ഉണ്ണിക്കുട്ടാ… മഴയത്ത് ഇറങ്ങല്ലേ…’ ഇരമ്പിയാര്‍ത്തു പെയ്യുന്ന മഴയ്ക്കും മീതെയായ് അമ്മയുടെ ശബ്ദം ഉണ്ണിക്കുട്ടന്‍ കേട്ടു.
മഴയത്തൊന്നു കളിക്കണമെന്നുണ്ട്. പക്ഷെ അമ്മ കണ്ടാല്‍… അമ്മയ്ക്ക് ദേഷ്യം വരും… തല്ലു കൊള്ളും… പിന്നെ ഉണ്ണിക്കുട്ടനെ തല്ലിയതിനു അമ്മ കരയും… അമ്മ കരയുന്നത് ഉണ്ണിക്കുട്ടന് ഇഷ്ടമല്ല.
ഉണ്ണിക്കുട്ടന്‍ മഴയെ നോക്കി നിന്നു.. ആഗ്രഹത്തെ അടക്കി പിടിച്ചു. എന്നാലും ഈ മഴയെന്തു രസമാണ് കാണാന്‍… ഓട്ടിന്‍ മുകളിലൂടെ മഴ മുറ്റത്തേക്ക് വീഴുമ്പോള്‍ പളുങ്കു മണികള്‍ വീഴുന്നതു പോലെ.. മുറ്റത്തു വീണ വെള്ളത്തുള്ളികള്‍ തുള്ളിച്ചാടി കളിക്കുന്നു.
ഇടയ്‌ക്കൊരു കുഞ്ഞു കാറ്റു വന്നു തൂവാനം തെറിപ്പിച്ചു പോയി. ഇറയത്തും അര തുമ്പിലും ഒക്കെ മഴത്തുള്ളികള്‍… അതില്‍ ചിത്രം വരയ്ക്കാന്‍ ഉണ്ണിക്കുട്ടന് വലിയ ഇഷ്ടമാണ്. കുഞ്ഞുവിരലുകള്‍ കൊണ്ടവന്‍ പലതരം രൂപങ്ങളെഴുതും. പൂക്കളെ… കാക്കയെ… കുറുമ്പി പയ്യിനെ…. വീണ്ടും കുസൃതി കാറ്റൊരു തൂവാനം പാറ്റും… ചിത്രങ്ങളൊക്കെ മാഞ്ഞു പോകും.
ഉണ്ണിക്കുട്ടന്റെ മേലപ്പിടി മഴയുടെ നനവ്… ഇന്ന് അമ്മയുടെ അടി കിട്ടിയതു തന്നെ… ഈ കാറ്റിന്റെ ഒരു കാര്യം… ഉണ്ണിക്കുട്ടന് ദേഷ്യം വരുന്നുണ്ട്.. ട്ടോ…
പെട്ടെന്ന് ഒരു മിന്നല്‍… പിന്നാലെ ഇടിയും… ഉണ്ണിക്കുട്ടന്‍ പേടിച്ചു ചെവി പൊത്തി. ആരോ കോരിയെടുത്തപോലെ.. അമ്മയാണ്.. ഉണ്ണിക്കുട്ടന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.
