മലയാള സാഹിത്യ ചരിത്രത്തില്‍ അര്‍ഹതപ്പെട്ട സ്ഥാനം ലഭിക്കാതെ പോയ ‘ചിന്താവിഷ്ടയായ സീത’ നൂറിന്റെ നിറവിലും സജീവ സാന്നിദ്ധ്യം.
കുമാരനാശാന്റെ വിശ്രുതമായ സീതാകാവ്യം മലയാളത്തിന്റെ അത്യപൂര്‍വ്വ രചനകളിലൊന്നാണ്. മലയാളത്തില്‍ ആദ്യമായി പെണ്ണിന്റെ പക്ഷത്തു നിന്നും രചന നടത്തിയത് മഹാകവി കുമാരനാശാനാണ്. പെണ്ണിന്റെ ആത്മാഭിമാനത്തിന്റെ പെണ്‍പോരിമയായി ആശാന്റെ സീതയെ വിശേഷിപ്പിക്കുന്നു.
ഈ സര്‍ഗ്ഗ സൃഷ്ടിയെ മലയാളത്തിലെ എക്കാലത്തെയും മികച്ച കാവ്യ കൃതിയായി വിമര്‍ശകര്‍ വിലയിരുത്തുന്നു. ആണധികാരത്തെ ഇത്രയേറെ വിമര്‍ശിക്കുന്ന സീതാകാവ്യം പോലുള്ള കവിത ഇല്ലെന്നു തന്നെ പറയാം. ‘വിമോചിത’ എന്നൊരു വാക്ക് വളരെ പ്രസക്തിയോടെ അര്‍ത്ഥ ഗാംഭീര്യത്തോടെ മലയാള സാഹിത്യത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ചിന്താവിഷ്ടയായ സീതയിലൂടെയാണ്.
1919 ഡിസംബറിലാണ് ഈ കാവ്യം ആറ്റൂര്‍ കൃഷ്ണപ്പിഷാരടിയുടെ ദീര്‍ഘമായ പഠനത്തോടൊപ്പം പ്രസിദ്ധീകരിച്ചത്. ആശാന്‍ കൃതികളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ് സീതാകാവ്യം. അക്കാലത്ത് കവിതാരചന പുരാണ ഇതിഹാസങ്ങളില്‍ നിന്നും പ്രമേയം സ്വീകരിച്ചു കൊണ്ടായിരുന്നു. മലയാളത്തിലെ ആദ്യകവിയായ ചീരാമന്‍ മുതല്‍ വള്ളത്തോള്‍ വരെയുള്ള കവികള്‍ പുരാണ പ്രസിദ്ധമായ കാവ്യഭാഗങ്ങള്‍ക്ക് നിറം കൊടുത്തു പുനര്‍ സൃഷ്ടി നടത്തുകയായിരുന്നു. അതില്‍ നിന്നൊക്കെ തികച്ചും വേറിട്ട വഴിയിലൂടെയാണ് ഞെട്ടറ്റ് വീണ പൂവിന്റെ ദുഃഖം മഹിതമായ വികാരങ്ങളും വിചാരങ്ങളും പകര്‍ത്തിയത്.
സ്വതന്ത്ര കവിതാ പ്രസ്ഥാനത്തിന്റെ ആചാര്യനായി കുമാരനാശാനെയാണ് വിശേഷിപ്പിക്കുന്നത്. മലയാള കവിതയ്ക്ക് പുതുവഴികള്‍ തുറന്നു കിട്ടിയത് കുമാരനാശാനിലൂടെയാണ്. ആശാന്റെ വീണപൂവിന്റെ വരവിലൂടെയാണ് മലയാള സാഹിത്യ കവിതകളില്‍ കാല്‍പനിക വസന്തമെത്തുന്നത്.
1914ല്‍ എഴുതാനാരംഭിച്ച ചിന്താവിഷ്ടയായ സീത പുറത്തിറങ്ങിയത് 1919 ലാണ്. 192 ശ്ലോകങ്ങളാണ് ഈ കൃതിയിലുള്ളത്. സീതാദേവി ഭൂഗര്‍ഭത്തിലേക്ക് അന്തര്‍ധാനം ചെയ്യുന്നതിന്റെ തലേദിവസം മക്കളായ ലവകുശന്മാര്‍ ഗുരു വാല്മീകിയോടൊപ്പം അയോധ്യയില്‍ രാമ സന്നിധിയിലേക്ക് പുറപ്പെട്ട അന്നു സന്ധ്യക്ക് സീത തനിച്ച് ആശ്രമവാടിയിലിരുന്നു കഴിഞ്ഞകാല സംഭവങ്ങള്‍ ചികഞ്ഞെടുത്ത് വിശകലനം ചെയ്യുന്നതാണ് കാവ്യവിഷയം. പൂര്‍ണ്ണ ഗര്‍ഭിണിയായ സീതയെ രാമന്‍ വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ആ ദുരിതകാല ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി നേരിട്ട പ്രതിസന്ധികളും അനുഭവിച്ച ദുരിതങ്ങളും ഓര്‍ത്തെടുക്കുകയായിരുന്നു.
