ഉച്ചയ്ക്ക് മൃഷ്ടാന്നം ഊണ് കഴിച്ച ശേഷം കാരണവര്‍ നാലും കൂട്ടി ഒന്ന് മുറുക്കാന്‍വേണ്ടി ഉമ്മറത്തെ ചാരുകസേരയില്‍ വന്നിരുന്നു. അവിടെ ചാഞ്ഞു കിടന്നുകൊണ്ടദ്ദേഹം പറയുന്നു ”അന്നദാതാ സുഖീഭവ” നമ്മളില്‍ പലരും ഈ വാക്ക് കേട്ടിട്ടുണ്ടാകും. ഭക്ഷണശേഷം അത് നമുക്ക് തന്ന കര്‍ഷകന് നന്ദി പറയുന്ന ഭാരതീയ പാരമ്പര്യമാണ് ഇപ്പറഞ്ഞത്. വിതച്ച് – കൊയ്തവര്‍ക്കും, അത് വിപണനം ചെയ്തവര്‍ക്കും അത് പാകമാക്കി തന്നവര്‍ക്കും; അങ്ങിനെ മൂന്ന് കൂട്ടര്‍ക്കും നന്ദി പറഞ്ഞാലേ നാം കഴിച്ച ഭക്ഷണം നേരാംവണ്ണം ദഹിക്കൂ എന്ന് തലമുറകളെ പറഞ്ഞ് പഠിപ്പിച്ച പാരമ്പര്യം. ദഹിക്കാന്‍ വേണ്ടിയല്ല ഇപ്പറഞ്ഞതെന്ന് നമുക്കറിയാം, അതാണ് ധര്‍മ്മം.
അന്നം വിളയിക്കുന്ന കൃഷിക്കാരന്റെ കണ്ണുനീര്‍ ആ അന്നത്തെ ദുഷിപ്പിക്കുമെന്നും അത് രോഗാദി ദുരിതങ്ങള്‍ക്കു വരെ ഹേതുവാകുമെന്നും വിശ്വസിച്ച ഋഷിപരമ്പരയാണ് ഇവിടുള്ളത്. പ്രജാക്ഷേമ തത്പരരായ എല്ലാ പൂര്‍വ്വികരാജപരമ്പരകളും കൃഷിക്കാരുടെ ക്ഷേമത്തിനുവേണ്ടി എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തു വന്നിരുന്നു.
നരേന്ദ്രമോദി സര്‍ക്കാരും ഇതേ ചെയ്തുള്ളൂ. പക്ഷേ സപ്തംബറില്‍ കൊണ്ടുവന്ന ഈ ബില്ല് എന്താണെന്നു പോലും പഠിക്കാതെ (പതിവ് പോലെ) പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തു വന്നുകഴിഞ്ഞു. മര്‍ദ്ദിത ജനതയ്ക്കു വേണ്ടിയും ചൂഷിതവര്‍ഗ്ഗത്തിനു വേണ്ടിയും ചോരചിന്തുമെന്ന് പറഞ്ഞുനടക്കുന്ന ഇടതുപക്ഷമാണ് കൂടുതല്‍ ബഹളം വയ്ക്കുന്നത് എന്നതിനെ വെറും വിരോധാഭാസമെന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ.
എന്താണ് ഈ ബില്ല്?
ഇപ്പോള്‍ പാസ്സാക്കിയെടുത്ത മൂന്ന് ബില്ലുകളെ ചേര്‍ത്താണ് കാര്‍ഷിക ബില്‍ എന്ന് വിശേഷിപ്പിക്കുന്നത്.
1. Farmers Empowerment and Agreement on Price Protection Assurance and Farm Service Bill 2020. (കര്‍ഷക ശാക്തീകരണ സംരക്ഷണ ബില്‍)
2. Farmers Produce Trade & Commerce (Promotion and facilitation) bill 2020 കാര്‍ഷികോല്‍പ്പന്ന വ്യാപാര-വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബില്‍
3. Essential commodities (Amendment) Act 2020 (അവശ്യവസ്തു നിയമഭേദഗതി ബില്‍) ഓരോ ബില്ലിനെ പറ്റിയും ചിന്തിച്ചാല്‍ അവയെല്ലാം തന്നെ നൂറ് ശതമാനവും കൃഷിക്കാരന് ഗുണം നല്‍കുന്നവയാണെന്ന് ബോദ്ധ്യപ്പെടും.
കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കുന്നതിനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ ബില്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതെങ്ങനെ സാധിക്കും എന്നതിനെപ്പറ്റി കൃഷിവകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ സഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കാര്‍ഷിക വിളകള്‍ വില്‍ക്കാനുള്ള ചന്തകള്‍ക്ക് പുറമേ നിലവിലുള്ള സംവിധാനത്തിന് (നാട്ടിന്‍പ്പുറ ചന്തകള്‍ ഉള്‍പ്പെടെയുള്ളവ) ഭീഷണിയില്ലാതെ തന്നെ തന്റെ ഉല്പന്നത്തിന് നല്ല വില കിട്ടുന്നത് രാജ്യത്ത് എവിടെയാണോ അവിടെ കൊണ്ടുപോയി വിറ്റഴിക്കാന്‍ കര്‍ഷകന് സ്വാതന്ത്ര്യം നല്‍കുന്ന കാര്‍ഷിക വിള വിപണന-വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബില്ലാണ് ഇവയില്‍ എടുത്തു പറയാവുന്നത്.
