മഗധയുടെ മണ്ണില്‍ ഭരണത്തിന്റെ രഥം ആരു കയറുമെന്ന ചോദ്യത്തിന് മൂന്നു ഘട്ടത്തിലായി നടന്ന തിരഞ്ഞെടുപ്പിനുശേഷം ബഹുഭൂരിപക്ഷം മാധ്യമങ്ങളും എക്‌സിറ്റ് പോളുകളെ ആസ്പദമാക്കി നല്‍കിയ ഉത്തരം തേജസ്വി യാദവ് എന്നായിരുന്നു. ഭാരത രാഷ്ട്രീയത്തില്‍ പ്രതിപക്ഷമില്ലാതെ അപക്വമായ പ്രവര്‍ത്തനശൈലി കൊണ്ട് രാഹുല്‍ഗാന്ധി സമ്പൂര്‍ണ്ണ പരാജയമാണെന്ന് വരുത്തി തീര്‍ത്തു. അസ്വസ്ഥരും അസംതൃപ്തരുമായ പ്രതിപക്ഷത്തിനു മുന്നിലേക്ക് ഒരു പുതിയ തേജോബിംബത്തെ അവതരിപ്പിച്ചത് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാരിനെ കടപുഴക്കി എറിയാമെന്ന പ്രതീക്ഷയിലായിരുന്നു. മഹാരാഷ്ട്ര ആവര്‍ത്തിച്ച് ബീഹാറും പിന്നാലെ വരുന്ന ബംഗാളും കേരളവും ആസമും ഒക്കെ പിടിച്ചെടുക്കാമെന്ന സൂചന കൂടി ഇടത് ജിഹാദി അച്ചുതണ്ടില്‍ അലകും പിടിയുമായ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. അവര്‍ക്ക് ഒരു ശത്രുവേ ഉണ്ടായിരുന്നുള്ളൂ. അത് നിതീഷ് കുമാറല്ല. നരേന്ദ്രമോദി തന്നെയായിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെ ആസ്പദമാക്കി ട്രംപിനു പിന്നാലെ മോദിയും എന്ന് അവര്‍ ആര്‍ത്തട്ടഹസിച്ച് അര്‍മാദിച്ചു. ഇതൊന്നുമറിയാതെ മോദി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭാരതമെമ്പാടും ആഗോളതലത്തിലും മുന്നോട്ടു വെച്ച ചിന്താഗതി മാത്രമേ ബീഹാറിലും മോദി മുന്നോട്ടു വെച്ചുള്ളൂ. അത് ഭാരതത്തിന്റെ പുനര്‍നിര്‍മ്മാണമായിരുന്നു. ലോകഗുരുവായി ഭാരതത്തെ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ഭാരതത്തെ സ്‌നേഹിക്കുന്നവരുടെ സ്വപ്‌നമായിരുന്നു.
മൂന്നു തവണയിലേറെ ബീഹാര്‍ ഭരിച്ച നിതീഷ് കുമാറിന് എതിരായ ഭരണവിരുദ്ധ വികാരം മുതലെടുത്ത് പുതിയ ജാതി മത സമവാക്യത്തിലൂടെ അധികാരം പിടിക്കാനാണ് ആര്‍ ജെ ഡിയുടെ കോണ്‍ഗ്രസ്സും മറ്റും ഉള്‍പ്പെട്ട മഹാസഖ്യം ശ്രമിച്ചത്. ശരിയാണ്, ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന് തന്‍പോരിമയും തന്‍പ്രമാണിത്തവും കൂടുതലായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടിയതില്‍ പ്രതിഷേധിച്ച് എന്‍ ഡി എ വിട്ടുപോയ അദ്ദേഹം ലാലുവിന്റെയും തേജസ്വി യാദവിന്റെയും അവഹേളനത്തിലും അവമതിപ്പിലും മനംനൊന്ത് മടങ്ങിവന്നപ്പോള്‍ രണ്ടു കൈയും നീട്ടി നരേന്ദ്രമോദി സ്വീകരിച്ചു. അപ്പോഴേക്കും അദ്ദേഹം പ്രധാനമന്ത്രിയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം റെയില്‍വേയും കൃഷിയും വേണമെന്ന് ആവശ്യപ്പെട്ട് വാശി പിടിച്ച ജനതാദള്‍ യുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതെ കരുത്തു കാട്ടിയ മോദി ഇത്തവണ നിതീഷ് കുമാറിനെ രക്ഷിച്ചെടുക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഒരു ഡസനിലേറെ യോഗങ്ങളില്‍ പ്രസംഗിച്ച മോദിയുടെ പ്രചാരണ കൊടുങ്കാറ്റിലാണ് ഇക്കുറി എന്‍ ഡി എ അധികാരം പിടിച്ചത്. 243 അംഗ നിയമസഭയില്‍ 125 സീറ്റാണ് എന്‍ ഡി എ നേടിയത്. ബി ജെ പി 74 സീറ്റും ജെ ഡി യു 43 സീറ്റും എച്ച് എ എം നാലു സീറ്റും വി ഐ പി നാല് സീറ്റ് നേടി. മഹാസഖ്യത്തിലാകട്ടെ 150 ലേറെ സീറ്റില്‍ മത്സരിച്ച ആര്‍ ജെ ഡി 75 സീറ്റും 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സ് 19 സീറ്റും സി പി എം എല്‍ 12 സീറ്റും സി പി ഐയും സി പി എമ്മും രണ്ട് സീറ്റ് വീതവും നേടി. മറ്റുള്ളവര്‍ ആകെ എട്ട് സീറ്റാണ് നേടിയത്. ഒവൈസിയുടെ മുസ്ലീം മജ്‌ലിസ് പാര്‍ട്ടി അഞ്ച് സീറ്റും ബി എസ് പി, എല്‍ ജെ പി, സ്വതന്ത്രര്‍ എന്നിവര്‍ ഓരോ സീറ്റും നേടി.
