ഒരു രാജ്യത്തെ തകര്‍ക്കാനും തോല്പിക്കാനും സായുധയുദ്ധം പോലെ തന്നെ പ്രധാനമാണ് ആ രാജ്യത്തിനെതിരെ നടത്തുന്ന സാമ്പത്തിക യുദ്ധവും. കള്ളപ്പണവും കള്ളനോട്ടും ഒക്കെയായി ഭാരതത്തിനെതിരെ നടത്തിയിരുന്ന സാമ്പത്തികയുദ്ധത്തിന് ഒരു പരിധിവരെ തടയിടുവാന്‍ ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ടുനിരോധനത്തിനായി. ആധാര്‍ പോലുള്ള സംവിധാനവും ആഭ്യന്തര സാമ്പത്തികരംഗത്തെ നിരീക്ഷിക്കാനും ഇടപാടുകള്‍ സംശുദ്ധമെന്ന് ഉറപ്പാക്കാനുമൊക്കെ ഇത് സഹായകമായിട്ടുണ്ട്. കള്ളപ്പണവും കള്ളനോട്ടും കുഴല്‍പ്പണവുമൊക്കെയായി പടയോട്ടം നടത്തിയിരുന്ന ഇസ്ലാമിക ഭീകരവാദികള്‍ക്കും കമ്മ്യൂണിസ്റ്റ് ഭീകരര്‍ക്കും സുവിശേഷവേലക്കാര്‍ക്കുമൊക്കെ നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ ഭരണകൂടവും തീരെ സഹിക്കാതായതിന്റെ കാര്യം ഇപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രതിലോമശക്തികള്‍ ഒരു വഴി അടയുമ്പോള്‍ മറ്റ് പല വഴി കളും തുറക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അത്തരമൊരു ഒളിയുദ്ധത്തിന്റെ സുവര്‍ണ്ണ വഴിയാണ് ഇപ്പോള്‍ വര്‍ദ്ധിച്ചു വന്നുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണക്കടത്ത്.
കേരളമാണ് രാജ്യത്ത് ഏറ്റവും അധികം സ്വര്‍ണ്ണ കള്ളക്കടത്ത് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്ന്. കേരളത്തില്‍ പഞ്ചായത്തു തോറും വിമാനത്താവളം തുറക്കാന്‍ ചില രാഷ്ട്രീയപാര്‍ട്ടിക്കാര്‍ കാട്ടുന്ന തിടുക്കത്തിന് ഈ സ്വര്‍ണ്ണക്കടത്തുമായി വലിയബന്ധമാണ് ഉള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും പിടികൂടിയത് 417.49 കിലോഗ്രാം സ്വര്‍ണ്ണമാണ്. മലയാളിയെ പൊന്നുകൊണ്ട് പുളിശ്ശേരി വച്ച് ഊട്ടാന്‍ കൊണ്ടുവരുന്ന സ്വര്‍ണ്ണമൊന്നുമല്ലിത്. കള്ളപ്പണത്തിന്റെ മറ്റൊരുരൂപമാണ്. ഭാരതത്തിന്റെ സാമ്പത്തികമേഖല അട്ടിമറിക്കുക എന്ന ഭീകരലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. ഭീകരതയ്ക്ക് ഇന്ന് മതമുണ്ട് എന്നതുപോലെ കള്ളക്കടത്തിനും മതമുണ്ട് എന്ന് പിടിക്കപ്പെടുന്നവരുടെ പേരുവിവരങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. സ്വര്‍ണ്ണ കള്ളക്കടത്തിന് അറസ്റ്റിലാകുന്നവരില്‍ 95% ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരാകുന്നത് എന്തുകൊണ്ടാണ് എന്ന് ‘മതേതര’ മലയാളി തുറന്നു ചിന്തിക്കാന്‍ തയ്യാറാകണം. പലിശ നിഷിദ്ധമായ പാപമാണെന്നും പലിശരഹിത മതബാങ്ക് വേണമെന്നും ശഠിക്കുന്ന ഇക്കൂട്ടര്‍ തങ്ങളുടെ മതസമൂഹത്തിലുള്ളവര്‍ നടത്തുന്ന കള്ളക്കടത്തിനെതിരെ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? അപ്പോള്‍ സ്വര്‍ണ്ണ കള്ളക്കടത്ത് രാജ്യത്തിനെതിരെയുള്ള വിശുദ്ധയുദ്ധത്തിന്റെ ഭാഗമാണെന്ന് ആരെങ്കിലും ധരിച്ചു പോയാല്‍ കുറ്റം പറയാന്‍ പറ്റുമോ?
