ആണ്ടവനേയും വേലായുധനേയും കണ്ടപ്പോള്‍ ചേനാരുടെ കണ്ണുകള്‍ നിറഞ്ഞു. കാലത്തിന്റെ ഏതോ ഗിരിശൃംഗങ്ങളില്‍ നിന്നുമെന്ന പോലെയുള്ള ഓര്‍മ്മകളുടെ നിരന്തര പ്രവാഹങ്ങള്‍ അയാള്‍ക്ക് തടഞ്ഞു നിര്‍ത്താന്‍ കഴിയാത്തതുപോലെ തോന്നി. ആണ്ടവന്റെ കൈ പിടിച്ച് അയാള്‍ വിങ്ങി വിങ്ങി കരഞ്ഞു. ‘മോനെ, ന്റെ കുട്ടിയ്‌ക്കൊന്നുല്യ,ന്റെ കുട്ടി തളരരുത്. ആളുകള് പലതുംപറയും. ഒരു ചെവിട്ടില്‍ കേള്‍ക്കണത് മറ്റെ ചെവിട്ടിലൂടെ വിട്ടുകളയുക – അത്ര തന്നെ.’ ആണ്ടവന്‍ ഒന്ന് ചിരിച്ചു. ഒരു നിസ്സംഗമായ ചിരി. ഏറെ കാലത്തിന് ശേഷമുള്ള കൂടിക്കാഴ്ച ആയതുകൊണ്ട് അവര്‍ക്ക് ഏറെ പറയാനുണ്ടായിരുന്നു. തിരിച്ചു പോരുമ്പോള്‍ വേലായുധന്‍ പറഞ്ഞു. ‘ഈ കുമാരന്‍ ചേനാര് നാട് ഇളക്കിമറിച്ച ഒരു മനുഷ്യനാണ്. ആര്‍ക്കും വകവെച്ചു കൊടുക്കാത്ത ഒരു മനുഷ്യന്‍. പണ്ട് തൃക്കണ്ടിയൂര്‍ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ആ നടവഴി കണ്ടിട്ടില്ലേ, അതിലൂടെ നായന്‍മാര്‍ക്കും നമ്പൂരിമാര്‍ക്കും മാത്രമേ നടക്കാന്‍ പാടുണ്ടായിരുന്നൊള്ളു.’ അങ്ങനെണ്ടെങ്കില്‍ അതിലൂടെ ഒന്ന് നടക്കണല്ലോ. എന്ന് അയാള്‍ തീരുമാനിച്ചു – അന്ന് പ്രായം പത്തൊ പതിമൂന്നോവയസ്സ്. അദ്ദേഹം നല്ല കസവ് കരമുണ്ടൊക്കെയുടുത്ത് കരിങ്കപ്പാറയുള്ള ഏതോ ഒരു കുടുംബക്കാരനെയും കൂട്ടിനു വിളിച്ച് അതിലൂടെ നടന്ന ഒരു കഥയുണ്ട്. അവരുടെ തറവാട് ശരിക്കും കരിങ്കപ്പാറയാണ്. അവിടുന്ന് ഇദ്ദേഹത്തിന്റെ അച്ഛനായിട്ട് തൃക്കണ്ടിയൂര് വന്ന് കൂടിയതാണ്. അതുകൊണ്ടുതന്നെ തൃക്കണ്ടിയൂരുള്ള പ്രമാണിമാര്‍ക്കൊന്നും ചെക്കനെ കണ്ട് പരിചയവുമില്ല. കസവുമുണ്ടും തോളിലൊരു തോര്‍ത്തും. നല്ല ധൈര്യത്തിലുള്ള ആ വരവും കണ്ടാല്‍ ഏതോ രണ്ട് നായരുകുട്ട്യോള് എന്നേ ആരും കരുതൂ. അമ്പലത്തിന്റെ മുമ്പിലെ ആല്‍ത്തറയില്‍ ചില പ്രമാണിമാര്‍ വെടിവട്ടം കൂടിയിരിക്കുന്ന സമയം. ‘എവിടെത്തേ ആ കുട്ട്യോള് ? ഇവിടൊന്നും കണ്ട് പരിചയമില്ലല്ലോ.’ ആരോ ഒരാള്‍ സംശയം പറഞ്ഞു. എന്നാല്‍ വിളിച്ച് ചോദിയ്ക്ക തന്നെ.
