കേരളത്തിന്റെയെന്നല്ല ഭാരതത്തിന്റെ തന്നെ നവോത്ഥാനത്തിന് തുടക്കം കുറിച്ച വൈക്കം സത്യഗ്രഹത്തിനും തുടര്‍ന്നു നടന്ന ഗുരുവായൂര്‍ സത്യഗ്രഹത്തിനും നേതൃത്വം നല്‍കിയവരില്‍ അതിപ്രധാനമായ പങ്കുവഹിച്ച ആചാര്യനായിരുന്നു കാലടി അദ്വൈതാശ്രമത്തിന്റെയും കാലടി ശ്രീശങ്കര കോളേജിന്റെയും സ്ഥാപകനായ ആഗമാനന്ദസ്വാമികള്‍.
1896 ഏപ്രില്‍ 17ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച പി.കൃഷ്ണന്‍ നമ്പ്യാതിരി എന്ന ബ്രാഹ്മണ ബാലനാണ് പില്‍ക്കാലത്ത് ആഗമാനന്ദ സ്വാമികള്‍ എന്ന പേരില്‍ പ്രസിദ്ധനായത്. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്നും സംസ്‌കൃതം എം.എ ഒന്നാമനായി ജയിച്ചു. വേദങ്ങളിലും ഉപനിഷത്തുക്കളിലും അഗാധപാണ്ഡിത്യം നേടിയ കൃഷ്ണന്‍ നമ്പ്യാതിരി സ്വാമി വിവേകാനന്ദന്റെ സുഹൃത്തും സഹോദര സന്ന്യാസിയുമായ നിര്‍മ്മലാനന്ദ സ്വാമികളുടെ ശിഷ്യത്വം സ്വീകരിച്ച് രാമകൃഷ്ണമിഷനില്‍ ബ്രഹ്മചാരിയായിചേര്‍ന്നു. ബാല്യത്തില്‍ത്തന്നെ ചട്ടമ്പിസ്വാമികളുടെ അനുഗ്രഹം നേടാനും ശ്രീനാരായണ ഗുരുദേവനുമായി പരിചയപ്പെടാനും അവസരം ലഭിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ ആരംഭം മുതല്‍ കെ.കേളപ്പന്‍, മന്നത്തു പത്മനാഭന്‍, ടി.കെ മാധവന്‍, കെ.പി കേശവമേനോന്‍ എന്നിവരോടൊപ്പം പ്രസംഗവേദികളില്‍ ആഗമാനന്ദസ്വാമികളും ഉണ്ടായിരുന്നു.

ജാതിഭേദം സനാതന ധര്‍മ്മത്തിന്റെ ഭാഗമല്ലെന്നും, വേദങ്ങളിലോ, ഉപനിഷത്തുക്കളിലോ അതിനെക്കുറിച്ചു യാതൊരു പരാമര്‍ശങ്ങളുമില്ലെന്നും എല്ലാ വേദികളിലും ആഗമാനന്ദസ്വാമികള്‍ പ്രസംഗിച്ചിരുന്നു.
ഗാന്ധിജിയുടെ സന്ദര്‍ശനം
വൈക്കം സത്യഗ്രഹം തുടങ്ങി ഏറെനാള്‍ കഴിഞ്ഞിട്ടും വലിയ പുരോഗതി ഉണ്ടാകാതിരുന്നതുകൊണ്ട് സത്യഗ്രഹികളെ കാണാനും അനുഗ്രഹിക്കാനുമായി ഗാന്ധിജി വൈക്കത്തെത്തി. വൈക്കം മഹാദേവക്ഷേത്രത്തിന്റെ ഉടമയായ ഇണ്ടന്തുരുത്തി നമ്പ്യാതിരിയെ കാണണമെന്ന് ഗാന്ധിജി ആഗ്രഹം പ്രകടിപ്പിച്ചു. ഗാന്ധിജിയെ കാണാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും ഗാന്ധിജിയുടെ നിര്‍ബന്ധത്തിനുവഴങ്ങി കാണാമെന്ന് സമ്മതിച്ചു. വൈശ്യനായ ഗാന്ധിജിയെ തന്റെ വീട്ടിനുള്ളിലേയ്ക്ക് ക്ഷണിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന നമ്പ്യാതിരി മുറ്റത്ത് ഒരു പന്തലിട്ട് അവിടെ ഗാന്ധിജിയെയും അനുയായികളെയും സ്വീകരിക്കാന്‍ തയ്യാറായി. ആഗമാനന്ദസ്വാമികളും സത്യഗ്രഹികള്‍ക്കൊപ്പം അവിടെ എത്തിയിരുന്നു.

