മഹാപണ്ഡിതനായ ഒരു ബുദ്ധസന്ന്യാസി ജപ്പാനില്‍ ജീവിച്ചിരുന്നു. മറ്റു ഗുരുക്കന്മാരില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു അദ്ദേഹം. ശിഷ്യന്മാരെ അതിരറ്റ് സ്‌നേഹിച്ചിരുന്നു. ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം ശിഷ്യന്മാര്‍ക്കൊപ്പമായിരുന്നു. ശിഷ്യന്മാര്‍ ഗുരുവിനേയും അങ്ങേയറ്റം സ്‌നേഹിച്ചിരുന്നു.
എന്നും വെളുപ്പിന് പൂജാമുറിയില്‍ കയറി ഏകനായിരുന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നു. ഒരു കാരണവശാലും ഇതിന് വീഴ്ചവരുത്തിയിരുന്നില്ല. ഒരു ദിവസം പൂജാമുറിയില്‍ കയറിയ അദ്ദേഹം തികച്ചും പരിഭ്രാന്തനായി. ബുദ്ധവിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ പൂജാപുഷ്പങ്ങള്‍ വയ്ക്കുന്ന സ്വര്‍ണ്ണത്തളിക കാണാനില്ല.
പൂജ കഴിഞ്ഞ് അദ്ദേഹം പുറത്തുവന്നു. തന്റെ ശിഷ്യന്മാരെ അടുത്തേക്ക് വിളിപ്പിച്ചു. സ്വര്‍ണ്ണത്തളിക നഷ്ടപ്പെട്ട വിവരം അവരെ അറിയിച്ചു.
ഗുരുവിന്റെ വാക്കുകളില്‍ നിഴലിച്ചിരുന്ന സങ്കടം കണ്ടപ്പോള്‍ ശിഷ്യന്മാര്‍ക്കും ദുഃഖം തോന്നി. തങ്ങളില്‍ ആരോ ആണ് സ്വര്‍ണ്ണത്തളിക മോഷ്ടിച്ചതെന്ന് ശിഷ്യന്മാര്‍ ഊഹിച്ചു. അവര്‍ പരസ്പരം നോക്കി. ആര് എന്നത് ഒരു ചോദ്യചിഹ്നമായി അവര്‍ക്കുമുമ്പില്‍ നിന്നു.
സ്വര്‍ണ്ണത്തളിക നഷ്ടപ്പെട്ടതുമുതല്‍ ഗുരുവിന്റെ മുഖത്ത് പ്രസന്നത ഊര്‍ന്നുപോയി. അദ്ദേഹം സദാ ദുഃഖിതനായിരുന്നു.
ഒരു ദിവസം മുതിര്‍ന്ന ശിഷ്യന്മാരില്‍ ഒരാള്‍ ഗുരുവിന്റെ മുമ്പിലെത്തി പറഞ്ഞു:
”ഗുരോ, അങ്ങ് ഒരിക്കലും വിഷമിക്കരുത്. നഷ്ടപ്പെട്ടതിന്റെ ഇരട്ടി വലിപ്പമുള്ള സ്വര്‍ണ്ണത്തളിക, ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് അങ്ങേയ്ക്ക് സമര്‍പ്പിയ്ക്കാം.”
മുതിര്‍ന്ന ശിഷ്യന്റെ വാക്കുകള്‍ കേട്ട ഗുരു പുഞ്ചിരിയോടെ ശിഷ്യന്മാരെ അറിയിച്ചു.
”ആ തളികയ്ക്കുപകരം മറ്റൊന്നിനെക്കുറിച്ച് എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യ. സ്വര്‍ണ്ണത്തോടുള്ള ആര്‍ത്തികൊണ്ടല്ല ഞാനിത് ഇത്രയും കാലം സൂക്ഷിച്ചത്. മരണത്തിനു തൊട്ടുമുമ്പ് എന്റെ ഗുരുതന്നതാണ് ആ തളിക. അത് നഷ്ടമായതോടെ ഗുരുവിന്റെ ആത്മാവ് എന്നെ വിട്ടുപോയിരിക്കുന്നു. അതോര്‍ക്കുമ്പോള്‍ ഒരു നീറ്റല്‍ മനസ്സില്‍ ഉണ്ടാകുന്നു.”
അന്നു വൈകിട്ട് ഗുരുവും ശിഷ്യന്മാരും കൂടി ആശ്രമവളപ്പില്‍ കൃഷിപ്പണികള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. മുതിര്‍ന്ന ശിഷ്യന്‍ അടുത്തെത്തി തന്ത്രത്തില്‍ ഗുരുവിനോട് ചോദിച്ചു;
”അങ്ങയുടെ സ്വര്‍ണ്ണത്തളിക മോഷ്ടിച്ചവന്‍ ആരുതന്നെയായാലും അവനെ അങ്ങേയ്ക്ക് ശപിച്ചുകൂടെ?” എല്ലാശിഷ്യന്മാരും കേള്‍ക്കെ ചെറുപുഞ്ചിരിയോടെ ഗുരു പറഞ്ഞു –
”ഇല്ല. ഒരിക്കലും ഞാനതു ചെയ്യില്ല. എന്റെ ശിഷ്യന്മാരില്‍ ആരോ
ഒരാളാണ് അത് മോഷ്ടിച്ചതെന്ന് എനിക്ക് അറിയാം. അതറിഞ്ഞുകൊണ്ട് ഞാന്‍ എന്റെ ശിഷ്യന്മാരെ എങ്ങനെ ശപിക്കും?
മനസ്സിന് എത്രവേദന ഉണ്ടെങ്കിലും എനിക്ക് എന്റെ ശിഷ്യരെ ശപിക്കാന്‍ വയ്യ. ഗുരുശാപം ഒരിക്കലും ഒഴിഞ്ഞുപോകാത്ത ഒന്നാണ്.”
ഗുരുവിന്റെ വാക്കുകള്‍ ശിഷ്യന്മാരില്‍ ഏറെ പരിവര്‍ത്തനം ഉണ്ടാക്കി. ആ വലിയ മനസ്സിനുമുമ്പില്‍ അവര്‍ നമ്രശിരസ്‌കരായി നിന്നു.