Sunday, December 10, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home കഥ

സീഗള്‍ പക്ഷിയെയും കാത്ത്

നിഷ

Print Edition: 20 November 2020

സമയം 5.30 AM
ഭൂഗോളത്തിന്റെ ഒരു ഭാഗത്ത് സൂര്യന്‍ മഞ്ഞിന്റെ നീണ്ട രേഖാചിത്രങ്ങളെ മാത്രം കണ്ട് ഉദിച്ചുയര്‍ന്നു. വിഷാദം പടര്‍ന്നു പിടിച്ച മരങ്ങളുടെ ഇലകള്‍ തണുത്ത് മരവിച്ചു നിന്നിരുന്നു. ഇപ്രാവശ്യം ആല്‍ബര്‍ട്ടയുടെ ശൈത്യകാല സൗന്ദര്യത്തെ എത്തി നോക്കുവാന്‍ സന്ദര്‍ശകര്‍ ആരും തന്നെയില്ല.

സമയം അഞ്ച് മുപ്പത്.
ആല്‍ബര്‍ട്ട
ദ നോര്‍ത്തേണ്‍ റീജിയണ്‍ ഓഫ് കാനഡ..
ഹൗസ് നമ്പര്‍ വണ്‍ വണ്‍ ത്രി,
ഫിഫ്റ്റി ഫൈവ് അവന്യൂ
ബൂമോണ്ട്.
മലയാളികള്‍ ഏറ്റവും കൂടുതല്‍ കുടിയേറി പാര്‍ക്കുന്ന സ്ഥലം.
പുറത്ത് അന്തരീക്ഷ ഊഷ്മാവ് മൈനസ് ഇരുപതിലും താഴെയാണ്. കനത്ത ഹിമശിഖരങ്ങള്‍ രഹസ്യങ്ങള്‍ പൊതിഞ്ഞുപിടിച്ചതു പോലെ എങ്ങും മൂടിയിരിക്കുന്നു.

റൂം ഹീറ്ററിനു താഴെ ഭിത്തിയോട് ചേര്‍ന്ന കബോഡിനു മുകളില്‍ അലാറം ശബ്ദിച്ചു.
അനിതാ….ടൈം ഈസ് ഫൈവ് തേര്‍ട്ടി.
റെഡിയാവണ്ടെ…. ഗെറ്റപ്പ്…
ദുഃസ്വപ്‌നം കാണുന്ന കുട്ടി അതിന്റെ അമ്മയെ ആശ്ലേഷിക്കും പോലെ അനിത റോയിച്ചനെ ഇറുകെ പുണര്‍ന്നു.
അനിതാ… എണീക്ക്.
മക്കളുണരും മുന്‍പ് പുറപ്പെടണം.
അനിതയുടെ കണ്ണുകളും ചുണ്ടും വേനല്‍ക്കാലത്തെ വരണ്ട പാടം പോലെ വിണ്ടുകീറി ചുവന്നിരുന്നു.
ഇന്നലെ ഉറങ്ങിയിട്ടില്ല.

റോയിച്ചാ….
കുറച്ചു നേരം കൂടി… ഇനി എന്നാണു ഞാന്‍…?
വിലപിടിച്ച ജീവനെയെന്നോണം റോയി ഒന്നുകൂടി അവളെ ചേര്‍ത്തു പിടിച്ചു. തളളപ്പക്ഷിയുടെ നെഞ്ചിനടിയിലെ മിടിപ്പിന്റെ കയറ്റിറക്കങ്ങളില്‍
ഭീതിയുടെ താരാട്ടാണ് ഉണരുന്നത്. അനിത തൊട്ടടുത്ത് കിടന്നിരുന്ന മക്കളെ നോക്കി. പുഞ്ചിരിക്കുകയാണോ അവര്‍?
റോയിച്ചാ…

എന്റെ മക്കളെ സങ്കടപ്പെടുത്തരുത്… അമ്മച്ചി ഉണ്ടെങ്കിലും റോയിച്ചന്റൊപ്പം നമ്മുടെ ബെഡ്ഡില്‍ കിടത്തിയാല്‍ മതി. ബ്ലാങ്കറ്റ് മക്കളുടെ മേല്‍ നന്നായി പുതപ്പിച്ച ശേഷം അവള്‍ എണീറ്റു. ഹോസ്പിറ്റല്‍ ടൈം ഏഴ് മണിയാണ്. വീട്ടില്‍ നിന്നും അര മണിക്കൂര്‍ യാത്ര.

