ശ്രീരാമജന്മഭൂമിയായ അയോദ്ധ്യയില്‍ ഭവ്യമായ രാമമന്ദിരത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞുവെങ്കിലും രാജജന്മഭൂമിയുമായി ബന്ധപ്പെട്ട് കെട്ടിച്ചമച്ച ഒരു വ്യവഹാരം ബാക്കിയായിരുന്നു. രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളികളായ ലാല്‍കൃഷ്ണ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും ഉമാഭാരതിയേയുമൊക്കെ ജയിലിലടയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റ് കെട്ടിച്ചമച്ച കേസ് പ്രതികളെ എല്ലാം വെറുതെവിട്ടതോടെ നീതിയുടെ വിജയമായി കലാശിച്ചിരിക്കുകയാണ്. എ.ഡി. 1528ല്‍ ബാബറെന്ന വിദേശഅക്രമി സേനാനായകനായ മീര്‍ ബാഖിയുടെ നേതൃത്വത്തില്‍ ശ്രീരാമജന്മഭൂമിക്ഷേത്രം തകര്‍ക്കുകയും ക്ഷേത്രാവശിഷ്ടങ്ങള്‍ കൊണ്ടുതന്നെ തല്‍സ്ഥാനത്ത് ബാബറുടെ വിജയസ്മാരകമായി ഒരു കെട്ടിടം കെട്ടുകയുമുണ്ടായി.
പവിത്രമായ രാമജന്മഭൂമിയുടെ വിമോചനത്തിനായി 492 വര്‍ഷമായി ഹിന്ദു സമൂഹം പോരാട്ടത്തിലായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഹിന്ദു വിരുദ്ധകോണ്‍ഗ്രസ് ഭരണകൂടം ഒരുകാലത്തും രാമജന്മഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് നീതി കിട്ടാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു എന്നു മാത്രമല്ല സമര നേതൃത്വത്തെ ഉന്‍മൂലനം ചെയ്യാന്‍ ആവും വിധം ശ്രമിക്കുകയും ചെയ്തു പോന്നു. മുസ്‌ളീം മതമൗലികവാദത്തോട് കോണ്‍ഗ്രസ് പുലര്‍ത്തിപ്പോന്ന പ്രീണന സമീപനം രാഷ്ട്രവിഭജനത്തിനു തന്നെ കാരണമായെങ്കിലും സ്വതന്ത്ര ഭാരതത്തിലും അവര്‍ അതേ നയം നാളിതുവരെ പുലര്‍ത്തിപ്പോരുകയായിരുന്നു. ഭാരതത്തിന്റെ ദേശീയഹിന്ദു സ്വത്വബോധത്തെ തകര്‍ക്കാന്‍ അധിനിവേശശക്തികള്‍ ഏത്ര തീവ്രമായി ശ്രമിച്ചുവോ അതേ തീവ്രതയോടെ സ്വതന്ത്ര ഭാരതത്തില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ ആ പ്രവര്‍ത്തനം തുടര്‍ന്നുപോരുന്നു. കൊളോണിയല്‍ ശക്തികള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ ഭാരതത്തില്‍ നടപ്പിലാക്കാന്‍ വേണ്ടി ആരംഭിച്ച കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധമായില്ലെങ്കിലേ അതിശയമുള്ളു. 1948 ല്‍ മഹാത്മാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ അത് ഹിന്ദു സംഘടന എന്ന നിലയ്ക്ക് ഏറ്റവും പ്രബലമായ രാഷ്ട്രീയ സ്വയംസേവക സംഘത്തിനുമേല്‍ കെട്ടിവച്ച് ഹിന്ദു മുന്നേറ്റത്തെ തകര്‍ക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്ന സംഭവവും ഹിന്ദു സംഘടനകളെ തകര്‍ക്കാനുള്ള അവസരമായെടുത്തു.