5 ഏക്കറില്‍ താഴെ മാത്രം ഭൂമിയില്‍ കൃഷി ചെയ്യുന്നവരാണ് രാജ്യത്തെ കര്‍ഷകരില്‍ 86 ശതമാനം പേരും. ഉല്‍പ്പാദനം മെച്ചപ്പെടുത്തി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ അവര്‍ക്ക് മാര്‍ഗ്ഗമില്ല. തങ്ങളുടെ വിളകള്‍ക്ക് കൂടുതല്‍ വില കിട്ടാന്‍ ഇടനിലക്കാരോട് അധികം വില പേശാന്‍ അവര്‍ ശക്തരുമല്ല. അത്തരം ചെറുകിട കര്‍ഷകര്‍ക്ക് ഒരു അനുഗ്രഹമാണ് ഈ ബില്ല്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനും അവര്‍ക്ക് മഹത്തായ പുരോഗതി നല്‍കുന്നതിനുമുള്ള നീക്കങ്ങള്‍ക്ക് ഇത് ഊര്‍ജ്ജം പകരുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബില്ലിനെ കുറിച്ച് അഭിപ്രായപ്പെട്ടത്.
ഇടനിലക്കാര്‍ കൃഷിക്കാരെ ചൂഷണം ചെയ്യുന്നതിനെ പറ്റി പഠിച്ചാല്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വച്ച് പോകും. ഉദാഹരണത്തിന് കാശ്മീരിലെ കര്‍ഷകനില്‍ നിന്നും കിലോയ്ക്ക് 20 രൂപയ്ക്ക് വാങ്ങുന്ന ആപ്പിള്‍ ഇവിടെ വില്‍ക്കുന്നത് നൂറിനും നൂറ്റമ്പതിനും ചിലപ്പോള്‍ അതിന് മേലെയും ആണ്. ഗതാഗത ചെലവും ഇടനിലക്കാരുടെയും കച്ചവടക്കാരുടെയും ലാഭക്കണക്കും കൂട്ടിയാല്‍ പോലും 50 രൂപയ്ക്ക് മേല്‍ വില്‍ക്കാന്‍ യാതൊരു ന്യായവുമില്ല. അപ്പോള്‍ അധികം വാങ്ങുന്ന 50 ഉം 100 ഉം ഒക്കെ ആരുടെ പോക്കറ്റിലേക്കാണ് പോകുന്നത് എന്ന് നാം ചിന്തിച്ചുനോക്കാറില്ല. ഈ ചൂഷണമാണ് ഇതോടെ ഇല്ലാതാകുന്നത്. ആ വേവലാതിയാണ് സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നിലെ ഇന്ധനം. അവരുടെ വാദങ്ങള്‍ വിചിത്രമാണ്. കാര്‍ഷിക മേഖലയും വിപണികളും സംസ്ഥാനത്തിന്റെ വിഷയങ്ങളാണ്. ഓരോ സംസ്ഥാനത്തും അവിടുത്തെ കൃഷി വിപണിയെ നിയന്ത്രിക്കുന്നതിന് എപിഎംസി അഥവാ അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റി എന്നൊരു സംവിധാനമുണ്ട്. എപിഎംസിയുടെ അടിസ്ഥാനത്തില്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ വ്യാപാരം നടത്തുമ്പോള്‍ വില ക്രമീകരിക്കുന്നതിനുവേണ്ടി അതാത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപണികളുണ്ട്. കര്‍ഷകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായാണ് എപിഎംസി നിലവില്‍ വന്നത്. പക്ഷേ അവിടെയും സ്വാധീനം കര്‍ഷകര്‍ക്കല്ല; ഇടനിലക്കാര്‍ക്കാണെന്നത് മാത്രം.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് അര്‍ഹമായ വില ഉറപ്പുവരുത്തുകയാണ് എപിഎംസിയുടെ ലക്ഷ്യം. പക്ഷേ അതിനുള്ളില്‍ ധാരാളം പഴുതുകള്‍ ഉണ്ട്. ഈ സമ്പ്രദായപ്രകാരം കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഇടയില്‍ ഏജന്റുകള്‍ ഉണ്ടാകും. കര്‍ഷകര്‍ ഏജന്റുകള്‍ക്കാണ് ഉല്പന്നങ്ങള്‍ വില്‍ക്കുന്നത്. ഈ നിയമപ്രകാരം കൃഷിക്കാര്‍ ഇത്തരം വിപണികളില്‍ കൂടി മാത്രമേ വില്‍പ്പന