അമ്മയ്ക്ക് ഇടിയെ പേടിയില്ല. അതു ഉണ്ണിക്കുട്ടന് അറിയാം. പക്ഷെ മിന്നലു വരുമ്പോള്‍ വാതിലും ജനലുമൊക്കെ കൊട്ടിയടക്കും. എന്നാല്‍ മിന്നല്‍ കാണാന്‍ ഉണ്ണിക്കുട്ടന് ഇഷ്ടമാണ്. വാതിലിന്റെ വിടവിലൂടെ ഉണ്ണിക്കുട്ടന്‍ മിന്നല്‍ വരുന്നത് നോക്കിയിരിക്കും. നല്ല വെളിച്ചം… ആരോ ടോര്‍ച്ച് അടിക്കുന്നത് പോലെ…! അതുപോലെ വെളിച്ചമുള്ള ഒരു ടോര്‍ച് ഉണ്ണി മാമനുണ്ട്. ഉണ്ണിക്കുട്ടന്‍ കണ്ടിട്ടുണ്ട്. രാത്രി ചിലപ്പോള്‍ ടോര്‍ച്ചും തെളിച്ചു വീട്ടിലേക്കു വരും മാമന്‍… ഉണ്ണിക്കുട്ടന്‍ ടോര്‍ച്ച് വാങ്ങി മുഖത്ത് അടിച്ചു നോക്കും. വെള്ളിവെളിച്ചം തലമുഴുവന്‍ നിറയുന്നത് കാണാം. ടോര്‍ച്ച് താടിയില്‍ വച്ച് അടിച്ചു കണ്ണാടിയില്‍ നോക്കിയാല്‍ മണ്ടാച്ചിയാകാം… ചുവരുകളില്‍ നിഴല്‍ ചിത്രങ്ങള്‍ വരയ്ക്കാം…
‘ഉണ്ണി മാമനെ ഇപ്പോള്‍ കാണാറേ ഇല്ല… ദൂരെ എവിടേയോ ജോലികിട്ടി പോയിന്നാ അമ്മ പറഞ്ഞെ… ഉണ്ണിമാമനെ പറ്റി പറയുമ്പോള്‍ അമ്മയ്ക്ക് വലിയ ആലോചനയാണ്. അപ്പോള്‍ അമ്മ ഉണ്ണിക്കുട്ടനെ കെട്ടിപ്പിടിക്കും… തലോടും… ഉണ്ണിമാമന്റെ മുറപ്പെണ്ണായിരുന്നുവെത്രെ അമ്മ.. അയലത്തെ മുത്തിയമ്മ പറഞ്ഞതാ…
മുറപ്പെണ്ണ് ന്നു വച്ചാലെന്താ… ‘ഉണ്ണിക്കുട്ടന്‍ മുത്തിയമ്മയോടു ചോദിച്ചു…
‘ഉണ്ണിക്കുട്ടന്‍ വലിയ ആളാകുമ്പോ മനസ്സിലാകും… ‘
അതു പറയുമ്പോള്‍ പല്ലില്ലാത്ത മോണ കാട്ടി മുത്തിയമ്മ പൊട്ടിച്ചിരിച്ചു.
ഉണ്ണിക്കുട്ടന് ഒരു പാടിഷ്ടമാ മുത്തിയമ്മയെ. ഒരു പിടി കഥകള്‍ പറഞ്ഞു തരും പാട്ടു പാടും… മുത്തിയമ്മ എപ്പഴും എന്തെങ്കിലും ചവച്ചുകൊണ്ടിരിക്കും. മടിക്കുത്തിലൊരു ചെറിയ പൊതുക്കയുണ്ട്. അതിലൊരു കൂട്ടം കാര്യങ്ങളും. ഇടയ്ക്കിടെ അതില്‍ നിന്നും എന്തെങ്കിലും എടുത്തു വായിലിടും.. പിന്നെയും ചവക്കും. പിന്നെ മുറ്റത്തിന്റെ മൂലയില്‍ പോയി തുപ്പിക്കളയും… ചോന്ന നിറത്തിലാ മുത്തിയമ്മയുടെ വായ മുഴുവനും… മുറുക്കാന്‍ തിന്നിട്ടാത്രേ… ഒരിക്കല്‍ ഉണ്ണിക്കുട്ടന്‍ ചോദിച്ചു മുറുക്കാന്‍… വലുതായിട്ടു തരാംന്നു പറഞ്ഞു മുത്തിയമ്മ.