അവര്‍ ഒരാളെ അടുത്തേയ്ക്ക് വിളിച്ചു. അതോടെ കുടുംബക്കാരന്റെ ധൈര്യം തോര്‍ന്നു. അയാള്‍ പറഞ്ഞു. ‘ഏട്ടേ, ഏട്ടേ മ്മള് കമ്മമ്മാരല്ലോലാ ന്നാ ഓല് പറയണ്, ഓലതാ വിളിച്ചതാ’ ആ സംഭാഷണം ആല്‍ത്തറയിലെ പ്രമാണിമാര്‍ കേട്ടു. എട്ടേ എന്ന വിളിയും ഓല് എന്ന പ്രയോഗവും പൊതുവെ തിയ്യന്‍മാര്‍ക്കിടയിലായിരുന്നത് കൊണ്ട് കള്ളി പൊളിഞ്ഞു. അന്ന് അവിടുന്ന് നല്ല തല്ല് കിട്ടി. വീട്ടില്‍ ചെന്നപ്പോള്‍ അച്ഛന്റെ വക വേറെയും കിട്ടി. പിന്നെ കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം പുന്നയ്ക്കലെ കുട്ടിശങ്കരന്‍ നായരുടെ നേതൃത്വത്തില്‍ അധഃകൃതര്‍ക്ക് ആ വഴിയിലൂടെ നടക്കാനും കിഴക്കേചിറയില്‍ കുളിക്കാനും സമരം നടന്നു. അതിലും കുമാരന്‍ ചേനാര് ണ്ടായിരുന്നു. അന്നും ഇല്ലത്തുള്ളോര് സമരത്തെ പിന്തുണച്ചൂന്നാ പറയണത്. ചേനാര് പറഞ്ഞ് കേട്ടതാണ്. ഇനിക്കതൊന്നും അത്ര ഓര്‍മ്മയില്ല അന്നൊക്കെ ഞാനും ജീവിക്കണ് ണ്ടാവും. പക്ഷെ ഞാനതിലൊന്നും പങ്കെടുത്തിട്ടുമില്ല, ഇനിക്കതൊന്നും ഓര്‍മ്മയൂ ല്യ.’ ഒരു നിരാശ കലര്‍ന്ന സ്വരമായിരുന്നു വേലായുധന്. അത്തരം ഒരു ചരിത്രത്തിന്റെ ഭാഗവാക്കാവാന്‍ അവസരം കിട്ടിയത് കളഞ്ഞുകുളിച്ച നിരാശ. ആണ്ടവന്‍ എല്ലാം കേള്‍ക്കുന്നുണ്ടെങ്കിലും മറ്റേതോ ലോകത്തായിരുന്നു അവന്റെ മനസ്സ്. ചരിത്രത്തില്‍ രജത ലിപികളാല്‍ പേരെഴുതിവെച്ച മഹാരഥന്‍മാരുടെ പിറകിലും മുന്നിലും എത്രയെത്ര പേരില്ലാത്തവരുണ്ട്. ഒരു നേതാവിന്റെ പ്രഭാപൂരത്തില്‍ പെട്ട് മറ്റൊന്നും ആര്‍ക്കും കാണാന്‍ കഴിയാത്ത രൂപത്തില്‍ മറഞ്ഞു പോകുന്നു സാധാരണക്കാര്‍. എന്നാല്‍ പല നേതാക്കന്‍മാരുടെയും പ്രഭ ഈ പേരില്ലാത്തവര്‍ ചാര്‍ത്തി കൊടുത്തതാണെന്ന് ആരും ഓര്‍മ്മിക്കുന്നില്ല. ചരിത്രം സൃഷ്ടിക്കുന്നത് ഒരിക്കലും ഒരാളല്ല. ഒരു കാലമാണ്. പക്ഷെ എന്നും ചരിത്രം അടയാളപ്പെടുത്തുന്നത് വ്യക്തികളെ മാത്രമാണ്.