രാവിലെ തപാല്‍ വോട്ട് എണ്ണുമ്പോള്‍ കുറച്ചു നേരത്തേക്ക് മഹാസഖ്യം മുന്നിട്ടു നിന്നെങ്കിലും പിന്നീട് വോട്ടെണ്ണല്‍ അവസാനിക്കും വരെ എന്‍ ഡി എ ശക്തമായ ആധിപത്യം തുടരുകയായിരുന്നു. രാവിലത്തെ കുതിച്ചു പൊങ്ങലും എക്‌സിറ്റ് പോള്‍ ഫലത്തിന്റെ സാധ്യതകളില്‍ പ്രതീക്ഷയുമര്‍പ്പിച്ച് ആര്‍ ജെ ഡി, കോണ്‍ഗ്രസ് ഓഫീസുകളില്‍ തയ്യാറാക്കി വെച്ച പടക്കങ്ങളും മധുരപലഹാരങ്ങളും വെറുതെയായി. നിതീഷ് കുമാറുമായി സീറ്റിനെ ചൊല്ലി തെറ്റിപ്പിരിഞ്ഞ ചിരാഗ് പാസ്വാന്‍ തിരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനം കൊണ്ട് ശ്രദ്ധേയനായി. 135 സീറ്റുകളില്‍ മത്സരത്തിനിറങ്ങിയ ചിരാഗ് പാസ്വാന് 5.7ശതമാനം വോട്ട് മാത്രമേ കിട്ടിയുള്ളൂവെങ്കിലും തന്റെ ബദ്ധശത്രുവായ നിതീഷിന്റെ ജനതാദള്‍ യു വിനെ 45 സീറ്റുകളില്‍ തോല്പ്പിക്കാന്‍ കഴിഞ്ഞു. സീറ്റു ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് താന്‍ നരേന്ദ്രമോദിയുടെ ഹനുമാനാണെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയ ചിരാഗ് പാസ്വാന്‍ നിതീഷ് കുമാറിന് എതിരെയുള്ള ഒറ്റയാള്‍ പട്ടാളമായാണ് പ്രവര്‍ത്തിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ നഷ്ടം വന്നത് നിതീഷ് കുമാറിന്റെ ജനതാദള്‍ യു വിനായിരുന്നു. 43 സീറ്റുമായി ജനതാദള്‍ യു മൂന്നാംസ്ഥാനത്തേക്ക് കൂപ്പുകുത്തിയപ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ 30 സീറ്റാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്. ഏതാനും സീറ്റുകളുടെ വിലപേശലില്‍ പുറത്തു പോയ ചിരാഗ് പാസ്വാനെ കൂടി ഒപ്പം നിര്‍ത്തിയിരുന്നെങ്കില്‍ 180-200 സീറ്റ് വരെ നേടി കഴിഞ്ഞ തവണത്തെ അതേ നിലവാരത്തിലേക്ക് എന്‍ ഡി എയ്ക്ക് മാറാന്‍ കഴിയുമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വികസ നേട്ടങ്ങളുമായി നേരിട്ടിറങ്ങി സ്വാധീനിച്ചതു കൊണ്ടാണ് ഇക്കുറി ഭരണത്തുടര്‍ച്ച ഉണ്ടായതു തന്നെ. 27 സീറ്റുകളില്‍ ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ജയിച്ചത് 500 ല്‍ താഴെ വോട്ടിനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തേജസ്വി യാദവിന് എതിരെ ഉയര്‍ത്തിക്കാട്ടിയത് അദ്ദേഹത്തിന്റെ പിതാവ് ലാലു പ്രസാദ് യാദവിന്റെ കാലത്തെ ‘കാട്ടുനീതി’യായിരുന്നു. തകര്‍ന്ന ക്രമസമാധാനവും സ്ത്രീകള്‍ക്കെതിരായ അക്രമവും കോടികളുടെ അഴിമതിയും യുവരാജകുമാരനിലൂടെ തിരിച്ചു വരണമോ എന്ന ചോദ്യം സാധാരണക്കാര്‍ക്കിടയില്‍ ശക്തമായ സ്വാധീനമാണ് സൃഷ്ടിച്ചത്. കാട്ടുഭരണം തിരിച്ചു വരുമെന്ന എന്‍ ഡി എയുടെ പ്രചാരണം സാധാരണക്കാര്‍ക്കിടയില്‍ ഭീതിയുടെ വിത്ത് വിതച്ചു. കാരണം, അത്രമാത്രം ദുരന്തങ്ങളായിരുന്നു ലാലുവിന്റെയും ഭാര്യ റാബ്രി ദേവിയുടെയും കാലത്ത് അരങ്ങേറിയത്. ഒവൈസിയുടെ മുസ്ലീം മജ്‌ലിസ് സീമാഞ്ചല്‍ മേഖലകളില്‍ നടത്തിയ വര്‍ഗ്ഗീയ പ്രചാരണം മറ്റുള്ളിടത്തു കൂടി ഹിന്ദു ധ്രുവീകരണത്തിന് വഴിവെച്ചു എന്നത് സത്യമാണ്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിതീഷിനെ ഉയര്‍ത്തിക്കാട്ടിയെങ്കിലും ഈ തിരഞ്ഞെടുപ്പിലെ നേട്ടം കൊയ്തത് ബി ജെ പിയാണ്. 2015 ലെക്കാള്‍ 19 സീറ്റാണ് ബി ജെ പിക്ക് കൂടിയത്. മത്സരിച്ച 115 സീറ്റുകളില്‍ 74 സീറ്റ് ബി ജെ പി നേടി. ബീഹാറില്‍ ഇക്കുറി ബി ജെ പി മുഖ്യമന്ത്രി എന്ന് പരസ്യമായി തന്നെ പറയാന്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് മടിയുണ്ടായില്ല. പക്ഷേ, നേതൃത്വവും അമിത്ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും നിതീഷ് തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് പറഞ്ഞു. ബി ജെ പിയുടെ പ്രചാരണവേദികളില്‍ ഒരിടത്തും നിതീഷിന്റെ ചിത്രം ഉണ്ടായിരുന്നില്ല. ഭരണവിരുദ്ധ വികാരം നിതീഷിലേക്ക് കേന്ദ്രീകരിച്ച് ദുര്‍ബലമാക്കാനുള്ള ബി ജെ പിയുടെ തന്ത്രം വിജയിച്ചു. ഒപ്പം ബീഹാറില്‍ ഭാവിയുടെ രാഷ്ട്രീയം ബി ജെ പിയുടേതാണെന്ന് ഉറപ്പിച്ചു. മുന്നണിയിലെ വലിയ കക്ഷിയായി ബി ജെ പി മാറിയതോടെ നിതീഷിന്റെ രാഷ്ട്രീയഭാവി അവസാനിക്കുകയാണ്. ഇത് തന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് നിതീഷ് കുമാര്‍ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ ഇനിയും ഒരു വസന്തത്തിന് സമയമില്ലെന്ന് ഉറപ്പിച്ച് നിതീഷ് യുഗം ബീഹാറില്‍ അവസാനിക്കുകയാണ്. എല്ലാ കാലത്തും നരേന്ദ്രമോദിയോട് അസൂയയില്‍ കുതിര്‍ന്ന എതിര്‍പ്പ് നിതീഷ് പുലര്‍ത്തിയിരുന്നു. 2005, 2010 കളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നരേന്ദ്രമോദി പ്രചാരണത്തിന് എത്തരുതെന്ന് ശാഠ്യം പിടിച്ച നിതീഷ് കുമാറിന് ഇക്കുറി മോദിയെ മുന്‍നിര്‍ത്തി, മോദിയുടെ പേരു പറഞ്ഞ്, മോദിയുടെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ടു പിടിക്കേണ്ടി വന്നു. 2010 ല്‍ പാറ്റ്‌നയില്‍ ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന് പ്രധാനമന്ത്രി മോദി അടക്കമുള്ള ദേശീയ നേതാക്കള്‍ എത്തിയപ്പോള്‍ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ട് അവസാന നിമിഷം പിന്‍വലിച്ച് അപമാനിച്ചു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് നിതീഷ് എന്‍ ഡി എ വിട്ടത്. 2017 ലാണ് മഹാസഖ്യം ഉപേക്ഷിച്ച് നിതീഷ് മടങ്ങിയത്.
