ഗുരുദേവനോടുള്ള സിപിഎമ്മിന്റെ അനാദരവ് പലകാലങ്ങളില്‍ വ്യത്യസ്ത സംഭവങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതാണ്. പാര്‍ട്ടി അണികളില്‍പ്പെടുന്ന ചിലര്‍ക്ക് സംഭവിക്കുന്ന ജാഗ്രതക്കുറവല്ല ഇതിനു കാരണമെന്ന് ആര്‍ക്കും മനസ്സിലാവും. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇത് സമ്മതിക്കാറില്ല. പ്രതിക്കൂട്ടിലാവുമ്പോള്‍ അപ്പപ്പോള്‍ തോന്നുന്ന യുക്തിക്കനുസരിച്ച് അവസരവാദപരമായ ചില പ്രസ്താവനകളിറക്കി ഗുരുദേവ ഭക്തരെ തെറ്റിദ്ധരിപ്പിക്കുകയുമാണ് സിപിഎം ചെയ്യാറുള്ളത്. എന്നാല്‍ വര്‍ഷംതോറും നടക്കുന്ന ശിവഗിരി തീര്‍ത്ഥാടനത്തോട് സിപിഎമ്മും പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളും കാലാകാലങ്ങളില്‍ പുലര്‍ത്തിയിട്ടുള്ള വിപ്രതിപത്തി അവരുടെ തനിനിറം വെളിപ്പെടുന്നതാണ്.
സമാധിക്ക് ഏതാനും മാസം മുന്‍പാണ് ഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയത്. സമുദായത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കി രൂപംകൊണ്ട ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം (എസ്എന്‍ഡിപി) ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍നിന്ന് വ്യതിചലിക്കുന്നു എന്നു തോന്നിയപ്പോഴൊക്കെ ഗുരുദേവന്‍ വിയോജിച്ചിട്ടുണ്ട്. ലൗകിക ബന്ധമില്ലാത്ത സംന്യാസിമാര്‍ സമുദായ സേവനം കൂടുതല്‍ ഭംഗിയായി നിര്‍വഹിക്കും എന്നു കരുതിയാണ് ശ്രീനാരായണ ധര്‍മ്മസംഘം എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. ഇതിനു കീഴിലാണ് ശിവഗിരി തീര്‍ത്ഥാടനം നടന്നുവരുന്നത്. സാമുദായികമായ പരിഗണനയോ ഛായയോ ഇല്ലാതെ ജനങ്ങള്‍ ഒത്തുചേരുന്നതും ആശയവിനിമയം നടത്തുന്നതും ജനനന്മയ്ക്ക് ഉതകുമെന്നുകണ്ടാണ് ഗുരു ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചത്. ഇതുകൊണ്ടുതന്നെ ഭേദഭാവങ്ങളില്ലാതെ ആര്‍ക്കും ഇതില്‍ സഹകരിക്കാവുന്നതാണ്. എന്നിട്ടുപോലും ശിവഗിരി തീര്‍ത്ഥാടനത്തോട് ശത്രുതാപരമായ സമീപനമാണ് സിപിഎം നാളിതുവരെ പുലര്‍ത്തിയിട്ടുള്ളത്.
ഗുരുദേവന്‍ മഹാസമാധി കൊള്ളുന്ന ശിവഗിരിക്ക് എന്തെങ്കിലും മഹത്വമുള്ളതായി സി.പി.എം കരുതുന്നില്ല. ഇതുകൊണ്ടുതന്നെയാണ് വര്‍ഷംതോറുമുള്ള ശിവഗിരി തീര്‍ത്ഥാടനത്തോട് പാര്‍ട്ടിക്ക് വലിയ ആഭിമുഖ്യമൊന്നും തോന്നാത്തത്. സി.പി.എമ്മിന്റെ താത്വികാചാര്യനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടു തന്നെ ഇക്കാര്യത്തില്‍ നയം വ്യക്തമാക്കിയിട്ടുള്ളതാണ്. 1995 ലെ ശിവഗിരി സമ്മേളനത്തിലേക്ക് മഠം അധികൃതര്‍ ഇ.എം.എസ്സിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഈ ക്ഷണം ഇ.എം.എസ് നിരസിച്ചു. ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിലേക്ക് ക്ഷണം ലഭിക്കുന്നതും, അതില്‍ പങ്കെടുക്കുന്നതും ഒരു ബഹുമതിയായാണ് രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും സാംസ്‌കാരിക നായകന്മാരും കാണുന്നത്. രാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരും ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരുമൊക്കെ ഇങ്ങനെ പങ്കെടുത്തിട്ടുള്ളവരുമാണ്. ഇവരില്‍നിന്നൊക്കെ വ്യത്യസ്തമായി വിദ്വേഷ ചിന്തയോടെയാണ് ശിവഗിരി സമ്മേളനത്തിലേക്കുള്ള ക്ഷണം ഇ.എം.എസ് നിരാകരിച്ചത്.