”എന്തുകൊണ്ടാണ് എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം നല്‍കാത്തത്? ഗാന്ധിജി ഇണ്ടന്തുരുത്തി നമ്പ്യാതിരിയോട് ചോദിച്ചു. ഉത്തരം നല്‍കാതെ ഒരു പുസ്തകം ഗാന്ധിജിയുടെ കയ്യില്‍ കൊടുക്കുകയാണ് നമ്പ്യാതിരി ചെയ്തത്. ശാങ്കരസ്മൃതി എന്ന ഗ്രന്ഥമായിരുന്നു ഗാന്ധിജിക്ക് നല്‍കിയത്. ആ ഗ്രന്ഥം ശങ്കരാചാര്യര്‍ രചിച്ചതാണെന്നും അതില്‍ പറയും പ്രകാരമാണ് എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാത്തത് എന്നുമായിരുന്നു നമ്പ്യാതിരിയുടെ വാദം.
മലയാള ലിപിയില്‍ എഴുതിയ സംസ്‌കൃത ഗ്രന്ഥമായിരുന്നു ‘ശാങ്കരസ്മൃതി’. അതു വായിച്ചുമനസ്സിലാക്കാന്‍ തനിക്കു കഴിയുകയില്ലെന്നും ഈ ഗ്രന്ഥം നാഗരലിപിയില്‍ പകര്‍ത്തിയെഴുതി മാളവ്യജിക്ക് അയച്ചുകൊടുക്കാമെന്നും ഗാന്ധിജി അഭിപ്രായപ്പെട്ടു. ആ സമയം അവിടെ സന്നിഹിതനായിരുന്ന കെ.കേളപ്പന്‍ ഗാന്ധിജിയോടു പറഞ്ഞു, ”ബാപ്പുജി ഇവിടെ സംസ്‌കൃതം നല്ലപോലെ പഠിച്ച് വേദങ്ങളിലും ഉപനിഷത്തുക്കളിലും അഗാധപാണ്ഡിത്യം നേടിയ കൃഷ്ണന്‍ നമ്പ്യാതിരി സന്നിഹിതനായിട്ടുണ്ട്. അദ്ദേഹം ഈ പുസ്തകത്തിന്റെ സാധുതയെക്കുറിച്ച് വ്യക്തമായി വിശദീകരിച്ചുതരും.”
ശാങ്കരസ്മൃതിയുടെ സാധുതയെകുറിച്ച് ഗാന്ധിജി കൃഷ്ണന്‍ നമ്പ്യാതിരിയോടു ചോദിച്ചു. അതിനുത്തരമായി കൃഷ്ണന്‍നമ്പ്യാതിരി പറഞ്ഞു: ‘ശാങ്കരസ്മൃതി’ എന്ന ഈ ഗ്രന്ഥം വ്യാകരണ പിശകുകളും ഭാഷാവൈകല്യവും നിറഞ്ഞതാണ്. ഈ ഗ്രന്ഥത്തിന് 200 വര്‍ഷത്തിലധികം പഴക്കമില്ല. ഇതേതോ പൂണൂല്‍ ശങ്കരന്‍ സ്വാര്‍ത്ഥലാഭത്തെ മാത്രം മുന്‍നിര്‍ത്തി രചിച്ചിട്ടുള്ളതാണ്. ഈ പുസ്തകത്തിലെ ആശയങ്ങളൊന്നും സനാതനധര്‍മ്മത്തിന് യോജിക്കുന്നതല്ല. ഇതിനെ അപ്പാ ടെ തള്ളിക്കളയുകയാണ് വേണ്ടത്.” കൃഷ്ണന്‍ നമ്പ്യാതിരിയുടെ വിശദീകരണത്തില്‍ ‘ശാങ്കരസ്മൃതി’ ഒരു കള്ളപ്രമാണമാണ് എന്ന് ഗാന്ധിജിക്ക് ബോധ്യമായി. ‘ശാങ്കരസ്മൃതി’ ശങ്കരാചാര്യരുടെ രചനയല്ലെന്ന് ബോധ്യപ്പെടുത്തിയ ആഗമാനന്ദസ്വാമികള്‍ ഗുരുവായൂര്‍ സത്യഗ്രഹത്തിലും നേതൃത്വപരമായ പങ്കാണ് വഹിച്ചിട്ടുള്ളത്.

