അര്‍ത്ഥം മനസ്സിലാക്കാതെയോ അല്ലെങ്കില്‍ ബോധപൂര്‍വ്വം അര്‍ത്ഥം മാറ്റിയോ പലരും ഉപയോഗിക്കുന്ന പദച്ചേരുവയാണ് സത്യാനന്തരകാലം. സത്യത്തില്‍നിന്നകന്നുപോയ കാലം എന്ന് വിശാലമായ അര്‍ത്ഥത്തില്‍ സത്യാനന്തരകാലത്തെ വിശേഷിപ്പിക്കാറുണ്ട്. അസത്യം പ്രചരിപ്പിച്ചുകൊണ്ട് അധികാരത്തിലേറുന്ന പ്രവണതയെ കുറിക്കാനാണ് രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ ഈ സംപ്രത്യയം ഉപയോഗിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് സത്യാനന്തരകാലം കൂടുതല്‍ പ്രയോഗിക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച 2016 ആഗസ്ത് മാസം മുതല്‍ വോട്ടെടുപ്പിന്റെ തലേന്ന് വരെ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നടത്തിയ സംവാദങ്ങള്‍ പിന്നീട് വസ്തുതാപരമായി പരിശോധിക്കപ്പെട്ടപ്പോള്‍ 217 അസത്യങ്ങളാണ് അവയില്‍ കണ്ടെത്തിയത്. അതില്‍ 79 ശതമാനം അസത്യങ്ങള്‍ ഡൊണാള്‍ഡ് ട്രംപും 21 ശതമാനം ഹിലാരി ക്ലിന്റനുമാണ് പ്രചരിപ്പിച്ചത്. യൂണിവിഷന്‍ ഡിജിറ്റല്‍ ന്യൂസിന്റെ മാനേജിങ് എഡിറ്ററായ ബോര്‍ജ എച്ചവേറിയ (Borja Echeverria) ഒരാഴ്ചയ്ക്കകം രണ്ട് സ്ഥാനാര്‍ത്ഥികളും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രചരിപ്പിച്ച കള്ളങ്ങള്‍ കൃത്യമായി പുറത്തുവിട്ടു. അതിനുശേഷം ഇത് മറ്റ് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും അധികാരത്തിലേറാന്‍ വേണ്ടി ബോധപൂര്‍വ്വം നടത്തിയ ഈ നുണപ്രചരണത്തെക്കുറിക്കാന്‍ പോസ്റ്റ് ട്രൂത്ത് എന്ന സംപ്രത്യയം അവര്‍ ഉപയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ പദച്ചേരുവയ്ക്ക് വലിയ പ്രചാരമുണ്ടായി. അതുകൊണ്ടുതന്നെ ആ വര്‍ഷത്തെ ഓക്‌സ്‌വേര്‍ഡ് ഡിക്ഷ്ണറിയുടെ ‘ഇന്റര്‍ നാഷണല്‍ വേര്‍ഡ് ഓഫ് ദ ഇയര്‍’ പുരസ്‌കാരം സത്യാനനന്തരകാലം എന്ന പദത്തിനായിരുന്നു. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി ഈ പുതിയ പദത്തെ നിര്‍വ്വചിക്കുന്നതിങ്ങനെയാണ്- വസ്തുതാപരമായ വിവരങ്ങളേക്കാള്‍ വികാരങ്ങളും വ്യക്തിവിശ്വാസങ്ങളും പൊതുജനാഭിപ്രായത്തെ നിര്‍ണ്ണയിക്കുന്ന സാഹചര്യവുമായി ബന്ധപ്പെട്ടതോ അല്ലെങ്കില്‍ അതിനെക്കുറിക്കാനുപയോഗിക്കുന്നതോ ആയത്. (Relating to or denoting circumstances in which objective facts are less influential in shaping public opinion than appeals to emotion and personal belief)
ഭാരതത്തില്‍ സത്യാനന്തരകാലം പതിറ്റാണ്ടുകളായി ആരംഭിച്ചിരുന്നുവെന്ന് ഗുജറാത്തിലെ ആര്‍.