നടത്താവൂ. എപിഎംസി വിപണികളില്‍ കര്‍ഷകരുടെ ഉല്പന്ന വിപണനത്തിന് ധാരാളം കുടില വ്യവസ്ഥകളുമുണ്ട്. കര്‍ഷകര്‍ക്ക് ഇഷ്ടാനുസരണം വില്‍പ്പന നടത്താന്‍ സാധിക്കില്ല. അന്തര്‍ജില്ല, അന്തര്‍സംസ്ഥാന വിപണനവും എപിഎംസി വിപണിക്ക് പുറത്തുള്ള കച്ചവടവും നിയന്ത്രിച്ചിരുന്നു. കര്‍ഷകനും വ്യാപാരിയും തമ്മില്‍ ഒരിക്കലും നേരിട്ട് ഇടപാട് ഇല്ലായിരുന്നു എന്ന ഒറ്റകാരണം കൊണ്ടാണ് ഇടനിലക്കാര്‍ കൊഴുത്ത് തടിച്ചത്. ഇത്തരം നൂലാമാലകള്‍ എടുത്തു മാറ്റുക എന്നതാണ് ഈ ബില്ല് നടപ്പിലാക്കുക വഴി ലക്ഷ്യം വയ്ക്കുന്നത്.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ എപിഎംസിയുടെ പരമാധികാരം നഷ്ടപ്പെടും. നിലവില്‍ കര്‍ഷകര്‍ തങ്ങള്‍ ഏത് എപിഎംസി മാര്‍ക്കറ്റിന് കീഴിലാണോ വരുന്നത് അവിടെ മാത്രമേ വില്‍പ്പന നടത്താന്‍ സാധിക്കുകയുള്ളൂ. ഈ മാര്‍ക്കറ്റുകളില്‍ വ്യാപാരികള്‍ സംഘടിതമായി വില കുറച്ച് കര്‍ഷകരെ വഞ്ചിക്കുന്ന പതിവാണ് കണ്ടുവരുന്നത്. പക്ഷേ പുതിയ കാര്‍ഷിക ബില്ല് പ്രകാരം കൃഷിക്കാര്‍ക്ക് എവിടെ വേണമെങ്കിലും ആര്‍ക്കുവേണമെങ്കിലും തങ്ങളുടെ ഉല്പന്നം വിറ്റഴിക്കാം. കോര്‍പ്പറേറ്റുകള്‍ക്കും മറ്റ് മൊത്തക്കച്ചവടക്കാര്‍ക്കും മുന്നില്‍ ചെന്ന് കര്‍ഷകര്‍ക്ക് വിലപേശി ഉല്പന്നങ്ങള്‍ യഥേഷ്ടം വില്‍ക്കാം. ബില്ല് പ്രാബല്യത്തില്‍ വന്നാലും എപിഎംസി മാര്‍ക്കറ്റുകള്‍ ഉടന്‍ അടച്ചുപൂട്ടി വിപണിയുടെ താളം തെറ്റിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. അത്തരമൊരു പ്രതിസന്ധി വരുത്തി കര്‍ഷകര്‍ക്ക് ഒരു രൂപയുടെ പോലും നഷ്ടമുണ്ടാക്കാന്‍ തയ്യാറല്ലെന്ന് വ്യക്തം. ബില്ല് വന്നാല്‍ എപിഎംസി പൂര്‍ണ്ണമായും ഇല്ലാതാകുമെന്ന പ്രതിപക്ഷവാദം ഇതോടെ പൊളിയുന്നു.
സ്വാതന്ത്ര്യാനന്തരം 73 വര്‍ഷങ്ങള്‍ വൈകിയാണ് ഇത്തരമൊരു ബില്‍ എന്നതിന്റെ പേരില്‍ രാഷ്ട്രീയക്കാര്‍ കര്‍ഷകരോട് മാപ്പ് പറയണമെന്ന് പോലും അഭിപ്രായപ്പെട്ടു വിദഗ്ദ്ധരുണ്ട്. ഭരണഘടനയുടെ 301 വകുപ്പ് പ്രകാരം വ്യാപാര വാണിജ്യത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കല്‍ ”ഫ്രീഡം ഓഫ് ട്രേഡ് ആന്റ് കോമേഴ്‌സ് ഗ്യാരന്റി” കര്‍ഷകന്റെ അവകാശമാണ്. എന്നിട്ടും ആരും തന്നെ അവരെ ഈ അടിമച്ചങ്ങലയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിച്ചില്ല. ഇപ്പോള്‍ കൊണ്ടുവന്നതില്‍ ഒരു ഓര്‍ഡിനന്‍സായ ഫാര്‍മേഴ്‌സ് എന്‍പവ്വര്‍ ആന്റ് പ്രൊട്ടക്ഷന്‍ എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷുറന്‍സ് പ്രകാരം കര്‍ഷകന് വിളവ് ഇറക്കുന്നതിനുമുമ്പുതന്നെ നേരിട്ട് ഏതെങ്കിലും കോര്‍പ്പറേഷനുമായോ സൊസൈറ്റിയുമായോ കരാറില്‍ ഏര്‍പ്പെടാം. മുന്‍കൂട്ടി വില നിശ്ചയിക്കുന്നതുമൂലം ഭാവിയിലെ വിലയിടിവിനെ പറ്റി ഭയക്കേണ്ടതുമില്ല. ഇതാണ് ഈ ബില്ലിന്റെ ഒരു സുപ്രധാന ഗുണം.