തന്റെ രാഷ്ട്രീയ ഗുരുവായ കേളപ്പജിയോടൊപ്പം ഏ.കെ ഗോപാലനും(ഏ.കെ.ജി) ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തിരുന്നു. ”ജാതിഭേദം സനാതനധര്‍മ്മത്തിന്റെ ഭാഗമല്ല” എന്ന് ആഗമാനന്ദസ്വാമികളുടെ പ്രസംഗങ്ങളില്‍ നിന്നാണ് തനിക്ക് ബോധ്യപ്പെട്ടത് എന്ന് ഏ.കെ.ജി. തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഏ.കെ.ജി അദ്ധ്യക്ഷനായിരുന്ന അഖിലേന്ത്യാ കിസാന്‍ സഭയുടെ വാര്‍ഷികസമ്മേളനം കാലടി ശ്രീശങ്കരാ കോളേജിലാണ് നടന്നത്. ശ്രീ ശങ്കരാകോളേജ് മാനേജിംഗ് കമ്മിറ്റിയുടെ പ്രസിഡന്റ് ആഗമാനന്ദസ്വാമികളാണ്.
കിസാന്‍ കോണ്‍ഗ്രസ് വാര്‍ഷിക സമ്മേളനം അവസാനിക്കുന്ന ദിവസം വൈകുന്നേരം ഏ.കെ.ജി അന്നത്തെ റവന്യൂമന്ത്രി കെ.ആര്‍ ഗൗരിയമ്മയോടൊപ്പം സ്റ്റേറ്റ് കാറില്‍ ആശ്രമത്തിലെത്തി. ശങ്കരജയന്തി നടക്കുന്ന സമയം. ആഗമാനന്ദസ്വാമികള്‍ അതിഥികളെയും കൊണ്ട് പ്രസംഗവേദിയിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. ഞാന്‍ കാറിനടുത്തേയ്ക്ക് ചെന്നപ്പോള്‍ ഏ.കെ.ജി. ചോദിച്ചു, ”സ്വാമികള്‍ ഇവിടെ ഉണ്ടോ” എന്ന്. ”ഉണ്ട് കയറിയിരിക്കണമെന്ന്” ഞാന്‍ ക്ഷണിച്ചു. ഏ.കെ.ജിയും ഗൗരിയമ്മയും സ്വാമിജിയുടെ മുറിയില്‍ കയറിയിരുന്നു. ”ഞാന്‍ പോയി വിളിക്കാം” എന്നു പറഞ്ഞപ്പോള്‍ ”തിരക്ക് കൂട്ടേണ്ട, ഞാനിരിക്കാം” എന്നദ്ദേഹം പറഞ്ഞു.
ആശ്രമം നടത്തുന്ന ഹരിജന ഗിരിജന ഹോസ്റ്റല്‍ ഏ.കെ.ജിയെ ഏറെ ആകര്‍ഷിച്ചു. ”അധ:സ്ഥി തരുടെ ഉന്നമനത്തിനായി നമ്മളെക്കാള്‍ ശ്രദ്ധയാണ് സ്വാമികള്‍ക്കുള്ളത്.” ഒപ്പമുണ്ടായിരുന്ന കെ.ആര്‍ ഗൗരിയമ്മയോടായി ഏ.കെ.ജി.പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞ് സ്വാമിജിയെ കണ്ടശേഷം ഏ.കെ.ജി ഇറങ്ങി. ഇടയ്‌ക്കെല്ലാം ഫോണില്‍ വിളിച്ച് ആരോഗ്യം ശ്രദ്ധിക്കണമെന്ന് ഏ.കെ.ജി ആഗമാനന്ദസ്വാമികളോട് ആവശ്യപ്പെടുമായിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താത്വികാചാര്യനായിരുന്ന പി.ഗോവിന്ദപ്പിള്ള ഇടയ്ക്കിടെ ആശ്രമത്തിലെത്തിയിരുന്നു. അദ്ദേഹം ആശ്രമത്തില്‍ താമസിച്ച് പഠിച്ചു വളര്‍ന്ന ആളായിരുന്നു. വിദ്യാവാചസ്പതി വി.പനോളി, എന്‍.വി.കൃഷ്ണവാര്യര്‍, ഗുരുനിത്യചൈതന്യയതി, പി.പരമേശ്വര്‍ജി, പ്രൊഫ: എസ്.ഗുപ്തന്‍നായര്‍, തുടങ്ങിയവരെയെല്ലാം അറിവിന്റെ മേഖലകളില്‍ മുന്നേറാന്‍ ശക്തിയായ പ്രചോദനം നല്‍കിയ ആചാര്യനായിരുന്നു ആഗമാനന്ദസ്വമികള്‍. കേരളത്തിന്റെ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ ആഗമാനന്ദസ്വമികളോട് ഏ.കെ.ജി കാണിച്ച സ്‌നേഹവായ്പ് ഇന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കും പാഠമാകേണ്ടതാണ്. ആദ്ധ്യാത്മികാചാര്യന്മാരെ ശത്രുതാമനോഭാവത്തോടെ കാണുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് നവോത്ഥാനത്തിന്റെ പിന്‍തുടര്‍ച്ചക്കാരാകാന്‍ ഒരിക്കലും സാധ്യമല്ല.