പരിത്യക്തയായ ഭാര്യയുടെ സ്വകാര്യ ചിന്തകള്‍ സ്വതന്ത്രമായും സ്വച്ഛമായും സീതയില്‍ നിന്നുയര്‍ന്നുവരുന്നു. വായനക്കാരന്റെ മനഃസാക്ഷിയെ തട്ടിയുണര്‍ത്തുന്ന ചിന്തകള്‍ കവി സീതയിലൂടെ ദൃശ്യമാക്കുന്നു. സീതയുടെ പരാതി വ്യക്തിഗതം മാത്രമല്ല, അതിനൊരു സാമൂഹിക മാനവും കൂടിയുണ്ട്.
”ഒരു നിശ്ചയമില്ലയൊന്നിനും, വരുമോരോ ദശവന്നപോലെപോം, വിരയുന്നു മനുഷ്യനേതിനോ, തിരിയാലോകരഹസ്യമാര്‍ക്കുമേ…” ആശാന്റെ സീത വിരഹവും അപമാനവും അന്യഥാ ബോധവും സൃഷ്ടിച്ച വ്യഥയില്‍ ഉരുകുകയായിരുന്നു.
മനുഷ്യ ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും തത്വശാസ്ത്രമായി കവി സൂചിപ്പിക്കുന്നു. രാമരാജ്യത്തിന്റെ വ്യവസ്ഥാപിത നീതി ധര്‍മ്മങ്ങളെ നിശിതമായി വിമര്‍ശിക്കുന്നതിലൂടെ തന്റെ സ്ത്രീത്വത്തിനു നേരെയുള്ള രാമന്റെ ഇടപെടലിനെകുറിച്ചും സീത ചിന്തിക്കുകയായിരുന്നു. സീതയുടെ മനസ്സില്‍ ആളിപ്പടരുന്ന ചിന്തകളെ ഭാവഗീതമായി വര്‍ണ്ണഭംഗിയോടെ ആശാന്‍ അവതരിപ്പിക്കുകയായിരുന്നു.
”പുടവക്കു പിടിച്ച തീ ചുഴ;ന്നുടല്‍ കത്തുന്നൊരു ബാലപോലവള്‍” രാമന്റെ സീതാപരിത്യാഗത്തെ രാജധര്‍മ്മത്തിന്റെ പേരില്‍ ന്യായീകരിച്ചാലും സീത ഗര്‍ഭിണിയാണെന്ന പ്രകൃതി സത്യം ലംഘിക്കപ്പെടുന്നു.
സഹസ്രാബ്ദങ്ങളായി സീത ഇന്ത്യന്‍ മനസ്സിലെ സ്ത്രീത്വത്തിന്റെ പ്രതീകമാണ്. ഇന്ത്യന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അസമത്വത്തിനെതിരെ കുമാരനാശാനില്‍ ഉയര്‍ത്തുന്ന ധാര്‍മിക രോഷമാണ് ‘ചിന്താ വിഷ്ടയായ സീത’യില്‍ പ്രതിധ്വനിക്കുന്നത്.
ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ഉജ്ജ്വല പ്രതീകമെന്നറിയപ്പെടുന്ന സീതയെ കുമാരനാശാന്‍ വികലമാക്കി എന്നാരോപിക്കുന്ന വിമര്‍ശകര്‍ക്കെതിരെ ആറ്റൂരും, മുണ്ടശ്ശേരിയും, കുട്ടികൃഷ്ണമാരാരും, പി.കെ.ബാലകൃഷ്ണനും, ഡോ.സുകുമാര്‍ അഴീക്കോടും, തായാട്ടു ശങ്കരനും, കെ.എം.ഡാനിയേലും ആധികാരികമായി വ്യത്യസ്ത മറുപടി രേഖപ്പെടുത്തിയിട്ടുണ്ട്.
