പ്രതിമ നിര്‍മ്മിക്കലും സ്ഥാപിക്കലും ബി.എസ്.പി. നേതാവ് മായാവതിയ്ക്ക് ഹരമാണ്. അംബേദ്കര്‍ പ്രതിമയിലായിരുന്നു തുടക്കം. പിന്നെ കന്‍ഷിറാമിന്റെ പ്രതിമയായി. സ്വന്തം പ്രതിമ നാല്‍ക്കവലകളിലെല്ലാം സ്ഥാപിച്ച് റിക്കാര്‍ഡിട്ട മായാവതിക്ക് മൂക്കുകയറിടാന്‍ കോടതി തന്നെ വേണ്ടിവന്നു. സ്വന്തം പാര്‍ട്ടിയുടെ ചിഹ്നമായ ആനയ്ക്കും കിട്ടി മായാവതിയുടെ പ്രതിമ നിര്‍മ്മാണത്തിലൂടെ മോക്ഷം! ദളിത് നേതാക്കളെയൊക്കെ കൈവിട്ട് മായാവതിയമ്മ ”ബ്രാഹ്മണ” പ്രതീകങ്ങളുടെ പ്രതിമ നിര്‍മ്മിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ ആദ്യം കൈവെച്ചിരിക്കുന്നത് പരശുരാമനിലാണ്. 108 അടിയില്‍ അധികം ഉയരമുള്ള പരശുരാമപ്രതിമയാണ് നിര്‍മ്മിക്കുന്നത്. കൂടെ ഒരു ആശുപത്രിയും. അഭിലാഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി 108 അടി ഉയരമുള്ള പരശുരാമ പ്രതിമ നിര്‍മ്മിക്കുന്നുണ്ട്. അതിലും വലുതാകും തന്റെ പരശുരാമ പ്രതിമ എന്നാണ് മായാവതിയമ്മയുടെ അവകാശവാദം. പരശുരാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്നു മാത്രമല്ല, ചില ബ്രാഹ്മണ വിഭാഗക്കാരുടെ കുലുപുരുഷനുമാണ്. അയോദ്ധ്യയില്‍ രാമക്ഷേത്രത്തിനു ശിലാസ്ഥാപനം നടന്നപ്പോള്‍ പിന്തുണയ്ക്കാനും മായാവതി തയ്യാറായിരുന്നു. ശ്രീരാമന്റെ വലിയ പ്രതിമ നിര്‍മ്മിക്കാനുള്ള ബുദ്ധി മായാവതിയില്‍ എന്ന് ഉദയം ചെയ്യും എന്നു കാത്തിരിക്കുകയാണ് ഉത്തരേന്ത്യയിലെ സെക്കുലര്‍ മാധ്യമക്കാര്‍.
ബ്രാഹ്മണ വിഭാഗങ്ങളെ പ്രീണിപ്പിക്കാനും അവരുടെ വോട്ടുനേടാനുമുള്ള മായാവതിയുടെ പുതിയ തന്ത്രമാണ് ഈ പ്രതിമ നിര്‍മ്മാണം എന്നു സെക്കുലര്‍ മാധ്യമക്കാര്‍ വിലയിരുത്തിക്കഴിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ദളിതരെ ഉണര്‍ത്തിയത് സ്വാമി അച്യുതാനന്ദനായിരുന്നു. ആദി ഹിന്ദു എന്നായിരുന്നു സ്വാമി ദളിതരെ വിശേഷിപ്പിച്ചത്. ഈ ഹൈന്ദവ പാരമ്പര്യത്തിന്റെ കണ്ണിയറുക്കാനും അവരെ ഹിന്ദു മുഖ്യധാരയില്‍ നിന്ന് വിഘടിപ്പിച്ചു നിര്‍ത്താനുമാണ് മായാവതി രാഷ്ട്രീയതന്ത്രം മെനഞ്ഞത്. എന്നാല്‍ ദളിത വിഭാഗക്കാര്‍ ഈ കെണിയില്‍ വീണില്ല. മായാവതി രാഷ്ട്രീയത്തില്‍ നിന്നു തന്നെ ഔട്ടാകാന്‍ തുടങ്ങി. സ്വന്തം നിലനില്പിന് പരശുരാമ പ്രതിമാ നിര്‍മ്മാണത്തിലൂടെ മരണക്കളി കളിക്കുകയാണ് ഈ ദളിത് രാഷ്ട്രീയ നേതാവ്.