ഇത് ഇ.എം.എസ്സിന്റെയും നായനാരുടെയുമൊന്നും കാലമല്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കസേരയില്‍ ഇരിക്കാന്‍ ചില യോഗ്യതകള്‍ വേണം. പിണറായി വിജയന്റെ പുത്രീവാത്സല്യവും മകളുടെ ഐടി സാമ്രാജ്യവികസനവും തന്നെ യോഗ്യത. പിന്നാലെ വന്ന കോടിയേരി ബാലകൃഷ്ണന്റെ പുത്രവാത്സല്യമാണ് യോഗ്യത. രണ്ടു മക്കളും ഒന്നിനൊന്ന് കേമന്മാര്‍. മയക്കുമരുന്നു കടത്ത് കേസ്സില്‍ ഒരാള്‍ ബംഗളൂരുവില്‍ ജയിലില്‍ കിടക്കുന്നു. മറ്റവന്‍ ഏതു സമയവും അകത്തുപോകാന്‍ പാകത്തില്‍ കേസ്സിന്റെ വക്കില്‍ കിടക്കുന്നു. ബാലകൃഷ്ണന്‍ സഖാവ് മെഡിക്കല്‍ ലീവില്‍ പ്രവേശിച്ചപ്പോള്‍ തല്‍ക്കാലത്തേക്ക് ഏ.കെ.ജി സെന്ററിലെ അധികാരക്കസേര കൈമാറിയ എ.വിജയരാഘവനും ഇത്തരം യോഗ്യത വേണമല്ലോ. അല്ലെങ്കില്‍ പിന്നെയെങ്ങിനെ പാര്‍ട്ടി സെക്രട്ടറിയാകും?
അഴിമതി നടത്താനുള്ള അധികാരം ഭാര്യയ്ക്ക് പാര്‍ട്ടി വക കിട്ടി എന്നതാണ് വിജയരാഘവന്റെ യോഗ്യത. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കോളേജില്‍ അദ്ധ്യാപികയായ, വിജയരാഘവന്റെ ഭാര്യ ഡോ.ആര്‍.ബിന്ദുവിനെ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ദേവസ്വംബോര്‍ഡ് വൈസ് പ്രിന്‍സിപ്പാള്‍ സ്ഥാനത്തേക്ക് കയറ്റം നല്‍കി. ഈ വൈസ് പ്രിന്‍സിപ്പാളിനു പ്രിന്‍സിപ്പാളിന്റെ തലയ്ക്ക് മീതെ ചില അധികാരങ്ങളുമുണ്ട്. കിഫ്ബി വഴി കോളേജില്‍ നടക്കുന്ന വികസനപ്രവര്‍ത്തനത്തിന്റെ ചുമതലയാണ് ഒന്ന്. നാക്ക് ഉള്‍പ്പെടെയുള്ള അക്രഡിറ്റേഷന്‍ പ്രവര്‍ത്തനത്തിന്റെ ചുമതലയാണ് രണ്ടാമത്തേത്. അഴിമതി നടത്താനുള്ള അധികാരവും തിട്ടൂരവുമാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക ഉത്തരവിലൂടെ ബിന്ദുവിന് നല്‍കിയത്. ഭര്‍ത്താവ് പാര്‍ട്ടി സെക്രട്ടറിയായതോടെ ഭാര്യയുടെ അധികാരം ചോദ്യം ചെയ്യാന്‍ പാര്‍ട്ടിയില്‍ ആര്‍ക്കും ധൈര്യം കാണില്ല. പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാകമ്മറ്റിയില്‍ മുറുമുറുപ്പുണ്ടെങ്കിലും സസ്‌പെന്‍ഷന്‍ ഭയന്ന് വായതുറക്കാന്‍ ആരും മുതിരില്ല. ഏതായാലും വിജയന്‍ സഖാവിനും ബാലകൃഷ്ണന്‍ സഖാവിനും പിന്‍ഗാമിയാകാന്‍ പറ്റിയ ആള്‍ തന്നെ വിജയരാഘവന്‍ സഖാവ്!