പഴയ കാലത്ത് മുത്തശ്ശിമാര്‍ പെണ്‍കുട്ടികളോട് നല്‍കുന്ന ഒരുപദേശമുണ്ട് ”മക്കളേ സീതയോളം ക്ഷമിക്കുക….” സീതയുടെ സഹന കഥയുടെ ആഴം ഇവിടെ വെളിപ്പെടുത്തുകയാണ്. ഈ സീതയാണ് രാജാങ്കണത്തില്‍ പൊട്ടിത്തെറിച്ചത്.
വാല്മീകിയുടെ സീതയാണോ ആശാന്റെ സീത എന്ന അന്വേഷണത്തില്‍ കുട്ടികൃഷ്ണമാരാര്‍ ആശാന്റെ സീത വാല്മീകിയുടെ സീത തന്നെയെന്നു കണ്ടെത്തിയതും സാഹിത്യചരിത്രത്തിലുണ്ട്. വാല്മീകിയില്‍നിന്നും എഴുത്തച്ഛനില്‍ നിന്നും മറ്റൊരു സീതയെ സൃഷ്ടിക്കുകയായിരുന്നു. കാഞ്ചന സീതയില്‍ നിന്നും ചിന്തിക്കുന്ന ഒരു സീതയെ രൂപപ്പെടുത്തുകയായിരുന്നു. ‘പാവയല്ല’ എന്നു ‘ശരി പാവയോയിവള്‍’ എന്നു ചോദിക്കുന്ന സീത രാജാങ്കണത്തെപോലും കിടിലം കൊള്ളിക്കുന്നു. ആശാന്റെ സീത കാഞ്ചന സീതയാവാന്‍, പാവയാവാന്‍ വിസമ്മതിക്കുന്നു. സീതയുടെ ക്ഷോഭിക്കുന്ന ചിന്തകള്‍ അധികാരകേന്ദ്രത്തെ ഇരുത്തി ചിന്തിപ്പിക്കുന്നു. ഒപ്പം രാമനേയും. രാമന്റെ അശ്വമേധ യാഗത്തില്‍ യജ്ഞ പത്‌നിയായി സീതയുടെ പൊന്‍പ്രതിമ, കാഞ്ചന സീതയെ അവരോധിച്ചു.
സീത നീന്തിക്കടന്ന ദുരിത കടലിനെ കവി ഇങ്ങനെ വിശദീകരിക്കുന്നു.
”ഒരുവേള പഴക്കമേറിയാല്‍, ഇരുളും മെല്ലെ വെളിച്ചമായ് വരാം, ശരിയായ് മധുരിച്ചിടാം, സ്വയം പരിശീലിപ്പൊരു കയ്പുതാനുമേ…”
ഒരു മഹാഗുരുവിന്റെ ശിഷ്യനായ കുമാരനാശാന്‍ ആദ്ധ്യാത്മിക തത്ത്വചിന്തയിലൂടെ സീതയുടെ ദുഃഖങ്ങള്‍ക്ക് ആശ്വാസം പകരുകയാണ്.
”സുതര്‍ മാമുനിയോടയോദ്ധ്യയില്‍, ഗതരായോരളവന്നൊരന്തിയാല്‍, അതിചിന്തവഹിച്ചു, സീത പോയ് സ്ഥിതി ചെയ്താളുടജാന്തവാടിയില്‍”.
സീതാ കാവ്യം ആരംഭിക്കുന്നത് ഈ വരികളിലൂടെയാണ്.
ഭാരതീയ സംസ്‌കൃതിയുടെ വേരുകളായ വേദ ഉപനിഷത്തുകളിലും പുരാണ ഇതിഹാസങ്ങളിലും സഞ്ചരിച്ച കവി ജാനകിയിലേക്കെത്തുകയായിരുന്നു. ത്രേതായുഗത്തിലെ മിഥിലാപുരിയിലെ രാജാങ്കണത്തില്‍ കവി കടന്നുചെന്ന് സ്ത്രീസമത്വം അവകാശപ്പെടുകയായിരുന്നു. നല്ല ഭരണകര്‍ത്താവായ രാമനു നല്ല ഭര്‍ത്താവാകാന്‍ കഴിഞ്ഞില്ലെന്നും സീതയിലൂടെ വ്യക്തമാക്കുന്നു.
രാജസൂയ യാഗം നടത്തുന്ന രാമന്റെ മുന്നില്‍ പട്ടമഹിഷിയായി വീണ്ടുമെത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ”താന്‍ പാവയാണോ…” എന്നാണ് സീത ചോദിക്കുന്നത്.