കെ. സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സലറായ രഞ്ചിത്ത് ഗോസ്വാമി പറയുന്നു. സത്യാനന്തര കാലത്തിന്റെ താവളം എന്നാണ് അദ്ദേഹം ഭാരതത്തെ വിളിക്കുന്നത്. വ്യാജമായ കണക്കുകള്‍ അവതരിപ്പിച്ച് ഭാരതത്തിലെ ദാരിദ്ര്യത്തിന്റെ വസ്തുനിഷ്ഠമായ വിവരം ജനങ്ങളില്‍നിന്ന് മറച്ചുവെക്കാന്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇവിടുത്തെ എല്ലാ സര്‍ക്കാറുകളും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സത്യാനന്തരകാലത്തിന്റെ പ്രധാന സൂചകമായി അദ്ദേഹം കാണുന്നത് 2014ലെ നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് വിജയമാണ്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് ചെയ്തതുപോലെ ദേശീയതയെ മുന്‍നിര്‍ത്തി മോദിയും പ്രചരണം നടത്തി. രണ്ടുപേരും വിജയിച്ചു. കൂടാതെ മോദി ന്യൂനപക്ഷങ്ങളെ ഉപദ്രവിച്ചു എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 2017 ജനുവരി ഏഴിന് പുറത്തിറങ്ങിയ ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ തലക്കെട്ട് സത്യാനന്തര ഭാരതം എന്നായിരുന്നു. നരേന്ദ്ര മോദിയുടെ പ്രസംഗം ജനങ്ങളുടെ യുക്തിക്കതീതമായ വികാരങ്ങളെ ആകര്‍ഷിക്കുന്നു (demagoguery) എന്ന കാരണംകൊണ്ട് ഇന്ത്യ സത്യാനന്തരകാലത്തേക്ക് പോയി എന്നാണ് ആ എഡിറ്റോറിയല്‍ സ്ഥാപിക്കുന്നത്.
അതേസമയം മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ എം.കെ. ഭദ്രകുമാര്‍ ഇന്ത്യയിലെ സത്യാനന്തര രാഷ്ട്രീയത്തിന്റെ തുടക്കം കാണുന്നത് 2019 ലാണ്. ആ വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പു റാലിയില്‍ രണ്ടാംതവണയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന നരേന്ദ്രമോദി മഹാരാഷ്ട്രയിലെ ലാട്ടൂരില്‍ നടത്തിയ പ്രസംഗമാണ് ഭദ്രകുമാര്‍ ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്. മോദി ആ പ്രസംഗത്തില്‍ പറഞ്ഞ ഒരു കാര്യം ഇതാണ്- ““I want to ask the first-time voter, can your vote be dedicated to those soldiers who conducted the air strike on Balakot in Pakistan? Can your first vote be dedicated to those soldiers who were killed in Pulwama attack? പ്രസംഗത്തിലെ ഈ ഭാഗം ചൂണ്ടിക്കാട്ടിയാണ് ഭദ്രകുമാര്‍ സത്യാനന്തരകാലത്തിന്റെ തെളിവ് പുറത്തുവിടുന്നത്. അതായത് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ഒരു തന്ത്രമായി അതിര്‍ത്തിപ്രശ്‌നത്തെ മോദി അവതരിപ്പിച്ചു. ജനങ്ങളുടെ ദേശീയവികാരത്തെ അദ്ദേഹം ചൂഷണം ചെയ്തു. സാധാരണക്കാരെ ബാധിക്കുന്ന വസ്തുതാപരമായ പ്രശ്‌നങ്ങളെ ജനങ്ങളില്‍നിന്ന് മറച്ചുവെക്കാനും പകരം ദേശീയവികാരം ആളിക്കത്തിക്കാനും മോദി ശ്രമിച്ചു. സത്യാനന്തരകാലത്താണ് നമ്മള്‍ ജീവിക്കുന്നത് എന്നതിന്റെ തെളിവായാണ് ഭദ്രകുമാര്‍ ഇതിനെ കാണുന്നത്.
നരേന്ദ്രമോദിയുടെ വരവോടെയാണ് ഭാരതത്തില്‍ സത്യാനന്തരകാലം ആരംഭിക്കുന്നത് എന്നാണ് ഇതില്‍നിന്നെല്ലാം മനസ്സിലാവുന്നത്. അതായത് നരേന്ദ്രമോദി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഭാരതത്തിലെ ജനങ്ങളെ വഞ്ചിച്ചു എന്നര്‍ത്ഥം. ഇതില്‍ എത്രമാത്രം സത്യമുണ്ട് എന്ന് പരിശോധിക്കേണ്ടതുണ്ട്.
