‘പരാജയങ്ങളുടെ അവതാരം’ എന്ന ജി.കെ. സുരേഷ് ബാബുവിന്റെ മുഖലേഖനം (കേസരി സപ്തം.11 ലക്കം) പിണറായി സര്‍ക്കാരിനെ കൃത്യമായി വിലയിരുത്തുന്നതായിരുന്നു. ഏറെ പ്രതീക്ഷയുണര്‍ത്തി, അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാര്‍, നാലരവര്‍ഷത്തിനിപ്പുറം, തിരിഞ്ഞു നോക്കുമ്പോള്‍, ഏറെ നിരാശയും വേദനയുമാണ് അണികള്‍ക്ക് സമ്മാനിയ്ക്കുന്നത്. സ്വര്‍ണ്ണ കള്ളക്കടത്ത്, മയക്കുമരുന്നു കടത്ത്, ഹവാല ഇടപാട്, കമ്മീഷന്‍ തട്ടിപ്പ്, ദേശസുരക്ഷാ ഭീഷണി തുടങ്ങി ഒട്ടനവധി പൊല്ലാപ്പുകളുമായി നിലനില്‍പ്പിന് തന്നെ പോരാടുകയാണ് രാഷ്ട്രീയ നേതൃത്വവും ഭരണസാരഥികളും!
മന്ത്രിമാരായ ശൈലജ ടീച്ചറും, സുനില്‍കുമാറും, പ്രൊഫ. രവീന്ദ്രനുമൊക്കെ ചേര്‍ന്ന്, ഏറെ സല്‍പേരുണ്ടാക്കിയെടുത്ത, മുന്നണി സര്‍ക്കാരിനെ, ദുരമൂത്ത കുറച്ചു നേതാക്കളും അവരുടെ പുത്രന്മാരും ചേര്‍ന്ന് നാശോന്മുഖമാക്കി എന്നുവേണം വിലയിരുത്താന്‍…!
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി തുടര്‍ ഭരണം എന്ന സാദ്ധ്യതയും മങ്ങലേറ്റ് തികച്ചും അസാധുവായി. തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരിലുപരി, നിഷ്പക്ഷരായ ഇടതുപക്ഷ സഹയാത്രികരെപ്പോലും പാടെ വെറുപ്പിച്ചു കളഞ്ഞു, ഈ സര്‍ക്കാരിന്റെ അവസാന നാളുകളിലെ കെടുകാര്യസ്ഥതയും തരംതാണ പ്രവര്‍ത്തികളും…!
സാധാരണക്കാരന്റെ നിറവേറാത്ത മിതമായ ആവശ്യങ്ങളും, നേതാക്കളുടെ ആഡംബര അനാവശ്യങ്ങളും ചേര്‍ന്ന്, പാവപ്പെട്ടൊരു തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചു എന്നതാണ് കാതലായ അപ്രിയസത്യം…!