കോണ്‍ഗ്രസ്സുകാരുടെ വീരപുരുഷന്‍ രാഹുല്‍ഗാന്ധി സ്വല്പം പിരിലൂസാണ് എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഓബാമയ്ക്ക് തോന്നാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. മന്‍മോഹന്‍ സിംഗ് ഭരണകാലത്ത് ഒരു യോഗത്തില്‍ വെച്ച് അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ടിമോത്തി റൂമറോട് മുസ്ലിം ഭീകരവാദത്തേക്കാള്‍ ആപത്കരം ഹിന്ദുത്വ തീവ്രവാദികളാണ് എന്ന് ‘ഭാവി കിരീടാവകാശി’ രാഹുല്‍ മുന്നറിയിപ്പു നല്‍കി എന്നറിഞ്ഞപ്പോഴേ ഒബാമയ്ക്ക് ഈ സംശയം തോന്നിയതാണ്. പിന്നെ കേള്‍ക്കുന്നതൊക്കെ ഈ ധാരണ ശരിവെക്കുന്ന കാര്യങ്ങള്‍ മാത്രം. ദില്ലി ഷഹിന്‍ബാഗ് സമരവേളയിലും ഹൈദരാബാദില്‍ രോഹിത് വെമുലയുടെ അമ്മയോടൊപ്പം സത്യഗ്രഹമിരുന്നപ്പോഴും ഉന്നാവ ബലാത്സംഗം അന്വേഷിക്കാനെന്ന പേരില്‍ കാട്ടിക്കൂട്ടിയതുമൊക്കെ ഒബാമ അറിയുന്നുണ്ടായിരുന്നു. 2018ല്‍ സി. ബി.ഐ ആസ്ഥാനത്തു നടന്ന ഉദ്യോഗമാറ്റ നാടകത്തിനിടയില്‍ ചെന്നു തലയിടാനും രാഹുല്‍ മടിച്ചില്ല. ഇതുകൂടാതെ ഗ്രാമത്തില്‍ ചെന്ന് രാത്രി ചെലവിടുക, ഗ്രാമീണരുടെ വീട്ടില്‍ നിന്നു ഭക്ഷണം കഴിക്കുക, വയനാട്ടില്‍ നെല്‍പ്പാടത്തിലൂടെ നടക്കുക തുടങ്ങിയ പിരിയിളകിയ കളികള്‍ വേറെയുമുണ്ട്. ‘സറണ്ടര്‍ മോദി’ എന്നു വിളിച്ചു പ്രധാനമന്ത്രിയെ അവഹേളിച്ചപ്പോഴും ചൈനക്കെതിരെ മോദി വായ തുറക്കുന്നില്ല എന്നു ആക്ഷേപിച്ചപ്പോഴും ഇക്കാര്യം പത്രക്കാര്‍ കൊട്ടിഘോഷിച്ചത് തന്റെ കേമത്തമാണെന്ന് രാഹുല്‍ കരുതി.
ഇതൊക്കെ കണ്ടപ്പോള്‍ അദ്ധ്യാപകന്റെ ശ്രദ്ധപിടിച്ചുപറ്റാന്‍ ക്ലാസ്സില്‍ കോമാളിത്തം കാണിക്കുന്ന വിദ്യാര്‍ത്ഥിയുടെ ചിത്രമാണ് ഒബാമയുടെ മനസ്സില്‍ തെളിഞ്ഞത്. പാഠഭാഗങ്ങള്‍ പഠിയ്ക്കുന്നതിലോ ക്ലാസ്സില്‍ ശ്രദ്ധിക്കുന്നതിലോ താല്പര്യമില്ലാതെ ആളാവാന്‍ മാത്രം ശ്രമിക്കുന്ന വിദ്യാര്‍ത്ഥി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ കോമാളി കഥാപാത്രത്തെക്കുറിച്ച് ഒബാമ ഇയ്യിടെ പുറത്തിറക്കിയ ജീവചരിത്രത്തില്‍ ഇങ്ങനെ രേഖപ്പെടുത്തുകയും ചെയ്തു. ”അദ്ധ്യാപകന്റെ അഭിനന്ദനം നേടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ താല്പര്യമോ ആഴത്തില്‍ പഠിക്കാനോ ശ്രമിക്കാത്ത വിദ്യാര്‍ത്ഥിയെപ്പോലെയാണ് രാഹുല്‍. ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ (ഒരു വാഗ്ദത്ത ഭൂമി) എന്ന ആത്മകഥാഗ്രന്ഥത്തിലാണ് ഒബാമ ഈ വരികള്‍ കുറിച്ചിട്ടത്. പുസ്തകത്തില്‍ മന്‍മോഹന്‍ സിംഗിനെ കുറിച്ചും മറ്റു പല രാഷ്ട്രത്തലവന്മാരെക്കുറിച്ചുമൊക്കെ പറയുന്നുണ്ടെങ്കിലും ഈ രീതിയിലുള്ള പരാമര്‍ശം മറ്റാരെക്കുറിച്ചുമില്ല.