പുരോഗതിക്ക് പ്രക്ഷോഭം മാത്രമേ അനിവാര്യമായുള്ളൂ എന്ന് ഭാരതീയദര്‍ശനം കരുതുന്നില്ല. അധര്‍മ്മത്തെ ഇല്ലായ്മ ചെയ്യുവാനുള്ള അവസാനമാര്‍ഗമാണ് പ്രക്ഷോഭം. സഹകരണത്തിലും സമന്വയത്തിലും അധിഷ്ഠിതമാണ് നമ്മുടെ വികസനസങ്കല്‍പം. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ വിവിധവശങ്ങളെ സ്വാശ്രയപൂര്‍ണമാക്കാന്‍ ഏകാത്മബോധം അത്യാവശ്യമാണ്. ശരീരത്തിലെ വിവിധ അവയവങ്ങള്‍ പരസ്പരം അശ്രയിക്കപ്പെട്ടിരിക്കുന്നതുപോലെ വ്യക്തികളുടെയും സമാജത്തിന്റെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് രാഷ്ട്രത്തിന്റെയും പൊതുസമൂഹത്തിന്റെയും ഉയര്‍ച്ച സാദ്ധ്യമാകുക. ബന്ധപ്പെട്ട ജനങ്ങളുമായും കക്ഷികളുമായും നിരന്തരം നടത്തുന്ന ചര്‍ച്ചകളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം നയരൂപീകരണപ്രക്രിയ മുന്നോട്ടു പോകേണ്ടത്. ഇതുവഴി ഏകത്വബോധവും പരസ്പരവിശ്വാസവും വളരും. എല്ലാവരുമായും തുറന്ന ചര്‍ച്ച, അതുവഴി സമവായം, സഹകരണം ഉറപ്പിക്കല്‍ എന്നിവയാണ് കുടുംബത്തിലും സമൂഹത്തിലും വിശ്വാസ്യതയും മികവും വളര്‍ത്തുവാനുള്ള മാര്‍ഗം.
”സമാനോ മന്ത്രഃ സമിതിഃ സമാനീ
സമാനം മനഃ സഹ ചിത്തമേഷാം
സമാനം മന്ത്രമഭിമന്ത്രയേ വഃ
സമാനേന വോ ഹവിഷാ ജുഹോമി.”
(ഒരുമിച്ചു പ്രവര്‍ത്തിക്കുന്നവരുടെ മന്ത്രം സമാനമാകുന്നു, അതായത് ഇവര്‍ പരസ്പരം കൂടിയാലോചിച്ച് ഒരു നിര്‍ണ്ണയത്തിലെത്തിച്ചേരുന്നു. ചിത്തമുള്‍പ്പെടെ ഇവരുടെ മനസ്സ് സമാനമാകുന്നു. നിങ്ങള്‍ സമാനനിശ്ചയത്തിലെത്തിച്ചേരാനുള്ള പ്രേരണ (ഉപദേശം) ഞാന്‍ നല്‍കുന്നു, സമാനമായ ഹവിസ്സും ഞാന്‍ നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു.)
സൗഭാഗ്യവശാല്‍, ഈ വിശ്വാസം എല്ലാവരുടെ മനസ്സിലും, എല്ലാ വിഷയങ്ങളെക്കുറിച്ചും ഉണ്ടാക്കുന്നതിനുള്ള കഴിവ് ഇന്നത്തെ രാഷ്ട്രീയനേതൃത്വത്തിന് ഉണ്ടെന്ന് ആശിക്കാനും പ്രതീക്ഷിക്കാനും നമുക്ക് കഴിയും. കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ ഇക്കാര്യം ഉറപ്പാക്കുവാന്‍, സര്‍ക്കാരിനേയും സമൂഹത്തേയും പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനങ്ങള്‍ വേണ്ടത്ര സുതാര്യവും സംവേദനക്ഷമവും ആക്കണം. പരസ്പരധാരണയോടെ നയങ്ങള്‍ നടപ്പാക്കപ്പെടുമ്പോള്‍ വലിയ മാറ്റങ്ങളുടെ ആവശ്യമുണ്ടാകാറില്ല. സഹകരണത്തിന്റെ അന്തരീക്ഷം വര്‍ദ്ധിക്കുകയും ചെയ്യും. നിശ്ചയിക്കപ്പെട്ട നയങ്ങള്‍ നടപ്പാക്കുമ്പോള്‍ അവസാനഘട്ടം വരെയും നിയന്ത്രണവും ജാഗ്രതയും ഉണ്ടാവണം. നയരൂപീകരണത്തിന്റെ കൂടെ അതിന്റെ നടത്തിപ്പിനുള്ള സന്നദ്ധതയും സുതാര്യതയും ഉറപ്പാക്കുകവഴി നയത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ ഗുണം പൂര്‍ണമായും ലഭിക്കും.