ഏറ്റവും അവസാനത്തെ വോട്ടിംഗ് നില വിലയിരുത്തുമ്പോള്‍ മഹാസഖ്യത്തേക്കാള്‍ 0.37 ശതമാനം വോട്ട് മാത്രമാണ് എന്‍ ഡി എ നേടിയത്. ആ വോട്ടിന്റെ കരുത്തിലാണ് എന്‍ ഡി എ അധികാരം പിടിച്ചത്. അത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ജനവിഭാഗത്തിന്റെ വോട്ടാണ്. 18 വര്‍ഷത്തെ ഭരണം മൂലമുണ്ടായ ഭരണവിരുദ്ധ വികാരമാണ് മോദി പ്രഭാവം കൊണ്ട് മറികടക്കാനായത്. ബീഹാറിലെ വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ ശരാശരി ഭൂരിപക്ഷം ഇക്കുറി താഴ്ന്നു. പക്ഷേ 243 സീറ്റുകളില്‍ 130 സീറ്റുകളില്‍ 12768 വോട്ടുകളില്‍ കൂടുതല്‍ ഭൂരിപക്ഷം നേടി. പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് ശേഷം തന്നെ വരാന്‍ പോകുന്ന പരാജയത്തിന്റെ സാധ്യത മനസ്സിലാക്കിയിരുന്നു. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടന്ന 71 സീറ്റുകളില്‍ 22 എണ്ണം മാത്രമേ എന്‍ ഡി എയ്ക്ക് നേടാനായുള്ളൂ. ബാക്കി 46 സീറ്റും മഹാസഖ്യമാണ് നേടിയത്. ഇത് തിരിച്ചറിഞ്ഞാണ് പ്രധാനമന്ത്രി കൂടുതല്‍ സ്ഥലങ്ങളില്‍ പ്രചരണത്തിന് എത്തിയതും തേജസ്വി യാദവിന് എതിരെ അതിശക്തമായ ആക്രമണം അഴിച്ചുവിട്ടതും. രണ്ടാംഘട്ടത്തില്‍ മോദി ഉയര്‍ത്തിയ ‘ജംഗിള്‍ രാജ് കാ യുവരാജ്’ എന്ന മുദ്രാവാക്യം പിന്നീട് ബീഹാറിലുടനീളം ചര്‍ച്ചയായി എന്നു മാത്രമല്ല, ലാലു പ്രസാദിന്റെയും റാബ്രിയുടെയും കാലത്തു നടന്ന എല്ലാ അനീതികളും വീണ്ടും ചര്‍ച്ച ചെയ്യാനും ഇടയാക്കി. സംസ്ഥാനത്തേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് വന്നവരുടെ ദുരന്തവും തൊഴിലില്ലായ്മയും തിരഞ്ഞെടുപ്പ് വിഷയമാക്കാനായിരുന്നു മഹാസഖ്യത്തിന്റെ ശ്രമം. ആ ശ്രമത്തെ പുതിയ തൊഴിലവസരങ്ങളുടെയും മുദ്ര അടക്കമുള്ള കേന്ദ്ര പദ്ധതികളുടെയും പ്രഖ്യാപനത്തോടെ മറികടക്കാന്‍ കഴിഞ്ഞു. ഈ തരത്തില്‍ പഴുതുകള്‍ അടച്ചതുകൊണ്ടാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടന്ന 94 സീറ്റുകളില്‍ 54 എണ്ണവും മൂന്നാംഘട്ടം നടന്ന 78 ല്‍ 52 ഉം സീറ്റുകള്‍ എന്‍ ഡി എയ്ക്ക് നേടാനായത്. ഏറ്റവും താഴ്ന്ന തലം വരെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയടക്കം ഏകോപനവും പ്രചാരണവും ഉറപ്പാക്കാന്‍ കഴിഞ്ഞതോടെയാണ് രണ്ടും മൂന്നും ഘട്ടംകൊണ്ടു മാത്രം മഹാസഖ്യത്തെ മറികടക്കാന്‍ കഴിഞ്ഞത്.
