വരും. ആത്യന്തികമായി ഉല്പാദന മേഖലകള്‍ക്ക് മുന്തിയ പരിഗണന കൊടുക്കുന്ന വികസന മാതൃകയാകുമിത്. അതോടൊപ്പം, സര്‍ക്കാര്‍ സംവിധാനത്തിലും വികസന ഏജന്‍സികളുടെ ഘടനയിലും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ വികസനത്തിലുള്ള പങ്കാളിത്തത്തിലും ഫലപ്രദമായ അഴിച്ചുപണി നടത്തി കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും വികസനോന്മുഖമായി പുനഃസംഘടിപ്പിക്കുകയും വേണം. അത്തരമൊരു പരിപ്രേക്ഷ്യത്തില്‍ പരിഗണിക്കേണ്ട ചില വികസന മേഖലകളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനം
കേരളത്തില്‍ തരിശായി കിടക്കുന്ന രണ്ടുലക്ഷത്തിലധികം ഹെക്ടര്‍ ഭൂമി നെല്‍കൃഷിയ്ക്കും പച്ചക്കറി കൃഷിയ്ക്കും, വാഴ-മരച്ചീനി എന്നിവയുടെ കൃഷിയ്ക്കും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. ഇതില്‍ ഒന്നരലക്ഷത്തോളം ഹെക്ടര്‍ നെല്‍കൃഷിയ്ക്ക് അനുയോജ്യമാണ്. ഇവിടങ്ങളില്‍ രണ്ടു വിള വീതം എടുക്കാനായാല്‍ 5 മുതല്‍ 6 ലക്ഷം ടണ്‍ വരെ അരി അധികമായി ഉല്പാദിപ്പിക്കാനാകും. അതിനായി സംസ്ഥാന ബജറ്റില്‍ നടപ്പുവര്‍ഷം പ്രഖ്യാപിച്ച 25000 കുളങ്ങളുടെ നവീകരണവും 50000 കിണറുകളുടെ റീചാര്‍ജ്ജിങ്ങും 5000 കിലോമീറ്റര്‍ തോടുകളുടെ ശുചീകരണവും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാനായാല്‍ നെല്‍കൃഷിയോടൊപ്പം ചില സ്ഥലങ്ങളില്‍ പച്ചക്കറി കൃഷിയും ഉള്‍നാടന്‍ മത്സ്യകൃഷിയും പ്രോത്സാഹിപ്പിക്കാനാകും. ഇതിനായി തൊഴിലുറപ്പു പദ്ധതിക്ക് കേന്ദ്രം അനുവദിച്ച അധികതുക ഫലപ്രദമായി വിനിയോഗിക്കാനാകും. മൊത്തം നെല്‍കൃഷി ചെയ്യുന്ന സ്ഥലത്ത് ഇതുമൂലം ജലസേചന സൗകര്യമെത്തിക്കാനായാല്‍ സംസ്ഥാനത്തിന്റെ അരി ഉല്പാദനം 5 ലക്ഷം ടണ്ണില്‍ നിന്ന് 12 ലക്ഷം ടണ്ണായി ഉയര്‍ത്താനാകും. ശേഷിച്ച 50000 ഹെക്ടറില്‍ പച്ചക്കറി, മരച്ചീനി, വാഴ തുടങ്ങിയവയും ഉയര്‍ന്ന സ്ഥലങ്ങളില്‍ ഫലവൃക്ഷങ്ങളും കൃഷി ചെയ്യാനാകും. ഇതോടെ പച്ചക്കറികളുടെ കാര്യത്തില്‍ ഏകദേശം സ്വാശ്രയം കൈവരിക്കാനാകും.