ആണ്ടവന്‍ ഒരു നിമിഷം തന്റെ ചെറുപ്പത്തിലേയ്‌ക്കൊന്ന് സഞ്ചരിച്ചു. മുഷിഞ്ഞ് കീറിയ സാരിയുടുത്ത് ഒരു മണ്‍കൂരയുടെ മുമ്പില്‍ പുറത്തിരിക്കുന്ന അല്പം തടിച്ച ആ സ്ത്രീ അവന്റെ ഓര്‍മ്മയിലേക്ക് കയറിവന്നു. മുറുക്കി കറപിടിച്ച ആ പല്ലുകള്‍ കാട്ടി അവര്‍ ചിരിക്കുകയാണ്. നാല് കാലില്‍ ആടിയാടി വരുന്ന അപ്പാവ് മുണ്ടഴിച്ച് തോളത്തിട്ടിരിക്കുന്നു. വലിയ ഒരു ട്രൗസര്‍, കുടുക്കഴിഞ്ഞ് കിടക്കുന്ന ഷര്‍ട്ട്. മനസ്സില്‍ പതിഞ്ഞ് കിടക്കുന്ന അച്ഛനമ്മമാരുടെ രൂപമാണത്. എത്ര ശ്രമിച്ച് ആലോചിച്ചു നോക്കിയിട്ടും മറ്റൊരു രൂപം കാണാനേയില്ല. പിന്നെ അച്ഛനില്‍ നിന്ന് കിട്ടിയ ആഞ്ഞുള്ള തൊഴി- വീണിടത്ത് നിന്ന് എഴുന്നേറ്റോടിയത്. ശരിക്ക് നടക്കാന്‍ വയ്യാത്തതുകൊണ്ട് പിറകെ ഓടാന്‍ കഴിയാതെ വീടിന്റെ മുളന്തണ്ടില്‍ പിടിച്ചു നിന്നാടുകയായിരുന്നു അയാള്‍. കുഴഞ്ഞ നാവു കൊണ്ട് അശ്ലീലത്തിന്റെ അടിവേരുകള്‍ ചികഞ്ഞു കൊണ്ടേയിരിക്കുന്ന അയാളുടെ ആ രൂപത്തിനോട് ഇന്നുമുണ്ട് അറപ്പും വെറുപ്പും അടങ്ങാത്ത ദേഷ്യവും. കൈയില്‍ കിട്ടിയ കല്ലെടുത്ത് ഒറ്റ ഏറായിരുന്നു. ഉന്നം പിഴച്ചില്ല. നെറ്റിയില്‍ തന്നെ കൊണ്ടു. ഒറ്റനിമിഷമേ നോക്കിയൊള്ളു. ചോര പുരണ്ട ആ ഭീകരമുഖം തന്നെ കിട്ടിയാല്‍ കൊല്ലുമെന്ന് പിറുപിറുക്കുന്നത് അവന് വ്യക്തമായിരുന്നു.
പിന്നെ ഒന്നും ചിന്തിച്ചില്ല. മരണത്തില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു. രക്ഷപ്പെടണം എന്ന ഒറ്റ ആഗ്രഹം മാത്രം. പ്രേതങ്ങളും പിശാചുക്കളും ആര്‍ത്തലറുന്ന ഏതോ ഒരു ഗുഹയില്‍ നിന്ന് പുറത്ത് കടന്ന അനുഭൂതിയായിരുന്നു. ഏറെ ദൂരം പിന്നിട്ടതിന് ശേഷമാണ് വിശപ്പും ദാഹവും അവന്‍ അറിഞ്ഞതു തന്നെ. ആ യാത്രയുടെ അവസാനമെത്തിയത് പഴനി മലയിലായിരുന്നു. ഭഗവാന്റെ സന്നിധിയിലിരുന്നാല്‍ വിശപ്പു മാറുമെന്ന ഒരു വിശ്വാസം ആ കുഞ്ഞു മനസ്സിലും തോന്നിയിട്ടുണ്ടാകാം. – യഥാര്‍ത്ഥത്തില്‍ അവിടുന്നായിരുന്നു ആണ്ടവനെ കൊണ്ട് സാക്ഷാല്‍ ആണ്ടവന്‍ നടത്തുന്ന ലീലാവിലാസങ്ങള്‍ തുടങ്ങിയത്. ഒഴുക്കിനനുസരിച്ച് ഇങ്ങനെ നീന്തിക്കൊണ്ടിരിക്കുക – ഇനി എത്ര കാലം !.