ബീഹാര്‍ ജാതി മത രാഷ്ട്രീയത്തിന്റെ കോട്ടയാണ്. വികസനത്തേക്കാളും ദേശീയപ്രശ്‌നങ്ങളേക്കാളും അന്താരാഷ്ട്ര പ്രശ്‌നങ്ങളേക്കാളും ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് ജാതിയുടെ അഭിമാനവും മതതീവ്രവാദവുമാണ്. ഇക്കാര്യം ലാലുവിന്റെ മകനായ തേജസ്വിക്കും അദ്ദേഹത്തെ ബുദ്ധി ഉപദേശിച്ച് നയിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ക്കും നന്നായിട്ടറിയാം. പഴയ ക്രിക്കറ്റ് താരമായതുകൊണ്ടു തന്നെ തന്റെ താര പരിവേഷം കൂടി മുന്‍നിര്‍ത്തി സുശക്തമായ ഒരു സോഷ്യല്‍ എഞ്ചിനീയറിംഗിലൂടെ അധികാരത്തിലെത്താന്‍ കഴിയുമെന്നാണ് തേജസ്വി യാദവ് പ്രതീക്ഷിച്ചത്. 251 റാലികളിലാണ് തേജസ്വി പ്രസംഗിച്ചത്. ഉത്തര്‍പ്രദേശില്‍ പണ്ട് അധികാരത്തിലേറാന്‍ മായാവതി പ്രയോഗിച്ച ജാതി സമവാക്യത്തിന്റെ പുതിയ പകര്‍പ്പാണ് തേജസ്വി യാദവ് ഇക്കുറി ബീഹാറില്‍ പരീക്ഷിച്ചത്. രാഷ്ട്രീയ ജനതാദളിന്റെ ശക്തികേന്ദ്രമായ മുസ്ലീം-യാദവ വോട്ടിനൊപ്പം ഉയര്‍ന്ന ജാതികളെ കൂടി തങ്ങള്‍ക്കൊപ്പം കൊണ്ടുവന്ന് ഒരു പുതിയ ജാതി സമവാക്യത്തിലൂടെ അധികാരം പിടിക്കാനായിരുന്നു തേജസ്വി ശ്രമിച്ചത്. സീറ്റുകളുടെ വിതരണത്തില്‍ പോലും ഇത് നിഴലിച്ചു. 2015 ല്‍ ആര്‍ ജെ ഡി മത്സരിച്ച 101 സീറ്റുകളില്‍ 65 എണ്ണം, അതായത് 64 ശതമാനം യാദവര്‍ക്കാണ് കൊടുത്തത്. ഇക്കുറി 144 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ 58 എണ്ണം, അഥവാ 40 ശതമാനം മാത്രമാണ് യാദവര്‍ക്ക് നല്‍കിയത്. കഴിഞ്ഞതവണ 21 സീറ്റുകളില്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കില്‍ ഇക്കുറി അത് 17 ആയി കുറച്ചു. ബാക്കി സീറ്റുകള്‍ ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്മണര്‍ക്കും ഭൂമിഹാര്‍ തുടങ്ങിയവരടക്കമുള്ളവര്‍ക്കും നല്‍കി. യാദവരും മുസ്ലീങ്ങളും എന്തായാലും വോട്ട് ചെയ്യുമെന്നും ഉയര്‍ന്ന ജാതിക്കാരെ കൂടി കൂടെ നിര്‍ത്തിയാല്‍ അനായാസ ജയം ഉറപ്പാക്കാമെന്നുമായിരുന്നു തേജസ്വി കരുതിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. പാര്‍ട്ടിയുടെ ജാതി സ്വാധീനം ഊട്ടിയുറപ്പിക്കാനുള്ള ഈ ശ്രമം ഹിന്ദു ഐക്യത്തിന്റെയും ദേശീയതയുടെയും പരിച ഉപയോഗിച്ച് നരേന്ദ്രമോദിയും ദേവേന്ദ്ര ഫഡ്‌നവിസും അടക്കമുള്ള നേതൃനിര തകര്‍ത്തെറിഞ്ഞു.