അവശ്യവസ്തു സംഭരണത്തിലെ നിയന്ത്രണം കൂടി എടുത്തുമാറ്റുന്ന ബില്‍ അവതരിപ്പിച്ചത് കര്‍ഷകന് ഗുണം ചെയ്യും. യുദ്ധം, അടിയന്തരാവസ്ഥ മുതലായ സാഹചര്യങ്ങളില്‍ മാത്രം സര്‍ക്കാര്‍ വേണ്ട ഇടപെടലുകള്‍ നടത്തുകയും അല്ലാത്ത ഘട്ടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍, വളം തുടങ്ങിയവ കര്‍ഷകന് ഇഷ്ടാനുസരണം സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള അനുമതി വ്യവസ്ഥ ചെയ്യുന്നതുമാണീ ബില്‍. ഒരു പരിധിക്ക് മേല്‍ വില ഉയര്‍ന്നാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉറപ്പ് വരുത്താനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിലവിലെ നിയമപ്രകാരം പരിധിക്ക് മേല്‍ സംഭരണം എത്താതിരിക്കുന്നതിനുവേണ്ടി കര്‍ഷകന് അവ കുറഞ്ഞ വിലയ്ക്ക് വിറ്റ് മാറേണ്ട സാഹചര്യമാണുള്ളത്. അത് അവന് ലഭിക്കുന്നത് 2020ല്‍ മാത്രമാണെന്നത് തികച്ചും ദൗര്‍ഭാഗ്യകരം തന്നെയാണ്. പുതിയ ബില്ല് മൂലം കര്‍ഷകനും ഉപഭോക്താവിനും ഗുണം മാത്രമെങ്കില്‍, ഇടനിലക്കാരനും അവന്റെ പോക്കറ്റില്‍നിന്നും വിഹിതം ലഭിച്ചുകൊണ്ടിരുന്ന കപട രാഷ്ട്രീയക്കാരനും നഷ്ടം മാത്രം (ഭീമമായ നഷ്ടം).
ശീതികരിച്ച സംഭരണ കേന്ദ്രങ്ങള്‍ രാജ്യവ്യാപകമാകുന്നത് പച്ചക്കറി അടക്കമുള്ള കൃഷി ചെയ്യുന്നവര്‍ക്ക് ആശ്വാസമാകും. ഓണ്‍ലൈന്‍ സംവിധാനം പൂര്‍ണ്ണമായി നിലവില്‍ വരുന്നതോടെ രാജ്യത്തെ ഏതൊരു വിപണിയും കര്‍ഷകന്റെ വിരല്‍തുമ്പില്‍ ലഭ്യമാകും. വിപണിയും വിലയും മുന്‍കൂട്ടി ഉറപ്പിച്ച ശേഷം കൃഷി ആരംഭിക്കാന്‍ തക്കവിധമുള്ള സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. (futures contract, forward contract, hedging പോലുള്ളവ ഉള്‍പ്പെടെ). ഇത്രയും വലിയ രാജ്യത്ത് ഇതൊക്കെ പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ എടുത്തേക്കും. പക്ഷേസമ്പൂര്‍ണ്ണമാകുന്നതോടെ രാജ്യത്തെ കര്‍ഷകര്‍ സമ്പന്നരാകും, രാജ്യം പുരോഗമിക്കും.
ഇത്രയും കാലം നമ്മുടെ കര്‍ഷകര്‍ക്ക് വിള ഉത്പാദിപ്പിക്കാനല്ലാതെ ആര്‍ക്ക് എത്ര വിലയ്ക്ക് നല്‍കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഉണ്ടായിരുന്നില്ലല്ലോ. കര്‍ഷകരെ ഓര്‍ത്ത് മുതലക്കണ്ണീര്‍ വാര്‍ത്തവര്‍ ആരും തന്നെ അവരെ ഈ അടിമച്ചങ്ങലയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിച്ചതുമില്ല. ഇപ്പോള്‍കൊണ്ടുവന്നതില്‍ ഒരു ഓര്‍ഡിനന്‍സായ ഫാര്‍മേഴ്‌സ് എന്‍പവ്വര്‍ (ആന്റ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷുറന്‍സ് പ്രകാരം കര്‍ഷകന് വിളവ് ഇറക്കുന്നതിന് മുമ്പ് തന്നെ നേരിട്ട് ഏതെങ്കിലും കോര്‍പ്പറേഷനുമായോ സൊസൈറ്റിയുമായോ കരാറില്‍ ഏര്‍പ്പെടാം. മുന്‍കൂട്ടി വില നിശ്ചയിക്കുന്നതുമൂലം ഭാവിയിലെ വിലയിടിവിനെപ്പറ്റി ഭയക്കേണ്ടതുമില്ല. ഇതാണ് ഈ ബില്ലിന്റെ ഒരു സുപ്രധാന ഗുണം.
കാര്‍ഷിക ചൂഷണം എത്രയിരട്ടി?