അയണ്‍ ചെയ്തുവച്ചിരുന്ന നീലയൂണിഫോം ധരിച്ചു. അപ്പോഴേയ്ക്കും
തെര്‍മോ ഫ്‌ളാസ്‌കില്‍ നിന്നും ഒരു കപ്പ് ചൂടുപാല്‍ കോണ്‍ഫ്‌ളേക്‌സ് ചേര്‍ത്ത് റോയി കൊണ്ടുവന്നിരുന്നു.
മനസ്സ് കഠിനമായ സമ്മര്‍ദ്ദം അനുഭവിക്കുന്നു.

കണ്ണ് പുളിച്ച് വേദനിക്കുന്നതും വായ്ക്കുള്ളില്‍ കയ്പ് പിടിച്ച ഉമിനീര്‍ രൂപം കൊള്ളുന്നതും അനിത അറിഞ്ഞു.
പുറപ്പെടാന്‍ സമയമായി.

പ്രെയര്‍ റൂമിലെത്തിയപ്പോള്‍ അപ്പയും അമ്മച്ചിയും അവള്‍ക്കു വേണ്ടി കാത്ത് നിന്നിരുന്നു. മഞ്ഞ നിറത്തില്‍ കത്തിജ്വലിച്ചിരുന്ന മെഴുകുതിരികള്‍ക്കിടയില്‍ കൂടി മനുഷ്യരുടെ നാഥന്‍ അവളെ നോക്കി പുഞ്ചിരിച്ചു.പതിവായി പറയുന്ന പരാതികള്‍ക്കു പകരമായി അവളിന്ന് ഹൃദ്യമായ ഒരു പുഞ്ചിരി സമ്മാനിച്ചു.

”കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ അധീരനാവുകയോ ഭീരുത്വം പ്രകടിപ്പിക്കുകയോ ഇല്ല. അവിടുന്നാണ് അവന്റെ പ്രത്യാശ.”
റോയി പ്രഭാഷകനിലെ വചനഭാഗം വായിച്ച ശേഷം ബൈബിള്‍ മടക്കി വച്ചു. അവള്‍ക്ക് അവനെ നോക്കുവാന്‍ സാധിച്ചില്ല. നിറകണ്ണുകളുമായി റോയിക്ക് പുറകില്‍ നിന്നിരുന്ന അപ്പയ്ക്കും അമ്മച്ചിക്കും കൈകൂപ്പി സ്തുതി ചൊല്ലി. റോയിക്ക് സ്തുതി കൊടുക്കുമ്പോള്‍ തന്റെ ഹൃദയം നിലച്ചുപോകുമോ എന്നവള്‍ ഭയന്നു. അവന്‍ അവളുടെ അരികിലേക്ക് വന്നു. മിറ്റണ്‍സും ഹുഡിയും ജാക്കറ്റും ധരിക്കുവാന്‍ അവളെ സഹായിച്ചു.അപ്പോള്‍ അനിത ഡോ.നിക്കോളാസ് മുറേയുടെ സ്റ്റാഫ് നേഴ്‌സില്‍ ഒരാളായി.

യു കീപ് സിക്‌സ് ഫീറ്റ് ഡിസ്റ്റന്‍സ് ഫ്രം ദ അദ്ര്‍ പീപ്പിള്‍…മുറേ ഉച്ചത്തില്‍ ഓര്‍ഡര്‍ ഇടുന്നു….
സമയം ആറ് പതിനഞ്ച്.
ഇറങ്ങാന്‍ സമയമായി.
പുറത്ത് മജ്ജ മരവിക്കുന്ന തണുപ്പ്. മാര്‍ച്ച് കഴിഞ്ഞിട്ടും ആര്‍ബര്‍ട്ടയില്‍ മഞ്ഞ് കാലം വിട പറഞ്ഞിരുന്നില്ല. അവള്‍ വാതില്‍ക്കലേയ്ക്ക് നീങ്ങി.
അനിതാ…റോയി അവളെ തനിക്കഭിമുഖമായി നിര്‍ത്തി.
ആര്‍ യു സ്റ്റെയേര്‍ഡ് ?
നോ….
നത്തിങ്ങ് വില്‍ ഹാപ്പന്‍. ഇറ്റ് വില്‍ എന്‍ഡ് സൂണ്‍. ഒരു മാസം പെട്ടെന്ന് അവസാനിക്കും.
ഉം. അവള്‍ മൂളി.
അനീ..
പെട്ടെന്നവള്‍ മുഖത്തേയ്ക്ക് നോക്കി.
ഐ ലവ് യൂ…
ലവ് യു റ്റൂ… അനിത അവന്റെ ഹൃദയത്തിന്റെ വലതുഭാഗത്ത് ചുംബിച്ചു. ശേഷം തിരിഞ്ഞു നോക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്യാതെ പാര്‍ക്കിങ്ങ് ഏരിയയിലേക്ക് നടന്നു.
മുറ്റത്ത് നിന്നിരുന്ന ബ്‌ളു സ്‌പ്രോസില്‍ മഞ്ഞ് വീണ് കിടന്നിരുന്നു. നിയോണ്‍ വെളിച്ചത്തില്‍ അത് അവളുടെ ഹൃദയം പോലെ ചുവന്ന പൂവായി. റോയി സ്‌ക്രൈപ്പര്‍ ഉപയോഗിച്ച് വണ്ടിക്കു മുകളിലെ മഞ്ഞ് നീക്കം ചെയ്തു.