രാഷ്ട്രീയ എതിരാളികള്‍ നരേന്ദ്രമോദിയെയോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തെയോ വിമര്‍ശിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ രാഷ്ട്രീയവുമായി നേരിട്ട് ബന്ധമില്ലാത്തവര്‍ നരേന്ദ്രമോദിയെ ഇങ്ങനെ വിലയിരുത്തണമെങ്കില്‍ അതില്‍ വസ്തുതാപരമായ കാര്യങ്ങളുണ്ടായിരിക്കേണ്ടതാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അവരുടെ ആരോപണങ്ങളെല്ലാം സത്യാനന്തരവാര്‍ത്തകള്‍പോലെ അടിസ്ഥാനരഹിതമാണെന്ന് വസ്തുനിഷ്ഠമായി പരിശോധിക്കുമ്പോള്‍ വ്യക്തമാവും. സത്യാനന്തരം എന്ന സംപ്രത്യയത്തെ തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട് എന്നാണ് ഇതില്‍നിന്നും മനസ്സിലാക്കാന്‍ സാധിക്കുക. അതായത് സാമൂഹ്യ രംഗങ്ങളില്‍ തങ്ങളുടെ എതിരാളികളെ വിലകുറച്ചുകാട്ടാന്‍വേണ്ടി പലരും ഈ പ്രയോഗം തെറ്റായി ഉപയോഗപ്പെടുത്തി. തങ്ങള്‍ ഉപയോഗിക്കുന്ന സംപ്രത്യയത്തിന്റെ ശരിയായ അര്‍ത്ഥമറിഞ്ഞുകൂടാത്തതുകൊണ്ടോ അതല്ലെങ്കില്‍ ബോധപൂര്‍വ്വമോ അവര്‍ സത്യാനന്തരമെന്ന പദം തലങ്ങും വിലങ്ങും ഉപയോഗിച്ചു.
നരേന്ദ്രമോദിയെ സത്യാനന്തരകാലത്തിന്റെ വക്താവായി അവരോധിക്കുന്നവര്‍ പക്ഷേ അതിനായി വസ്തുനിഷ്ഠമായ തെളിവുകളൊന്നും നിരത്തുന്നില്ല. അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വന്നതുപോലെയാണ് മോദി ഇന്ത്യയില്‍ അധികാരത്തില്‍ വന്നത് എന്നതുമാത്രമാണ് അവര്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങളെ ഉപയോഗിച്ച് എതിരാളികളായ ട്രമ്പും ഹിലാരിയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ട്രംപ് അത് സമര്‍ത്ഥമായി ചെയ്തതുകൊണ്ട് അദ്ദേഹം വിജയിച്ചു എന്നു മാത്രം. എന്നാല്‍ ഇതുപോലെ അധികാരത്തിലെത്താന്‍ വേണ്ടി മോദി എന്തെങ്കിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിട്ടുണ്ട് എന്ന് അവര്‍ക്ക് തെളിവു നല്‍കാനായിട്ടില്ല. അതിനു പകരം മോദി തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ വാഗ്ദാനം ചെയ്ത കാര്യങ്ങളെക്കുറിച്ചാണ് അവര്‍ പറയുന്നത്. അത് സത്യാനന്തര യുക്തികളില്‍ പെടില്ല എന്ന് മറ്റാരെക്കാളും അവര്‍ക്ക് നനന്നായറിയാം. കാരണം തിരെഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ വാഗ്ദാനം നല്‍കുന്ന ഏര്‍പ്പാട് നരേന്ദ്രമോദി ആദ്യമായി കൊണ്ടുവന്നതല്ലല്ലോ. അധികാരത്തിലേറിയാല്‍ ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ പതിനഞ്ച് ലക്ഷം വീതം നല്‍കുമെന്ന് മോദി വാഗ്ദാനം ചെയ്തു എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ പതിനഞ്ച് ലക്ഷം വീതം നല്‍കാനുള്ള പണം വദേശബാങ്കുകളിലെ കള്ളപ്പണം തിരികെ കൊണ്ടുവന്നാലുണ്ടാവുമെന്നാണ് സത്യത്തില്‍ മോദി പറഞ്ഞത്. താന്‍ അധികാരത്തിലെത്തിയാല്‍ കള്ളപ്പണം തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ രണ്ട് കാര്യങ്ങളെയും ചേര്‍ത്താണ് പ്രതിപക്ഷം ആരോപണവുമായി വന്നത്. ഇതില്‍ അര്‍ദ്ധസത്യം മാത്രമേയുള്ളു എന്ന് ആരോപണമുന്നയിക്കുന്നവര്‍ക്ക് നന്നായറിയാം. അവര്‍ ഗീബല്‍സിയന്‍ തന്ത്രമുപയോഗിച്ചുകൊണ്ട് ഈ അര്‍ദ്ധസത്യം പറഞ്ഞുകൊണ്ടേയിരുന്നു. സത്യാനന്തരകാലത്തിന്റെ യുക്തികള്‍ ഇവിടെ പ്രതിപക്ഷമാണ് ആവേശത്തോടെ ഉപയോഗിച്ചത് എന്നര്‍ത്ഥം. വാഗ്ദാനങ്ങളുടെ കാര്യംതന്നെയെടുത്താല്‍ മോദിയാണ് അവയോട് കൂടുതല്‍ കൂറ് പുലര്‍ത്തിയിട്ടുള്ളത് എന്ന് വ്യക്തമാവും. കാശ്മീര്‍, അയോദ്ധ്യ, മുത്തലാക്ക്, ഏകീകൃതസിവില്‍കോഡ്് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് മോദിയുടെ പാര്‍ട്ടി പ്രചരണം നടത്തിയത്. അതില്‍ പലതും മോദി നടപ്പിലാക്കുകയും ചെയ്തു.
ട്രമ്പും മോദിയും ദേശീയതയെ നന്നായി ഉപയോഗപ്പെടുത്തി എന്നതാണ് മറ്റൊരു വാദം. ഇതും സത്യാനന്തരകാലത്തിന്റെ പ്രത്യേകതയല്ല. ഇന്ത്യയില്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ദേശീയത പ്രധാന വിഷയമായിട്ടുണ്ട്. വസ്തുതകളേക്കാള്‍ വികാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് മോദി അധികാരത്തില്‍ വന്നതെങ്കില്‍ അവിടെ സത്യാനന്തരയുക്തികള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ യു.പി.എ. ഭരണത്തിന്റെ വീഴ്ചകളെ കേന്ദ്രീകരിച്ചാണ്് മോദി 2014 ല്‍ പ്രചരണം നടത്തിയത്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ മോദിക്കുശേഷമാണ് ഇന്ത്യയില്‍ സത്യാനന്തരകാലം വന്നതെന്ന് പ്രചരിപ്പിക്കുന്നവര്‍ വാസ്തവത്തില്‍ സത്യാനന്തരയുക്തികളാണ് ഉപയോഗപ്പെടുത്തുന്നത് എന്ന് സാരം.
ഇനി ഭദ്രകുമാറിന്റെ ആരോപണങ്ങളെ പരിശോധിക്കാം. മോദി അതിര്‍ത്തിപ്രശ്‌നത്തെ പ്രചരണായുധമാക്കി എന്ന തന്റെ വാദങ്ങളെ സമര്‍ത്ഥിക്കാന്‍ അദ്ദേഹം കൂട്ടുപിടിക്കുന്നത് മമതാബാനര്‍ജിയുടെ ആരോപണങ്ങളെയാണ്. പുല്‍വാമ ആക്രമണവും ബാലാക്കോട്ട് പ്രത്യാക്രമണവും മോദിയുടെ സൃഷ്ടിയാണെന്ന രാഷ്ട്രീയാരോപണം കോണ്‍ഗ്രസ്സ് ഉള്‍പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒളിഞ്ഞും തെളിഞ്ഞും തിരഞ്ഞെടുപ്പ് പ്രചരണത്തിനു മുന്നേതന്നെ ഉന്നയിച്ചിട്ടുണ്ട്. മോദിയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുവായ മമത ബാനര്‍ജി അക്കാര്യം മറയില്ലാതെ പറഞ്ഞു. ഇതിന് മറുപടിയെന്ന നിലയിലാണ് മോദി അതിര്‍ത്തിപ്രശ്‌നത്തെ തിരഞ്ഞെടുപ്പ് വേളയില്‍ വിശദീകരിച്ചത്. അതിര്‍ത്തി പ്രശ്‌നങ്ങള്‍ രാഷ്ട്രീയായുധമാക്കുമ്പോഴും അത് മോദിയുടെ സൃഷ്ടിയാണെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ പോലും വിശ്വസിക്കുന്നില്ല. അങ്ങനെ വരുമ്പോള്‍ ആദ്യമായി വ്യാജപ്രചരണം നടത്തിയത് മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രതിപക്ഷമാണ്. ഇത് മറച്ചുവെച്ചുകൊണ്ടാണ് ഭദ്രകുമാര്‍ സത്യാനന്തരകാലത്തിന്റെ യുക്തികള്‍ നരേന്ദ്രമോദിയുടെ പ്രസംഗത്തില്‍ ചാര്‍ത്തിക്കൊടുക്കുന്നത്. പുല്‍വാമ ആക്രമണം തങ്ങള്‍ നടത്തിയതാണെന്ന് ഈയിടെ പാകിസ്ഥാന്‍തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ വികാരത്തെ ആകര്‍ഷിക്കാന് ഒരു നേതാവിന് കഴിയുന്നുണ്ട് എന്നതിനാല്‍ ആ നേതാവ് എങ്ങനെയാണ് വ്യാജനാവുന്നത് എന്ന ചോദ്യം ഇവിടെ ഉയരും. നരേന്ദ്രമോദിക്കു മുമ്പും ജനകീയ നേതാക്കള്‍ക്ക് ഇത് സാധിച്ചിട്ടുണ്ടല്ലോ. അപ്പോള്‍ നരേന്ദ്രമോദിയെ എതിര്‍ക്കാനുള്ള ധൈഷണികമായ പദപ്രയോഗം എന്ന നിലയിലാണ് പൊതുവേ ചില ഇന്ത്യന്‍ മാധ്യമങ്ങളും ചിന്തകരും സത്യാനന്തരം എന്ന സംപ്രത്യയത്തെ ഉപയോഗിച്ചത് എന്ന് വ്യക്തം.
അതേസമയം ഒരു സമൂഹമെന്ന നിലയില്‍ ഇന്ത്യ സത്യാനന്തരകാലത്തെത്തിക്കഴിഞ്ഞു എന്ന് പല ചിന്തകരും വിലയിരുത്തിയിട്ടുണ്ട്. മാധ്യമങ്ങളാണ് സത്യാനന്തരകാലത്തേക്കുള്ള വഴി തുറന്നത്. നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ നമ്മെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്റ് സൊസൈറ്റിയുടെ പോളിസി ഡയറക്ടറായ സ്വരാജ് പോള്‍ ബരോഹയുടെ അഭിപ്രായത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് കുറേ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെങ്കിലും അതിനേക്കാള്‍ കൂടുതല്‍ ദോഷകരമായ കാര്യങ്ങളാണ് അവ ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ പ്രളയം വന്നപ്പോള്‍ സാമൂഹികമാധ്യമങ്ങള്‍ വഹിച്ച ഗുണകരമായ പങ്കിനെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. അതേസമയം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും നവമാധ്യമങ്ങളാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. വാട്‌സ് ആപ്പ് വഴി പ്രചരിച്ച തെറ്റായ ഒരു വിവരത്തെ പിന്തുടര്‍ന്ന് നടന്ന കലാപവും അത് നിയന്ത്രിക്കാനായി കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നിലപാടുകളും ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നത്, സാമൂഹിക മാധ്യമങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കണം എന്നുതന്നെയാണ്. വാട്‌സ് ആപ്പിലൂടെ ഷെയര്‍ ചെയ്യാനുള്ള പരിധി കുറച്ചതോടുകൂടി കുറേ മാറ്റം വന്നെന്ന് അദ്ദേഹം പറയുന്നുണ്ട്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങളെപ്പോലെതന്നെ ദൃശ്യമാധ്യമങ്ങളും മത്സരിക്കുന്നുണ്ടെന്ന് നമുക്കറിയാം. 2019 ല്‍ നടന്ന ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ചില ചാനലുകള്‍ വ്യാജവാര്‍ത്തകള്‍കൂടി പ്രചരിപ്പിച്ചിരുന്നു. അതിന്റെ പേരില്‍ രണ്ട് മലയാളം ചാനലുകളെ കേന്ദസര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് നിരോധിച്ചതാണ്.
