രാമസ്വാമി നായ്ക്കര്‍ ദ്രാവിഡ രാഷ്ട്രീയം വിതച്ച മണ്ണില്‍ മുരുകന്റെ വേല്‍ അസുരസംഹാരത്തിന്റെ കളി തുടങ്ങിയിരിക്കുന്നു. അതിനെ തടയണമെന്നു സ്റ്റാലിന്റെ ദ്രാവിഡകഴകം തൊണ്ടകീറിക്കൊണ്ട് ആവശ്യപ്പെടുകയാണ്. അണ്ണാ ഡി.എം.കെയുടെ സര്‍ക്കാര്‍ വെട്ടിവേല്‍ യാത്രാനായകനായ ബി. ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ എല്‍.മുരുകനെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരില്‍ അറസ്റ്റു ചെയ്തിട്ടുണ്ടെങ്കിലും യാത്ര തുടരുമെന്നുതന്നെയാണ് ബി.ജെ.പി. പക്ഷം. ഇതുവരെ തമിഴ്‌നാട്ടില്‍ കാണാത്ത ഒരു ചലനമാണ് മുരുകന്റെ വേലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പെരിയോരുടെ അനുയായികളായ കറുപ്പര്‍ക്കൂട്ടം മുരുകനെ സ്തുതിക്കുന്ന സ്‌കന്ദ ഷഷ്ഠി കവചത്തെ അവഹേളിക്കുന്ന വീഡിയോ പുറത്തിറക്കി. ഇതിനെതിരെ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധമുയര്‍ന്നു. കോവിഡ് മൂത്തുനില്‍ക്കുമ്പോഴും ജനങ്ങള്‍ തെരുവിലിറങ്ങി സ്‌കന്ദ ഷഷ്ഠി കവചം ചൊല്ലി. അതു ദിവസങ്ങളോളം സംസ്ഥാനത്തു പ്രതിധ്വനിച്ചു. സംസ്ഥാന സര്‍ക്കാരിന് കറുപ്പര്‍കൂട്ടത്തിന്റെ യൂട്യൂബ് ചാനല്‍ ഓഫീസ് പൂട്ടിക്കേണ്ടിവന്നു.
ആറ് സുബ്രഹ്മണ്യക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന വെട്ടിവേല്‍യാത്രയ്ക്കാണ് ഇപ്പോള്‍ ബി.ജെ.പി. തുടക്കമിട്ടിരിക്കുന്നത്. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റു ചരിത്രകാരന്മാരും ഇടതുരാഷ്ട്രീയക്കാരും ചേര്‍ന്ന് രാമജന്മസ്ഥാനം പള്ളിയാക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി. അതിന്റെ ഫലം നരേന്ദ്രമോദി ഭാരത പ്രധാനമന്ത്രിയായി എന്നു മാത്രമല്ല അയോദ്ധ്യയില്‍ ക്ഷേത്രനിര്‍മ്മാണത്തിനു തറക്കല്ലിടുകയും ചെയ്തു. പിണറായി വിജയന്‍ സര്‍ക്കാര്‍ ശബരിമല ക്ഷേത്രത്തിന്റെ ആചാരലംഘനത്തിനു പോലീസ്സിനെ ഉപയോഗിച്ച് കളിച്ചു. അതിനെ തുടര്‍ന്നുവന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ലോകസഭസീറ്റ് കേവലം ഒന്നായി എന്നു മാത്രമല്ല സംസ്ഥാനത്തെ ഇടതുഭരണം തന്നെ പൂതലെടുത്ത അവസ്ഥയിലുമായി. അടുത്തത് തമിഴ്‌നാടാണ്. മുരുകന്റെ വേലിന്റെ കളി അവിടെ തുടങ്ങിയിട്ടേയുള്ളൂ.