അനിത ടൊയോട്ട സിയന്നയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഹീറ്റര്‍ അഡ്ജസ്റ്റ് ചെയ്തു. സീറ്റിലേക്ക് ചാരി. രണ്ടു വട്ടം ഡീപ്പ് ബ്രീത് എടുത്തു. സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചായിരിക്കണം എന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് കൈ പിടിച്ച് വാഗ്ദാനം ചെയ്തവന്റെ അടുക്കല്‍ നിന്നും താന്‍ പോകുകയാണ് ഒരു മാസത്തേയ്ക്ക്. ആല്‍ബര്‍ട്ടയില്‍ വന്ന ശേഷമുള്ള ആദ്യത്തെ വേര്‍പാട്. ഇനി ഓര്‍മകള്‍ക്ക് പ്രധാന്യമില്ല. വരാനിരിക്കുന്ന ദിവസങ്ങള്‍ക്കാണ് പ്രാധാന്യം.
സമ്മറില്‍ ദേശാടനക്കിളികളായ സീഗള്‍ പക്ഷികളോടൊപ്പമായിരിക്കും ഇനി തന്റെയും തിരിച്ചു വരവ്.

ബൈ….
അവള്‍ കയ്യുയര്‍ത്തി വീശി….
അനിത ബൂമോണ്ട് സ്ട്രീറ്റിലേക്ക് പ്രവേശിച്ചു. പുറത്ത് വെയില്‍ ഉണര്‍ന്നു വരുന്നതേ ഉള്ളൂ…സ്ട്രീറ്റ് വിജനമാണ്. ഐസ് ഫിഷിങ്ങിനായി പോകുന്ന ചില വെള്ളക്കാരുടെ വണ്ടികള്‍ മാത്രം കാണാം. പൂക്കളും പഴങ്ങളും കിളികളും ഇല്ലാത്ത വിന്ററില്‍ കനേഡിയന്‍സിന്റെ ഒരു വിനോദമാണ് ഐസ് ഫിഷിങ്ങ്. വാഹനം ബൂമോണ്ടില്‍ നിന്നും ആന്റണി ഹെയ്‌ഡെ വണ്‍ ഫോര്‍റ്റീന്‍ ഹൈവേ റോഡിലേയ്ക്ക് കടന്നു. അനിത ഹൈവേ സ്പീഡായ നൂറിലേക്ക് എത്തി. സൗത്ത് ഗേറ്റ് കഴിഞ്ഞപ്പോഴേയ്ക്കും മുന്നിലെ ഗ്ലാസിലേയ്ക്ക് മഞ്ഞ് വീണ് കാഴ്ചകള്‍ മറഞ്ഞു. അവള്‍ വണ്ടി നിര്‍ത്തി മഞ്ഞിന്‍ ശല്ക്കങ്ങള്‍ തുടച്ചു കളഞ്ഞ ശേഷം വീണ്ടും കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.ഇനി പത്ത് മിനിറ്റിനുളളില്‍ ഹോസ്പിറ്റലില്‍ എത്തും.

സമയം 6.55AM
ടാര്‍ഗറ്റ് പാര്‍ക്കില്‍, ഇടം കിട്ടിയ ഫിഫ്ത് ഫ്‌ളോറില്‍ വണ്ടി നിര്‍ത്തിയ ശേഷം അനിത ഷോള്‍ഡര്‍ ബാഗുമായി എലിവേറ്ററില്‍ താഴേയ്ക്ക് ഇറങ്ങി. ധരിച്ചിരുന്ന മാസ്‌ക് മഞ്ഞ് കൊണ്ട് തണുത്തും നനഞ്ഞുമിരുന്നു.അതു മാറ്റി മറ്റൊരെണ്ണം ധരിച്ചു. ശൂന്യമായ റോഡിനരികിലേയ്ക്ക് അവള്‍ നടന്നു. എതിര്‍വശത്തായി അഞ്ചു നിലയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബര്‍ട്ട ഹോസ്പ്പിറ്റല്‍ കാണാം. പെഡസ്ട്രിയന്‍ ക്രോസിങ്ങിനായി ബട്ടണ്‍ കൈമുട്ട് ഉപയോഗിച്ച് അമര്‍ത്തിയ ശേഷം സിഗ്‌നല്‍ ലൈറ്റിനായി കാത്തു നിന്നു. റോഡ് ക്രോസിങ്ങ് കഴിഞ്ഞ ശേഷം ഹോസ്പിറ്റല്‍ സര്‍ക്കിളില്‍ പ്രവേശിച്ചു. ആട്ടോമാറ്റിക് ഗ്ലാസ് ഡോര്‍ അവള്‍ക്കായ് തുറന്നു. സ്റ്റാഫിനു വേണ്ടിയുള്ള ടെംപറേച്ചര്‍ ടെസ്റ്റിനു ശേഷം വലത് ഭാഗത്തേയ്ക്ക് നടന്നു നീങ്ങി.അഞ്ചാമത്തെ നിലയിലാണ് തനിക്ക് ഡ്യൂട്ടി. ഹോസ്പിറ്റലില്‍ എലിവേറ്റര്‍ ശൂന്യമാണ്. ഫിസിക്കല്‍ ഡിസ്റ്റന്‍സ് കീപ്പ് ചെയ്യാന്‍ എല്ലാവരും അത് ഉപേക്ഷിച്ചിരിക്കുന്നു. അഞ്ചാം നിലയിലേക്ക് സ്റ്റെയേര്‍സ് കയറുമ്പോള്‍ അവള്‍ക്ക് റോയിയെ വീണ്ടും ഓര്‍മ വന്നു. മക്കള്‍ ഇപ്പോള്‍ ഉണര്‍ന്നു കാണും? ഇന്നവര്‍ തന്നെ ചോദിക്കില്ല. വരാന്‍ പോകുന്ന ദിവസങ്ങളില്‍ റോയി എന്തു പറയും? ചിന്തകള്‍ കാടുകയറും മുന്‍പ് അനിത തന്റെ യൂണിറ്റായ ഇ-ഫോറില്‍ എത്തിച്ചേര്‍ന്നു.

കൊറോണയുടെ രണ്ടാം ഘട്ടത്തില്‍ എത്തിയവരാണ് ഈ യൂണിറ്റിലുള്ളവര്‍.
പള്‍മണറി സ്‌പെഷ്യാലിറ്റി യൂണിറ്റ്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടിലേക്കെത്തിച്ചേര്‍ന്നവര്‍.
മുന്നിലെ ഗ്ലാസ് ഡോര്‍, കാല്‍ കൊണ്ട് തള്ളിത്തുറന്നതിനു ശേഷം മിറ്റണ്‍സും ഹുഡിയും ജാക്കറ്റും അഴിച്ച് കവര്‍ ചെയ്ത് ഷെല്‍ഫില്‍ വച്ചു പൂട്ടി. കൈ ആല്‍ക്കഹോള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി. ഫില്‍ട്ടറില്‍ നിന്നും ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചതിനു ശേഷം പേഴ്‌സനല്‍ ഐസൊലേഷന്‍ ഗൗണ്‍ ധരിച്ചു. തലയും കാലുമൊക്കെ കവര്‍ ചെയ്തു. ഫെയ്‌സ് ഷീല്‍ഡും ഗ്ലൗസും കൂടി ധരിച്ചതോടെ റോയിയുടെ അനീ….. എന്ന വിളി അവള്‍ പൂര്‍ണ്ണമായും മറന്നു. വേഷപ്പകര്‍ച്ചകള്‍… കഥകളിയിലെ പച്ചയും കത്തിയും കരിയും എല്ലാം ഇവിടെ ഒരാള്‍ തന്നെയാണ് ആടിത്തീര്‍ക്കുന്നത്…
അവള്‍ കബോഡില്‍ നിന്നും നൈറ്റ് സ്റ്റാഫ്, ഹാന്‍ഡ് ഓവര്‍ ചെയ്ത പേഷ്യന്റ്‌സ് റിപ്പോര്‍ട്ട് എടുത്തു നോക്കി.