കേന്ദ്രസര്‍ക്കാര്‍, കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം ലഭിക്കാനായി പ്രാദേശികതലത്തില്‍ സ്റ്റോറേജിനും സംസ്‌കരണത്തിലൂടെ മൂല്യവര്‍ദ്ധനയ്ക്കും മുന്തിയ പരിഗണനയാണ് ആത്മനിര്‍ഭര്‍ഭാരത് പാക്കേജില്‍ നല്‍കിയിട്ടുള്ളത്. ഇക്കാര്യത്തിന് കേരളത്തിലെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ ശാക്തീകരിക്കേണ്ടതുണ്ട്. 1650ല്‍ അധികം വരുന്ന സംഘങ്ങളില്‍ നാലിലൊന്നു സംഘങ്ങളെങ്കിലും വരുന്ന മൂന്നു വര്‍ഷത്തിനകം ഈ മേഖലകളില്‍ സജീവമായാല്‍ കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനം വേഗത്തിലാക്കാം. ഉദാഹരണത്തിന് തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് ഫാര്‍മേഴ്‌സ് ബാങ്ക് റൈസ് മില്‍, പച്ചക്കറിച്ചന്ത, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ മേഖലകളിലേയ്ക്ക് മൂന്നു പതിറ്റാണ്ടു മുന്‍പേ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. സംസ്ഥാനത്ത് അപൂര്‍വ്വമായി ഇതുപോലെ ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ സംഘങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായും സംയോജിതമായും നടപ്പാക്കിയാല്‍ കാര്‍ഷിക മേഖലയുടെ വികസനം ത്വരിതപ്പെടുത്താനാകും. ഇതിനാവശ്യമായ നയപരവും ഘടനാപരവുമായ മാറ്റത്തിലൂടെ കാര്‍ഷിക വായ്പാസംഘങ്ങളെ ശാക്തീകരിക്കുന്നതോടൊപ്പം പാടശേഖരസമിതികള്‍, കര്‍ഷകരുടെ സ്വാശ്രയസംഘങ്ങള്‍, കാര്‍ഷിക സംസ്‌കരണത്തിലേര്‍പ്പെടുന്ന കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയെ സംഘങ്ങളുമായി യുക്തിസഹമായ രീതിയില്‍ പരസ്പരം ബന്ധിപ്പിക്കേണ്ടതുമാണ്.
കേരളത്തിലെ കൈവശഭൂമിയുടെ ശരാശരി വിസ്തീര്‍ണ്ണം 2015-16ല്‍ 0.18 ഹെക്ടറായിരുന്നത് ഇപ്പോള്‍ 0.15 ഹെക്ടര്‍ (38 സെന്റ്) ആയി ചുരുങ്ങിയിട്ടുണ്ട്. 97 ശതമാനം കൃഷിഭൂമിയും ഒരു ഹെക്ടറില്‍ താഴെയാണ്. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കോണ്‍ട്രാക്ട് ഫാമിങ്ങ് കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ തുണ്ടു ഭൂമികളില്‍ നിന്ന് ആദായകരമായ ഉല്പാദനത്തിന് മറ്റ് വഴികള്‍ തേടേണ്ടതുണ്ട്. കര്‍ഷകര്‍ക്ക് മൂന്ന് മാര്‍ഗ്ഗങ്ങളാണ് പ്രധാനമായും പരിഗണിക്കാവുന്നത്. ഒന്നാമത് കര്‍ഷകരുടെ കൂട്ടായ്മയിലൂടെ പാടശേഖരങ്ങളില്‍ സംയോജിതവും സംഘടിതവുമായ കൃഷിരീതി അവലംബിക്കുക. കര്‍ഷക കൂട്ടായ്മയ്ക്കു പുറമെ, സ്വാശ്രയസംഘങ്ങള്‍, കര്‍ഷകത്തൊഴിലാളികളുടെ സ്വാശ്രയസംഘങ്ങള്‍, കുടുംബശ്രീകള്‍ എന്നിവയെയും പങ്കാളികളാക്കാവുന്നതാണ്. ഇവയ്ക്ക് കര്‍ഷകന്റെ ഉടമാവകാശം നഷ്ടപ്പെടാത്തവിധത്തില്‍ വായ്പയും മറ്റു സഹായങ്ങളും ലഭ്യമാക്കാവുന്ന തരത്തില്‍ നയപരിപാടികള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്. കര്‍ഷക ഉല്പാദക സംഘങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായവും കര്‍ഷക ഉല്പാദകസംഘങ്ങളായി രജിസ്റ്റര്‍ ചെയ്താല്‍ ലഭ്യമാകും.