തേജസ്വി യാദവിനും ആര്‍ ജെ ഡിക്കും ഏറ്റവും വലിയ വിനയായത് കോണ്‍ഗ്രസ്സാണ്. 2015 ലെ തിരഞ്ഞെടുപ്പില്‍ 27 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇക്കുറി 70 സീറ്റുകളിലാണ് മത്സരിച്ചത്. പക്ഷേ, 19 സീറ്റുകളില്‍ മാത്രമേ വിജയം കണ്ടുള്ളൂ. മഹാസഖ്യത്തിലെ ഇടതുകക്ഷികളായ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടി 12 സീറ്റും സി പി എമ്മും സി പി ഐയും രണ്ട് സീറ്റുകള്‍ വീതവും നേടി. 29 സീറ്റില്‍ മത്സരിച്ച അവര്‍ക്ക് 16 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് 19 സീറ്റ് മാത്രമേ നേടാനായുള്ളൂ. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടായ പ്രതിസന്ധികളും കാലം തെറ്റിയുള്ള സ്ഥാനാര്‍ത്ഥി പട്ടികയും പ്രചരണത്തിന് നല്ല നേതാക്കളുടെ അഭാവവും ഒക്കെതന്നെ കോണ്‍ഗ്രസ്സിന്റെ സാധ്യതകളെ തകര്‍ത്തെറിഞ്ഞു. തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ സമിതികള്‍ പുനസംഘടിപ്പിച്ചത് ആശയക്കുഴപ്പം കൂട്ടുകയും ചെയ്തു. രാഹുല്‍ഗാന്ധി ഒരു താരപ്രചാരകന്‍ പോയിട്ട് സാധാരണ ജനക്കൂട്ടത്തെ പോലും ആകര്‍ഷിക്കാത്ത നിലയിലേക്ക് തകര്‍ന്നുകഴിഞ്ഞു എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കോണ്‍ഗ്രസ്സിന് ബീഹാറില്‍ പ്രാദേശിക തലത്തില്‍ പോലും കൊള്ളാവുന്ന നേതാക്കള്‍ ഇല്ലാതായത് വീഴ്ചയുടെ പ്രധാന കാരണങ്ങളിലൊന്നായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മഹാസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ദല്‍ഹിയിലിരുന്ന് രാഹുല്‍ഗാന്ധിയും സംഘവുമാണ് നിയന്ത്രിച്ചത്.
തീവ്ര ഇസ്ലാമിക വിഭാഗമായ ഓള്‍ ഇന്ത്യാ മസ്ജിദി ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ ഐ എം ഐ എം) എന്ന ഒവൈസിയുടെ സംഘടന അഞ്ചു സീറ്റുകള്‍ നേടി. സീമാഞ്ചല്‍ മേഖലയിലെ 24 മണ്ഡലങ്ങളിലാണ് ഇവര്‍ മത്സരിച്ചത്. മഹാസഖ്യത്തിന്റെ സാധ്യതകള്‍ക്ക് ഇവര്‍ ഭീഷണിയാകുമെന്ന് പറഞ്ഞെങ്കിലും മറ്റു മണ്ഡലങ്ങളില്‍ ഇവര്‍ മഹാസഖ്യത്തിനൊപ്പം തന്നെയായിരുന്നു എന്നാണ് സൂചന. നോട്ടയുടെ താഴെ വോട്ടു നേടിയ കുറെയധികം പാര്‍ട്ടികളും ഇക്കുറി ബീഹാറിലുണ്ട്. 706252 പേര്‍ അഥവാ 1.07 ശതമാനമാണ് നോട്ടയ്ക്ക് വോട്ട് ചെയ്തത്. ആകെയുള്ള 7.3 കോടി വോട്ടര്‍മാരില്‍ 57.09 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്, അതായത് നാല് കോടി. സി പി എം, സി പി ഐ, ശിവസേന, എന്‍ സി പി തുടങ്ങിയ പാര്‍ട്ടികളൊക്കെ നോട്ടയ്ക്ക് ഏറെ താഴെ, ഒരു ശതമാനം പോലും എത്താതെയാണ് അവസാനിച്ചത്.