‘ഹിന്ദുക്കളും മുസ്‌ളീങ്ങളും ഒരു വട്ടമേശക്കുചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കാമായിരുന്ന രാമജന്മഭൂമി പ്രശ്‌നത്തെ പരമാവധി വഷളാക്കി തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ച് പോന്ന കോണ്‍ഗ്രസ് ഒടുക്കം രാജ്യത്തു നിന്നുതന്നെ നാമാവശേഷമാകുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. ഗാന്ധിവധത്തെ ഹിന്ദു സംഘടനകളുടെ മേല്‍ കെട്ടിവച്ച് കളിച്ച അതേ കളിയാണ് തര്‍ക്കമന്ദിരം തകര്‍ന്ന സമയത്തും കോണ്‍ഗ്രസ് പുറത്തെടുത്തത്. 1992 ഡിസംബര്‍ 6 ന് നടന്ന കര്‍സേവയില്‍ തര്‍ക്കമന്ദിരം തകര്‍ക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നില്ലെന്ന് സമര നേതാക്കള്‍ പലപ്പോഴും ആണയിട്ട് പറഞ്ഞിട്ടുള്ളതാണ്. രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ ഭാഗമായി സോമനാഥില്‍നിന്ന് അയോദ്ധ്യയിലേക്ക് രഥയാത്ര നടത്തിയ ലാല്‍കൃഷ്ണ അദ്വാനി ഒരിക്കല്‍പോലും തര്‍ക്കമന്ദിരം തകര്‍ക്കുവാന്‍ അനുയായികളോട് ആഹ്വാനം ചെയ്തിട്ടില്ല. പ്രകോപിതരായ കര്‍സേവകര്‍ തര്‍ക്കമന്ദിരത്തിനുനേരെ പാഞ്ഞടുത്തപ്പോള്‍ അവരെ പിന്‍തിരിപ്പിക്കാനായിരുന്നു ഹിന്ദു നേതാക്കന്മാര്‍ എല്ലാവരും ശ്രമിച്ചത്. തര്‍ക്കമന്ദിരം ഉടഞ്ഞുവീണതിന്റെ മറവില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തെയും വി.എച്ച്.പി. യെയും നിരോധിക്കുകയും രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് ബി.ജെ.പി. സര്‍ക്കാരുകളെ നിയമവിരുദ്ധമായി പിരിച്ചുവിടുകയും നേതാക്കന്മാര്‍ക്കെതിരെ കള്ളക്കേസ്സുകള്‍ ചുമത്തുകയും ചെയ്ത നരസിംഹറാവു ഗവണ്‍മെന്റ് മാധ്യമങ്ങളിലൂടെ തര്‍ക്കമന്ദിരം തകരുന്നതിന്റെ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് സംപ്രേഷണം ചെയ്ത് മുസ്‌ളീം വര്‍ഗ്ഗീയ ചിന്തയെ പരമാവധി ഉണര്‍ത്തിവിട്ട് മുതലെടുപ്പ് രാഷ്ട്രീയം കളിക്കുകയാണ് ചെയ്തത്. തര്‍ക്കമന്ദിരം തകര്‍ക്കാന്‍ പ്രമുഖ നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചു കൊണ്ട് കെട്ടിച്ചമച്ച കേസ്സാണ് ഇക്കഴിഞ്ഞ ദിവസം വിധിയായത്. ലക്‌നൗ സി. ബി.ഐ. പ്രത്യേക കോടതി പ്രതികളായുണ്ടായിരുന്ന എല്ലാവരെയും വെറുതെവിട്ടുകൊണ്ട് പറഞ്ഞത്, കെട്ടിടം തകര്‍ക്കുന്നതില്‍ ഗൂഢാലോചനയോ ആസൂത്രണമോ തെളിയിക്കാനായില്ല എന്നാണ്. പി.വി.നരസിംഹറാവു നിയോഗിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ പതിനേഴ് വര്‍ഷം കൊണ്ട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി എന്നവകാശപ്പെട്ട ഗൂഢാലോചനാവാദമാണ് ഇവിടെ പൊളിഞ്ഞുവീണിരിക്കുന്നത്.
പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കെതിരെ ശക്തമായ യാതൊരു തെളിവും പ്രോസിക്യൂഷന് സമര്‍പ്പിക്കാനായില്ല എന്ന കോടതിയുടെ പരാമര്‍ശത്തില്‍ തന്നെ കേസ്സ് കെട്ടിച്ചമച്ചതാണ് എന്ന സൂചനയാണ് ഉള്ളത്. 28 വര്‍ഷം നീണ്ടുനിന്ന വ്യവഹാരത്തിനാണ് ഇതോടെ തീര്‍പ്പാകുന്നത്. പ്രതികള്‍ കുറ്റം ചെയ്‌തെന്ന് സ്ഥാപിക്കാനായി ഹാജരാക്കിയ വീഡിയോകള്‍ എഡിറ്റു ചെയ്തവയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സി.ബി.ഐ. ഹാജരാക്കിയ രേഖകളില്‍ സാക്ഷിയുടെയോ പ്രതിയുടെയോ കൈയൊപ്പ് ഉണ്ടായിരുന്നില്ല. സാക്ഷിമൊഴികളാകട്ടെ പരസ്പര വിരുദ്ധവുമായിരുന്നു. ആയിരത്തില്‍പരംസാക്ഷികളില്‍ പലരെയും ഇതുവരെ കണ്ടെത്താന്‍ പോലുമായിട്ടില്ല എന്നു പറഞ്ഞാല്‍ കേസ് എത്ര മാത്രം ദുര്‍ബലമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതേ ഉള്ളു. കെട്ടിച്ചമച്ച കേസ്സുകൊണ്ട് കോണ്‍ഗ്രസ് എന്തുനേടി എന്നു ചോദിച്ചാല്‍ രാജ്യത്തെ മുസ്ലിങ്ങളുടെ ഇടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനും അവരില്‍ ഹിന്ദുക്കളോട് വൈരാഗ്യം വളര്‍ത്താനും കഴിഞ്ഞു എന്നതു മാത്രമാണ്. എല്ലാ കാലത്തും എല്ലാവരെയും കബളിപ്പിക്കാനാവില്ല എന്നതിന്റെ ഉദാഹരണമാണ് ഇന്നത്തെ കോണ്‍ഗ്രസ്സിന്റെ ദയനീയമായ അവസ്ഥ. വിദേശ അക്രമിയായ ബാബര്‍ക്കൊപ്പം നിന്ന കോണ്‍ഗ്രസ്സിനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും ഭാരതീയര്‍ ജനകീയ ജനാധിപത്യത്തിന്റെവഴിയില്‍ തുടച്ചെറിയുന്ന കാഴ്ചയും ലോകം കണ്ടു കഴിഞ്ഞു.
കോടതി വിധിയോടുള്ള കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രതികരണത്തില്‍ നിന്നു തന്നെ ചരിത്രത്തില്‍ നിന്നും അവര്‍ പാഠം പഠിക്കാന്‍ തയ്യാറല്ലെന്നതിന്റെ സൂചനകളാണ് ഉള്ളത്. ഭരണഘടനാ തത്ത്വങ്ങള്‍ക്കെതിരാണ് വിധിയെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ മതേതര ജനാധിപത്യരാജ്യമെന്ന ഇന്ത്യയുടെ പ്രതിച്ഛായക്ക് കോട്ടംതട്ടുന്നതാണ് വിധിയെന്നാണ് കമ്മ്യണിസ്റ്റ് പാര്‍ട്ടി പറയുന്നത്. തുര്‍ക്കിയിലെ ക്രിസ്ത്യന്‍ പള്ളി അടുത്തിടെ ഇസ്ലാമിക മത മൗലികവാദികള്‍ ബലമായി മോസ്‌ക്കാക്കി മാറ്റിയതിനെതിരെ ശബ്ദിക്കാത്തവരാണ് മതേതരത്വത്തിന്റെ കാവല്‍ മാലാഖമാരായി വേഷം കെട്ടി ഇറങ്ങിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഐ.എസ്.ഭീകരരും ഒരേ സ്വരത്തില്‍ സംസാരിച്ചു തുടങ്ങിയിരിക്കുന്ന കാലത്ത് ഇവരുടെ ഒക്കെ പ്രതികരണം ഇങ്ങനെ ആയില്ലെങ്കിലെ അതിശയമുള്ളു. എന്തായാലും പരമോന്നത കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണമാരംഭിച്ചു കഴിഞ്ഞിരിക്കുന്ന രാമക്ഷേത്രത്തി നുവേണ്ടി ജീവനും ജീവിതവും ഹോമിച്ച പരശതം രാമ ഭക്തര്‍ക്ക് വ്യവഹാര മുക്തമായ രാമജന്മഭൂമി ദര്‍ശിക്കുവാനുള്ള സൗഭാഗ്യമാണ് ഈ കോടതി വിധിയോടെ സാധിച്ചിരിക്കുന്നത്.