കോവിഡ് ബാധിച്ച രണ്ട് പേഷ്യന്റ്‌സിനെയാണ് തനിക്ക് പരിചരിക്കേണ്ടത്. ചെറിയൊരു ചൂട് മാത്രമായാണ് ലാറ സാം എന്ന കനേഡിയന്‍ സ്ത്രീ ഹോസ്പിറ്റലില്‍ വന്നത്. പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോള്‍ ഹോസ്പിറ്റലില്‍ ഒഴിവില്ലാത്തതു കൊണ്ട് അവരോട് വീട്ടില്‍ പോയി ഐസൊലേറ്റ് ആവാന്‍ ആവശ്യപ്പെട്ടു. ലാറയ്ക്ക് പ്രത്യേകിച്ച് വേദനകളോ ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടതുമില്ല. എന്നാല്‍ നാലാം ദിവസമായപ്പോഴേയ്ക്കും കഠിനമായ ശ്വാസംമുട്ടല്‍ അനുഭവിച്ച് അവര്‍ ഹോസ്പിറ്റലില്‍ തിരിച്ചെത്തി അഡ്മിറ്റായി. മരുന്ന് ഇനിയും കണ്ടുപിടിക്കാത്തതു കാരണം അവര്‍ നിക്കോളാസ് മുറേയുടെ മെഡിസിന്‍, ട്രയല്‍ ട്രീറ്റ്‌മെന്റിന് എഗ്രീ ചെയ്തു. മരുന്നുകള്‍ പരീക്ഷിക്കാന്‍ തയ്യാറാവുന്ന അപൂര്‍വ്വം രോഗികളില്‍ ഒരാളായിരുന്നു. ലാറ. രണ്ടാമത്തെ ആള്‍ ക്യാം റോസില്‍ നിന്നുള്ള എസ്ത ഗെന്‍ ആണ്. അറുപത് വയസ്സിന് മുകളിലുള്ള അവരുടെ നില അത്ര തൃപ്തികരമല്ല. ശ്വാസം മുട്ടലിനോടൊപ്പം ഛര്‍ദ്ദിയും അവര്‍ക്ക് തുടങ്ങിയിരിക്കുന്നു. സമയം ഏഴ് മുപ്പത്.
നിക്കോളാസ് മുറേ മീറ്റിംഗ് വിളിക്കാന്‍ നേരമായി. ഇന്നത്തേക്കുള്ള നിര്‍ദ്ദേശങ്ങളാണ്.
കഴിഞ്ഞ ഒരു മാസമായി അദ്ദേഹവും വീട് കണ്ടിട്ടില്ല.

ഡിയര്‍ കൊലീഗ്‌സ്….
ഡു ഗുഡ് ആന്‍ഡ് ഡു നോട്ട് ഫിയര്‍ എനിതിങ്ങ്.
ആള്‍വേയ്‌സ് കീപ്പ് എ സ്‌മൈല്‍ ഇന്‍ യുവര്‍ ഹാര്‍ട്ട്. ബിലീവ് ഗോഡ്.ഒ.കെ…
ഡോ. നിക്കോളാസ് മുറേ ഒരു പേടകത്തില്‍ നിന്നെന്ന വണ്ണം സംസാരിച്ചു. മത മാന്ത്രികര്‍ ഉപേക്ഷിച്ചു പോയ രോഗത്തെ ഏറ്റെടുക്കാന്‍ ഇനി നമ്മള്‍ മാത്രമെ ഉള്ളൂ എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഒമ്പത് മണി ആയപ്പോള്‍ ഫയലും മരുന്നുകളുമടങ്ങിയ ട്രോളിയുമായി അനിത ഐസൊലേഷന്‍ റൂമിലേയ്ക്ക് പ്രവേശിച്ചു.
… കീപ്പ് സ്‌മൈലിങ്ങ്. അതെ.. അവളുടെ അന്തരാത്മാവ് പ്രോജ്ജ്വലമായി. റൂം നമ്പര്‍ ഇ. സെവനില്‍ ആണ് ലാറ. സ്വര്‍ണ്ണ നിറമുള്ള കണ്ണുകള്‍ കൊണ്ട് ലാറ മനോഹരമായി പുഞ്ചിരിച്ചു. ഓക്‌സിജന്‍ മാസ്‌കിനുളളില്‍ കൂടി അവളുടെ ചുണ്ടുകള്‍ വിളറി വെളുത്ത് കാണപ്പെട്ടു. വൈറ്റല്‍ സൈന്‍സ് പരിശോധിച്ചു. നോര്‍മല്‍. ഷി ഈസ് പ്ലസന്റ് നൗ. അല്പനേരത്തേയ്ക്ക് മാസ്‌ക് മാറ്റിയ ശേഷം മുഖവും കഴുത്തും ഫെയ്‌സ് ക്ലോത്ത് ഉപയോഗിച്ച് തുടച്ചു. എഴുന്നേല്പിച്ച് ചാരി ഇരുത്തിയ ശേഷം ഒരു ഗ്ലാസ് ഫ്രൂട്ട് ജൂസ് ചുണ്ടോടടുപ്പിച്ചു. അവര്‍ പകുതി കുടിച്ച ശേഷം തിരികെ നല്കി. ലാറയെ മെല്ലെ കിടത്തിയ ശേഷം അനിത മുറേ നിര്‍ദ്ദേശിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ടാബ്‌ലറ്റ് കൊടുത്തു. അസിത്രോമൈസിന്‍ ഐ.വി.ലൈനിലേയ്ക്ക് പതുക്കെ കുത്തിവെച്ചു.
അപ്പോള്‍ ലാറ ഒന്ന് ഞരങ്ങി. അവ്യക്തമായി എന്തോ പറഞ്ഞു. അനിതയ്ക്ക് ചെവി അടുപ്പിച്ച് പിടിക്കുവാന്‍ ഭയം തോന്നി.