നിതീഷ് കുമാറിന് എതിരായ ഭരണവിരുദ്ധ വികാരം മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും സംഘത്തിനും ഭഗീരഥ പ്രയത്‌നമാണ് നടത്തേണ്ടി വന്നത്. ഒന്നാംഘട്ട തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം കാരണമാണ് ഇനിയൊരു തിരഞ്ഞെടുപ്പിന് ഇല്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളിലായി സദ്ഭരണത്തിന്റെ നായകന്‍ എന്ന അര്‍ത്ഥം വരുന്ന (സുശാസന്‍ ബാബു)എന്ന് അറിയപ്പെട്ടിരുന്ന നിതീഷിന്റെ പ്രതിച്ഛായക്ക് ഇടിവു വന്നിരുന്നു. ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി നിയന്ത്രിക്കുന്നതില്‍ നിതീഷ് പരാജയപ്പെട്ടു എന്ന വിലയിരുത്തല്‍ പൊതുവെയുണ്ട്. മുന്നണി മര്യാദയനുസരിച്ച് കൂടുതല്‍ സീറ്റ് കിട്ടുന്ന പാര്‍ട്ടിക്കാണ് മുഖ്യമന്ത്രിസ്ഥാനമെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും സൗമനസ്യത്തോടെ നിതീഷ് കുമാറിന് നല്‍കുകയായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് പ്രധാനമന്ത്രി നയിച്ചത് കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികളും അതിന്റെ ഗുണഭോക്താക്കളായ പാവപ്പെട്ടവരെയും ഊന്നിയാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലുടനീളം സ്ത്രീ ശാക്തീകരണത്തിനും കുടുംബങ്ങള്‍ക്കുമായി നടപ്പാക്കിയ പദ്ധതികളിലാണ് അദ്ദേഹം ഊന്നിയത്. ബീഹാര്‍ അടക്കമുള്ള ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ഏറ്റവും വലിയ പ്രശ്‌നമായിരുന്ന വെളിയിട വിസര്‍ജ്ജനത്തിന് പരിഹാരമായി നിര്‍മ്മിച്ച ശൗചാലയങ്ങളും എട്ടുകോടിയിലേറെ വീടുകളിലേക്ക് പാചകവാതകം എത്തിച്ച ഉജ്ജ്വല്‍ യോജനയും ഗ്രാമങ്ങളെ വൈദ്യുതീകരിച്ച ദീന്‍ ദയാല്‍ ഉപാദ്ധ്യായ വൈദ്യുതീകരണ പദ്ധതിയും ലാലുവിന്റെ ജംഗിള്‍ രാജിന് എതിരെ ഉയര്‍ത്തിക്കാട്ടി. മോദിയുടെ പാവപ്പെട്ടവരെ ലക്ഷ്യമിട്ടുള്ള പ്രചാരണം കുറിക്കു കൊണ്ടു. ഒപ്പം തേജസ്വി യാദവും മഹാസഖ്യവും മുന്നോട്ടുവെച്ച മുസ്ലീം യാദവ സഖ്യത്തിന്റെ അപകടം കാശ്മീരിനെയും ബംഗാളിനെയും ഉദ്ധരിച്ച് ദേശീയതയുടെയും ഹിന്ദുത്വത്തിന്റെയും ശക്തമായ ഐക്യബോധം മുന്നോട്ടു വെച്ച് മറികടക്കാനും കഴിഞ്ഞു.
ഗ്രാമീണ കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി സമ്മാന്‍ നിധിയില്‍ നിന്ന് പ്രഖ്യാപിച്ചിരുന്ന 2000 രൂപ ആഗസ്ത്-സപ്തംബര്‍ മാസങ്ങളില്‍ തന്നെ വിതരണം ചെയ്തിരുന്നു. സംസ്ഥാനത്ത് മൊത്തം 7572620 പേര്‍ക്കാണ് സമ്മാന്‍ നിധിയില്‍ നിന്ന് ആനുകൂല്യം ലഭിക്കേണ്ടിയിരുന്നത്. ഇതിന്റെ 99 ശതമാനം പേര്‍ക്കും ഒക്ടോബര്‍ അവസാനത്തിനു മുന്‍പു തന്നെ 2000 രൂപയുടെ ഗഡു കിട്ടിയിരുന്നു. ഇതു കൂടാതെ കൊറോണ കാലത്തെ ഭക്ഷ്യപ്രശ്‌നം നേരിടാന്‍ പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയിലൂടെ അര്‍ഹതയുള്ള കുടുംബങ്ങളിലേക്കെല്ലാം സൗജന്യ റേഷന്‍ എത്തിയതും നേട്ടമായി. കഴിഞ്ഞ ജൂലായ് മുതല്‍ ഒക്ടോബര്‍ വരെ 1742328 ടണ്‍ ഭക്ഷ്യധാന്യമാണ് സംസ്ഥാനത്ത് എത്തിയത്. 1270000 ടണ്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യുകയും ചെയ്തു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് പൂര്‍വ്വാഞ്ചല്‍ മേഖലയിലെ ബീഹാര്‍ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് നിരവധി പുതിയ പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും പൂര്‍ത്തിയാക്കിയവ ഉദ്ഘാടനം നടത്തുകയും ചെയ്തു. ഇവയെല്ലാം ബീഹാറിലെ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം കൂട്ടുക മാത്രമല്ല, പറയുന്നതൊക്കെ പ്രധാനമന്ത്രി ചെയ്യുമെന്ന വിശ്വാസം സൃഷ്ടിക്കുകയും ചെയ്തു.