മഹാരാഷ്ട്രയിലെ കര്‍ഷകരുടെ അനുഭവം നമുക്ക് ഉദാഹരണമായെടുക്കാം. മാര്‍ക്കറ്റില്‍ കിലോയ്ക്ക് 100 രൂപയ്ക്ക് വില്‍ക്കുന്ന മാങ്ങയില്‍ നിന്ന് കര്‍ഷകന് 23 രൂപയും കച്ചവടക്കാരന് 30 രൂപയും കിട്ടുന്നു. ബാക്കി സിംഹഭാഗം ലാഭവും ഇടനിലക്കാരന്. ഒരു വര്‍ഷം ഭൂമിയില്‍ പണിയെടുത്ത കര്‍ഷകന് കിട്ടുന്നതിനേക്കാള്‍ ലാഭം ഒരു ദിവസം കൊണ്ട് കച്ചവടക്കാരനും കൃഷിക്കാരന്റെ ഇരട്ടി ലാഭം മധ്യവര്‍ത്തിക്കും (അതും മണിക്കൂറുകള്‍ കൊണ്ട്) ലഭിക്കുന്നു.
ആവശ്യവസ്തു സംഭരണത്തിലെ നിയന്ത്രണം കൂടി എടുത്തു മാറ്റുന്ന ബില്‍ അവതരിപ്പിച്ചത് കര്‍ഷകന് ഗുണം ചെയ്യും. യുദ്ധം, അടിയന്തരാവസ്ഥ മുതലായ സാഹചര്യങ്ങളില്‍ മാത്രം സര്‍ക്കാര്‍ വേണ്ട ഇടപെടുലകള്‍ നടത്തുന്നു. അല്ലാത്ത ഘട്ടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍, വളം തുടങ്ങിയവ കര്‍ഷകന് ഇഷ്ടാനുസരണം സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള അനുമതി വ്യവസ്ഥ ചെയ്യുന്നു. ഒരു പരിധിക്ക് മേല്‍ വില ഉയര്‍ന്നാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉറപ്പുവരുത്താനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിലവിലെ നിയമപ്രകാരം പരിധിക്ക് മേല്‍ സംഭരണം എത്താതിരിക്കുന്നതിന് വേണ്ടി കര്‍ഷകന് അവ കുറഞ്ഞ വിലയ്ക്ക് വിറ്റ് മാറേണ്ട സാഹചര്യമാണുള്ളത്.
ബില്ലിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ-ഇടതുപക്ഷ ടീമിന് ചില നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. രാജ്ഭവന്‍ മാര്‍ച്ചുകള്‍, ട്രെയിന്‍ തടയല്‍ സമരം, പാര്‍ലമെന്റില്‍ ബില്ല് കീറി എറിയല്‍ എന്നിങ്ങനെ സമരങ്ങളുടെ ഒരു കൂത്തരങ്ങ് തന്നെ നാം കണ്ടു. പക്ഷേ സര്‍ക്കാര്‍ കുലുങ്ങിയില്ല. അതിന് കാരണമുണ്ട്. എന്തിന് സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ എതിര്‍പ്പ് പോലും വകവച്ചില്ല. മോദി സര്‍ക്കാരിലെ ശിരോമണി അകാലിദളിന്റെ ഏക പ്രതിനിധിയായ ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ രാജിയില്‍ വരെ എത്തി കാര്യങ്ങള്‍.
കാര്‍ഷിക ബില്ല് മൂലം കുടുംബ ബിസിനസ്സിന് വരാന്‍ പോകുന്ന ഭീമമായ നഷ്ടം നികത്താന്‍ വല്ല ഉപാധിയും തേടി ഹര്‍സിമ്രത് കൗര്‍ ബാദല്‍ പ്രധാനമന്ത്രിയുടെ കാണാനെത്തി താന്‍ രാജിവയ്ക്കുമെന്നും രാജിക്കത്ത് കൊണ്ടാണ് നടപ്പെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. മന്ത്രിയോട് ആ പേപ്പര്‍ കാണട്ടെ എന്നായി പ്രധാനമന്ത്രി. പേപ്പര്‍ വാങ്ങി accepted എന്നെഴുതി ഒപ്പിട്ടതോടെ ഒറ്റ നിമിഷം കൊണ്ട് മന്ത്രിക്കസേരയും തെറിച്ചു. അര മണിക്കൂറിനുള്ളില്‍ മന്ത്രി എന്ന നിലയില്‍ ലഭിച്ച വസതി ഒഴിയാന്‍ ഒരാഴ്ച സമയം അനുവദിച്ചു കൊണ്ടുള്ള കത്തും കിട്ടിയതോടെ മന്ത്രിയുടെ ബോധം പോയത്രേ. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടെന്ന് വച്ച് ബിജെപിക്ക് നല്‍കിയ പിന്തുണ പിന്‍വലിക്കില്ലെന്നൊക്കെ പറഞ്ഞ് എന്‍ഡിഎയില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിച്ചെങ്കിലും പ്രധാനമന്ത്രി നിലപാടില്‍ ഉറച്ചു നിന്നു. ഒടുവില്‍ ശിരോമണി അകാലിദളിന് മുന്നണി വിടേണ്ടി വന്നു. പ്രധാനമന്ത്രി ഈ വിഷയത്തില്‍ മര്‍ക്കടമുഷ്ടി കാട്ടിയെന്ന് ചിലരെങ്കിലും കരുതിയേക്കാം. എന്നാല്‍ സംഗതി അങ്ങനെയല്ല.
