കഴിയുമെങ്കില്‍ ആണ്ടവനെ ഒന്നു കാണാനാഗ്രഹമുണ്ടെന്ന് അറിയിച്ചു കൊണ്ട് കുമാരന്‍ ചേനാര് ഒരാളെ വിട്ടപ്പോഴാണ് അദ്ദേഹത്തിന്റെ കാര്യം വേലായുധന്‍ ഓര്‍ത്തതു തന്നെ. കുമാരന്‍ പൂശാരി എന്ന് നാട്ടുകാര്‍ അല്പം ബഹുമാനത്തോടെ വിളിയ്ക്കുന്ന ചേനാര് വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കൊണ്ടു പുറത്തേയ്‌ക്കൊന്നും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. കണ്ണ് തീരെ കാണില്ല. വടികുത്തി വീട്ടിനകത്തൊക്കെ നടക്കാറുണ്ടെങ്കിലും പുറത്തിറങ്ങാന്‍ പരസഹായം വേണം. അതുകൊണ്ടാണ് ആണ്ടവനെ കാണാനുള്ള ആഗ്രഹം ആളെ വിട്ടറിയിച്ചത്. അല്ലെങ്കില്‍ എപ്പോഴേ അദ്ദേഹം വേലായുധന്‍ ചോപ്പാന്റ വീട്ടിലെത്തിയിട്ടുണ്ടാവും. ആണ്ടവന്റെ രോഗത്തെ കുറിച്ചും അതു കാരണം നാട്ടിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചുമുള്ള കഥകള്‍ ചേനാരുടെ കാതിലുമെത്തിയിരുന്നു. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയെന്നും ഇപ്പോള്‍ വീട്ടില്‍ മറ്റു പണിയൊന്നുമില്ലാതെ ഇരിയ്ക്കുകയാണ് ആണ്ടവനെന്നും ചേനാര് അറിഞ്ഞിട്ടുണ്ട്. സുഖമില്ലെന്നറിഞ്ഞപ്പോള്‍ തുടങ്ങിയതാണ് ഒന്നു കാണണമെന്ന മോഹം. എന്തു ചെയ്യാന്‍ – മനസ്സ് ആഗ്രഹിക്കുന്നിടത്തേയ്ക്കല്ല ശരീരം നീങ്ങുന്നത്. അതുകൊണ്ടു തന്നെ അങ്ങോട്ട് പോയി കാണുക എന്നത് നടക്കില്ല എന്നറിയാമായിരുന്നതിനാല്‍ അതിനു ശ്രമിച്ചതുമില്ല. തൃക്കണ്ടിയൂരാണ് ചേനാരുടെ താമസം. രണ്ട് നാഴിക നടക്കണം. എന്നാലും ചേനാര് ഒരാഗ്രഹം പറഞ്ഞാല്‍ അത് അനുസരിക്കാതിരിക്കാന്‍ വേലായുധന്‍ ചോപ്പന് കഴിയില്ല. ആണ്ടവനാണെങ്കില്‍ ഇപ്പോള്‍ പറയത്തക്ക അസുഖമൊന്നുമില്ല. മാത്രമല്ല, ഒരു രോഗിയെപ്പോലെ അവനെ കാണരുതെന്ന് ഡോക്ടര്‍ പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. കഴിയുന്നത്ര പുറത്തൊക്കെ കൊണ്ടുപോകുവാന്‍ വേലായുധന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അവന്‍ പുറത്തിറങ്ങാനൊ ആരെയെങ്കിലും അഭിമുഖീകരിക്കാനൊ തീരെ താത്പര്യം പ്രകടിപ്പിക്കുന്നില്ല. എന്നാല്‍ കുമാരന്‍ ചേനാരുടെ ആഗ്രഹം പറഞ്ഞപ്പോള്‍ ഒരു എതിര്‍പ്പും കൂടാതെ അയാള്‍ പോകാന്‍ സമ്മതിച്ചു. അതില്‍ വേലായുധനും സന്തോഷമുണ്ടായി. ചെറുപ്പത്തില്‍ വേലായുധന്റെ കൂടെയല്ലാതെ ആണ്ടവന്‍ ആരോടൊത്തെങ്കിലും പുറത്തിറങ്ങിയിട്ടുണ്ടങ്കില്‍ അത് ചേനാരുടെ കൂടെയാണ്. ആണ്ടിമുട്ടു കലശത്തിന് പരികര്‍മ്മിയായി, പഴണിയിലേക്ക് പാല്‍ക്കാവടിയുമായി അങ്ങനെ എത്ര എത്ര തവണ എവിടെ എവിടെയൊക്കെ ചേനാരോടൊത്ത് സഞ്ചരിച്ചിട്ടുണ്ട്! ആണ്ടി മുട്ടിന്റെ ശ്രുതി പാടി തുടങ്ങിയാല്‍ താനായിരുന്നു ചേനാരുടെ പിറകില്‍ നിന്നിരുന്നത്. ശ്രുതി പാടുക എന്നാണ് അതിനെ പറ്റി പറയാറ്. ഒരു തരം തോറ്റം തന്നെ. അത് മുറുകിയാല്‍ ചേനാര് തലവെട്ടി പൊളിയ്ക്കും. അത് തടുക്കാനാണ് താന്‍ പിറകില്‍ നില്ക്കുന്നത്. ഓര്‍മ്മകള്‍ക്ക് എന്നും ശൈശവത്തിന്റെ സൗന്ദര്യമാണ്. എത്ര പഴകുന്നുവോ അത്രയും അവയോടുള്ള വാത്സല്യം കൂടി കൂടി വരും. രണ്ടോ മൂന്നോ കൊല്ലം മുമ്പാണ് അവസാനമായി ചേനാരോട്ത്ത് പഴനിമല കയറിയത്. ഓര്‍മ്മയില്‍ ഒരിക്കലും മരിക്കാതെ തെളിഞ്ഞു നില്‍ക്കുന്ന യാത്രയായിരുന്നു അത്. മലയിറങ്ങി തിരിച്ച് പോരാനൊരുങ്ങുന്നതിന് മുമ്പ് ചേനാര് ചോദിച്ചു: ‘ആണ്ടവാ – നിനക്കോര്‍മ്മയില്ലെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ വച്ച് വേലായുധന്‍ നിന്നെ കണ്ടുമുട്ടിയതും കൂടെ കൂട്ടിയതുമൊക്കെ. അന്ന് നിനക്ക് അഞ്ചോ ആറോ വയസ്സുണ്ട് അതുകൊണ്ട് മറന്നിട്ടൊന്നുമുണ്ടാവില്ല, ഓര്‍മ്മ വരുന്നില്ലേ?’ ആണ്ടവന്റെ മുഖത്ത് ഒരു വിഷാദഛായ കലര്‍ന്ന പുഞ്ചിരി തെളിഞ്ഞു. അവന്‍ ഒന്നു മൂളി. ‘നിന്റെ അമ്മയെയൊ അച്ഛനെയൊ കാണണമെന്ന് നിനക്ക് തോന്നിയിട്ടുണ്ടോ? അവര്‍ക്കെന്തായാലും നിന്നെ അറിയില്ല. അവരെ അറിയിക്കാത്ത രീതിയില്‍ അവിടെ ഒക്കെ ഒന്ന് ചുറ്റി തിരിഞ്ഞ് പോരണമെന്ന് നിനക്ക് തോന്നിയിട്ടില്ലേ?’ – ‘ഇല്ല’ – അവന്‍ ഉറപ്പിച്ചു പറഞ്ഞു. തീരെ പ്രതീക്ഷിയ്ക്കാത്ത ഉത്തരമാണ് കിട്ടിയത്. എന്നാലും ചേനാര് വിട്ടില്ല. ‘എന്നാല്‍ എനിക്ക് തോന്നിയിട്ടുണ്ട്. അവിടെയൊക്കെ ഒന്ന് കാണണം. കഴിയുമെങ്കില്‍ നിന്റെ പഴയ കുടുംബത്തേയും! പഴയ – എന്ന് ഞാന്‍ കരുതി കൂട്ടിപ്പറഞ്ഞതാണ്. ഇപ്പോള്‍ എന്നല്ല.,ഇനിയങ്ങോട്ടും അവരുമായി നിനക്ക് ബന്ധമില്ല. അല്ലെങ്കില്‍ ബന്ധം പുതുക്കാനല്ലല്ലോ. വെറുതെ ഒരു രസത്തിന്’. യഥാര്‍ത്ഥത്തില്‍ അവന്റെ രക്ഷിതാക്കന്‍മാരെ പറ്റുമെങ്കില്‍ ഒന്നു കാണണമെന്നും പാരമ്പര്യമായി അവര്‍ക്കെന്തെങ്കിലും