രണ്ടാമത്തേത് വെര്‍ട്ടിക്കല്‍ ഫാമിങ്ങ് ആണ്. പച്ചക്കറികള്‍, ഇലവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍ എന്നിവ തട്ടുതട്ടുകളായി കൃഷി ചെയ്യുന്ന വെര്‍ട്ടിക്കല്‍ ഫാമിങ്ങ് ചിലരെല്ലാം പരീക്ഷണാടിസ്ഥാനത്തില്‍ ഉദ്യാനവിളയായി കൃഷിചെയ്യുന്നുണ്ട്. എന്നാല്‍ അതിന് നയപരമായ പിന്‍ബലമില്ലാതെ കൂടുതല്‍ വിപുലമായ രീതിയില്‍ കൃഷി ചെയ്യാനുള്ള സാമ്പത്തിക സഹായം ലഭിക്കുകയില്ല. മൂന്നാമത്തേത് പ്രിസിഷന്‍ ഫാമിങ്ങാണ്. ഇസ്രായേല്‍ പോലെ ഭൂമി കുറവുള്ള പ്രദേശങ്ങളില്‍ വിജയകരമായി നടപ്പാക്കിവരുന്ന കൃഷി സമ്പ്രദായമാണിത്. ഗ്രീന്‍ ഹൗസുകളില്‍ ശാസ്ത്രീയ രീതിയില്‍ അത്യുല്പാദന ശേഷിയുള്ള ഉല്പാദനരീതിയാണിത്. ഇതിന് മൂലധന ചിലവ് കൂടുതലാണ്. കര്‍ഷക ഉല്പാദകസംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍, സ്റ്റാര്‍ട്ടഅപ്പുകള്‍, തിരിച്ചുവരുന്ന പ്രവാസികളുടെ കൂട്ടായ്മകള്‍ എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ മുദ്രാലോണ്‍, സൂക്ഷ്മ ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള പ്രത്യേക സാമ്പത്തികസഹായം എന്നിവ ഫലപ്രദമായി ഉപയോഗിച്ച് പ്രിസിഷന്‍ ഫാമിങ്ങ് യൂണിറ്റുകള്‍ ആരംഭിക്കാനാകും. ഇവയുടെ ശൃംഖലവഴി പച്ചക്കറി-പഴം ഉല്പാദനത്തില്‍ സ്വാശ്രയം കൈവരിക്കുന്നതോടൊപ്പം ഗള്‍ഫ് നാടുകളടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് ഗുണനിലവാരമുള്ള പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യാനും കഴിയും.
സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും എം.എസ്.എം.ഇ.കള്‍ക്കും കാര്‍ഷിക സംസ്‌കരണത്തില്‍ മുന്തിയ പരിഗണനയാണ് ആത്മനിര്‍ഭര്‍ ഭാരത പദ്ധതിയുടെ ഭാഗമായി നല്‍കിയിട്ടുള്ളത്. 2 ലക്ഷം സൂക്ഷ്മ ഇടത്തരം ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളെ ഫുഡ്‌സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് നിയമത്തിന്റെ മാനദണ്ഡങ്ങളനുസരിച്ച് ആധുനികവല്‍ക്കരിക്കാനും ഉല്പന്ന ഗുണനിലവാരം ഉറപ്പുവരുത്താനുമായി 10000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതോടൊപ്പം പ്രാദേശിക ബ്രാന്റുകളെ അന്താരാഷ്ട്ര ബ്രാന്റുകളായി ഉയര്‍ത്താനും ശാക്തീകരിക്കാനുമായി ‘വോക്കല്‍ ഫോര്‍ ലോക്കല്‍ (Vocal for Local)’ എന്ന പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ഇവയെല്ലാം ഫലപ്രദമായി ഉപയോഗിച്ചാല്‍ കാര്‍ഷികസംസ്‌കരണ രംഗത്തും വിപണനരംഗത്തും കേരളത്തിന് വലിയ സാദ്ധ്യതകളാണുള്ളത്.
മറ്റ് പ്രധാന വികസനമേഖലകളാണ് ഉള്‍നാടന്‍ മത്സ്യം വളര്‍ത്തല്‍ (അക്വാ കള്‍ച്ചര്‍), മത്സ്യസംസ്‌കരണം, ഡയറി അനുബന്ധവികസനം, ഔഷധസസ്യ കൃഷി വികസനം, കൂണ്‍ കൃഷി, തേനുല്പാദനം തുടങ്ങിയവ. ഇവയ്‌ക്കെല്ലാം ആത്മനിര്‍ഭര്‍ ഭാരതപാക്കേജില്‍ മുന്തിയ പരിഗണന നല്‍കിയതിന്റെ ഭാഗമായി പ്രത്യേക സാമ്പത്തിക സഹായവും ലഭ്യമാണ്. മത്സ്യത്തൊഴിലാളികളുടെ ഉല്പാദക കമ്പനികള്‍ രൂപീകരിച്ച് അവരെ ചൂഷണവിമുക്തരാക്കി സ്വാശ്രയ സമ്പന്നരാക്കാനും ഇതുവഴി കഴിയും. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി മാത്രമാണ് ആവശ്യമായിട്ടുള്ളത്.