2001ല്‍ അമൃതസറില്‍ നടന്ന ബിജെപി-അകാലിദള്‍ സംയുക്ത യോഗത്തില്‍ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കേണ്ട പരിഷ്‌കരണങ്ങളെ പറ്റി പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ഒരു സമിതിയെ നിശ്ചയിച്ചു. അതിലെ നിര്‍ദ്ദേശങ്ങളെ കാലാനുസൃത പരിഷ്‌കരണങ്ങള്‍ വരുത്തി നടപ്പിലാക്കിയിരിക്കുകയാണ് ഈ ബില്ലിലൂടെ. അന്നത്തെ ആ സമിതിയുടെ ചെയര്‍മാനെ ചിലപ്പോള്‍ നിങ്ങള്‍ അറിഞ്ഞേക്കും. നരേന്ദ്ര മോദിയെന്നാണ് പേര്! അതേ ടീമിലുണ്ടായിരുന്ന അകാലിദളിന്റെ താത്പര്യവും ലക്ഷ്യവും വ്യതിചലിക്കപ്പെട്ടിരുന്നു. അതാണ് അവരുടെ രാജി നിഷ്‌കരുണം വാങ്ങാനുള്ള കാരണവും. ”നിലപാട്” എന്ന വാക്കിന്റെ പര്യായമായി മാറുന്നു ഈ സംഭവം.
ചെയ്യുന്ന പ്രവൃത്തിയുടെ മാഹാത്മ്യം സുവ്യക്തമായതുകൊണ്ട് തന്നെ ഗൂഢലക്ഷ്യങ്ങളോടെ (ഇടനിലക്കാരുടെ താത്പര്യ സംരക്ഷണാര്‍ത്ഥം) നടത്തുന്ന ഇത്തരം സമരങ്ങളെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. കര്‍ഷകരുടെ ന്യായമായ ഒരു ആവശ്യവും പരിഗണിക്കില്ല എന്നല്ലല്ലോ സര്‍ക്കാര്‍ പറഞ്ഞത്; കോണ്‍ഗ്രസ്സിന്റെ തന്നെ പ്രകടനപത്രികയില്‍ പോലും കാലാകാലങ്ങളായി എഴുതി പിടിപ്പിച്ച (കര്‍ഷകരെ മോഹിപ്പിച്ച് വോട്ട് നേടാന്‍) വസ്തുതകളെ കൂടിയാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷ കക്ഷികള്‍ ഇതിനൊന്നും മറുപടി പറയുന്നുമില്ല.
കര്‍ഷകനില്‍ നിന്നും തുച്ഛമായ വിലയ്ക്ക് വാങ്ങി പത്തിരട്ടി വരെ വിലയ്ക്ക് വിറ്റ് കോടികള്‍ സമ്പാദിച്ചിരുന്ന ഇടനിലക്കാരന്റെ ദുഃഖം നമുക്ക് മനസ്സിലാകും. അതാണ് സമരപ്രഹസനത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം. ഓടാത്ത ട്രാക്ടര്‍ ലോറിയില്‍ കൊണ്ടുവന്ന് ഇറക്കി റോഡിലിട്ട് കത്തിക്കുന്നത് നാം കണ്ടു. കാളവണ്ടി കിട്ടാത്ത കാരണം കൊണ്ട് ബെന്‍സ് കാറിലെത്തി പ്രതിഷേധിച്ചവരെയും നാം കണ്ടു. (ഇന്ത്യയിലെ ഏത് സാധാരണ കര്‍ഷകന്റെ വീട്ടിലാണ് ബെന്‍സ് ഉള്ളതെന്ന് കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു കമ്മീഷനെ വച്ച് അന്വേഷിക്കണമെന്നാണ് ലേഖകന്റെ അഭിപ്രായം.) 2019ലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം ബിജെപി നടപ്പില്‍ വരുത്തിയതില്‍ കയ്യടിക്കുന്നതിന് പകരം നിരക്ഷരരായ ഒരു കൂട്ടം കര്‍ഷകരെ തെരുവിലിറക്കുന്ന പ്രതിപക്ഷ നടപടിയെ ”രാഷ്ട്രീയ പാപ്പരത്തം” എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാന്‍.