കാര്‍ഷിക, ഉല്‍പ്പാദനമേഖലകളുടെ വികേന്ദ്രീകരണം വഴി ചെറുകിട-ഇടത്തരം സംരംഭങ്ങളെ സഹായിക്കണം. അതിലൂടെ സ്വയംതൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിക്കും. പരിസ്ഥിതിസൗഹൃദനയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തികോന്നതി ലക്ഷ്യമിട്ട് സ്വയംപര്യാപ്തമായ ഉല്‍പ്പാദനകേന്ദ്രങ്ങള്‍ ആരംഭിക്കുകയും വേണം. ഈ കാഴ്ചപ്പാടിന് കൊറോണക്കാലത്ത് ബുദ്ധിജീവികളുടെയും നയരൂപീകരണ രംഗത്തുള്ളവരുടെയും പിന്തുണ വര്‍ദ്ധിച്ചിട്ടുണ്ട്. ഈ മേഖലകളിലെ തുടക്കക്കാരും പ്രവര്‍ത്തനപരിചയമുള്ളവരും തുടങ്ങി കര്‍ഷകരടക്കം എല്ലാവരും നമ്മുടെ രാജ്യത്തെ പുതിയ സംരംഭങ്ങളുടെ വിജയത്തിനായി കാത്തിരിക്കുന്നവരാണ്. മറ്റു ദേശങ്ങളിലെ സാമ്പത്തികശക്തികളോട് മത്സരക്ഷമത പുലര്‍ത്താന്‍ സര്‍ക്കാര്‍ ഇവര്‍ക്ക് സുരക്ഷാകവചമൊരുക്കണം. സാമ്പത്തികസഹായം നല്‍കുന്നതിനൊപ്പം താഴെത്തട്ടില്‍ അതിന്റെ യഥാര്‍ത്ഥമായ ഉപയോഗം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. അങ്ങനെ വന്നാല്‍ കൊറോണയ്ക്കുശേഷം ആറുമാസത്തിനുള്ളില്‍ത്തന്നെ ഇത്തരം സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമാകാന്‍ കഴിയും.
ജനങ്ങളുടെ പ്രതീക്ഷയും നമ്മുടെ സാംസ്‌ക്കാരികമൂല്യങ്ങളും ഒത്തുചേര്‍ന്നുപോകുംവിധമുള്ള ഒരു ലക്ഷ്യത്തിലേയ്ക്ക് രാജ്യത്തെ നയിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയും വികസനപന്ഥാവും ഉണ്ടാക്കിയെടുക്കണം. എല്ലാവരുടേയും സമവായത്തോടേയും പങ്കാളിത്തത്തോടേയും, ഭാവാത്മകരീതിയില്‍, പിഴവുകളില്ലാതെ, സന്നദ്ധതയോടെ, നിശ്ചയിച്ച രീതിയില്‍ത്തന്നെ പദ്ധതികള്‍ നടപ്പാക്കുമെന്ന് ഉറപ്പുവരുത്തണം. വികസനത്തിന്റെ നേട്ടങ്ങളും അംഗീകാരങ്ങളും അവസാനവ്യക്തിയില്‍വരെ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കിക്കിട്ടുകയും ഉല്‍പ്പാദകര്‍ക്കും സംരംഭകര്‍ക്കും കമ്പോളത്തില്‍ നേരിട്ട് ഇടപെടാനാവുകയും ചെയ്താല്‍ നമ്മുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകും. അല്ലാത്തപക്ഷം അപകടവും പരാജയവും വന്നുചേരാം.