പാഡണ്‍ മി….
മുറിക്കകത്ത് കയറിയ ശേഷം അനിത വിന്‍ഡോ കര്‍ട്ടന്‍ നീക്കിയിട്ടു. പുറത്ത് അല്പാല്പമായി മഞ്ഞ് പെയ്ത് തുടങ്ങുന്നു. ദൂരെ മഞ്ഞ് പുതച്ച പൈന്‍ മരങ്ങള്‍ കുളിരണിഞ്ഞ് നില്‍ക്കുന്നു. ശീതവര്‍ണ്ണം ചൂടിയ ഹിമ നിരകള്‍. ഇലകളുടെ അഗ്രത്തില്‍ മഞ്ഞിന്‍ കണങ്ങള്‍ പൊട്ട് തൊട്ടെന്ന പോലെ നില്‍ക്കുന്നു. ഒരല്പം മഞ്ഞ് അടര്‍ന്ന് തന്റെ നെഞ്ചിലേയ്ക്ക് വീണിരുന്നെങ്കില്‍…. അവള്‍ തിരിഞ്ഞു നോക്കി.
പകുതി ചാരി വെച്ച ബെഡ്ഡില്‍ എസ്ത ഉറങ്ങുകയാണ്. ബെഡ്ഡ് മുഴുവന്‍ അവരുടെ ശരീരമാണ്. വാര്‍ദ്ധക്യവും അനാരോഗ്യവും വിളിച്ചുണര്‍ത്തുന്ന മുഖം. പരാജയം സമ്മതിക്കുന്നതു പോലെ ഉയര്‍ന്നു താഴുന്ന നെഞ്ചിന്‍ കൂട്.
അനിത എസ്തയുടെ കയ്യില്‍ തൊട്ടു.

അവര്‍ കണ്ണു തുറന്നു.
മാം ..
ബ്രേക്ക് ഫാസ്റ്റ്…
ലെറ്റ് മി സ്ലീപ് നൗ…
മാം.. പ്ലീസ്…വാണ്ട് ടു റ്റെയ്ക് മെഡിസിന്‍..
എസ്ത ദേഷ്യത്തിലാണ്. മരണ സമയത്ത് കെണിയില്‍ വീണ മുയലിനെപ്പോലെ അവര്‍ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി.
മാം .. ഐ ക്യാന്‍ ഹെല്‍പ് യു..
അനിത പാത്രം തുറന്ന് എസ്തയ്ക്ക് സെറീല്‍സ് കൊടുക്കുവാന്‍ ആരംഭിച്ചു. രണ്ടു കവിള്‍ ചെന്നതും എസ്തയ്ക്ക് ഛര്‍ദ്ദിക്കാന്‍ തോന്നി.

വേര്‍ സ് ദ ടബ്?
പാത്രം എടുക്കാന്‍ തിരിഞ്ഞതും തന്റെ ഗൗണില്‍ ഛര്‍ദ്ദി വീണു.
ബ്ലഡി ഇന്‍ഡ്യന്‍സ്… യു ഹാവ് നോ കോമണ്‍സെന്‍സ്..?
അനിത പ്രതികരിച്ചില്ല. അവശേഷിച്ച ശക്തി മുഴുവനും സമാഹരിച്ച് അവള്‍ എസ്തയെ ബെഡ്ഡിലേയ്ക്ക് ചെരിച്ചു കിടത്തി.
അതെ… എസ്താ…
നിങ്ങളെ സെര്‍വ് ചെയ്യുന്ന ഏറ്റവും പാവപ്പെട്ട ബ്ലഡി ഇന്‍ഡ്യന്‍സില്‍ ഒരാളാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ നിങ്ങള്‍ എന്റെ ദയക്കു കീഴിലാണ്.
അനിതയുടെ മനസ്സ് മന്ത്രിച്ചു.