യുവാല്‍ നോവ ഹരാരി പറയുന്നതുപോലെ സത്യാനന്തരകാലം പുതിയ കാലത്ത് തുടങ്ങിയതൊന്നുമല്ല. അതിന്റെ തീവ്രമായ ചില തെളിവുകള്‍ പുതിയകാലത്ത് കണ്ടെത്തി എന്നുമാത്രം. ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യാനന്തരംതന്നെ സത്യാനന്തരകാലം തുടങ്ങിയിട്ടുണ്ട്. ദേശീയസമരത്തില്‍ പങ്കെടുത്ത നേതാക്കന്‍മ്മാര്‍ പലരും അധികാരരാഷ്ട്രീയത്തില്‍നിന്നും അകറ്റിനിര്‍ത്തപ്പെട്ടപ്പെട്ടതുമുതല്‍ അത് ആരംഭിക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അനന്തരതലമുറ മഹാത്മാഗാന്ധിയുടെ പേരുപയോഗിച്ച് സൃഷ്ടിച്ചെടുത്ത വ്യാജപരിവേഷം സത്യാനന്തരയുക്തികൊണ്ട് മാത്രമേ വിലയിരുത്താനാവൂ. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്ന കാലഘട്ടത്തില്‍ സ്വാതന്ത്ര്യം നേടിയ പല രാഷ്ട്രങ്ങളും ഏകാധിപത്യത്തിന്റെയോ കുടുംബാധിപത്യത്തിന്റെയോ മതാധിപത്യത്തിന്റെയോ പിടിയിലായിരുന്നു. എന്നാല്‍ അവയില്‍നിന്നും വ്യത്യസ്തമായി ഭാരതം ജനാധിപത്യത്തിന്റ വഴിക്കു വന്നു. ഇക്കാര്യം നമ്മള്‍ പലപ്പോഴും പറഞ്ഞ് അഭിമാനിക്കാറുണ്ട്. എന്നാല്‍ പുറമെ ജനാധിപത്യം കാണിച്ച് ഭാരതത്തില്‍ അധികാരം കൈയ്യാളിയത് മിക്കവാറും ഒരു കുടുംബമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിയില്‍ കുടുംബാധിപത്യം മാത്രമേ ഉണ്ടായിരുന്നുള്ളു. അതില്‍ എന്തെങ്കിലും പരിമിതികളുണ്ടെന്ന് കോണ്‍ഗ്രസ്സുകാരാരും കരുതുന്നുമില്ല. നെഹ്‌റുകുടുംബത്തിന് പുറത്തുനിന്നും ചിലര്‍ നേതൃസ്ഥാനത്ത് വന്നപ്പോഴൊക്കെ കോണ്‍ഗ്രസ്സില്‍ കലാപമുണ്ടായിട്ടുമുണ്ട്. ഇപ്പോഴും അത് തുടരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം പതിന്‍മടങ്ങ് കൂടിയിട്ടേയുള്ളൂ. അധികാരത്തിലിരുന്നവരും പണംചിലവാക്കി അവരെ അധികാരത്തിലെത്തിച്ചവരും അതിസമ്പന്നരായിമാറി. അത്തരം സമ്പന്നരുടെ നിക്ഷേപം കളളപ്പണമായി വിദേശബാങ്കുകളിലാണുള്ളത്. അതായത് പുറമേ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ ആകര്‍ഷകമായ ആശയങ്ങള്‍ മുന്നില്‍വെച്ചുകൊണ്ടാണ് ചുരുക്കം ചില സമ്പന്നര്‍ നാളിതുവരെ ഇന്ത്യ ഭരിച്ചിരുന്നത്. സത്യാനന്തരയുക്തികള്‍കൊണ്ടല്ലാതെ ഈ വൈപരീത്യത്തെ അടയാളപ്പെടുത്താന്‍ സാധിക്കില്ല.