മേല്‍പ്പറഞ്ഞ അഭിപ്രായങ്ങളെല്ലാം പ്രാധാന്യമര്‍ഹിക്കുന്നവയാണെങ്കിലും സമാജത്തിന്റെ ഉത്തരവാദിത്തബോധമാണ് രാഷ്ട്രത്തിന്റെ ഉയര്‍ച്ചയുടെ ആധാരം. കൊറോണയുടെ അനന്തരഫലമെന്നോണം ലോകത്തിന് സ്വത്വത്തിന്റെ മഹത്വവും ബോദ്ധ്യമായി. ദേശീയതയുടേയും സാംസ്‌കാരികമൂല്യങ്ങളുടേയും പ്രാധാന്യവും, പരിസ്ഥിതിയെക്കുറിച്ചുള്ള ചിന്തയും അതിനായി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയുമെല്ലാം ഈ അന്തരീക്ഷത്തിന്റെ ഫലമാണ്. സാഹചര്യം മാറുന്നതോടെ ഈ അന്തരീക്ഷം തണുത്തുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. വീണ്ടും സമാജത്തിന്റെ പെരുമാറ്റം ഇത്തരം ശാശ്വതപ്രാധാന്യമുള്ള ഉപകാരപ്രദമായ കാര്യങ്ങളെ അവഹേളിക്കുന്ന തരത്തിലും ആയിമാറരുത്. മുഴുവന്‍ സമാജവും നിരന്തരമായ പരിശീലനത്തിലൂടെ ഈ ആചരണം തുടരുകയും പടിപടിയായി മുന്നോട്ടുകൊണ്ടുപോവുകയും ചെയ്താല്‍ മാത്രമേ ഇതെല്ലാം സാദ്ധ്യമാകൂ. തുടര്‍ച്ചയായ ബോധവല്‍ക്കരണത്തിലൂടെയും സ്വയം ചെറിയ മാറ്റങ്ങള്‍ വരുത്തിയും നമുക്ക് സാഹചര്യങ്ങളെ പരിവര്‍ത്തനപ്പെടുത്തിയെടുക്കാം.
മുന്നേറ്റം വീട്ടില്‍നിന്നാരംഭിക്കാം
ഈ മുന്നേറ്റത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും പങ്കാളികളാകാം. ആഴ്ചയില്‍ ഒരിക്കല്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് രണ്ടുമൂന്നുമണിക്കൂര്‍ അനൗപചാരിക ചര്‍ച്ചകളാകാം. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം. മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ കുടുംബത്തില്‍ എങ്ങനെ നടപ്പാക്കാം എന്ന് ആലോചിക്കാം. അടുത്ത ആഴ്ചയില്‍ അതിനെക്കുറിച്ച് വീട്ടില്‍ ചര്‍ച്ച ചെയ്യുക എന്നതാണ് പ്രധാനം. വിഷയം പുതിയതോ പഴയതോ എന്നതിനെ ആശ്രയിച്ചല്ല അതിന്റെ പ്രയോജനം നിശ്ചയിക്കേണ്ടത്. ഏതുകാര്യവും പരീക്ഷിച്ചതിനുശേഷം മാത്രമേ അത് പ്രയോജനപ്രദമാണോ അല്ലയോ എന്ന് കണക്കാക്കാവൂ. ഈ രീതിയാണ് നാം സ്വീകരിക്കേണ്ടത്. നമ്മുടെ കൃതികളില്‍ ഇങ്ങനെ പറയുന്നു. ”സന്തഃ പരീക്ഷ്യാന്യതരദ്് ഭജന്തേ മൂഢഃ പരപ്രത്യയനേയ ബുദ്ധിഃ” (വകതിരിവുള്ള സല്‍പുരുഷന്മാര്‍ പരീക്ഷിച്ചു നോക്കി യോഗ്യമായതിനെ സ്വീകരിക്കുന്നു. മറ്റുള്ളവരുടെ ബുദ്ധിക്കു പിന്നാലെ പോകുന്നത് മൂഢന്മാരുടെ പ്രകൃതമാണ്.) കുടുംബത്തില്‍ നടക്കുന്ന അനൗപചാരികചര്‍ച്ചയിലൂടെ, വിഷയത്തിന്റെ എല്ലാ വശങ്ങളേയും കുറിച്ചും, യഥാര്‍ത്ഥത്തില്‍ അതാവശ്യമാണോ എന്നും മനസ്സിലാകും. അതിനെ ഉള്‍ക്കൊള്ളണോ വേണ്ടയോ എന്ന് അപ്പോള്‍ തീരുമാനിക്കാനാകും. പരസ്പരധാരണയോടേയും അവരവരുടെ ഇഷ്ടാനുസാരവുമാണ് മാറ്റമെങ്കില്‍ അത് അംഗീകരിക്കപ്പെടുകയും സ്ഥായിയായി മാറുകയും ചെയ്യും. തുടക്കമെന്ന നിലയില്‍ വീട്ടിലെ ക്രമീകരണങ്ങളും കുടുംബത്തിലെ ആചാരങ്ങളും പാരമ്പര്യവും എല്ലാം ചര്‍ച്ച ചെയ്യാം. പരിസ്ഥിതി എന്ന വിഷയം സര്‍വസ്വീകാര്യവും പരിചിതവുമായതിനാല്‍ ജലസംഭരണം, പ്ലാസ്റ്റിക് ബഹിഷ്‌ക്കരണം, ചെടിനട്ടുവളര്‍ത്തല്‍, പഴം-പച്ചക്കറികൃഷി എന്നിവ ചര്‍ച്ച ചെയ്യുകയും കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യാം.
