ദേശസ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും മുഖമുദ്രയാക്കിയ ഒരുപാട് ചിത്രങ്ങള്‍ നാം മുന്‍പും കണ്ടിട്ടുണ്ട്. പക്ഷെ ഇത് ഒരു ഹ്രസ്വ ചിത്രമാണ്. അതും വെറും മൂന്നു മിനിറ്റ്.
പൊതുപ്രവര്‍ത്തനം പ്രധാന കര്‍മ്മമേഖലയായി സ്വീകരിച്ചിരിക്കുന്ന യുവരാജ് ഗോകുല്‍ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയാണ്. നിലവില്‍ സ്വദേശി ജാഗരണ്‍ മഞ്ച് കേരള ഘടകത്തിന്റെ യൂത്ത് വിങ്ങ് കണ്‍വീനറായ ഈ ചെറുപ്പക്കാരന്‍ ചെറിയൊരു സംരംഭകന്‍ കൂടിയാണ്. സുഹൃത്തുമായി ചേര്‍ന്ന് കൊച്ചിയില്‍ ചെറിയൊരു സ്ഥാപനം നടത്തുന്നുണ്ട്. മറ്റെന്തിലും ഉപരിയായി താന്‍ സ്വായത്തമാക്കിയ വിശ്വാസങ്ങളെയും ആദര്‍ശങ്ങളെയും മുറുകെപ്പിടിച്ച്, മുഖംമൂടികളില്ലാതെ പച്ചയായ മനുഷ്യനായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഗോകുലിന് ദേശീയതയോടും അതുറപ്പുനല്‍കുന്ന മൂല്യങ്ങളോടും എന്നും അകമഴിഞ്ഞ ആരാധനയാണുള്ളത്.
സിനിമ എന്ന സ്വപ്‌നം
ജീവിതത്തില്‍ എന്നതുപോലെ സിനിമയിലും താന്‍ എന്തായിരിക്കണം എന്ന് ഗോകുലിന് വ്യക്തമായ തീരുമാനങ്ങളുണ്ട്. എഴുത്താണ് ഏറെ ഇഷ്ടം. ആറു വര്‍ഷത്തോളമായി സിനിമയില്‍ എഴുത്തിനു പുറകെയാണ്. പൂര്‍ത്തിയാക്കിയ രണ്ടു തിരക്കഥകള്‍ കയ്യിലുണ്ട്. ഇടയ്ക്ക് പലതവണ കമ്മിറ്റ് ചെയ്തിട്ടും വ്യക്തിപരമായ തിരക്കുകള്‍ മൂലം പലപ്പോഴും മാറ്റി വയ്‌ക്കേണ്ടി വന്നവ. നിലവില്‍ ഒരു പ്രൊജക്റ്റ് ഏകദേശം ഫിക്‌സഡ് ആണ്. കൂടുതല്‍ ഡീറ്റെയില്‍സ് പിന്നീട് മാത്രമേ പുറത്തുവിടാന്‍ സാധിക്കൂ. സംവിധാനത്തില്‍ യാദൃച്ഛികമായാണ് എത്തിപ്പെട്ടത്. അതാണ് 10 റുപ്പീസ്!
ഷോര്‍ട് ഫിലിം മുന്‍പും ചെയ്തിട്ടുണ്ട്. സംവിധാനമായിരുന്നില്ല, എഴുത്തും അഭിനയവുമായിരുന്നു എന്നുമാത്രം. സിഎഎയുമായി ബന്ധപ്പെട്ട വിഷയമായിരുന്നു മുന്‍പ് ചെയ്തത്. കുമ്മനം രാജശേഖരനും സന്ദീപ് ജി വാരിയരും ചേര്‍ന്നാണ് അത് പ്രകാശനം ചെയ്തത്. വളരെ മികച്ച പ്രതികരണമാണ് ആ ഹ്രസ്വചിത്രത്തിനു ലഭിച്ചത്.