ഇതിനേക്കാള്‍ വലിയ സത്യാനന്തരയുക്തികളിലൂടെയാണ് ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യകാലത്ത് അവര്‍ മുന്നോട്ടുവെച്ചിരുന്ന പുരോഗമനാശയങ്ങളില്‍ സാധാരണക്കാര്‍ വിശ്വസിച്ചിരുന്നു. അവരില്‍ ചില നേതാക്കന്‍മാര്‍ക്കെങ്കിലും തങ്ങള്‍ പറയുന്ന വാക്കിലും ചെയ്യുന്ന പ്രവൃത്തിയിലും ആത്മാര്‍ത്ഥത സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വളരെ വേഗത്തില്‍ അവരുടെ പുരോഗമനാശയങ്ങളില്‍നിന്നും അകന്നുതുടങ്ങി. അധികാരത്തിനുവേണ്ടി ഏത് ഒത്തുതീര്‍പ്പിനും അവര്‍ വഴങ്ങി. ഇപ്പോള്‍ സത്യാനന്തരയുക്തികള്‍ ഏറ്റവും സമര്‍ത്ഥമായി ഉപയോഗിക്കുന്നത് ഇടതുപക്ഷമാണ്. പുറമേ തൊഴിലാളി വര്‍ഗ്ഗത്തിനുവേണ്ടി സംസാരിക്കുമ്പോള്‍തന്നെ അവര്‍ രഹസ്യമായി കോര്‍പ്പറേറ്റുകളുമായി കൈകോര്‍ക്കും. മതേതത്വം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍തന്നെ അവര്‍ മതതീവ്രവാദികളുമായി കൂട്ടുകൂടും. നവോത്ഥാനത്തെക്കുറിച്ചും ജാതിവിരുദ്ധതയെക്കുറിച്ചും പ്രസംഗിക്കുമ്പോള്‍ത്തന്നെ അവര്‍ ജാതിസംഘടനകളുമായി ഉടമ്പടിയിലെത്തും. ജനാധിപത്യത്തെക്കുറിച്ച് ഉറക്കെ പറയുമ്പോള്‍തന്നെ അവര്‍ സ്വാധീനസ്ഥലങ്ങളില്‍ ഏകാധിപത്യം നടപ്പിലാക്കും. ബൂര്‍ഷ്വാ-സാമ്രാജ്യത്തിനെതിരെ സമരം ചെയ്യുമ്പോള്‍തന്നെ അവര്‍ അതിന്റെ ഭാഗമായിമാറും.
സോവിയറ്റ് യൂനിയനില്‍ നിന്നും വന്നിരുന്ന നിറം പിടിപ്പിച്ച നുണകള്‍ അവര്‍ കുറേക്കാലം ഇവിടെ പ്രചരിപ്പിച്ചിരുന്നു. സാമ്രാജ്യത്വത്തോട് പൊരുതി എന്ന ഒറ്റക്കാരണംകൊണ്ട് ലോകരാജ്യങ്ങളിലെ ഏത് ഏകാധിപതികയേയും അക്രമകാരികളെയും അവര്‍ വീരപരിവേഷത്തോടെ ഇവിടെ അവതരിപ്പിച്ചിരുന്നു. മാര്‍ക്‌സിയന്‍ സാമ്പത്തിക സിദ്ധാന്തം ലോകത്തെ ഏത് പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള മാന്ത്രികവിദ്യയാണെന്ന് അവര്‍ ഇവിടെ പ്രചരിപ്പിരുന്നു. വാസ്തവത്തില്‍ മാര്‍ക്‌സിസത്തിന്റെ പേരില്‍ അധികാരത്തില്‍ വന്ന രാഷ്ട്രങ്ങളെല്ലാം ഏകാധിപത്യ രാഷ്ട്രങ്ങളായി ഇപ്പോഴും തുടരുകയാണ്. ഇത് മറച്ചുവെച്ചുകൊണ്ട് മാര്‍ക്‌സിസം അജയ്യമാണ്, കാരണം അത് സത്യമാണ് എന്ന സത്യാനന്തരസൂത്രവാക്യം അവര്‍ സമര്‍ത്ഥമായി ഇന്ത്യയില്‍ പഠിപ്പിച്ചുപോന്നു. സര്‍വ്വകലാശാലകളെ ഈ സൂത്രവാക്യം പഠിപ്പിക്കാനുള്ള കേന്ദ്രമായി അവര്‍ ഉപയോഗിച്ചു. ഇതൊക്കെയാണെങ്കിലും ഇന്ത്യയില്‍ കേരളത്തിലൊഴിച്ച് മറ്റൊരിടത്തും ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് യാതൊരു സ്വാധീനവുമില്ല.