പ്രതിപക്ഷ ഗൂഢാലോചന
ഹരിയാനയിലും പഞ്ചാബിലുമാണ് ഏറ്റവുമധികം സമരകോലാഹലം നടന്നത്. അതിന് പിന്നിലെ കാരണം അറിഞ്ഞ് നാട്ടുകാര്‍ മൂക്കത്ത് വിരല്‍വച്ചുതുടങ്ങി. ഇവിടങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (എഫ്‌സിഐ) ധാന്യം നല്‍കുക വഴി 6% നികുതി വരുമാനം ലഭിക്കുന്നുണ്ട്. (ഗോതമ്പ് ഒറ്റയിനത്തില്‍ മാത്രം അയ്യായിരം കോടിയാണ് വരുമാനം) ബില്ല് വന്നാല്‍ ഇത് നഷ്ടമാകുമെന്നും അതിനാല്‍ ഇനി സംസ്ഥാനത്തിനകത്ത് വൈദ്യുതിയും വെള്ളവും സൗജന്യമായി നല്‍കാന്‍ കഴിയില്ല എന്നും പറഞ്ഞ് കര്‍ഷകരെ ഭീഷണിപ്പെടുത്തിയാണ് സമരത്തിന് അണിചേര്‍ത്തത്. ഈ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാണ്. വരുമാന നഷ്ടം നികത്താനുള്ള പദ്ധതി തയ്യാറാക്കിയ ശേഷം കേന്ദ്രം ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കാരണം ചര്‍ച്ചയ്ക്ക് ചെന്നാല്‍ കള്ളി പുറത്താകും. അവരുടെ യഥാര്‍ത്ഥ പ്രശ്‌നം ഇടനിലക്കാര്‍ക്ക് ലഭിച്ച് കൊണ്ടിരുന്ന 2.5% ബ്രോക്കര്‍ കമ്മീഷനാണ്. പഞ്ചാബില്‍ മാത്രം ഗോതമ്പ് എന്ന ഒറ്റ ഇനത്തില്‍ ബ്രോക്കര്‍മാര്‍ക്ക് നഷ്ടം 2000 കോടിയാണെന്നോര്‍ക്കണം. എന്ത് നാടകം കളിച്ചാലും ഇത് കേന്ദ്രം നികത്തില്ല.
ഇടനിലക്കാര്‍ മാന്യമായ രീതിയില്‍ സര്‍വ്വീസ് ചാര്‍ജ്ജ് എടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ എതിരല്ല. പക്ഷേ കര്‍ഷകന്റെ കഴുത്തറക്കാന്‍ കൂട്ടുനില്‍ക്കില്ല. ഇടനിലക്കാര്‍ ഓരോ സംസ്ഥാനത്തും ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കാരാണ്. കര്‍ണ്ണാടകത്തില്‍ ജനതാദള്‍, മഹാരാഷ്ട്രയില്‍ എന്‍സിപി, പഞ്ചാബിലും ഹരിയാനയിലും കോണ്‍ഗ്രസ് ഇവരൊക്കെയാണ് അതാത് സംസ്ഥാനത്തെ എപിഎംസി നിയന്ത്രിച്ചിരുന്നത്. സമര ആഭാസ നാടകങ്ങളുടെ അണിയറക്കഥ നാട്ടുകാര്‍ക്ക് ഇപ്പോള്‍ വ്യക്തമായി തുടങ്ങി.
കൃഷിയും ഭാരതവും
അടിസ്ഥാനപരമായി ഭാരതം ഒരു കാര്‍ഷിക രാഷ്ട്രമാണ്. ഗോതമ്പിന്റെയും അരിയുടേയും ഉല്പാദനത്തില്‍ ലോകത്ത് മുന്നിലുമാണ് (രണ്ടാം സ്ഥാനം). ജിഡിപിയുടെ 17-18% സംഭാവന നല്‍കുന്നത് കാര്‍ഷിക മേഖലയാണ്. ജനസംഖ്യയിലെ 58% പേരുടെയും തൊഴില്‍ കൃഷിയുമാണ്. പക്ഷേ ജിഡിപിയുമായി താരതമ്യപ്പെടുത്തി ചിന്തിക്കുമ്പോള്‍ വരുന്ന ഈ ഭീമന്‍ വ്യതിയാനത്തെ നേരിടാന്‍ 2020ലെ ബില്ല് കൊണ്ട് സാധിക്കുമെന്നാണ് പ്രത്യാശ.
2022 ഓടെ കര്‍ഷകന്റെ വരുമാനം ഇന്നത്തേത്തില്‍ നിന്ന് ഇരട്ടിയാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. 58% വരുന്ന ജനങ്ങളുടെ വരുമാനത്തില്‍ ഇത്തരമൊരു കുതിച്ചുചാട്ടം വന്നാല്‍ തന്നെ നമ്മുടെ സമ്പദ് ഘടന അടിമുടി മാറും. കയറ്റുമതി വര്‍ദ്ധിക്കുന്നതിലൂടെ സാമ്പത്തികരംഗത്ത് ഭാരതം ശക്തിയാര്‍ജ്ജിക്കും. ”ഒരൊറ്റ രാജ്യം ഒരൊറ്റ വിപണി” എന്നത് മാത്രമല്ല ഈ ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നത്; പരമാവധി ഉല്‍പ്പാദനവും വിപണനവും കയറ്റുമതിയും കൂടിയാണ്.