മനോരോഗമുണ്ടെങ്കില്‍ അത് തിരിച്ചറിഞ്ഞ് ഡോക്ടറെ അറിയിക്കണമെന്നും വേലായുധന് ആഗ്രഹമുണ്ടായിരുന്നു. അത് ചേനാരോട് പറഞ്ഞിരുന്നു. സത്യത്തില്‍ അത് അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ഡോക്ടര്‍ ഒരു നിഗമനത്തിലെത്തി കാണുമെന്ന് ചിന്തിക്കുവാന്‍ മാത്രം യുക്തി വേലായുധനുണ്ടായിരുന്നില്ല. വേലായുധന്റെ ആഗ്രഹം നിറവേറ്റുവാനുള്ള പരിശ്രമായിരുന്നു ചേനാരുടേത്. ആണ്ടവന്‍ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോള്‍ ചേനാര് വീണ്ടും ചോദിച്ചു. ‘നിനക്ക് ചെറിയ ഓര്‍മ്മയൊക്കെയില്ലെ, അവിടെ വരെ ഞങ്ങളെ ഒന്ന് എത്തിക്കാന്‍?’- ആണ്ടവന്‍ സഹകരിക്കുക തന്നെ ചെയ്തു.
അതൊരു കൊച്ചു ഗ്രാമമായിരുന്നു. ബസ് ഇറങ്ങിയതും ആണ്ടിപ്പെട്ടിയിലെത്താന്‍ ഒറ്റ കാളയെ വെച്ചോടിക്കുന്ന ഒരു വണ്ടി കിട്ടി. അതു തന്നെ അവിടെ അപൂര്‍വമായിരുന്നു. അത് കിട്ടിയതു അവരുടെ ഭാഗ്യത്തിനായിരിക്കണം. ഒരു ചായ കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് വണ്ടിക്കാരനോട് ചേനാര് അറിയുന്ന തമിഴ് വച്ച് അന്വേഷിച്ചു. പച്ചക്കറിയും പഴങ്ങളുമൊക്കെ കൂട്ടിയിട്ട് വില്‍പന നടത്തുന്ന ഗ്രാമച്ചന്ത പോലെ തോന്നിക്കുന്ന ഒരു സ്ഥലത്ത് വണ്ടി നിറുത്തി. അവിടെ രണ്ട് കടകളുണ്ടായിരുന്നു. രണ്ടും തമ്മില്‍ കൃത്യമായ അകലം പാലിച്ചിരുന്നു. ഒരു കട സവര്‍ണ വിഭാഗക്കാരുടേതും മറ്റൊന്ന് അവര്‍ണരുടേതുമാണെന്ന് വണ്ടിക്കാരനോടന്വേഷിച്ചുപ്പോള്‍ മനസ്സിലായി. അവര്‍ണരുടെ കടയില്‍ ചായക്ക് ഇരുപത് പൈസയും സവര്‍ണരുടെ കടയില്‍ ഇരുപത്തഞ്ച്‌പൈസയുമായിരുന്നു. സവര്‍ണരുടെ കടയില്‍ നിന്ന് ചായ കുടിച്ചാല്‍ ഗ്ലാസ് കഴുകി കൊടുക്കണം. ഒരു പ്രത്യേകതയുള്ളത് സവര്‍ണരുടെ കടയില്‍ നിന്ന് അവര്‍ണര്‍ക്കും ചായ കുടിയ്ക്കാമെന്നുള്ളതാണ്. അവിടെയാണ് നാലഞ്ച് ആളുകള്‍ ഉള്ളതെന്നു കണ്ടപ്പോള്‍ അവരും അവിടെ തന്നെ കേറി. അതിനകത്ത് എകെജിയുടെയും ഇംഎംഎസ്സിന്റെയും ചിത്രം ഒട്ടിച്ചിരുന്നത് സത്യത്തില്‍ ചേനാരെ അത്ഭുതപ്പെടുത്തി. വിപ്ലവപ്രസ്ഥാനത്തിന്റെ അമരക്കാരോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന സവര്‍ണന്റെ ചായക്കട. ഏതൊരു മലയാളിയ്ക്കും തോന്നും അതൊരു അവഹേളനമാണെന്ന്. എന്നാല്‍ അങ്ങിനെ ആയിരുന്നില്ല. പാവപ്പെട്ടവന്റെ ദൈവങ്ങളായിരുന്നു അവര്‍ക്ക് ആ ചിത്രങ്ങള്‍. കുറച്ചു നേരത്തെ സംസാരം കൊണ്ട് ആര്‍ക്കുമത് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. അവിടെ അശുദ്ധി എന്നത് കേരളത്തിലെ അയിത്ത സമ്പ്രദായത്തോട് ഒരു തരത്തിലും തുലനം ചെയ്യാന്‍ കഴിയുമായിരുന്നില്ല- അക്ഷരമറിയാത്ത സ്വജീവിതത്തില്‍ അല്പം പോലും വൃത്തി സൂക്ഷിക്കാത്ത മൃഗങ്ങളെ പോലെയുള്ള ജീവിതം നയിക്കുന്ന ഒരു കൂട്ടര്‍-അവരെ ബോധവല്‍ക്കരിക്കാനുള്ള പല ശ്രമങ്ങളും നടക്കുന്നുണ്ടെന്നും കടക്കാരനില്‍ നിന്നറിയാല്‍ കഴിഞ്ഞു. മഴ പെയ്താല്‍ ചളിക്കളമാകുന്ന കൊച്ചു കൊച്ചു കുരയിലായിരുന്നു അവരില്‍ ഏറെപ്പേരും താമസിച്ചിരുന്നത്. സംസാരത്തിനിടയില്‍ ആണ്ടവന്‍ പറഞ്ഞ വേലുച്ചാമിയെ കുറിച്ചും ചോദിച്ചു. ആദ്യമവര്‍ക്കൊന്നും ആളെ പിടികിട്ടിയില്ല. പത്തിരുപത്തഞ്ച് വര്‍ഷത്തിനപ്പുറത്തേയ്ക്ക് അവരുടെ ഓര്‍മ്മകളെ നയിക്കുവാന്‍ കുമാരന്‍ ചേനാര്‍ക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നു. എങ്കിലും ഗ്രാമീണര്‍ക്ക് കാര്യമായ സംശയത്തിനൊന്നും വഴി കൊടുക്കാതെ തന്നെ ആണ്ടവന്‍ ജനിച്ചു വളര്‍ന്ന, കരഞ്ഞു തളര്‍ന്ന ബാല്യകാലത്തിന്റെ ഊടുവഴികളിലൂടെ കുമാരന്‍ ചോപ്പനും വേലായുധനും ആണ്ടവനേയും കൂട്ടി സഞ്ചരിക്കുക തന്നെ ചെയ്തു.
വേലുച്ചാമി എന്നായിരുന്നു ആണ്ടവന്റെ അപ്പന്റെ പേര്. അയാള്‍ സ്ഥിരമായ മദ്യപാനിയായിരുന്നു. അമ്മ ചെല്ലത്തിനും മക്കള്‍ക്കും എന്നും അടിയും ഇടിയുമായിരുന്നു. റാക്ക് തലയില്‍ കയറിയാല്‍ അയാള്‍ കുട്ടികളെ തൂക്കിയെടുത്ത് വലിച്ചെറിയുമായിരുന്നു. ചെല്ലത്തിന് പ്രാന്തായിരുന്നു എന്ന് വേലുച്ചാമി പറഞ്ഞു നാട്ടുകാരും കേട്ടിട്ടുണ്ട്. എന്തായാലും വേലുച്ചാമിയെ കൊന്ന് ചെല്ലം ജയിലിലാണെന്ന് അവരുടെ സംസാരത്തില്‍ നിന്ന് മനസ്സിലായി. മറ്റു കുട്ടികള്‍ കുടംബത്തിലെവിടെയെങ്കിലുമുണ്ടാകാമെന്നല്ലാതെ എവിടെ എന്നൊന്നും അവര്‍ക്കറിയില്ല. ഉണ്ടെന്നവര്‍ക്ക് ഉറപ്പുമില്ല. ആ ഗ്രാമത്തിലൂടെയുള്ള യാത്രയ്ക്കിടയില്‍ അപ്പാവെ കുറിച്ച് ആണ്ടവന്‍ അവന്റെ ഓര്‍മ്മകള്‍ തുറന്നു. അവന്‍ അഞ്ചാറു കൊല്ലം അനുഭവിച്ച മൃഗീയമായ പീഡനങ്ങള്‍ പലതും തുറന്നു പറഞ്ഞു. ഉച്ചതിരിഞ്ഞതിന് ശേഷമാണ് അവര്‍ അവിടെ നിന്ന് തിരിച്ചത്.