”അരുതെന്തായി വീണ്ടുമെത്തി ഞാന്‍, തിരുമുമ്പില്‍ തെളിവേകി ദേവിയായ് മരുവീടണമെന്നു മന്നവന്‍, കരുതുന്നോ… ശരി പാവയോയിവള്‍” പാവയോ എന്ന ചോദ്യം കൊണ്ടു ജനബോധ്യത്തിനായി എപ്പോഴും കൂത്താടാന്‍ തന്റെ സ്ത്രീത്വാഭിമാനം അനുവദിക്കുകയില്ലെന്നു സൂചിപ്പിക്കുന്നു.
വീണ്ടും രാമസന്നിധിയില്‍ നിന്നും ക്ഷണമുണ്ടാകുമെന്നറിഞ്ഞ സീത ഇങ്ങനെ ചോദിക്കുകയാണ് ”പാവയോയിവള്‍…” ഈ ചോദ്യം കൊട്ടാരത്തില്‍ ഇടിനാദം പോലെ പ്രതിദ്ധ്വനിച്ചു. ഞാന്‍ കാഞ്ചന സീതയല്ല, ജീവിക്കുന്ന സീതയാണ്.
മരണമെന്ന മഹാ മൗനത്തിലേക്ക് സീത മടങ്ങുമ്പോള്‍, രാമന്റെ രാജ്ഞിയായ സീത സാധാരണ സ്ത്രീ തന്നെയെന്നു കവി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. പെണ്ണിന്റെ വ്യക്ത്യാഭിമാനം മുറുകെ പിടിച്ചാണ് സീത മടങ്ങിയത്. സീതയുടെ അപ്രതീക്ഷിതമായ അന്തര്‍ദ്ധാനം ഒരു സത്യപരീക്ഷണമോ രാഷ്ട്രീയ തീരുമാനമോ ആവാം. ജീവന്‍ ബലി നല്‍കിയുള്ള അഭിമാന സംരക്ഷണം ശക്തമായ ഒരു പ്രതിഷേധം തന്നെയാവാം. നിലവിലുള്ള ധര്‍മ്മശാസ്ത്രത്തോടും ഭരണവ്യവസ്ഥയോടും നീതിന്യായ വ്യവസ്ഥയോടും ആചാരങ്ങളോടുമുള്ള കനത്ത പ്രതിഷേധം.
ഇങ്ങനെ ചിന്തിച്ചിരിക്കുന്ന സീതയെ കണ്ട് ആശ്രമത്തിലെ താപസി വിളിച്ചുണര്‍ത്തുമ്പോഴാണ് സീത ബോധാവസ്ഥയിലേക്ക് തിരിച്ചുവരുന്നത്. മുഖത്ത് തീര്‍ത്ഥജലം തളിച്ചു താങ്ങി ആശ്രമത്തില്‍ കൊണ്ടുപോയി കിടത്തുന്നു. നേരം വെളുക്കാറായി. സീത വിചാരിച്ചതുപോലെ വാല്മീകി രാമന്റെ സന്ദേശത്തൊടെ അവിടെ എത്തുന്നു. സീത വളരെ വിസമ്മതിച്ച ശേഷം വാല്മീകിയെ പിന്തുടരുന്നു. രാമ സഭയില്‍ എത്തി പശ്ചാത്താപം കൊണ്ടു വാടിയ രാമന്റെ മുഖത്തേക്കു ഒരിക്കല്‍ നോക്കി, അടുത്തിരിക്കുന്ന പൗരന്മാരെയും നോക്കുന്നു. ഈ ധര്‍മ്മസങ്കടത്തില്‍ മാനിനിയായ ആ പതിവ്രത അന്തഃകരണത്തില്‍ പോരാടുന്ന വികാരങ്ങളാല്‍ അപഹൃത പ്രാണയായിട്ടോ യോഗവൈഭവത്താലോ ഈ ലോകത്തെ ത്യജിച്ചു.
”പ്രിയ രാഘവ…! വന്ദനം ഭവാനുയരുന്നു ഭുജ ശാഖ വിട്ട ഞാന്‍ ദയമറ്റു പറന്നു പോയിടാം, സ്വയമിദ്യോവിലൊരാശ്രയം വിനാ”സീതയുടെ രാമനോടുള്ള വിടവാങ്ങല്‍ അത്യന്തം ഖേദകരമായ ഒരു യുഗാന്ത്യം തന്നെയാണ്.
സീതാകാവ്യത്തിനും നൂറു തികഞ്ഞു. ഇനിയും എത്രയോ സംവത്സരം ഈ കൃതി മലയാളിയുടെ മനസ്സില്‍ നവ വസന്തമായി നിലനില്‍ക്കും.
കവിയുടെ 95-ാം ചരമവാര്‍ഷികത്തിനും ഈ അവസരം ഓര്‍മ്മക്കുറിപ്പായി മാറുന്നു.