സര്‍ക്കാര്‍ പാക്കേജ്
കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിന് അടിസ്ഥാന സൗകര്യവികസനം അത്യന്താപേക്ഷിതമാണല്ലോ. ഇതിനായി ഒരു ലക്ഷം കോടിരൂപയാണ് വകയിരുത്തിയിട്ടുള്ളത്. കാര്‍ഷിക ഉല്പന്നങ്ങളുടെ സ്റ്റോറേജ് സൗകര്യം മെച്ചപ്പെടുത്താനാണ് ഇതിലെ സിംഹഭാഗവും. ഭാരതത്തിലെ കര്‍ഷകരുടെ പോസ്റ്റ് ഹാര്‍വസ്റ്റ് ലോസ് (ഉല്‍പ്പന്ന നഷ്ടം) 2 ലക്ഷം കോടി രൂപയ്ക്ക് മേലെയാണ് എന്ന ഭീകരസത്യം നാം മനസ്സിലാക്കേണ്ടതുണ്ട്. മെച്ചപ്പെട്ട സ്റ്റോറേജ് സംവിധാനം കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാനും കര്‍ഷകര്‍ക്ക് ചുരുങ്ങിയത് ഒന്നരലക്ഷം കോടി രൂപയുടെ അധികവരുമാനം ഉറപ്പുവരുത്താനുമാണ് ലക്ഷ്യമിടുന്നത്. നിലവില്‍ തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിങ്ങനെ മൂന്ന് ഉല്പന്നങ്ങള്‍ക്ക് മാത്രമുള്ള വന്‍തോതിലെ സ്റ്റോറേജ് സംവിധാനം മറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി ഉറപ്പു വരുത്തുന്ന ടോപ്പ് ടു ടോട്ടല്‍ പദ്ധതി ആത്മനിര്‍ഭര്‍ ഭാരത് പാക്കേജില്‍ ഉള്‍പ്പെടുത്തിയത് ഇതിനോടൊപ്പം കൂട്ടി വായിക്കണം.
ദൗര്‍ലഭ്യമുള്ള പ്രദേശത്തേക്ക് അതാത് ഉല്‍പ്പന്നങ്ങള്‍ കൊണ്ടു പോകാന്‍ കടത്തുകൂലിയുടെ 50 ശതമാനം സബ്‌സിഡി, പ്രധാനമന്ത്രിയുടെ ഗ്ലോബല്‍ ഔട്ട് റിച്ച് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാനിലവാരത്തിനും ബ്രാന്റിംഗിനുമായി 10,000 കോടി എന്നിങ്ങനെ വേറെയും പദ്ധതികള്‍ ഇതിന് ബലം നല്‍കാന്‍ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.
കൂടാതെ ബില്ല് നിലവില്‍ വന്ന ശേഷമുള്ള കരാര്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു തര്‍ക്കപരിഹാര ബോര്‍ഡിനുള്ള വ്യവസ്ഥ കൂടി ചെയ്തിട്ടുണ്ട്. അതാത് ജില്ലകളിലെ സബ്ബ്-ഡിവിഷണല്‍ മജിസ്‌ട്രേട്ട്, കളക്ടര്‍ എന്നിവര്‍ക്ക് ചുമതലകളും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.
കര്‍ഷകനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷകക്ഷികള്‍ പുതിയൊരു അടവുമായി രംഗത്ത് വന്നു. – താങ്ങുവില ഇല്ലത്രേ. അതിനുള്ള മറുപടി അധികൃതര്‍ നല്‍കിയതോടെ ആ കരച്ചിലും അവസാനിച്ചു.
മോദി സര്‍ക്കാരിന്റെ ‘വിഷണറി ആന്റ് റെവല്യൂഷണറി’ പദ്ധതിയാണ് ഈ ബില്ല്. ദീര്‍ഘകാല ലക്ഷ്യത്തോടെയും രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകന് ആശ്വാസവും പ്രോത്സാഹനവും നല്‍കുന്ന ഈ ബില്ലിനെ നിരുപാധികം പിന്തുണയ്ക്കുകയാണ് നാം ചെയ്യേണ്ടത് (കര്‍ഷക ആത്മഹത്യ കണ്ട് ഒഴുക്കിയ കണ്ണീര്‍ വ്യാജമല്ലെങ്കില്‍). ബില്ല് കര്‍ഷകവിരുദ്ധമായതുകൊണ്ടല്ല പാര്‍ലമെന്റിലെ ബഹളം. ഭാവിയില്‍ കര്‍ഷകരുടെ ഭീമന്‍ വോട്ട് ബാങ്ക് എന്‍ഡിഎ സര്‍ക്കാരിന് ആജീവനാന്ത അനുകൂലമായി തിരിയുമെന്ന ഭയവും സ്വന്തം പോക്കറ്റ് കാലിയാകുന്നതിലുള്ള ദുഃഖവുമാണ് ഇതിനു പിന്നില്‍.
വാല്‍ക്കഷ്ണം:
കര്‍ഷകരുടെ 73 വര്‍ഷത്തെ കാത്തിരുപ്പിനും ബി.ജെ.പി. നടത്തിയ 19 വര്‍ഷത്തെ പഠനങ്ങള്‍ക്കും ശേഷമാണ് ഈ ബില്ല് അവതരിപ്പിക്കപ്പെട്ടത്. കുറുക്കന്റെ ഓരിയിടല്‍ ജനം തിരിച്ചറിഞ്ഞു തുടങ്ങി. കുത്തിരിപ്പ് നിങ്ങളുടെ ധര്‍മ്മം, സമാജോദ്ധാരണം നമ്മുടേതും. ജയ് ജവാന്‍, ജയ് കിസാന്‍.
Comments