ഉച്ചഭക്ഷണ വിതരണം നിലവിലുള്ള സ്‌കൂളുകളെയെല്ലാം അവര്‍ക്കാവശ്യമായ പച്ചക്കറികളും മറ്റ് വിഭവങ്ങളും സ്വയം കൃഷി ചെയ്ത് കഴിയാവുന്നത്ര സ്വാശ്രയത്വം കൈവരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും വേണം. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക മേഖലയില്‍ താല്പര്യം ജനിപ്പിക്കാന്‍ പ്രത്യേകം സഹായകമാകും
ഐ.ടി അധിഷ്ഠിത സേവനങ്ങള്‍
കേരളത്തിന്റെ വികസന കുതിപ്പിന് ഐ.ടി. മേഖലയ്ക്ക് വളരെ സുപ്രധാന പങ്ക് വഹിക്കാനാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ക്ലൗഡ് കംപ്യൂട്ടിങ്ങ് എന്നിവയുടെ അടിസ്ഥാനത്തില്‍ നൂതന സേവനങ്ങളും പ്രോഡക്ടുകളും വികസിപ്പിക്കാന്‍ ആസൂത്രിത പദ്ധതികളുണ്ടായാല്‍ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കും. ഇതിനുള്ള തീവ്രയത്‌ന പരിപാടികളും നയപരവും ഭരണപരവുമായ സഹായവും അത്യാവശ്യമാണ്. സ്‌കൂള്‍ വിദ്യാഭ്യാസം, പൊതു വിദ്യാഭ്യാസം, വിദൂരവിദ്യാഭ്യാസം, മെഡിക്കല്‍-എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നൈപുണ്യ വികസനപരിപാടികള്‍, ക്രിമിനോളജി, ദുരന്തനിവാരണം, ടെലിമെഡിസിന്‍, പൊതുഭരണം, ഭൂമി ഇടപാടുകള്‍, രജിസ്‌ട്രേഷന്‍ തുടങ്ങി എല്ലാ മേഖലകളിലും ഗുണനിലവാരമുള്ള ഐ.ടി. അധിഷ്ഠിത സേവനങ്ങള്‍ക്ക് വലിയ സാദ്ധ്യതകളുണ്ട്. അവയെ വേണ്ടവിധം പ്രയോജനപ്പെടുത്തിയാല്‍ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ക്ക് നല്ല തൊഴില്‍ ലഭിക്കും.
പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണം
അറുപതുകളിലും എഴുപതുകളുടെ തുടക്കത്തിലും ഏതാണ്ട് 18 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന പരമ്പരാഗത വ്യവസായങ്ങള്‍ സംഘടിത തൊഴിലാളികളുടെ എതിര്‍പ്പു മൂലം ആധുനികവല്‍ക്കരണത്തിനും ഉല്‍പ്പന്ന വൈവിദ്ധ്യവല്‍ക്കരണത്തിനും കഴിയാതെ തകര്‍ച്ചയെ നേരിടുകയായിരുന്നു. ഇവയെ യുക്തിസഹമായി ആധുനികവല്‍ക്കരിക്കുകയും ദേശീയ – അന്തര്‍ദേശീയ വിപണികള്‍ക്കാവശ്യമുള്ള രീതിയില്‍ ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സജ്ജമാക്കുകയും ചെയ്താല്‍ ബീഡി ഒഴിച്ചുള്ള മേഖലകളെ വലിയ പരിധിവരെ പുനരുജ്ജീവിപ്പിക്കാനാകും. ഇതുവഴി അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 5 ലക്ഷം പുതിയ തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കാനാകും. ഗള്‍ഫില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് നൈപുണ്യ വികസനം നല്‍കി സ്റ്റാര്‍ട്ട് അപ്പുകള്‍, സൂക്ഷ്മ-ഇടത്തരം വ്യവസായങ്ങള്‍ എന്നിവ സ്ഥാപിക്കാനായാല്‍ മുദ്രാലോണും എം.എസ്.എം.ഇകള്‍ക്കുള്ള സാമ്പത്തിക സഹായവും ലഭ്യമാക്കാനാകും. ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ജിയോ ടെക്‌സ്റ്റെല്‍ മേഖലയുടെ വികസനത്തിനായി 25 സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചത് സമയബന്ധിതമായി ആരംഭിക്കാനായാല്‍ അത് നല്ലൊരു തുടക്കമാകും. അടുത്തകാലത്ത് പ്രധാനമന്ത്രി വളരെ പ്രാധാന്യത്തോടെ സ്വാശ്രയം നേടണമെന്ന് ആവശ്യപ്പെട്ട മേഖലയാണ് കളിക്കോപ്പുനിര്‍മ്മാണം. പരമ്പരാഗതമേഖലയ്ക്ക് പ്രത്യേകിച്ചും കരകൗശലമേഖലയ്ക്കും ഗ്രാമീണ വ്യവസായ മേഖലയ്ക്കും ഇത് വലിയൊരു അവസരമാണ് പ്രദാനം ചെയ്യുന്നത്.
