കാറല്‍ മാര്‍ക്‌സ് പ്രവചിച്ച കമ്മ്യൂണിസം നൂറുകൊല്ലംകൊണ്ട് തകര്‍ന്നടിഞ്ഞെങ്കിലും മാര്‍ക്‌സിന്റെ ഒരു പ്രവചനം കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം അക്ഷരംപ്രതി ശരിയാണ്. ‘ചരിത്രം ആവര്‍ത്തിക്കുന്നു, ആദ്യം ദുരന്തമായും രണ്ടാമത് പ്രഹസനമായും’ എന്നാണ് മാര്‍ക്‌സ് പറഞ്ഞത്. കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപതികളുടെ ചരിത്രം ഇതിന് സാക്ഷിയാണ്. റഷ്യയിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിനെ ചോദ്യംചെയ്യാന്‍ പാര്‍ട്ടിയില്‍ ആരുമുണ്ടായിരുന്നില്ല. 1953-ല്‍ സ്റ്റാലിന്‍ മരിച്ച് മൂന്നുവര്‍ഷം കഴിഞ്ഞ് 20-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നികിത ക്രൂഷ്‌ചേവ് സ്റ്റാലിന്റെ സാമ്രാജ്യത്വസ്വഭാവത്തെ നിശിതമായി വിമര്‍ശിച്ചു. എന്തുകൊണ്ട് ഇത് സ്റ്റാലിന്‍ ജീവിച്ചിരിക്കെ പറഞ്ഞില്ല എന്ന് കോണ്‍ഗ്രസ്സില്‍ ചോദ്യമുയര്‍ന്നപ്പോള്‍ ചോദിച്ച ആള്‍ ആരാണെന്ന് ക്രൂഷ്‌ചേവ് തിരിച്ചുചോദിച്ചു. ആരും ഉത്തരം പറയാന്‍ എഴുന്നേറ്റില്ല. ഇതുതന്നെയാണ് അന്നത്തെ അവസ്ഥയെന്ന് ക്രൂഷ്‌ചേവ് മറുപടി പറഞ്ഞു. മാവോ ജീവിച്ചിരിക്കെ വിമര്‍ശിക്കാന്‍ ഒരാളുമുണ്ടായില്ല ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍. മാവോയുടെ 120-ാം ജന്മവാര്‍ഷികത്തില്‍ ചൈനീസ് ബുദ്ധിജീവികള്‍ മാവോയെ നിശിതമായി വിമര്‍ശിച്ചു.
മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയിലോ ഇടതുമുന്നണിയിലോ പിണറായി വിജയനെ വിമര്‍ശിക്കാന്‍ ധൈര്യമുള്ളവര്‍ ആരുമില്ല. ഐ.എ.എസ്.ഉദ്യോഗസ്ഥനായ ശിവശങ്കരനെ അറസ്റ്റുചെയ്തതിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ല എന്ന് പാര്‍ട്ടി ജന.സെക്രട്ടറി സീതാറാം യച്ചൂരി വിധി പ്രഖ്യാപിച്ചുകഴിഞ്ഞു. വിജയനെ വിമര്‍ശിക്കാന്‍ സി.പി.ഐക്ക് പോലും തന്റേടമില്ല. ഇവരെയൊക്കെ മനസ്സില്‍ കണ്ടിട്ടാവാം മാര്‍ക്‌സ് പറഞ്ഞത് ചരിത്രം ദുരന്തമായും പ്രഹസനമായും ആവര്‍ത്തിക്കുമെന്ന്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇടതുമുന്നണി ഓട്ടക്കലമായി പുറത്താകുമ്പോള്‍ കാണാം പാര്‍ട്ടിക്കാരുടെ തിരുത്തല്‍വാദവീര്യം.