എസ്തയെ വൃത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ ഫെയ്‌സ് ഷീല്‍ഡിനുളളില്‍ തന്റെ കവിള്‍ നനയുന്നതും മെഴുകുതിരി ഉരുകിയതുപോലെ കവിളില്‍ ചൂട് വീഴ്ത്തി അത് ഒഴുകിയിറങ്ങുന്നതും അവളറിഞ്ഞു. തുടയ്ക്കാന്‍ നിര്‍വാഹമില്ല. കൈയും ആറടി അകലത്തിലാണ്. അനിതയ്ക്ക് നല്ല ദാഹം തോന്നി. വെള്ളം കുടിക്കണമെങ്കില്‍ താനിട്ടിരിക്കുന്ന ഐസൊലേഷന്‍ ഗൗണ്‍ അഴിച്ചു മാറ്റി കുളിച്ചു വൃത്തിയാവണം. അവള്‍ സ്റ്റാഫ് റൂമില്‍ കയറി ഓരോന്നായി അഴിക്കാന്‍ തുടങ്ങി. പെട്ടെന്നവള്‍ പേടിച്ചെന്നവണ്ണം ശ്വാസമെടുക്കുന്നത് നിര്‍ത്തി. തന്റെ ഓരോ അണുവിലും ഭയം നിറഞ്ഞിരിക്കുന്നുവോ? താന്‍ മറ്റേതോ ഗ്രഹത്തിലാണെന്നും ജീവന്റെ ഗ്രഹമായ ഭൂമി തനിക്ക് അപ്രാപ്യമായ എവിടെയോ പോയി മറഞ്ഞിരിക്കുന്നതായും അനിതയ്ക്ക് തോന്നി. അവള്‍ മനുഷ്യരോട് സംസാരിക്കുവാന്‍ കൊതിച്ചു. ഓരോ സ്റ്റാഫിനും ഐസൊലേറ്റ് ചെയ്യപ്പെട്ട മുറികള്‍ നല്‍കിയിരിക്കയാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഫോണ്‍ ചെയ്ത് മാത്രം മറ്റുള്ളവരെ വരുത്താം. ഇതു യുദ്ധമാണ്. അതുകൊണ്ട് വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്ക് ഇവിടെ പ്രാധാന്യമില്ല. അനിത ഐസൊലേഷന്‍ ഗൗണും, മാസ്‌കും കവറില്‍ പായ്ക്ക് ചെയ്ത് വെയ്സ്റ്റ് ബിന്നിലേയ്ക്ക് ഇറക്കിവെച്ചു.

സമയം 4 pm
തന്റെ ഇന്നത്തെ ഡ്യൂട്ടി സമയം അവസാനിക്കാന്‍ പോകുകയാണ്. ഉച്ചയ്ക്ക് ചെന്നപ്പോള്‍ എസ്തയുടെ ദേഷ്യമൊക്കെ തണുത്തിരുന്നു.അവര്‍ തനിയെ ഭക്ഷണം വാങ്ങിച്ച് കഴിച്ചു. രോഗാവസ്ഥയോട് പൊരുത്തപ്പെടാനുള്ള രോഗിയുടെ മാനസികാവസ്ഥയോടാണ് നമ്മള്‍ ദയ കാണിക്കേണ്ടത് എന്ന് മുറേ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു. അനിത തന്റെ ടിഫിന്‍ തുറന്നു. അമ്മച്ചി തന്നയച്ച ചോറും തൈരും മീനച്ചാറും. നാട്ടിലെ ഏതൊരോര്‍മയും തന്റെ കണ്ണിനെ നനയിക്കും. കേരളത്തില്‍ നിന്ന് ഒരു മാസം മുമ്പാണ് അവര്‍ ആല്‍ബര്‍ട്ട കാണാന്‍ ഇവിടെ എത്തിയത്. ബാന്‍ഫ് പാര്‍ക്കും ലൂയിസ് തടാകവുമൊക്കെ കണ്ടാസ്വദിക്കുവാന്‍ വേണ്ടി കുറച്ചു ദിവസം മാറ്റി വച്ചപ്പോഴായിരുന്നു ഹോസ്പിറ്റലില്‍ നിന്നും അത്യാവശ്യമായി തന്നെ വിളിപ്പിച്ചത്. അവള്‍ ഒരു മണി ചോറ് പോലും ബാക്കി വയ്ക്കാതെ കഴിച്ചു. നാലരയ്ക്ക് ഡോ.മുറേയുടെ മീറ്റിംഗില്‍ അപ്‌ഡേറ്റ്‌സ് അറിയിക്കണം. .ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ തനിക്ക് ഇവിടെ നിന്ന് പോകാം. സ്റ്റാഫ് മീറ്റിംഗില്‍ മുറേ ഇപ്രകാരം പറഞ്ഞു. ലോകത്തിന്റെ പ്രതീക്ഷകള്‍ നമ്മളില്‍ മാത്രമാണ്. ദൈവത്തിന്റെയും …അതുകൊണ്ട് ജീവനെ വ്യാപകമായി നശിപ്പിക്കുന്ന ഈ വൈറസിനെതിരെ നമ്മള്‍ ഒരുമിച്ച് പോരാടുക.