വലുതാവുമ്പോ ഉണ്ണിക്കുട്ടന് വിമാനം പറത്തണം… റോഡിലൂടെ ബസ് ഓടിക്കുന്ന ആളാകണം… അപ്പൊ ഇതിനൊക്കെ നേരുണ്ടാവോ…
ഉണ്ണിക്കുട്ടന്‍ മെല്ലെ കണ്ണു തുറന്നു നോക്കി. അമ്മ അടുത്തില്ല. മഴ തീര്‍ന്നിട്ടുണ്ടാകുമോ… ചാരിയ വാതില്‍ തുറന്നു ഇറയത്തേക്കിറങ്ങി. ഇപ്പൊ ഓടിന്റ മോളിന്നു വെള്ളം വീഴുന്നില്ല… മുറ്റത്തൊക്കെ വെള്ളം ഉണ്ടത്രേ… അപ്പോഴാണ് തോണിയുടെ കാര്യം ഓര്‍മ്മ വന്നത്. അപ്പുറത്തെ വീട്ടിലെ കുട്ടി കൊണ്ടുവന്നതാ… വര്‍ണക്കടലാസു കൊണ്ടൊരു തോണി. ആ കുട്ടീടെ അച്ഛന്‍ ഉണ്ടാക്കി കൊടുത്തതാണ്… ഉണ്ണിക്കുട്ടന് അച്ഛനെ കണ്ട ഓര്‍മ്മയില്ല. അച്ഛനെ പറ്റി അമ്മയോട് ചോദിച്ചാല്‍ അമ്മ കരയും… അപ്പോള്‍ ഉണ്ണിക്കുട്ടനും സങ്കടം വരും..
അച്ഛനങ്ങ് ആകാശത്തു പോയതാത്രേ.. മുത്തിയമ്മ പറഞ്ഞതാ. മുത്തിയമ്മയ്ക്ക് എല്ലാം അറിയാം. ആകാശത്തെ നക്ഷത്രങ്ങളെ പറ്റി.. കിളികളെ കുറിച്ച്… പൂമ്പാറ്റകളെ പറ്റി… ആലയില്‍ പുതിയ പശുക്കുട്ടി വന്നത്… ഒക്കെ…
മുത്തിയമ്മയ്ക്ക് രാത്രിയില്‍ ഉറക്കമില്ലെന്നാ തോന്നണേ… വൈകീട്ടു ഉണ്ണിക്കുട്ടനും അമ്മയും പശുമ്പയ്ക്ക് പുല്ലും വെള്ളവും കൊടുത്തു വന്നതാ. പിറ്റേന്ന് രാവിലെ ഉണ്ണിക്കുട്ടന്‍ നോക്കുമ്പോള്‍ അലയിലുണ്ട് ഒരു കുഞ്ഞി പശു… ഉണ്ണിക്കുട്ടനെ കണ്ടപ്പോള്‍ മുത്തിയമ്മ പറഞ്ഞു.. ഉണ്ണികുട്ടാ.. ദാ… പുതിയ പുള്ളി പശു… ഇന്നലെ രാത്രി വന്നതാ…
ഉണ്ണിക്കുട്ടനൊന്നും മനസ്സിലായില്ല. രാത്രിന്നു പറഞ്ഞാല്‍ ഇരുട്ടല്ലേ. കുഞ്ഞി പശു എങ്ങിനെ ഇരുട്ടത്തു വന്നു… ചിലപ്പോള്‍ മുത്തിയമ്മ ഉറങ്ങാതെ കാത്തിരുന്നിട്ടുണ്ടാവും വഴി കാട്ടി കൊടുക്കാന്‍. അല്ലേല്‍ മിന്നാ മിനുങ്ങുകളായിരിക്കും വെളിച്ചം കാട്ടിയത്. മുറ്റത്തെ മുല്ലപ്പൂ ചെടിയിലെത്രയാ മിന്നാമിന്നികള്‍… ! രാത്രിയില്‍ മിന്നി തിളങ്ങി പറക്കും… എന്തു രസാ കാണാന്‍… !