സ്വാഭാവികമായും ഇ.എം.എസ്സിന്റെ ഈ നടപടി വിവാദമായി. പതിവുപോലെ ഇ.എം.എസ് വിശദീകരണവുമായെത്തി. അത് ഗുരുദേവ ഭക്തരെ വീണ്ടും ഞെട്ടിച്ചു. കൃത്യാന്തര ബാഹുല്യംകൊണ്ടോ വ്യക്തിപരമായ എന്തെങ്കിലും അസൗകര്യമുള്ളതുകൊണ്ടോ അല്ല ശിവഗിരി സമ്മേളനത്തില്‍ താന്‍ പങ്കെടുക്കാതിരുന്നത് എന്നല്ല ഇ.എം.എസ് പറഞ്ഞത്. ശിവഗിരിയുടെ ക്ഷണം സ്വീകരിക്കാതിരുന്നതിനെ ന്യായീകരിച്ച് ഇ.എം.എസ് ഇങ്ങനെ എഴുതി: ”അദ്ദേഹത്തിന്റെ (ഗുരുദേവന്റെ) സന്ദേശങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നും, കേരളത്തിന്റെ ഇനിയങ്ങോട്ടുള്ള വളര്‍ച്ചയ്ക്ക് ശ്രീനാരായണന്‍ വഴികാട്ടുന്നുവെന്നും മറ്റും പറയുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയുകയില്ല. ശ്രീനാരായണ പ്രസ്ഥാനത്തിന്റെയും തീര്‍ത്ഥാടന പരിപാടികളുടെയും സംഘാടകരോ വക്താക്കളോ ആയി പൊതുജനങ്ങളുടെ മുന്നില്‍ എന്നെപ്പോലുള്ളവര്‍ വരുന്നത് അവിവേകമായിരിക്കും” (1) എന്നാണ് ഇ.എം.എസ് എഴുതിയത്.
ഇവിടെ തന്റേതായ കാരണങ്ങളാല്‍ ക്ഷണം നിരസിക്കുകയോ മാന്യമായി വിയോജിക്കുകയോ അല്ല ഇ.എം.എസ് ചെയ്യുന്നത്. ശിവഗിരി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് വലിയ അപരാധമായി കാണുകയാണ്. ഒരുപക്ഷേ ഇങ്ങനെ ചിന്തിച്ച ഒരേയൊരു പൊതുപ്രവര്‍ത്തകനായിരിക്കും ഇ.എം.എസ്. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് എന്ന് സാധാരണ പറയാറുണ്ടല്ലോ. ഇവിടെ ഗുരുദേവനെയും ശിവഗിരിയെയും പരസ്യമായി നിന്ദിക്കുകയാണ് ഇ.എം.എസ് ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നത് പുരോഗമന നടപടിയാണെന്ന് സ്ഥാപിക്കാനും ശ്രമിക്കുന്നു. സാംസ്‌കാരിക കേരളത്തെത്തന്നെ അപമാനിക്കുന്ന നിലപാടായിരുന്നു ഇത്. യഥാര്‍ത്ഥത്തില്‍ ഗുരുദേവനെക്കാള്‍ വലിയ ആളാണ് താനെന്ന ബോധമാണ് ഇ.എം.എസ്സിനെ നയിച്ചത്. ജാതി ബ്രാഹ്മണ്യത്തിന്റെ കണ്ണിലൂടെയാണ് ഗുരുദേവനെ ഇ.എം.എസ് കാണുന്നതെന്ന് ഇതില്‍നിന്ന് വ്യക്തമായി. ശ്രീനാരായണ ഗുരു എന്നോ ഗുരുദേവന്‍ എന്നോ അല്ലാതെ ‘ശ്രീനാരായണന്‍’ എന്നു വിളിക്കുന്നതില്‍പ്പോലും ഈ മനോഭാവം പ്രതിഫലിക്കുന്നുണ്ട്. മറ്റുള്ളവര്‍ ഗുരുദേവന്‍ എന്നു സംബോധന ചെയ്യുന്നതില്‍ ഇ.എം.എസ്സിന്റെ മനസ്സില്‍ ഒരുതരം നീറിപ്പുകയുന്ന അമര്‍ഷം ഉണ്ടായിരുന്നതായി വേണം മനസ്സിലാക്കാന്‍.