ദുബായില്‍ നിന്നും പരിശോധനകളെല്ലാം മറികടന്ന് ഒരു കിലോഗ്രാം സ്വര്‍ണ്ണം കേരളത്തിലെത്തിച്ചാല്‍ വാഹകന് കിട്ടുന്നത് നാലുലക്ഷം രൂപയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. കേരളത്തിലെ വിമാനത്താവളത്തിലൂടെ സുഗമമായി സ്വര്‍ണ്ണം കടത്താന്‍ ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും കൃത്യമായി ഇതിന്റെ വിഹിതം കിട്ടിക്കൊണ്ടിരിക്കും. അത്തരമൊരു സംവിധാനമാണ് കഴിഞ്ഞ മാസം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടത്. ഇതിലെ പ്രതികളെക്കുറിച്ച് അന്വേഷിച്ച രഹസ്യാന്വേഷണവിഭാഗത്തിനു കിട്ടിയ വിവരമനുസരിച്ച് പ്രധാനപ്രതികളിലൊരാള്‍ക്കുള്ള പാകിസ്ഥാന്‍ ബന്ധവും പുറത്തുവന്നിരുന്നു. വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികള്‍ വരെ പങ്കാളികളാകുന്ന സ്വര്‍ണ്ണക്കടത്തിന്റെ മാര്‍ഗ്ഗങ്ങള്‍ വിചിത്രമാണ്. വിമാനത്തിനുള്ളില്‍ ഭക്ഷണാവശിഷ്ടങ്ങളോടൊപ്പം വാഹകന്മാര്‍ ഉപേക്ഷിക്കുന്ന സ്വര്‍ണ്ണബിസ്‌ക്കറ്റുകള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ എന്ന വ്യാജേനയാണത്രെ പുറത്തെത്തിക്കുന്നത്. തങ്ങള്‍ രാജ്യദ്രോഹത്തിന്റെ പങ്കാണ് പറ്റുന്നതെന്നുപോലും ഇതില്‍ പലര്‍ക്കുമറിയില്ല.
സ്വര്‍ണ്ണം കുഴമ്പുരൂപത്തിലാക്കി അടിവസ്ത്രത്തിലൊളിപ്പിച്ചും സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ ശരീരത്തിലെ ഗോപ്യമായ ഇടങ്ങളില്‍ ഒളിപ്പിച്ചും ഒക്കെ എത്തിക്കുന്നതില്‍ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്. സ്ത്രീകളാകുമ്പോള്‍ സംശയിക്കാനുള്ള സാധ്യത കുറവാണ് എന്നതാണ് കള്ളക്കടത്തുകാരെ ഈ മാര്‍ഗ്ഗം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. സ്വര്‍ണ്ണക്കടത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ ദുബായ് കേന്ദ്രീകരിച്ചുകൊണ്ട് കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരുടെ മക്കള്‍ നടത്തുന്ന ദുരൂഹവ്യാപാരങ്ങളും കേന്ദ്രഏജന്‍സികള്‍ അന്വേഷണവിധേയമാക്കിയാല്‍ മഞ്ഞുമലയുടെ വലിപ്പം പൊതുജനങ്ങള്‍ക്ക് കൂടി മനസ്സിലായേനെ. സ്വര്‍ണ്ണക്കടത്തിന് സ്ത്രീകള്‍ക്ക് സുഗമമായി സഞ്ചരിക്കുവാന്‍ വേണ്ടി മാത്രം ചില മലയാളികള്‍ ദുബായ് കേന്ദ്രീകരിച്ചുകൊണ്ട് തുണിക്കടയും ബ്യൂട്ടിപാര്‍ലറും ഒക്കെ നടത്തുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത്തരം സ്ഥാപനങ്ങളിലെ ജോലിക്കാരെന്ന വ്യാജേനയാണ് പല സ്ത്രീ കള്ളക്കടത്തുകാരും നിരന്തരം സഞ്ചരിക്കുന്നത്.
2017-18 വര്‍ഷത്തില്‍ 103.57 കിലോഗ്രാം സ്വര്‍ണ്ണമാണ് കള്ളക്കടത്തായി വന്ന് വിമാനത്താവളങ്ങളില്‍ പിടിച്ചെടുത്തത് എങ്കില്‍ 2018-19 വര്‍ഷത്തില്‍ ഇത് 417.49 കിലോ ഗ്രാമായി വര്‍ദ്ധിച്ചതായാണ് അറിയുന്നത്. മലപ്പുറം ജില്ലയില്‍ സ്ഥിതിചെയ്യുന്ന കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് ഏറ്റവും അധികം സ്വര്‍ണ്ണ കള്ളക്കടത്ത് നടക്കുന്നതെന്നത് യാദൃച്ഛികമല്ല. 2018-2019 വര്‍ഷത്തില്‍ ഈ വിമാനത്താവളത്തില്‍ നിന്നു മാത്രം ഏതാണ്ട് 200 കിലോഗ്രാം സ്വര്‍ണ്ണമാണ് അധികൃതര്‍ പിടികൂടിയത്. 530 കേസുകള്‍ ഇവിടെ മാത്രം രജിസ്റ്റര്‍ ചെയ്തു എന്നാണ് അറിയാന്‍ കഴിയുന്നത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിപോലുള്ള ഒരു ചെറുപട്ടണത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നൂറോളം സ്വര്‍ണ്ണക്കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് എത്ര മലയാളികള്‍ക്കറിയാം. ഇവിടേക്ക് വരുന്ന സ്വര്‍ണ്ണത്തില്‍ തൊണ്ണൂറുശതമാനവും കള്ളക്കടത്ത് വഴിയാണെന്നതും അങ്ങാടിപ്പാട്ടാണ്.
സ്വര്‍ണ്ണ കള്ളക്കടത്തെന്ന സാമ്പത്തിക കുറ്റം കേരളത്തില്‍ സാര്‍വ്വത്രികമാകുന്നതിന്റെ പിന്നില്‍ ആഗോള ശക്തികള്‍ ഉണ്ട് എന്നത് പകല്‍പോലെ വ്യക്തമായ കാര്യമാണ്. ഇത് ചില രാജ്യവിരുദ്ധരുടെ പ്രച്ഛന്നയുദ്ധമാണ് എന്ന് കണ്ട് കള്ളക്കടത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും അടയ്ക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നു മാത്രമാണ് പറയാനുള്ളത്.