കേരളീയ പശ്ചാത്തലത്തില്‍ ഇടതുപക്ഷം ഇപ്പോള്‍് മുന്നോട്ടുപോവുന്നത് വസ്തുതാപരമായ അടിത്തറയേക്കാര്‍ വൈകാരികമായ അടിത്തറയെ മുന്‍നിര്‍ത്തിയാണ്. ജന്മിത്തവിരുദ്ധ സമരം, തൊഴിലാളിവര്‍ഗ്ഗസ്‌നേഹം, ഭൂപരിഷ്‌കരണം തുടങ്ങിയ ആദ്യകാലപ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ അധഃസ്ഥിതരുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്നൊക്കെ അവര്‍ പിന്നോട്ടുപോയെങ്കിലും പാരമ്പര്യമായി പകര്‍ന്നുകിട്ടിയ വൈകാരികബന്ധംപോലെ അധ:സ്ഥിതര്‍ അവരെ ഇപ്പോഴും വിശ്വസിക്കുന്നു. അധഃസ്ഥിതരില്‍ ഭൂരിപക്ഷമായ ഈഴവരാണ് ഇടതുപക്ഷത്തെ താങ്ങിനിര്‍ത്തുന്നത്. എന്നാല്‍ ആ വിഭാഗത്തിന്റെ വിശ്വാസത്തെ പലപ്പോഴും അവര്‍ ചൂഷണം ചെയ്യുകയാണുണ്ടായത്. കാരണം ഇടതുപക്ഷത്തിന്റെ അധികാരസ്ഥാനങ്ങളിലിരുന്ന് അതിനെ നിയന്ത്രിച്ചത് എല്ലാകാലത്തും സവര്‍ണ്ണരായിരുന്നു.
ഇങ്ങനെ നോക്കുമ്പോള്‍ ഭാരതത്തില്‍ സത്യാനനന്തരയുക്തികള്‍ രാഷ്ട്രീയമായി ഉപയോഗിച്ചത് കോണ്‍ഗ്രസ്സും ഇടതുപക്ഷവുമാണെന്ന് വ്യക്തമാണ്. അങ്ങനെവരുമ്പോള്‍ നരേന്ദ്രമോദിയുടെ വരവോടെയാണ് സത്യാനന്തരകാലം ആരംഭിക്കുന്നതെന്ന് പറയുന്നവര്‍ അതിന് അടിസ്ഥാനമായി സ്വീകരിക്കുന്നത് ഏത് രാഷ്ട്രീയചരിത്രത്തെയാണെന്ന് വ്യക്തമാവുന്നില്ല. എനിക്കുതോന്നുന്നത് നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്നത് എന്നാണ്. കാരണം അവര്‍ തങ്ങളുടെ യഥാര്‍ത്ഥ പ്രത്യയശാസ്ത്രം മറച്ചുവെച്ച് മറ്റൊരു പ്രത്യയശാസ്ത്രം ഇതുവരെ പ്രചരിപ്പിച്ചിട്ടില്ല. രാജ്യത്തിന്റെ സമഗ്രമായ വികസനം, ഹിന്ദുത്വ രാഷ്ട്രം, ഏകീകൃത സിവില്‍കോഡ്, അയോദ്ധ്യ, കാശ്മീര്‍ തുടങ്ങിയ വിഷയങ്ങളാണ് അവര്‍ എല്ലായ്‌പ്പോഴും മുന്നോട്ടുവെച്ചിട്ടുള്ളത്. അതിന്റെ ശരിതെറ്റുകളെന്തായാലും അവര്‍ ഇക്കാര്യം മറച്ചുവെച്ച് സത്യാനന്തരയുക്തികള്‍ ഉപയോഗിച്ചിട്ടില്ല.
Works Cited
1. Llorente& Cuenca (2017)The Post-Truth Era: Reality Vs Perception, UNO, Madrid
2. Yoval Noah Harari(2018)21 Lessons for the 21st Century, Jonathan Cape, London
Website
1. https://qrius.com/india-a-post-truth-society-now-or-always/
2. https://www.epw.in/journal/2017/1/editorials/post-truth-india.html
3. https://www.theweek.in/columns/mk-bhadrakumar/2019/04/12/modis-post-truth-politics.html
4.https://www.the hindu business line.com/opinion/deconstructing-the-20-society/article24895705.ece