അമ്മ ജോലി കഴിഞ്ഞു വരാന്‍ വൈകുന്ന ദിവസം. മുത്തിയമ്മയുടെ മടിയില്‍ കിടന്ന് ഉണ്ണിക്കുട്ടന്‍ മുല്ലവള്ളിയിലെ മിന്നാമിന്നികളെ കാണും. മുത്തിയമ്മ നല്ല പാട്ടുകള്‍ പാടും. അതില്‍ ലയിച്ചു അങ്ങനെ ഇരിക്കുമ്പോള്‍ ഉണ്ണിക്കുട്ടനും ഒരു മിന്നാമിനുങ്ങാകും… മുല്ലവള്ളിയില്‍ ഇരുന്നു മിന്നി തിളങ്ങി… മെല്ലെ പറന്ന് ഓടിനു മുകളിലൂടെ… ചാത്തന്‍ പരുന്ത് കൂടുകെട്ടിയ മാവും കടന്ന് മേലെ മേലേക്ക് പോകും… ആകാശത്തു അമ്പിളിയമ്മാവനോട് കുശലം പറഞ്ഞ്… നക്ഷത്രങ്ങളെ കണ്ട്… അതിലൊരു തിളങ്ങുന്ന നക്ഷത്രം… ഉണ്ണിക്കുട്ടന്‍ ദൂരെ അച്ഛനെ കാണും… പക്ഷെ എത്ര പറന്നാലും ഉണ്ണിക്കുട്ടന്‍ അച്ഛനടുത്തെത്തില്ല… ഉണ്ണിക്കുട്ടന്‍ അടുത്തേക്ക് പോകുന്തോറും അച്ഛന്‍ ദൂരേയ്ക്ക് മാറിക്കളയും… അപ്പോള്‍ ഉണ്ണിക്കുട്ടന് ക്ഷീണം വരും… കുഞ്ഞു ചിറകുകള്‍ വേദനിക്കും… തളര്‍ന്നു താഴേക്കു വീഴാന്‍ തുടങ്ങും…. ഉണ്ണിക്കുട്ടന്‍ ഉറക്കെ കരയും… അപ്പോള്‍ ദൂരെയെവിടെ നിന്നോ അമ്മയുടെ താരാട്ടു പാട്ടു കേള്‍ക്കാം… തലോടുന്നതറിയാം….
ഉണ്ണിക്കുട്ടാ… അമ്മ വിളിക്കുന്നത് ഉണ്ണിക്കുട്ടന്‍ കേട്ടു. കിണറ്റിന്‍ കരയില്‍ നിന്നാണ്… കുളിപ്പിക്കാന്‍ ആയിരിക്കും… മുത്തിയമ്മ അമ്മയോടെന്തോ പറയുന്നുണ്ട്. അമ്മ അതുകേട്ടു ചിരിക്കുന്നുണ്ട്. ഉണ്ണിക്കുട്ടന് സന്തോഷമായി. അമ്മ ചിരിച്ചുകാണാറേയില്ല… ചിരിക്കുമ്പോള്‍ അമ്മയെ കാണാന്‍ എന്താ ചന്തം… ! പടിഞ്ഞാറ്റയില്‍ വിളക്കിന് മുന്നിലെ ഉണ്ണിക്കണ്ണന്റെ അമ്മയെ പോലെ…
കുളികഴിഞ്ഞപ്പോഴേക്കും മുത്തിയമ്മ വിളക്ക് കത്തിച്ചിരുന്നു. കുഞ്ഞു കൈകള്‍ കൂപ്പി ഉണ്ണിക്കുട്ടന്‍ തമ്പാച്ചിയെ നോക്കി നിന്നു. ഉണ്ണിക്കുട്ടനെ മടിയിലിരുത്തി മുത്തിയമ്മ ഉണ്ണിക്കണ്ണന്റെ പാട്ടുകള്‍ പാടാന്‍ തുടങ്ങി. പീലിക്കിരീടം വച്ച ഓടക്കുഴല്‍ ഊതുന്ന കണ്ണന്‍… വെണ്ണ കട്ടു തിന്നുന്ന കള്ള കണ്ണന്‍… പൂതനയുടെ അമ്മിഞ്ഞ കുടിക്കുന്ന ഉണ്ണി കണ്ണന്‍… !