ആശുപത്രിയില്‍ നിന്ന് വന്നിട്ട് ദിവസങ്ങള്‍ പലതും കഴിഞ്ഞു. ‘ആണ്ടവാ – എന്താടോ ആ വഴിയ്‌ക്കൊന്നും വരാത്തത്’ അങ്ങനെ ഒരു വിളിയും ചോദ്യവും അയാള്‍ പ്രതീക്ഷിച്ചിരുന്നു. മനയ്ക്കലെ ഭവത്രാതന്റെ – പക്ഷെ അതുണ്ടായില്ല. മനയ്ക്കല്‍ വരെ ഒന്നു പോയാലാ? ഭവത്രാതന്‍ നമ്പൂരിയെ ഒന്നു കണ്ടാല്‍ നന്നായിരുന്നു എന്ന് വേലായുധനോട് പറഞ്ഞപ്പോള്‍ വേണ്ടെന്നാണ് വേലായുധന്‍ പറഞ്ഞത്. എപ്പോഴും ഒന്നിച്ചുണ്ടായിരുന്ന രണ്ട് കൂട്ടുകാരായിട്ടും ഈ ഒരവസ്ഥയില്‍ ഒരന്വേഷണം കൂടി അദ്ദേഹം നടത്തിയിട്ടില്ല. അദ്ദേഹത്തെ കുറ്റം പറയാനും കഴിയില്ല. ആര്‍ക്കും ചിന്തിയ്ക്കാവുന്നതേയുള്ളു. താന്‍ വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്‍ ബലാല്‍ക്കാരം ചെയ്തു എന്നറിഞ്ഞാല്‍ അതൊന്നും ക്ഷമിക്കാന്‍ മാത്രം വിശാലത ആര്‍ക്കുമുണ്ടാവില്ല. ആ നിലയ്ക്ക് ആണ്ടവനെ കുറച്ച് ദിവസത്തേയ്‌ക്കെങ്കിലും ഭവത്രാതന്‍ കാണാതിരിക്കുന്നതാണ് നല്ലത്. അതായിരുന്നു വേലായുധന്റെ ചിന്ത. വേലായുധന്‍ തന്റെ വികാരവിചാരങ്ങള്‍ ആണ്ടവനെ അറിയിച്ചപ്പോഴാണ് കഴിഞ്ഞ് പോയ ഓരോന്നിന്റേയും ഗൗരവം അയാള്‍ക്ക് ഓര്‍മ്മയിലേയ്ക്ക് വന്നത്. സ്വപ്‌നം കണ്ട പോലെയുള്ള ചില ഓര്‍മ്മച്ചിത്രങ്ങളായിരുന്നു അയാള്‍ക്കുണ്ടായിരുന്നത്. അച്ഛന്‍ പറഞ്ഞ് കേള്‍ക്കുമ്പോള്‍ അതിന് കൂടുതല്‍ വ്യക്തത വരുന്നതു പോലെ അയാള്‍ക്ക് തോന്നി.