നാമെല്ലാവരും വ്യക്തിപരമായും കുടുംബത്തിനായും പണവും സമയവും ചെലവാക്കാറുണ്ട്. എന്നാല്‍ നമ്മുടെ സമാജത്തിനുവേണ്ടി നാം എത്ര സമയവും പണവും ചെലവാക്കുന്നുണ്ട് എന്നത് ചര്‍ച്ച ചെയ്യാം. പ്രവര്‍ത്തനത്തിനുള്ള ആദ്യത്തെ വിഷയവും അതുതന്നെയാക്കാം. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരും ഭാഷ സംസാരിക്കുന്നവരും ഇതര പ്രദേശങ്ങളിലുള്ളവരുമായ എത്ര വ്യക്തികളും കുടുംബങ്ങളുമായി നമുക്ക് സൗഹൃദമുണ്ട്? അങ്ങനെയുള്ളവരുടെ വീടുകളില്‍ പോവുകയും ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ടോ? വീടുകളിലുള്ള പരസ്പര സന്ദര്‍ശനം, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ സാമാജികസമരസതയുടെ കാഴ്ചപ്പാടില്‍ കുടുംബങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ട പ്രധാന വിഷയങ്ങളാണ്. രക്തദാനം, നേത്രദാനം പോലുള്ള പരിപാടികളില്‍ നമ്മുടെ കുടുംബത്തിന്റെ ശരിയായ പങ്കാളിത്തം ഉറപ്പിക്കണം. ഇവയുടെ പ്രാധാന്യത്തെപ്പറ്റി ബോധവല്‍ക്കരണം നടത്താനും ശ്രമിക്കണം.
ഇതുപോലുള്ള ചെറിയ പരിശ്രമങ്ങളിലൂടെ സൗഹാര്‍ദ്ദം, ശുചിത്വം, സംയമനം, അച്ചടക്കം, പെരുമാറ്റത്തില്‍ മൂല്യങ്ങള്‍ എന്നിവ വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയും. അതിന്റെ ഫലമായി പൗരന്റെ കര്‍ത്തവ്യ പാലനത്തിലൂടെ, സാമൂഹികപെരുമാറ്റവും പരസ്പരസൗഹാര്‍ദ്ദവും വളര്‍ത്തുന്നതായിത്തീരും. ബോധവല്‍ക്കരണത്തിലൂടെ, നമ്മുടെ ഏകാത്മതയുടെ ആധാരം ഹിന്ദുത്വമാണെന്ന് സാധാരണക്കാരന്റെ മനസ്സിലുറപ്പിക്കണം. അതിലൂടെ ദേശത്തിനായി പൗരുഷത്തിലൂടെ തന്റെ ദേശീയസ്വരൂപത്തിന്റെ ആത്മാവബോധം ഉണര്‍ത്തണം. സമാജഘടകങ്ങളുടെ സ്‌നേഹപൂര്‍ണമായ പരസ്പരാശ്രയത്വവും നമ്മുടെ സാമൂഹികശക്തിയാല്‍ എന്തും സാദ്ധ്യമാകുമെന്ന ആത്മവിശ്വാസവും സൃഷ്ടിക്കണം. വികാസയാത്രയുടെ ലക്ഷ്യത്തെക്കുറിച്ച് മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ബോദ്ധ്യപ്പെടുത്തണം. എങ്കില്‍, മുഴുവന്‍ ലോകത്തിന്റേയും സുഖത്തിനും ശാന്തിക്കുമുള്ള യുഗാനുകൂലമായ വഴികാട്ടിയായി ഭാരതം മാറും. സാഹോദര്യഭാവത്തിന്റെ അടിസ്ഥാനത്തില്‍, മനുഷ്യന് യഥാര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യവും സമത്വവും പ്രദാനം ചെയ്യാന്‍ സാധിക്കുന്ന നിലയിലേയ്ക്കുയരാന്‍ സമീപഭാവിയില്‍ത്തന്നെ ഇതിലൂടെ ഭാരതത്തിന് സാധിക്കും.