ഡോണ്ട് ലോസ് ഔര്‍ ഹോപ്പ്. യു ഡോണ്ട് കെയര്‍ എബൗട്ട് ദ സൈബര്‍ ന്യൂസ്.
അനിത എണീറ്റു.
അനീറ്റാ… ?
യെസ് ഡോക്ടര്‍.
ഫീല്‍ ഗുഡ്?
യെസ്. അവള്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇന്നത്തെ തന്റെ ഡ്യൂട്ടി കഴിഞ്ഞിരിക്കുന്നു. അവള്‍ നൈറ്റ് സ്റ്റാഫിനു വേണ്ടിയുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി വെച്ചു. വീണ്ടും സ്റ്റയേര്‍സ് വഴി താഴത്തെ നിലയിലെത്തി. പുറത്ത് ഭൂമി തണുത്ത് വിറങ്ങലിച്ചു നില്‍ക്കുന്നു. വരാന്‍ പോകുന്ന സമ്മറിലെ പൂക്കള്‍ മഹാമാരിയുടെ ശവപ്പെട്ടിയ്ക്കു മുകളിലുള്ള റീത്തുകളായി മാറട്ടെ എന്ന് അനിത മനസ്സില്‍ പറഞ്ഞു. അവള്‍ ആകാശത്തേയ്ക്ക് നോക്കി. മേഘങ്ങളെ കണ്ടിട്ട് എത്രയോ നാളുകളായി. മരങ്ങളെ പിടിച്ചു കുലുക്കി മഞ്ഞ് താഴേക്കു വീഴ്ത്തുന്ന ഒരു യാത്രികനെ കണ്ടു. ഇന്‍ഡ്യ ഈസ് ഫാര്‍ ബെറ്റര്‍. അവള്‍ മനസ്സില്‍ പറഞ്ഞു.

റോഡ് ക്രോസിങ്ങ് കഴിഞ്ഞ് വണ്ടിയിലെത്തി.
ഗ്ലൗസിട്ട കൈകള്‍ കൊണ്ട് ഗ്ലാസ്സിലെ മഞ്ഞ് തുടച്ചു മാറ്റി. താന്‍ പോകുകയാണ്. കാത്തിരിക്കുന്നത് വീടല്ല. നാല് ചുമരുകള്‍ മാത്രമുള്ള ആല്‍ബര്‍ട്ട ഹോസ്പിറ്റലിന്റെ ഒരു അപ്പാര്‍ട്ട്‌മെന്റ് മാത്രമാണ്. തന്നെ ആഹ്ലാദിപ്പിക്കുവാനും ലാളിക്കുവാനും ഇന്ന് റോയി ഇല്ല. മലമുകളിലെ മഞ്ഞുറഞ്ഞ പൈന്‍ മരങ്ങളെ ഇനി താന്‍ ഒറ്റയ്ക്കിരുന്ന് കാണണം. ഉറക്കം മടിച്ചകന്ന് നില്‍ക്കുന്ന സെഞ്ച്വറി പാര്‍ക്കിനരികിലുള്ള അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് അവള്‍ കാറോടിച്ചു. അപ്പോഴും ലോകത്തിലെ എല്ലാ ടെലിവിഷന്‍ ചാനലുകളിലും സെലിബ്രിറ്റികള്‍ ജനങ്ങളെ ഉപദേശിച്ചുകൊണ്ടിരുന്നു.

”കീപ്പ് സോഷ്യല്‍ ഡിസ്റ്റന്‍സ്.”
”സ്റ്റെ ഹോം.”
”സ്റ്റെ സെയ്ഫ്……”

Share3TweetSendShare

Related Posts

കാണേണ്ട കാഴ്ച്ച

ചാക്രിക പ്രക്രിയകളിലൂടെ പരിവര്‍ത്തനത്തിലേക്ക് (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 24)

മനസ്സിന്റെ അടിത്തട്ടിലെ കടല്‍ ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 23)

സമയം

ആംഗ്യഭാഷാ പഠനം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 22)

സമാനതകള്‍  ഇല്ലാത്ത ഏകാന്തത(ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 21)

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

വിജയന്‍ സഖാവ് ഭരിക്കുമ്പോള്‍ ഇസ്രായേല്‍ എന്നു മിണ്ടരുത്

ഇന്നത്തെ ഗാസ നാളത്തെ കേരളം

വേലിയില്‍ കയറി നില്‍ക്കുന്ന മുസ്ലിംലീഗ്

ഹൃദയഭൂമിയിലെ വിജയകമലം

ശരണപാതയിലെ അശനിപാതങ്ങള്‍

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

ഹരിതധീശ്വരനായ ഹരിഹരസുതന്‍

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

ഗുരു വ്യാജ ഗാന്ധി രാഹുല്‍ ശിഷ്യന്‍ വ്യാജ ഐഡി കാര്‍ഡ് രാഹുല്‍!

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies