അനുഷ്ഠാനകലാരത്‌നം മുളങ്കുന്നത്തുകാവു ശ്രീ തീയാടി രാമന്‍ നമ്പ്യാര്‍ കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2017-ാമാണ്ടത്തെ ഫെല്ലോഷിപ്പിന് അര്‍ഹനായിരിക്കുന്നു. സര്‍വഥാ സമുചിതമായി അക്കാദമിയുടെ ഈ തിരഞ്ഞെടുപ്പ്. വര്‍ഷങ്ങള്‍ മുന്‍പ് ഫോക്‌ലോര്‍ അക്കാദമിതന്നെ രാമന്‍ നമ്പ്യാര്‍ക്കു നല്‍കിയ പുരസ്‌കാരത്തിന്റെ ചേതോഹരമായ പിന്‍തുടര്‍ച്ചയാണിത്. അയ്യപ്പന്‍തീയാട്ടിന്റെ കുലപതിയുടെ കിരീടത്തില്‍ത്തന്നെയായി ഈ പൊന്‍തൂവല്‍ എന്ന് അക്കാദമിക്ക് അഭിമാനിക്കാം.
അറുപത്തഞ്ചുകൊല്ലം മുന്‍പ് മുളങ്കുന്നത്തുകാവിലെ പ്രസിദ്ധമായ ശാസ്താക്ഷേത്രത്തിനു സമീപമുള്ള പടിഞ്ഞാറെ തീയാടി എന്ന ഭവനത്തില്‍ ശ്രീ നീലകണ്ഠന്‍ നമ്പ്യാരുടെയും ശ്രീദേവി അമ്മയുടെയും ആറാമത്തെ സന്തതിയായി ജനിച്ച രാമന്‍ തീരെ ചെറുതിലേ സ്വന്തം ചോറും ചോരയും അയ്യപ്പന്‍ തീയാട്ടാണ് എന്നു ധരിച്ചു.
വെറും കൗപീനക്കാരനായിരുന്ന കാലത്തും മുതിര്‍ന്നവരുടെ കൈയാളായി അമ്പലത്തിലേക്കു പോവും. ‘കലാസമിതി പ്രൈമറി സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് രാവിലെ കുളിച്ച് അമ്പലത്തിലേക്കോടും- വഴിപാടുതീയാട്ട് വഴിപോലെ പൂര്‍ത്തിയാക്കീട്ട് വല്ലതും കഴിക്കും; എന്നിട്ട് പിന്നെയും ഓടും- സ്‌കൂളിലേക്ക്.
അന്നൊക്കെ കൂട്ടുകാര്‍ കളിയാക്കും: തീയാട്ടുപാട്ടിന്റെ വല്ലരുവരിയും തീയാട്ടുകാരുടെ ഈണത്തെ അനുകരിച്ചു പാടും; ശരീരത്തിലും വസ്ത്രത്തിലും പുരണ്ടിരുന്ന കരിയുള്‍പ്പെടെയുള്ള പലനിറപ്പൊടികള്‍ തൊടും; തോണ്ടും; പൊട്ടിച്ചിരിക്കും. അധികം അകലെയല്ലാഞ്ഞ തിരൂരെ സെന്റ് തോമസ് ഹൈസ്‌കൂളിലും പിന്നെ തൃശ്ശൂര്‍ കേരളവര്‍മ കോളേജിലുമായി പഠിത്തം തുടര്‍ന്ന് കൈയാളായി തീയാട്ടുപരിശീലനവും.
”ശാസ്താവ് എന്നത് എന്റെ അച്ഛന്റെ വട്ടപ്പേരായി. മക്കള്‍ക്ക് തീയാട്ടുകാര്യത്തില്‍ ചെറിയൊരു തെറ്റു പറ്റിപ്പോയാലും ശിക്ഷ അത്യുഗ്രന്‍! ചെണ്ടക്കോലുകൊണ്ടു തന്നെയുള്ള ചുട്ട അടി!
‘എല്ലാര്‍ക്കുമുണ്ട് അച്ഛന്‍; എന്നാല്‍ ഇങ്ങനെ ഒരച്ഛന്‍ ആര്‍ക്കും കാണൂല്യ’ എന്നുവരെ അന്നു തോന്നീട്ടുണ്ട്. ”പക്ഷേ, ആ അച്ഛന്റെ അത്തരം ശിക്ഷയാണ് ഞങ്ങളെ ഈ നിലയിലെത്തിച്ചത്. അതോര്‍ക്കുമ്പോള്‍ അച്ഛനെ ആയിരം കൈ കൂപ്പി തൊഴുതാലും മതിയാവില്യ.” രാമന്‍ പറയുന്നു.
കോളേജ് വിദ്യാഭ്യാസം കഴിഞ്ഞതോടെ രാമന് കേന്ദ്രഗവണ്മെന്റ് സര്‍വീസില്‍ സ്റ്റാഫ് സെലക്ഷന്‍ മുഖേന പ്രവേശനം ലഭിച്ചു; കേന്ദ്രത്തിലെ തൊഴില്‍ വകുപ്പിന്‍ കീഴില്‍ ദല്‍ഹിയിലും തിരുവനന്തപുരത്തുമായി ഒന്‍പതു കൊല്ലക്കാലം പ്രവര്‍ത്തിച്ചു. പിന്നീട് കൊച്ചിന്‍ റിഫൈനറീസില്‍ എത്തി. അവിടെ ഡെപ്യൂട്ടി മാനേജര്‍ തസ്തികവരെ ഉയര്‍ന്നിട്ടാണ് അടുത്തൂണ്‍ പറ്റിയത്. അക്കാലത്ത് വല്ല ക്ഷേത്രത്തിലും തീയാട്ടുകഴിഞ്ഞ് തേങ്ങ, അരി, എണ്ണ മുതലായവയും കെട്ടിപ്പേറി തീവണ്ടിയിലോ ബസ്സിലോ കേറിയാല്‍ സഹയാത്രക്കാര്‍ അന്വേഷിക്കും: ”ശാന്തിയാണല്ലേ? ഏതമ്പലത്തിലാ?”
‘റിഫൈനറീസില്‍’ എന്ന ഉത്തരം പലരെയും ഞെട്ടിച്ചു. ചിലര്‍ക്കേ വിശദീകരണത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നുള്ളൂ.
റിഫൈനറീസില്‍ത്തന്നെ ഒരിക്കല്‍ തീയാട്ടു നടത്താന്‍ ക്ഷണം ലഭിക്കുകയുണ്ടായി. അവസാനത്തെ ചടങ്ങാണ് കോമരത്തിന്റെ കല്‍പ്പന. ആ ഘട്ടത്തില്‍ രാമന് ഒരു സംശയം: ‘ഞാന്‍ ഈ തൊഴുതു നില്‍ക്കുന്ന മേലുദ്യോഗസ്ഥരോട് എന്തു കല്‍പ്പിക്കാനാ! ഞാന്‍ രാമനോ അതോ ശാസ്താവോ?’ ഉത്തരക്ഷണത്തില്‍ ഉള്ളില്‍ നിന്നൊരു വെളിപാടുണ്ടായി: ‘നീയല്ല ശാസ്താവെങ്കില്‍ പിന്നെ ആരാ?’
തളരാത്ത ശാസ്താവ്
കുറ്റ്യാടി നീട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ ഉദയാസ്തമനക്കൂത്തും പന്തീരായിരവും നിശ്ചയിച്ചതിന്‍പ്രകാരം രാമന്‍ വ്രതമിരുന്നു 41 ദിവസം. അതു കഴിഞ്ഞ് പിറ്റേന്ന് ചെന്നൈയില്‍ വച്ച് വളരെ പ്രധാനപ്പെട്ട ഔദ്യോഗികയോഗവും വന്നുപെട്ടു. ഉദയാസ്തമനക്കൂത്തും പന്തീരായിരവും കഴിഞ്ഞാല്‍ തീയാടി തളര്‍ന്ന് വശംകെട്ടിട്ടാവും വീട്ടിലേക്കുള്ളക്കു മടക്കം. പിറ്റേന്ന് ഒരവധി കിട്ടിയാല്‍ കൊള്ളാം എന്നതാവും സ്ഥിതി. ഉദയാസ്തമനക്കൂത്തും പന്തീരായിരവും വേറേ ദിവസങ്ങളിലേക്കു മാറ്റാനാവില്ല; ചെന്നൈയിലെ യോഗവും. ഒടുവില്‍ രാമന്‍ രണ്ടും കല്‍പ്പിച്ച് കൂത്തും പന്തീരായിരവും ഒരു മുടക്കവുമില്ലാതെ കഴിച്ചു. വിമാനത്തില്‍ ചെന്നൈയിലേക്ക് അധികാരികള്‍ അയച്ചു. തന്റെ യോഗപങ്കാളിത്തം ഫലം കാണുകയും ചെയ്തു.
അനന്വയമായ ഒരനുഷ്ഠാനകലയാണ് അയ്യപ്പന്‍ തീയാട്ട്. ഏതാനും പതിറ്റാണ്ടുകള്‍ക്കു മുന്‍പുവരെ നടന്നുപോന്നത് കൊച്ചി-മലബാര്‍ പ്രദേശങ്ങളിലെ അയ്യപ്പന്‍ കാവുകളിലും നമ്പൂതിരി-തീയാടി ഭവനങ്ങളിലും ഉല്‍സവം, വിശേഷാവസരങ്ങള്‍ ഇവയോടനുബന്ധിച്ചും മാത്രമാണ്. ഈ ലേഖകന്റെ വിദേശവിദ്യാര്‍ഥികള്‍ക്കു വേണ്ടി പാളയത്തെ വിവേകാനന്ദ സാംസ്‌കാരികകേന്ദ്രത്തില്‍ വച്ച് 1993 മുതല്‍ കേരളതലസ്ഥാനത്ത് അയ്യപ്പന്‍ തീയാട്ട് അവതരണം നടന്നു. അന്നുതൊട്ട് ഈ പ്രദേശങ്ങളില്‍ നടന്നുവന്ന ബഹുഭൂരിപക്ഷം അയ്യപ്പന്‍ തീയാട്ടവതരണങ്ങളിലെയും മുഖ്യകാര്‍മികന്‍ അനുഷ്ഠാനകലാരത്‌നം മുളങ്കുന്നത്തുകാവ് തീയാടി രാമന്‍നമ്പ്യാരാണ്.
അയ്യപ്പസങ്കല്‍പ്പസ്വാധീനം കേരളസാഹിത്യത്തിലെ സുബദ്ധ പാരമ്പര്യത്തിലും മുദ്രിതമാണ്. അയ്യപ്പചരിതം ആട്ടക്കഥകള്‍ ഒന്നിലേറെയുണ്ട്. അയ്യപ്പന്റെ കൂടെപ്പിറപ്പെന്നു കരുതാവുന്ന വേട്ടയ്‌ക്കൊരുമകനെക്കുറിച്ചുമുണ്ടായിട്ടുണ്ട് ആട്ടക്കഥ: കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ കിരാതസൂനൂചരിതം. മണികണ്ഠവിജയം എന്ന തുള്ളല്‍ക്കൃതി രചിച്ച ഡോ.എസ്.കെ നായര്‍ അയ്യപ്പനെക്കുറിച്ച് ഒരു നോവലും എഴുതി. ചലച്ചിത്രവേദിയിലും അയ്യപ്പകഥ ജനപ്രിയത കൈവരിച്ചു.
മണ്ഡല-മകരവിളക്കുകാലത്ത് നമ്മുടെ നാട്ടിന്‍പുറങ്ങള്‍ സന്ധ്യകഴിഞ്ഞാല്‍ ഉടുക്കുകൊട്ടിന്റെ താളത്തില്‍ പരന്നൊഴുകിയിരുന്ന അയ്യപ്പന്‍ പാട്ടുകളും ശരണംവിളികളും കൊണ്ട് മുഖരിതമായി. ഇക്കാലത്ത് ആ ഉള്ളുണര്‍ത്തുന്ന അനുഭവം മിക്കവാറും ഓര്‍മയില്‍ മാത്രമായി ഒതുങ്ങിക്കഴിഞ്ഞു. പകരം പല സ്ഥലങ്ങളിലും, വിശേഷിച്ചും അയ്യപ്പക്ഷേത്ര പരിസരങ്ങളില്‍, അന്തരീക്ഷത്തെ ശബ്ദമലിനീകരണം മുഖേന പ്രകമ്പനം കൊള്ളിക്കുന്ന, ചുറ്റുവട്ടത്തുള്ളവരെ നാഡീരോഗികളാക്കുന്ന, അത്യുച്ചത്തിലുള്ള മൈക്കുപാട്ടുകളുടെ തേരോട്ടം നിര്‍ബാധം തുടരുന്നു.
അയ്യപ്പനെക്കുറിച്ചുളള രചനകള്‍ കേരളസംഗീതത്തിലെ സുബദ്ധമോ ലളിതമോ ആയ എല്ലാവഴികളിലും പ്രതിവര്‍ഷം പെരുകിവരുന്നു.
ഈ ലേഖകന്റെ തന്നെ ക്ലാസിക്കല്‍ സംഗീതരചനകളില്‍ ഇരുപതോളം എണ്ണം ശാസ്താവിനെക്കുറിച്ചുള്ളവയത്രേ. അവയില്‍ 13 എണ്ണം സിഡിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇവ യൂട്യൂബിലെ ുൃമയീറവമ മെിഴ ലലവേമാ എന്ന ചാനലിലും ലഭ്യമാണ്, എല്ലാ തീയാട്ടുചടങ്ങുകളും ചിത്രീകരിച്ചിട്ടുള്ള, കാഴ്ചക്കാരുടെ ഭക്തിപ്രകര്‍ഷം പ്രകടമാക്കുന്ന ഫോട്ടോകളോടൊപ്പം. അച്ഛന്‍ തീയാടി നീലകണ്ഠന്‍ നമ്പ്യാര്‍, ജ്യേഷ്ഠന്‍ തീയാടി ശങ്കരനാരായണന്‍ നമ്പ്യാര്‍ എന്നിവരില്‍നിന്ന് കളമെഴുത്ത്, പാട്ട് എന്നിവയിലും മുത്തച്ഛനായ മലമക്കാവു തീയാടി നാരായണന്‍ നമ്പ്യാരില്‍നിന്ന് ഉദയാസ്തമനക്കൂത്തിലും ലഭിച്ച നിഷ്‌കൃഷ്ടമായ പരിശീലനവും ആറുപതിറ്റാണ്ടിലേറെയുള്ള രംഗപരിചയവും ഇളമുറക്കാര്‍ക്കും ഉപസ്ഥിതി വരത്തക്ക പരിശീലനം നല്‍കുന്നതില്‍ പ്രകടമായ ഉല്‍സാഹവും രാമന്‍ നമ്പ്യാരെ പ്രസക്തമണ്ഡലത്തില്‍ നിസ്സപത്‌നമായ മാന്യസ്ഥാനത്തിനര്‍ഹനാക്കി.
അയ്യപ്പന്‍ തീയാട്ടിന്റെ പാട്ട്, കൂത്ത്, കോമരം, സമസ്തവൈചിത്ര്യങ്ങളുമാര്‍ന്ന കളമെഴുത്ത് എന്നീ ചതുരംഗങ്ങളിലുമുള്ള ആധികാരികതക്കു പുറമേ തായമ്പക, മേളങ്ങള്‍, പഞ്ചവാദ്യം എന്നിവയിലെ ചെണ്ടയിലും പ്രമാണ-ഇലത്താളത്തിലും മുന്തിയ പ്രയോഗപരിചയവും സംഗീതത്തിന്റെ ശാസ്ത്രീയവും നാടോടിയുമായ വകഭേദങ്ങള്‍, കഥകളി, കൂടിയാട്ടം എന്നിവയില്‍ അവഗാഹവും രാമന്‍ നമ്പ്യാര്‍ സമ്പാദിച്ചിട്ടുണ്ട്.
ഉദയാസ്തമനക്കൂത്ത്, പന്തീരായിരം തേങ്ങയേറ്, കനലാട്ടം തുടങ്ങിയ സര്‍വസ്വസമര്‍പ്പണാത്മകമായ അതിസാഹസികചടങ്ങുകള്‍ക്ക് കോട്ടമേതും തട്ടാതെ അയ്യപ്പന്‍ തീയാട്ട് എന്ന അനുഷ്ഠാനകല കേരളത്തിലും മറ്റിടങ്ങളിലും നിരവധി വേദികളില്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുന്ന ബന്ധുജന-സഹപ്രവര്‍ത്തകരോടൊത്ത് രാമന്‍ നമ്പ്യാര്‍ അവതരിപ്പിച്ചു. കേരളസംഗീതനാടക അക്കാദമി തീയാടി രാമന്‍ നമ്പ്യാരുടെ ഉദയാസ്തമനക്കൂത്ത് സമ്പൂര്‍ണ്ണമായി ഡോക്യുമെന്റു ചെയ്തിട്ടുണ്ട്. രാമന്‍ ആകാശവാണിയില്‍ അയ്യപ്പന്‍ തീയാട്ടു പാട്ടിന് എ, തോറ്റം പാട്ടിന് ബി എന്നീ ഗ്രേഡുകള്‍ നേടി.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അയ്യപ്പന്‍ തീയാട്ട് എന്ന രാമന്റെ പുസ്തകം ഈ രംഗത്തെ ഏകവും അദ്വിതീയവും സമഗ്രവുമായ സംഭാവനതന്നെ.