വനിതാ വോട്ടര്‍മാര്‍ വന്‍തോതില്‍ ബി ജെ പിക്കുവേണ്ടി രംഗത്തു വന്നത് പാവപ്പെട്ടവരുടെ ജീവിതത്തിലുണ്ടാക്കിയ പരിവര്‍ത്തനം കാരണം തന്നെയാണ്. എക്‌സിറ്റ് പോള്‍ അടക്കം പല പ്രമുഖ ദേശീയ മാധ്യമങ്ങള്‍ നടത്തിയ അഭിമുഖങ്ങളിലും ഇക്കാര്യം വനിതാ വോട്ടര്‍മാര്‍ തന്നെ വ്യക്തമാക്കി. ശൗചാലയങ്ങളും പാചകവാതകവും വൈദ്യുതീകരണവും സൗജന്യ ഭക്ഷ്യധാന്യങ്ങളും കൊറോണയെ നേരിടാന്‍ സ്വീകരിച്ച നടപടികളും വെവ്വേറെയായി പലരും പരാമര്‍ശിച്ചു. തേജസ്വി യാദവ് തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ബീഹാറിലെ രാഷ്ട്രീയരംഗത്ത് ഒരു പുതിയ താരമായി എന്നതില്‍ അഭിപ്രായവ്യത്യാസമില്ല. പക്ഷേ, അഴിമതിയുടെയും ദുര്‍ഭരണത്തിന്റെയും ജാതിമത ദുരുപയോഗത്തിന്റെയും പാരമ്പര്യത്തില്‍ നിന്ന് പുറത്തു വരാന്‍ കഴിയാത്തതാണ് തേജസ്വിക്കേറ്റ ഏറ്റവും വലിയ തിരച്ചടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജംഗിള്‍ രാജിലെ യുവരാജാവ് എന്ന പ്രയോഗം മറികടക്കാന്‍ നാടകീയമായ രംഗങ്ങള്‍ ഒരുക്കിയെങ്കിലും കഴിഞ്ഞില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. തേജസ്വിയുടെ യോഗത്തിനെത്തിയ ആള്‍ക്കൂട്ടം ഹെലികോപ്റ്റര്‍ കാണാനായിരുന്നുവെന്ന ചില പത്രപ്രവര്‍ത്തകരുടെ പോലും അഭിപ്രായം അതിശയോക്തികരമല്ല. തേജസ്വി മുന്നോട്ടു വെച്ച പത്തുലക്ഷം തൊഴിലവസരങ്ങള്‍ എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പൊള്ളയാണെന്ന് തെളിയിക്കാന്‍ എന്‍ ഡി എയ്ക്ക് കഴിഞ്ഞു. ലാലു പ്രസാദിന്റെയും റാബ്രിയുടെയും മോശമായ പ്രതിച്ഛായ തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാന്‍ അവരുടെ ചിത്രങ്ങള്‍ പോസ്റ്ററില്‍ പോലും ഉപയോഗിക്കാതിരിക്കാന്‍ തേജസ്വി ശ്രദ്ധിച്ചെങ്കിലും അതൊന്നും തന്നെ ഫലം കണ്ടില്ല.
വരാന്‍ പോകുന്ന ബംഗാള്‍, തമിഴ്‌നാട്, കേരളം, അസം തുടങ്ങിയ തിരഞ്ഞെടുപ്പുകള്‍ക്ക് ബീഹാറിലെ വിജയം നേട്ടമാകുമെന്ന് പ്രതീക്ഷിച്ച കോണ്‍ഗ്രസ്സിന് അടിപതറി. പ്രിയങ്കാ വാദ്ര എവിടെയും പോകാതെ ശ്രദ്ധ കേന്ദ്രീകരിച്ച യു പിയില്‍ ഏഴില്‍ ആറു സീറ്റും ബി ജെ പി നേടി. കര്‍ണ്ണാടകത്തിലും മധ്യപ്രദേശിലും ബംഗാളിലും മണിപ്പൂരിലുമെല്ലാം ഈ വിജയം ആവര്‍ത്തിച്ചു. തെലങ്കാനയിലും ടി ആര്‍ എസ്സിന്റെ ശക്തികേന്ദ്രത്തെ ഞെട്ടിച്ച് ബി ജെ പി നേടിയ വിജയം ഒരു പുതിയ താരോദയം തന്നെയാണ് കാട്ടുന്നത്. ബീഹാറില്‍ മാത്രമല്ല, ഭാരതം മുഴുവന്‍ നരേന്ദ്ര മോദിയുടെ കാവിതരംഗം പ്രതിഫലിക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഉയര്‍ത്തുന്ന സൂചന.