ഇ.എം.എസ്സിന്റെ ഈ ശത്രുതാപരമായ മനോഭാവമാണ് സിപിഎമ്മിന്റെയും, പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളുടെയും ശിവഗിരിയോടുള്ള സമീപനത്തെ നിര്‍ണയിക്കുന്നത്. ഇ.കെ. നായനാര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ പ്രകാശാനന്ദ സ്വാമികളുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പുറത്താക്കിയത് ഇതിന് തെളിവാണ്. ഇതിനായി നിയമസഭയില്‍ ബില്ല് പാസ്സാക്കി റിസീവര്‍ ഭരണം ഏര്‍പ്പെടുത്തി. ശിവഗിരിയുടെ പേര് ‘ശിവഗിരി മഠം ഗവണ്‍മെന്റ് ഓഫ് കേരള’ എന്നാക്കി മാറ്റി. അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു പിടിച്ചെടുക്കലായിരുന്നു. ശിവഗിരിയുടെ ഭരണച്ചുമതലയുള്ള ധര്‍മസംഘത്തിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആ പുണ്യസങ്കേതം കടന്നാക്രമിക്കാനുള്ള മറയാക്കി സി.പി.എമ്മും സര്‍ക്കാരും ഉപയോഗിച്ചു.
നിയമവിരുദ്ധമായും ബലം പ്രയോഗിച്ചും ശിവഗിരിയില്‍നിന്ന് പുറത്താക്കിയതിനെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ച പ്രകാശാനന്ദ സ്വാമികളെ വ്യക്തിപരമായി അധിക്ഷേപിക്കാനും അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ മടിച്ചില്ല. ശിവഗിരി പിടിച്ചെടുക്കാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ നായനാരുടെ മനോഭാവം മറയില്ലാതെ പുറത്തുചാടി. ”സംന്യാസിമാര്‍ എന്തിനാണ് സെക്രട്ടറിയേറ്റിന്റെ പടിക്കല്‍ പട്ടിണിയായി കുത്തിയിരിക്കുന്നത്? കേരളത്തില്‍ ധാരാളം വനമുണ്ടല്ലോ. അവിടെപ്പോയി കുത്തിയിരുന്നു കൂടേ? സംന്യാസിമാര്‍ക്കെന്തിനാ മാളിക? സംന്യാസിമാര്‍ക്കെന്തിനാ സുഖഭോഗങ്ങള്‍?(2) എന്നൊക്കെയാണ് നായനാര്‍ ചോദിച്ചത്. ഇ.എം.എസ്. നമ്പൂതിരിപ്പാട് ശിവഗിരിയോട് പുലര്‍ത്തിയ വിദ്വേഷ ചിന്ത ഭരണാധികാരം ഉപയോഗിച്ച് നായനാര്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു എന്നാണ് പലര്‍ക്കും തോന്നിയത്.