അച്ഛനെയൊ അമ്മയെയൊ അവന്‍ ഒരിക്കലും സ്‌നേഹിച്ചിട്ടില്ലെന്ന് കുമാരന്‍ ചേനാര്‍ക്കും വേലായുധന്‍ ചോപ്പനും മനസ്സിലായി. അച്ഛനെ കൊന്ന് അമ്മ ജയിലില്‍ പോയി എന്ന് കേട്ടിട്ടും അതൊന്നും തന്റെ കഥയല്ലെന്നും തന്നെ അല്പം പോലും ബാധിക്കുന്നതല്ലെന്നും അവന്റെ മുഖം പറഞ്ഞു. മക്കള്‍ക്ക് അവരെ രണ്ട് പേരേയും കൊല്ലേണ്ടി വന്നില്ല, അതിന് മുമ്പ് അമ്മ അപ്പാവെ കൊന്നത് നന്നായി. കൊല്ലാന്‍ താന്‍ തന്റെ ചെറുപ്പകാലത്ത് ആഗ്രഹിച്ചിട്ടുണ്ടെന്ന് ആണ്ടവന്‍ വളരെ നിസ്സംഗനായിട്ടാണ് പറഞ്ഞത്. എല്ലാ രാത്രികളിലും അപ്പനും അമ്മയും മരിക്കണേ എന്നു മാത്രമേ ആ കുഞ്ഞു മനസ്സ് പ്രാര്‍ത്ഥിച്ചിട്ടുണ്ടായിരുന്നുള്ളുവത്രെ.
ചിലപ്പോള്‍ ആണ്ടവന് ഈ രോഗം ഉണ്ടാവാന്‍ അവന്റെ ചെറുപ്പത്തില്‍ അവന്‍ അനുഭവിച്ച പീഡനങ്ങള്‍ കാരണമായിട്ടുണ്ടാകാം എന്ന് ആണ്ടവന്‍ കേള്‍ക്കാതെ ചേനാര് പറഞ്ഞപ്പോള്‍ വേലായുധന്‍ ഒന്നു ദീര്‍ഘമായി നിശ്വസിക്കുക മാത്രം ചെയ്തു.
ചേനാരെ കാണണം. ആണ്ടവന്റെയും വേലായുധന്റേയും മനസ്സില്‍ ആ ആഗ്രഹമുണ്ടായി. തൃക്കണ്ടിയൂര്‍ ദേശക്കാരനാണെങ്കിലും കോരങ്ങത്തും പുല്ലൂരുമൊക്കെയുള്ളവര്‍ക്ക് കൂമാരന്‍ പൂശാരി വളരെ പരിചിതനായിരുന്നു. എല്ലാ കൊല്ലവും തൈപൂയത്തിന് രണ്ടാഴ്ച മുമ്പ് മുതല്‍ കാവടിയെടുത്ത് ഓരോ വീടുകളിലും നടന്നിരുന്ന പൂശാരി ഓരോ വീട്ടിലെത്തിയാലും അവിടുത്തെ ഓരോരുത്തരേയും കുറിച്ച് അന്വേഷിക്കുക പതിവായിരുന്നു. അതുകൊണ്ട് പൂശാരിയ്ക്കറിയാത്ത വീടുകളൊന്നും ചുറ്റുവട്ടത്തെ രണ്ടു മൂന്ന് ദേശങ്ങളില്‍ ഉണ്ടാവില്ല. അതൊരു കാലം. പൂശാരിയ്ക്ക് വയ്യാണ്ടായതില്‍ പിന്നെ കാവടിയുമില്ല ഊരു ചുറ്റലുമില്ല. എത്ര പെട്ടന്നാണ് ഓരോരോ കാഴ്ചകള്‍ നമുക്കന്യമായി മാറുന്നത്. ചില വ്യക്തികളോടു കൂടി ചില ആചാരങ്ങളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും കടന്നുപോകുന്നുണ്ടന്ന് ആരും ചിന്തിയ്ക്കാറില്ലല്ലോ.
(തുടരും)