നൂതനവ്യവസായങ്ങള്‍
വന്‍കിട വ്യവസായങ്ങള്‍ക്ക് കേരളത്തിന്റെ ഭൂപ്രകൃതിയും ഉയര്‍ന്ന ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യതയിലുള്ള കുറവും മൂലം വലിയ സാദ്ധ്യതകളില്ല. എന്നാല്‍ ധാരാളം ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. കോയമ്പത്തൂര്‍-കൊച്ചി വ്യാവസായിക ഇടനാഴിയുടെ പൂര്‍ണ്ണപ്രയോജനം ഇതിനുപയോഗിക്കാവുന്നതാണ്. പ്രധാനമായും അഞ്ചു മേഖലകളിലാണ് കൂടുതല്‍ സാദ്ധ്യതകള്‍ നിലനില്‍ക്കുന്നത്. മറ്റ് മേഖലകളും പരിഗണിക്കാവുന്നതാണ്. ഒന്നാമത്തേത് റബ്ബര്‍ അധിഷ്ഠിതവ്യവസായങ്ങളാണ്. ധാരാളം റബ്ബര്‍ ഉല്പാദിപ്പിക്കുകയും റബ്ബര്‍ കര്‍ഷകര്‍ക്ക് ആദായകരമായ വില ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥ മാറണമെങ്കില്‍ റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങളുടെ ശൃംഖല തന്നെ ആവശ്യമാണ്. പ്രധാനമന്ത്രി നിര്‍ദ്ദേശിച്ച കളിക്കോപ്പു നിര്‍മ്മാണത്തിലെ സ്വാശ്രയത്വമെന്ന ലക്ഷ്യം റബ്ബര്‍ മേഖലയ്ക്ക് പുതിയ അവസരങ്ങള്‍ പ്രദാനം ചെയ്യുകയാണ്.
രണ്ടാമത്തെ മേഖല മൈക്രോ ഇലക്‌ട്രോണിക്‌സ് വ്യവസായങ്ങളാണ്. കേരളം ഒരു വര്‍ഷം 15000 കോടിയോളം രൂപ ഈ മേഖലയില്‍ ചിലവഴിക്കുന്നത് വലിയൊരു ശതമാനം സംസ്ഥാനത്തിനകത്തുതന്നെ നിലനിര്‍ത്താന്‍ ഇതുമൂലം കഴിയും. കളിക്കോപ്പുമേഖലയിലും മൈക്രോ ഇലക്‌ട്രോണിസ്‌കിനു വലിയ കുതിച്ചുചാട്ടത്തിനു കഴിയും. മൂന്നാമത്തേത് ധാതുമണലുകളെ അടിസ്ഥാനമാക്കിയ വ്യവസായങ്ങളാണ്. കരിമണല്‍, വെള്ളമണല്‍, കളിണ്ണ് തുടങ്ങിയ തദ്ദേശീയ വിഭവങ്ങള്‍ക്ക് നിരവധി വ്യാവസായിക മേഖലകള്‍ക്കുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ സംഭാവന ചെയ്യാനാകും. കരിമണല്‍ ഇപ്പോള്‍ തമിഴ്‌നാട്ടിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുപോകുകയാണ്. അറ്റോമിക എനര്‍ജി വ്യവസായങ്ങള്‍ക്കുപോലും ആവശ്യമുള്ള വന്‍തോതില്‍ മൂല്യവര്‍ദ്ധനവുള്ള ഉല്പന്നങ്ങള്‍ ഇതില്‍ നിന്ന് ഉല്പാദിപ്പിക്കാനാകും. വെള്ളമണലും വ്യാവസായികമായി മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ക്കുള്ള അസംസ്‌കൃത പദാര്‍ത്ഥമാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വൈവിദ്ധ്യമാര്‍ന്ന കളിമണ്‍ ഉല്പന്നങ്ങളും നിര്‍മ്മിക്കാവുന്നതാണ്.
നാലാമത്തെ മേഖല കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളാണ്. കാര്‍ഷിക ഉല്പന്നങ്ങളെ ആധുനിക ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് അനുസരിച്ച് അന്താരാഷ്ട്ര ഗുണനിലവാരമുള്ള ഉല്പന്നങ്ങളാക്കി മാറ്റിയാല്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കാനാകും. തേങ്ങാപ്പാല്‍, തൂള്‍തേങ്ങ, സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍, ഹെര്‍ബല്‍ എക്‌സ്ട്രാക്ടുകളും ഉല്‍പ്പന്നങ്ങളും, റെഡി ടു കുക്ക് – റെഡി ടു ഈറ്റ് ഉല്പന്നങ്ങള്‍, തേന്‍ തുടങ്ങി നിരവധി ഉല്പന്നങ്ങള്‍ക്ക് കയറ്റുമതി സാദ്ധ്യതകളുണ്ട്. ഈ വ്യവസായ യൂണിറ്റുകളെ നിലവിലുള്ള ഫുഡ് പാര്‍ക്കുകളും രണ്ട് മെഗാ ഫുഡ് പാര്‍ക്കുകളുമായി ബന്ധിപ്പിച്ച് അവയുടെ പുനഃസംഘടനകൂടി പരിഗണിക്കേണ്ടതാണ്. അഞ്ചാമത്തേത് കളിക്കോപ്പ് നിര്‍മ്മാണ വ്യവസായങ്ങളാണ്. അതില്‍ റബ്ബര്‍ ഉല്പന്നങ്ങള്‍, മൈക്രോ ഇലക്‌ട്രോണിക്‌സ് ഉല്പന്നങ്ങള്‍, കരകൗശല ഉല്പന്നങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം വലിയ സാദ്ധ്യതകളാണുള്ളത്.
സോളാര്‍ പവേഡ് സംസ്ഥാനം
കേരളത്തിന്റെ സുസ്ഥിര വികസനം സ്വന്തം വിഭവങ്ങളുടെ പിന്‍ബലത്തില്‍ മാത്രമെ കൈവരിയ്ക്കാനാകുകയുള്ളു. കേരളത്തിന്റെ സുപ്രധാനമായ വിഭവമാണ് വര്‍ഷം മുഴുവന്‍ ലഭിക്കുന്ന ശക്തമായ സൂര്യപ്രകാശം. സോളാര്‍ എനര്‍ജി എങ്ങിനെ കാര്യക്ഷമമായി പ്രയോജനപ്പെടുത്താമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കൊച്ചിയിലെ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ മാതൃക. കേരളത്തിലെ സെക്രട്ടറിയേറ്റ്, കലക്ടറേറ്റുകള്‍, സര്‍വ്വകലാശാലകള്‍, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വന്‍കിട പാര്‍പ്പിട സമുച്ചയങ്ങള്‍, ഹൈസ്‌കൂളുകള്‍, സ്വകാര്യമേഖലയിലെ വലിയ കെട്ടിടങ്ങള്‍ എന്നിവയില്‍ ഘട്ടംഘട്ടമായി സോളാര്‍ പവര്‍ പാനലുകള്‍ ഘടിപ്പിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാനായാല്‍ അഞ്ചുവര്‍ഷംകൊണ്ട് കേരളത്തിന് വൈദ്യുതിയില്‍ സ്വയം പര്യാപ്തത നേടാനും ആറേഴുവര്‍ഷത്തിനകം വൈദ്യുതി മറ്റ് സംസ്ഥാനങ്ങള്‍ക്ക് വില്‍ക്കാനും കഴിയും. കായലുകളിലും ഉള്‍നാടന്‍ ജലാശയങ്ങളിലും ഫ്‌ളോട്ടിങ്ങ് പ്ലാന്റുകളും ഏര്‍പ്പെടുത്താവുന്നതാണ്. അതിനായി ചിലവ് കുറഞ്ഞ സോളാര്‍ പാനലുകള്‍ ഉല്പാദിപ്പിക്കാനുള്ള ഗവേഷണത്തിന് അടിയന്തര പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഈ മേഖലയിലും വന്‍ വ്യവസായ സാദ്ധ്യത അതുവഴി സൃഷ്ടിക്കാന്‍ കഴിയും. പരമാവധി 10 വര്‍ഷം കൊണ്ട് കേരളത്തെ ഒരു സമ്പൂര്‍ണ്ണ സോളാര്‍ പവേഡ് സംസ്ഥാനമാക്കി മാറ്റാന്‍ ഇതുമൂലം കഴിയും.