വ്യക്തികളുടെയും കുടുംബങ്ങളുടെയും മേല്‍പ്പറഞ്ഞതുപോലുള്ള ആചരണത്തിലൂടെ സഹോദര്യം, പുരുഷാര്‍ത്ഥം, നീതിപൂര്‍വമായ പെരുമാറ്റം എന്നിവയുടെ അന്തരീക്ഷം മുഴുവന്‍ ദേശത്തിലും സംജാതമാകും. ഇക്കാര്യം നേരിട്ട് നടപ്പാക്കാന്‍ കഴിയുന്ന കാര്യകര്‍ത്താക്കളെ ദേശം മുഴുവനും സൃഷ്ടിക്കുകയെന്ന പ്രവര്‍ത്തനമാണ് 1925 മുതല്‍ രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്തുവരുന്നത്. ഇപ്രകാരമുള്ള സംഘടിതസ്ഥിതിയാണ് സമാജത്തിന്റെ സ്വാഭാവികവും ആരോഗ്യപൂര്‍ണവുമായ അവസ്ഥ. നൂറ്റാണ്ടുകള്‍ നീണ്ട അധിനിവേശങ്ങള്‍ക്കുശേഷം സ്വാതന്ത്ര്യം നേടിയ നമ്മുടെ രാഷ്ട്രത്തിന്റെ നവോദയത്തിനുള്ള മുന്നുപാധിയാണ് മേല്‍പ്പറഞ്ഞ സംഘടിതസമാജം.
ഇങ്ങനെയുള്ള ഒരു സമാജസൃഷ്ടിക്കായി നിരവധി മഹാത്മാക്കള്‍ പരിശ്രമിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം ഇതേ ലക്ഷ്യത്തോടെ, ഇതിനെ യുഗാനുകൂലമായ ഭാഷയില്‍ നിര്‍വചിക്കുന്ന, അതിനുള്ള പെരുമാറ്റസംഹിതയെ ഉദ്‌ഘോഷിക്കുന്ന ഭരണഘടനയാണ് നമുക്ക് ലഭിച്ചത്. ഭരണഘടനാതത്ത്വങ്ങളെ ഫലപ്രാപ്തിയിലെത്തിക്കുന്നതിനായി മുഴുവന്‍ സമാജത്തിലും വ്യക്തമായ കാഴ്ചപ്പാട്, പരസ്പരസമരസത, ഏകാത്മഭാവം, ദേശഹിതത്തെ സര്‍വോപരിയായി കണക്കാക്കുക തുടങ്ങിയവയെല്ലാം സംഘപ്രവര്‍ത്തനത്തിലൂടെ മാത്രമേ നടപ്പാവുകയുള്ളൂ.
ഈ ലക്ഷ്യം നേടുന്നതിനായി, ആത്മാര്‍ത്ഥമായും നിഃസ്വാര്‍ത്ഥ ബുദ്ധിയോടെയും തനമനധനപൂര്‍വകമായും പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് സ്വയംസേവകര്‍ ഭാരതത്തിലുണ്ട്. അവരോടൊപ്പം ചേര്‍ന്ന് രാഷ്ട്രപുനര്‍നിര്‍മാണത്തിന്റേതായ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ നിങ്ങളേവരെയും ക്ഷണിച്ചുകൊണ്ട് ഞാനെന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു.
പ്രശ്‌ന് ബഹുത് സേ ഉത്തര്‍ ഏക് കദം മിലാകര്‍ ബഢേ അനേക്
വൈഭവ് കേ ഉത്തുംഗ് ശിഖര്‍പര്‍ സഭീ ദിശാ സേ ചഢേ അനേക്
(ചോദ്യമനേകം ഉത്തരമേകം
ഒന്നിച്ചൊന്നായ് മുന്നേറുക നാം
ഉന്നതവൈഭവമുടിമുകളേറാന്‍ ദിക്കുകള്‍തോറും അണയുക നാം.)
ഭാരത് മാതാ കീ ജയ്