10 റുപ്പീസ്
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയവും നാഷണല്‍ ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പറേഷനും ചേര്‍ന്ന് ആത്മനിര്‍ഭര്‍ ഭാരത് പ്രമേയമാക്കി നടത്തിയ ഹ്രസ്വചിത്രമത്സരത്തിലേക്ക് തയ്യാറാക്കിയ ചിത്രമാണ് ഗോകുലിന്റെ 10 റുപ്പീസ്. മത്സരത്തില്‍ പങ്കെടുത്ത 865 തില്‍ അധികം എന്‍ട്രികളെ പിന്തള്ളിയാണ് ഈ ചിത്രം പുരസ്‌കാരാര്‍ഹമായത്. ഭാഷകള്‍ക്കതീതമായി തിളങ്ങിയ ചിത്രം ഈ വിഭാഗത്തില്‍ മൂന്നാം സമ്മാനമാണ് കരസ്ഥമാക്കിയത്
രാജ്യസ്‌നേഹത്തിലൂന്നിയ സ്വയംപര്യാപ്തത ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം ചെയ്തിരിക്കുന്നത്. ചുരുങ്ങിയ മൂന്നു മിനിറ്റുകള്‍ക്കുള്ളില്‍ ഒരുപിടി വികാരനിര്‍ഭരമായ രംഗങ്ങളിലൂടെ, സ്വയം ചിന്ത്യമാകേണ്ട ഒരുനിര ചോദ്യങ്ങള്‍ ഉയര്‍ത്തിവിട്ട ചിത്രം ദേശസ്‌നേഹത്തിന്റെ മഹത്വവും സ്വദേശീവല്‍കൃതമായ സ്വയംപര്യാപ്തതയുടെ പ്രാധാന്യവും സംശയലേശമെന്യേ വ്യക്തമാക്കിയാണ് അവസാനിപ്പിക്കുന്നത്.
ചിത്രം പൂര്‍ണതയിലേക്ക് എത്തിയ വഴികള്‍
my.gov.in എന്ന പേരില്‍ കേന്ദ്രസര്‍ക്കാരിന് ഒരു പോര്‍ട്ടല്‍ ഉണ്ട്. പ്രധാനമന്ത്രി നേരിട്ട് പ്രൊമോട്ട് ചെയ്യുന്ന പോര്‍ട്ടല്‍ ആണിത്. ഇന്ത്യയില്‍ ഉടനീളമുള്ള യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന സംവിധാനം. ഇതുപോലുള്ള ധാരാളം മത്സരങ്ങള്‍ ഈ പോര്‍ട്ടല്‍ ഇടയ്ക്കിടെ നടത്താറുണ്ട്.
കഴിഞ്ഞ ജൂലായ് മാസം പതിനഞ്ചാം തീയതി വൈകുന്നേരം സുഹൃത്ത് അരുണ്‍ ശേഖര്‍ ആണ് ഫോണില്‍ വിളിച്ച് ഈ കാര്യം സംസാരിച്ചത്. ‘ഒന്ന് ശ്രമിച്ചു നോക്കൂ..’ എന്ന് അരുണ്‍ പറഞ്ഞു. കൃത്യം മൂന്നുമിനിറ്റ് കഴിഞ്ഞപ്പോള്‍ അരുണിനെ തിരിച്ചു വിളിച്ച് ഈ കഥ പറഞ്ഞു. ചിലപ്പോള്‍ മാസങ്ങളോളം ഇരുന്നു ചിന്തിച്ചാലും നല്ലൊരു കഥാതന്തു കിട്ടാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ വെറും മൂന്നു മിനിറ്റുകൊണ്ട് ഇത്തരം ഒരു കഥയുണ്ടാക്കാന്‍ കഴിഞ്ഞു എന്നോര്‍ക്കുമ്പോള്‍ ഇന്നും വളരെ അത്ഭുതം തോന്നുന്നു. അതുകൊണ്ടുതന്നെ തികച്ചും ഈശ്വരാനുഗ്രഹം എന്ന് ഉറച്ചു വിശ്വസിക്കാനാണ് ഇഷ്ടം.
കഥ പൂര്‍ത്തിയാക്കിയെങ്കിലും പ്രൊഡ്യൂസറെ കിട്ടുക എന്നതായി അടുത്ത കടമ്പ. പ്രത്യേകിച്ച് ലോക്ക് ഡൗണ്‍ കാലമായതുകൊണ്ട് പ്രൊഡ്യൂസ് ചെയ്യുമെന്ന് താന്‍ പ്രതീക്ഷിച്ചവര്‍ക്കുപോലും ഇതുമായി സഹകരിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഇതേക്കുറിച്ച് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. അങ്ങനെയാണ് നിലവിലെ പ്രൊഡ്യൂസര്‍ ഗോപകുമാറിന്റെ ഫോണ്‍ കോള്‍ വന്നത്. അദ്ദേഹം ഇത് ചെയ്യാമെന്നു സമ്മതിച്ചു. ഈ വിജയത്തില്‍ ഏറെ കടപ്പെട്ടിരിക്കുന്നതും ഗോപകുമാറിനോടാണ്. ഇതുമായി ബന്ധപ്പെട്ട ചിലവിനെക്കുറിച്ചും കണക്കുകളെപ്പറ്റിയും ഒരക്ഷരം അദ്ദേഹം തന്നോട് ചോദിച്ചില്ല.