നിലവിളക്കിലെ സ്വര്‍ണ്ണ വെളിച്ചത്തില്‍ ഉണ്ണിക്കുട്ടന്‍ കണ്ണനെ കണ്ടു… ഒപ്പം കളിച്ചു… പാല്‍ച്ചോറുണ്ട്.. വെണ്ണ തിന്ന്… പിന്നെയെപ്പഴോ ആകാശത്തു നിന്നും പുഞ്ചിരിക്കുന്ന അച്ഛനെ കണ്ടു…
ഉണ്ണിക്കുട്ടന്‍ ഞെട്ടിയുണര്‍ന്നു… അമ്മയടുത്തുണ്ടായിരുന്നില്ല.. കുറച്ചു നേരം അങ്ങിനെ കിടന്നു… നല്ല തണുപ്പ്… അമ്മയുടെ ഒച്ച കേള്‍ക്കുന്നില്ലല്ലോ… മെല്ലെ പുറത്തേക്കിറങ്ങി… ഇന്നലത്തെ മഴയുടെ നനവ് പറമ്പിലെങ്ങും… പൂവാലി പയ്യ് അവനെ കണ്ടപ്പോള്‍ ഒന്നു കരഞ്ഞു… മുറ്റത്തെ മുല്ലയില്‍ നിറയെ പൂക്കള്‍… ഉണ്ണിക്കുട്ടന്‍ മെല്ലെ മുറ്റത്തേക്കിറങ്ങി.
ഒരു കാറു വന്ന് റോഡില്‍ നിര്‍ത്തി. ഉണ്ണിക്കുട്ടന്‍ എത്തി നോക്കി.
അമ്മ… പുതിയ സാരിയുടുത്തു… കഴുത്തിലൊരു പൂമാലയിട്ട്… അമ്മയിത്ര രാവിലെ എവിടെ പോയതാ… ഉണ്ണിക്കുട്ടനെ കൂട്ടാതെ… അവന് അമ്മയോട് ദേഷ്യം തോന്നി..
പിന്നാലെ കാറില്‍ നിന്നും ഇറങ്ങുന്ന ഉണ്ണി മാമന്‍… ഉണ്ണിക്കുട്ടന്റെ കണ്ണുകള്‍ വിടര്‍ന്നു. ഉണ്ണിമാമനും പുതിയ കുപ്പായം ഇട്ടിരിക്കുന്നെ… നെറ്റിയിലൊരു കുറി വരച്ചു… അമ്മയുടെതു പോലൊരു മാല ഉണ്ണിമാമന്റെ കൈയിലും…
‘ഇത്ര വേഗം ഇങ്ങെത്തിയോ…!’ മുത്തിയമ്മയുടെ ശബ്ദം.. ഉണ്ണിക്കുട്ടന്‍ തിരിഞ്ഞു നോക്കി. പടിഞ്ഞാറ്റയില്‍ നിന്നും നിലവിളക്കും കത്തിച്ചിറങ്ങി വരുന്ന മുത്തിയമ്മ… ഉണ്ണിക്കുട്ടനൊന്നും മനസ്സിലായില്ല.
പക്ഷെ അമ്മയുടെ മുഖത്തു സന്തോഷമുണ്ട്… ഒരു തിളക്കം… പടിഞ്ഞാറ്റയിലെ ഉണ്ണിക്കണ്ണന്റെ അമ്മയെ പോലെ….
ഉണ്ണിക്കുട്ടന്‍ ആകാശത്തേക്ക് നോക്കി… ദൂരെ പൊട്ടു പോലെ തിളങ്ങുന്ന ഒരു നക്ഷത്രം…. അച്ഛനും പുഞ്ചിരിക്കുകയാണല്ലോ..
അപ്പോള്‍ മുറ്റത്തെ മുല്ലയില്‍ നിന്നും ഒരു മിന്നാമിന്നി ആ നക്ഷത്രത്തിനടുത്തേക്കു പറന്നുയരുന്നത് ഉണ്ണിക്കുട്ടന്‍ നോക്കിനിന്നു.