വിദ്യാഭ്യാസം, ശുചിത്വം, ഈശ്വര ഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക ശാസ്ത്ര പരിശീലനങ്ങള്‍ എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയത്. ഈ വിഷയങ്ങളില്‍ നിപുണരായവരെ കൊണ്ടുവന്ന് പ്രസംഗിപ്പിക്കുകയും കൃഷി, കൈത്തൊഴില്‍ മുതലായവയില്‍ തീര്‍ത്ഥാടകര്‍ക്ക് പരിശീലനം കൊടുക്കുകയും വേണമെന്ന് ഗുരു പറഞ്ഞു. ”കൊല്ലത്തിലൊരിക്കല്‍ ശിവഗിരിയില്‍ വന്ന് കുളിച്ച് ശാരദയെ തൊഴുത് തിരിച്ചുപോകുമ്പോള്‍ പുണ്യം എന്ന അദൃഷ്ടം നേടി എന്ന വിശ്വാസത്തില്‍ മാത്രമാവരുത് തീര്‍ത്ഥാടകര്‍ മടങ്ങേണ്ടത്. ഒരു തൊഴില്‍ ഉള്ളവരാണെങ്കില്‍ അതില്‍ കൂടുതല്‍ പ്രാവീണ്യം അവര്‍ക്ക് നേടാന്‍ കഴിയണം. തൊഴിലില്ലാത്തവര്‍ ഒരു തൊഴില്‍ പഠിച്ചിട്ടുപോകണം” (3) ഇതായിരുന്നു ഗുരുദേവന്‍ ഉദ്ദേശിച്ചത്. ജനങ്ങള്‍ ആത്മീയ മാര്‍ഗത്തില്‍ സഞ്ചരിച്ച് ഭൗതികാഭിവൃദ്ധി നേടണമെന്ന ഈ ഗുരുദേവ സങ്കല്‍പ്പത്തോട് സിപിഎമ്മിന് യോജിച്ചു പോകാനാവില്ലല്ലോ. ഇതുകൊണ്ടുതന്നെയാവണം ശിവഗിരി തീര്‍ത്ഥാടനം അലങ്കോലപ്പെടുത്താനുള്ള അവസരങ്ങളൊന്നും അവര്‍ പാഴാക്കാത്തത്.
ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനം ആകാമെന്ന സുപ്രീംകോടതി വിധിയില്‍ ദുഷ്ടലാക്കോടെ ചാടിവീണ് നവോത്ഥാന മതില്‍ തീര്‍ത്ത പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ആ അവസരം ഉപയോഗിച്ച് ശിവഗിരി തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള രഹസ്യ അജണ്ടയും നടപ്പാക്കി. വര്‍ഷംതോറും ഡിസംബര്‍ അവസാന ദിവസങ്ങളിലും ജനുവരി ആദ്യദിവസവുമായാണ് ശിവഗിരി തീര്‍ത്ഥാടനം. ഇത് മുന്നില്‍ കണ്ട് 2019 ജനുവരി ഒന്നിനാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നവോത്ഥാന മതില്‍ സംഘടിപ്പിച്ചത്. ശിവഗിരി തീര്‍ത്ഥാടനം കണക്കിലെടുത്ത് നവോത്ഥാന മതില്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം പല കോണുകളില്‍നിന്നും ഉയര്‍ന്നെങ്കിലും സിപിഎമ്മും സര്‍ക്കാരും അത് അംഗീകരിക്കാന്‍ തയ്യാറായില്ല. വാശിയോടെ അവര്‍ ഈ പരിപാടി നടത്തി.
എണ്‍പത്തിയേഴാമത് ശിവഗിരി തീര്‍ത്ഥാടനമാണ് 2020 ജനുവരിയില്‍ നടന്നത്. അന്നും തീര്‍ത്ഥാടനത്തെ അലങ്കോലപ്പെടുത്താന്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ ശ്രമിച്ചു. തീര്‍ത്ഥാടന കാലയളവില്‍ ക്രിസ്തുമസ് പരീക്ഷ നടക്കുകയായിരുന്നു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ കഴിയുന്ന വിധത്തില്‍ പൊതു അവധി നല്‍കണമെന്ന് ശിവഗിരി മഠം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അത് ചെവിക്കൊണ്ടില്ല. ശ്രീനാരായണഗുരുദേവനെ പാര്‍ശ്വവല്‍ക്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികള്‍ വിമര്‍ശിക്കുകയുണ്ടായി. ഗുരുദേവനെ പാര്‍ശ്വവല്‍ക്കരിക്കുന്ന രാഷ്ട്രീയത്തിന് തുടക്കം കുറിച്ചതും ഇ.എം.എസ്. നമ്പൂതിരിപ്പാടാണ്.
(അടുത്തത്: ഗുരുനിന്ദകനായ കമ്യൂണിസ്റ്റ്)
1) ദേശാഭിമാനി വാരിക, 1995 ജനുവരി 15-21
2) മാതൃഭൂമി ദിനപത്രം, 1997 ഡിസംബര്‍ 6
3) ശ്രീനാരായണ ഗുരുവൈഖ രി, സമ്പാദകന്‍ ഡോ. ടി. ഭാസ്‌കരന്‍