ഷൂട്ടിങ്ങിനിടയിലെ മറക്കാനാവാത്ത അനുഭവങ്ങള്‍
ലോക്ക്ഡൗണ്‍ പ്രോട്ടോകോള്‍ കടുത്തതായിരുന്നതുകൊണ്ട് ഷൂട്ടിംഗ് പ്രതീക്ഷിച്ച അത്ര എളുപ്പമായിരുന്നില്ല. പക്ഷെ സൗഹൃദങ്ങള്‍ തന്ന പിന്തുണ, അതാണ് ഏറെ തുണയായത്. ഇത് ഒരു വിജയമാകണമെന്നു തന്നേക്കാള്‍ കൂടുതല്‍ അവര്‍ ആഗ്രഹിച്ചിട്ടുണ്ടാകാം. കൗണ്‍സിലര്‍മാര്‍ ആയ അജിത്തും സജിയും നല്‍കിയ സഹായങ്ങള്‍ ഷൂട്ടിന്റെ പല ഘട്ടങ്ങളിലും ഏറെ സഹായകരമായി. അതുപോലെ മറ്റനവധി സുഹൃത്തുക്കളും എല്ലാ ഘട്ടത്തിലും കൂടെയുണ്ടായിരുന്നു.
രണ്ടാമത്തെ ദിവസത്തെ ഷൂട്ടിന് തുറന്നിരിക്കുന്ന ഒരു ഫാന്‍സി സ്റ്റോര്‍ വേണം. തിരുവനന്തപുരം നഗരത്തില്‍ ലോക്ക് ഡൗണാണ്. അവശ്യ വസ്തുകള്‍ വില്‍ക്കുന്ന കടകള്‍ 11 മണി വരെ തുറക്കും.. അത്രയേ ഉള്ളൂ… അവസാനം 40 കിലോമീറ്റര്‍ വെളിയിലേക്ക് പോയി ഷൂട്ട് ചെയ്തു. അവിടെത്തിയപ്പോള്‍ ഉച്ചയ്ക്ക് 12.30 വൈകുന്നേരം അഞ്ചു മണി വരെ തുമ്പി മോള്‍ (കൃഷ്ണ തേജസ്വിനി) അടക്കമുള്ളവര്‍ ഭക്ഷണം കഴിക്കാതെ നിന്ന് ഷൂട്ട് ചെയ്തു. അത് കഴിഞ്ഞു നോക്കുമ്പോള്‍ ഹോട്ടലുകളും അടച്ചു. ഇതുപോലുള്ള പല നിര്‍ണായകഘട്ടങ്ങളും അന്നത്തെ ആ ചെറിയ ഷൂട്ടിങ്ങിനിടയില്‍ കടന്നുപോയി. അന്നത്തെ കഷ്ടപ്പാടുകള്‍ക്കുള്ള അംഗീകാരമാണ് തങ്ങള്‍ക്ക് ഈ അവാര്‍ഡിലൂടെ ലഭിച്ചത് എന്ന് വിശ്വസിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം.
അഭിനേതാക്കള്‍
സമയപരിമിതിയും ബഡ്ജറ്റും ഉള്‍ക്കൊണ്ടുകൊണ്ട് മികച്ച ഒരു ടീമിനെ കണ്ടെത്തി ചിത്രം പൂര്‍ത്തികരിക്കുക എന്നതും വെല്ലുവിളിയായിരുന്നു.