ഭവത്രാതന്‍ അയാള്‍ക്ക് ഒരു കൂട്ടുകാരന്‍ മാത്രമായിരുന്നില്ല. പലപ്പോഴും തന്റെ ചുമടിറക്കിവെയ്ക്കാനുള്ള ഒരത്താണി കൂടിയായിരുന്നു. അയാള്‍ക്ക് സാവിത്രിയോടുള്ള ഇഷ്ടത്തിന്റെ ആഴവും ആണ്ടവനറിയാം – അവളെക്കുറിച്ച് എത്രയെത്ര അയാള്‍ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ….. കഷ്ടം. നന്ദികെട്ടവനെന്നേ അയാള്‍ വിചാരിക്കൂ – ഭവത്രാതനെ കാണണം. വസ്തുതകള്‍ അയാളെ മനസ്സിലാക്കി കൊടുക്കണം. അറിയാതെ പോലും മറ്റൊരു കണ്ണിലൂടെ സാവിത്രിയെ താന്‍ നോക്കിയിട്ടില്ലെന്ന് തെളിയിക്കണം. എല്ലാ കോടതിയിലും പ്രതിയാണ് നിരപരാധിയാണെന്ന് തെളിയിക്കേണ്ടത്. തന്റെ നിരപരാധിത്തം തെളിയിക്കുക തന്നെ വേണം. അച്ഛന്‍ അനുവദിച്ചിട്ട് ഒരിക്കലും മനയ്ക്കലേയ്ക്ക് പോകുവാന്‍ കഴിയില്ല. അദ്ദേഹം അരുതെന്ന് പറഞ്ഞത് ചെയ്ത് ശീലവുമില്ല. അല്ലെങ്കിലും വേലായുധന്‍ തനിക്ക് അച്ഛന്‍ മാത്രമല്ല. സാക്ഷാല്‍ ദൈവം തന്നെയാണ്. തന്റെ സുരക്ഷയുടെ വേലാണ് –
അത് തന്നെയാണ് തന്റെ ആയുധവും. പുറത്ത് കാണിച്ചിട്ടില്ലെങ്കിലും ആ ഒരാരാധന ഉള്ളില്‍ കൊണ്ടു നടന്നിട്ടുണ്ട്. പഠിച്ച എല്ലാ വിഷയങ്ങളെക്കാളും ഇപ്പോഴും ശരിയെന്ന് തോന്നുന്നത് അച്ഛന്‍ പറഞ്ഞതും പഠിപ്പിച്ചതുമാണ്. അതില്‍ കൂടുതല്‍ വിശ്വാസം മറ്റൊന്നിലും തോന്നിയിട്ടില്ല. പക്ഷെ ഇവിടെ അച്ഛന്റെ വാക്കുകളെ മറികടന്നേ പറ്റു.
വേലായുധനോട് ആണ്ടവനുള്ള അനുസരണ നാട്ടുകാര്‍ക്കൊക്കെ അറിയുന്നതാണ്. ഏത് ഭ്രാന്തിന്റെ കാണാച്ചുഴിയില്‍ കറങ്ങിനടക്കുകയാണ് ആണ്ടവന്റെ മനസ്സെങ്കിലും വേലായുധന്റെ ഒരു വാക്കു കൊണ്ട് അതിനെ നിയന്ത്രിക്കാമെന്ന് പലതവണ പലരും കണ്ടതുമാണ്. അതുകൊണ്ട് തന്നെ നാട്ടുകാര്‍ ചിലര്‍ പറഞ്ഞിരുന്നു. ആണ്ടവന്റെ പ്രാന്തൊക്കെ ഒരു കാട്ടിക്കൂട്ടലാണ്. അല്ലെങ്കില്‍ ആ സമയത്തും വേലായുധനെ അവന്‍ തിരിച്ചറിയുന്നുണ്ടല്ലാ !
വൈകുന്നേരം അച്ഛന്‍ പുറത്തിറങ്ങുന്നത് കാത്തിരിക്കുകയായിരുന്നു ആണ്ടവന്‍. പോകുമ്പോള്‍ ആണ്ടവനെ നന്നായി ശ്രദ്ധിക്കണമെന്നും പുറത്തിറങ്ങാന്‍ സമ്മതിക്കരുതെന്നും രഹസ്യമായി കല്യാണിയോട് പറയുന്നത് അയാള്‍ കേട്ടിരുന്നു. തന്റെ ഭാവിയെ കരുതി മാത്രമാണതെന്ന് ചിന്തിയ്ക്കുവാന്‍ ഇപ്പോള്‍ ആണ്ടവന് കഴിയുന്നുമുണ്ട്. എന്നാല്‍ ഭവത്രാതനെ ഒന്ന് കാണണമെന്ന അടങ്ങാത്ത ആഗ്രഹം