പക്ഷെ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍, ഓരോ വേഷത്തിനും അനുയോജ്യരായവരെ സൗഹൃദവലയങ്ങളില്‍ നിന്നും തന്നെ കണ്ടെത്തി. ചിത്രത്തില്‍ ചെറിയൊരു വേഷം യുവരാജ് ഗോകുലും ചെയ്തിരുന്നു. അഭിനേതാക്കളില്‍ ഏറ്റവും പ്രശംസനീയം കൃഷ്ണ തേജസ്വിനിയുടെ പെര്‍ഫോമന്‍സ് ആണ്. ആദ്യമായാണ് ക്യാമറയെ ഫേസ് ചെയ്യുന്നത് എന്ന് തോന്നിക്കാത്തത്ര മനോഹരമായിരുന്നു ആ കുട്ടിയുടെ ഓരോ ഭാവവും. കൂട്ടുകാരിയായി അഭിനയിച്ച് കൃഷ്ണ തന്മയി തേജസ്വിനിയുടെ അനുജത്തിയാണ്. പട്ടാളക്കാരനായി അഭിനയിച്ച സുനില്‍ എസ് ഗിരിജയും രാജേഷ് ജയകുമാരനും ഒക്കെ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്
പിന്നണി പ്രവര്‍ത്തകര്‍
സുഹൃത്തും കോ ഡയറക്ടറുമായ ഹരികൃഷ്ണ തുടക്കം മുതല്‍ കൂടെയുണ്ടായിരുന്നു. സിനിമാട്ടോഗ്രഫി കൈകാര്യം ചെയ്ത അനൂപ് വി ശൈലജ ഛായാഗ്രഹണത്തില്‍ അല്പം പോലും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായില്ല എന്നത് ചിത്രത്തിന്റെ ഫ്രെയിമുകളില്‍ നിന്നും വ്യക്തമാണ്. എടുത്തുപറയേണ്ട മറ്റൊരാള്‍ എഡിറ്റര്‍ അനന്ദു രാജന്‍ ആണ്. അനന്ദുവിന്റെ ഷാര്‍പ് കട്ട് പെര്‍ഫോമന്‍സും സാങ്കേതിക മികവുമാണ് ചിത്രത്തെ 3 മിനിറ്റില്‍ താഴെ ഇത്ര ഭംഗിയില്‍ ഒതുക്കി നിര്‍ത്തിയത്. ലോക്ക് ഡൗണ്‍ സമയമായതുകൊണ്ട് പത്തനംതിട്ട സ്വദേശികളായ മ്യൂസിക് ഡയറക്ടര്‍ ശ്രുതികാന്ത്, സൗണ്ട് എഞ്ചിനീയര്‍ അതിസ്സ് നേവ് എന്നിവര്‍ നാട്ടിലിരുന്നുതന്നെയാണ് വര്‍ക്ക് ചെയ്തത്. എന്നിട്ടും തങ്ങളുടെ ജോലി ഏറ്റവും മനോഹരമായി പൂര്‍ത്തിയാക്കി. ഢളഃ കൈകാര്യം ചെയ്ത റോബിന്‍, ടൗയ ഠശഹേല െചെയ്ത സന്ദീപ് മോഹന്‍, ടശേഹഹ െമിറ റലശെഴി െചെയ്ത പ്രതീഷ്, കലഞ്ഞൂര്‍ സ്റ്റുഡിയോ സൗകര്യം ഒരുക്കിയ സൂര്യ വിഷ്വല്‍ മീഡിയ എന്നിവരുടെ സേവനങ്ങളും എടുത്തു പറയത്തക്കതാണ്.
പ്രേക്ഷക പ്രതികരണത്തിലും അത്ഭുതമായി 10 റുപ്പീസ്!
അഭൂതപൂര്‍വമായ പ്രേക്ഷക പിന്തുണയും പ്രതികരണങ്ങളുമാണ് 3 മിനിറ്റുമാത്രമുള്ള ഈ കൊച്ചു ചിത്രത്തിന് ലഭിച്ചത്. ഭാഷയ്ക്കതീതമായി ജനങ്ങള്‍ ഏറ്റെടുത്ത ഈ ചിത്രം വെറും നാലു ദിവസം കൊണ്ട് കണ്ടത് 50 ലക്ഷത്തിലധികം ആളുകളാണ്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ മാത്രം 25 ലക്ഷം വ്യൂര്‍ഷിപ് ലഭിച്ചിരിക്കുന്നു എന്നത് മറ്റൊരത്ഭുതം. നിലവില്‍ ഒരു കോടിയില്‍ പരം ആളുകള്‍ ഈ ചിത്രം ആദ്യനാളുകളില്‍ തന്നെ കണ്ടുകഴിഞ്ഞു എന്നത് ഈ ചിത്രത്തെ സംബന്ധിച്ച് ഏറെ അഭിമാനകരമായ നേട്ടമാണ്.