അയാള്‍ക്ക് നിയന്ത്രിക്കുവാന്‍ കഴിയുന്നതായിരുന്നില്ല. ‘അമ്മാ എന്തൊരു ചൂടാ ഇവിടെ. ഞാനൊന്നു പുറത്ത് പോയിട്ട് വരാം’ അയാള്‍ കല്യാണിയോട് പറഞ്ഞു. ‘വേണ്ട പൊന്ന്വോ, പുറത്തെറങ്ങാന്‍ സമ്മതിക്കണ്ടാന്നാ അച്ഛന്‍ പറഞ്ഞത്. പോയി വന്നാ അതിന്റെ പേരില് ഒരു പുകിലുണ്ടാവും’ ആണ്ടവന്‍ ഒന്നു ചിരിച്ചു. ‘അച്ഛന്‍ ഇങ്ങട്ടെത്ത് ണേന് മുമ്പേ ഞാന്‍ വരില്ലേ? അമ്മ പറയാതിരുന്നാ മതി. ഉടനെ വരാം.’ – കൊച്ചു കുട്ടികളെ പോലുള്ള അയാളുടെ സംസാരം കേട്ടപ്പോള്‍ കല്യാണിയ്ക്ക് പിന്നെ എതിര്‍ക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കിലും ആണ്ടവന്‍ എന്താവശ്യപ്പെട്ടാലും അത് അനുവദിച്ച് കൊടുത്തിട്ടേയുള്ളു അവര്‍. പിന്നെ ഇപ്പോഴാണെങ്കില്‍ അവന് അസുഖത്തിന്റെ ലക്ഷണമൊന്നും കാണാനുമില്ല. അല്ലെങ്കില്‍ തന്നെ എത്ര കാലാന്ന് കരുതീട്ടാ ഒരാളെ ഇങ്ങനെ കൂട്ടിലടച്ച് ഇരിയ്ക്കാ – അവനൊന്ന് പുറത്ത് പോയീച്ച് ട്ട് ഇപ്പൊ എന്ത്ണ്ടാവാനാ- ? ആലോചിച്ചപ്പോള്‍ അതില്‍ എന്തെങ്കിലുമപകടമുണ്ടെന്ന് കല്യാണിയ്ക്ക് തോന്നിയില്ല. എങ്കിലും അവള്‍ മനസ്സില്‍ പറഞ്ഞു . ‘ -ന്റെ തറയ്ക്കലെ ഭഗവത്യേ -ന്റെ കുട്ടിയെ കാത്തോളണേ !’
പടിഞ്ഞാറ് സൂര്യന്‍ മേലരി കൂട്ടിയിരിക്കുന്നു. വെയിലാറിത്തുടങ്ങിയെങ്കിലും ചൂടിന് ഒരു കുറവുമില്ല. മഴ ഇന്നു പെയ്യും നാളെ പെയ്യും എന്ന പ്രതീക്ഷയിലായിരുന്നു സകലരും. വീണ്ടുകീറിയ പാടത്തിന് നടുവിലുള്ള നടവരമ്പിലൂടെ ആണ്ടവന്‍ നടന്നു. പണി
കഴിഞ്ഞ് വരുന്ന ചിലര്‍ അവനെ കണ്ട് അത്ഭുതവും അല്പം ഭയവും ചേര്‍ന്ന ഭാവത്തില്‍ ഒഴിഞ്ഞ് മാറി നിന്നു. കാക്കി ചേത്തിയാര് വടിയും കുത്തി കൂനിക്കൂടി നടന്നു വരുന്നത് അവന്‍ കണ്ടു. ചേത്ത്യാരമ്മയെ ചെറുപ്പം മുതലേ കാണുന്നതാണ്. മാറുമറയ്ക്കാത്ത ചേത്ത്യാര് കുനിഞ്ഞ് നടക്കുമ്പോള്‍ നീണ്ട് കിടക്കുന്ന അവരുടെ ശുഷ്‌കിച്ച മുലകള്‍ താളാത്മകമായി ആടിക്കളിക്കുന്നുണ്ടായിരുന്നു.
‘ആണ്ടവന്‍ കുട്ടീടെ സൂക്കടൊക്കെ മാറിലേ’ കാക്കി ചേത്ത്യാര് ലോഹ്യം ചോദിച്ചു. ‘ഒക്കെ മാറി – ഇപ്പൊ ഒരു കൊഴപ്പവും ല്യ’ –
‘ഇപ്പൊ എങ്ങാടാ ഒരു യാത്ര ?’
‘വെറുതെ ഒന്ന് പുറത്തേയ്ക്കിറങ്ങീതാ. എങ്ങട്ടെന്നൊന്നും തീരുമാനിക്കാതെ’. ആണ്ടവന്‍ ചിരിച്ചു.കൂടുതല്‍ സംസാരിക്കുവാന്‍ നില്‍ക്കാതെ അയാള്‍ വഴിയൊഴിഞ്ഞു നടന്നു.
(തുടരും)