പ്രതിരോധത്തിന്റെ ഭാഗമായി ആയുധനിര്‍മ്മാണ പരിശീലനമായിരുന്നു ഞങ്ങളുടെ ദൗത്യം. തെക്കോട്ട് ഹൈവേയിലേയ്ക്കു മുഖമായ ഞങ്ങളുടെ കെട്ടിടം പടിഞ്ഞാറും വടക്കും കിഴക്കും നല്ല ഉയരത്തില്‍ കെട്ടിയുണ്ടാക്കിയ വിശാലമായ ഒരുഹാളാണ്. ഹാള്‍ രണ്ടുഭാഗവും ഗേറ്റിനോട് ചേര്‍ത്ത് അടച്ചുറപ്പാക്കിയിട്ടുണ്ട്. നടുക്ക് നടുമുറ്റമാണ്. ഇങ്ങിനെയാണ് കെട്ടിടത്തിന്റെ പ്ലാന്‍. രാത്രി, രണ്ടുപേര്‍ മാറിമാറി കാവലും നിന്നിരുന്നു.
ഒരു ദിവസം രാത്രി സി.ഐ.ഡി. പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പണ്ഡിറ്റ് വന്നുപറഞ്ഞു. നാളെ പ്രാര്‍ത്ഥനയും നമസ്‌കാരവും ഉപദേശവും മറ്റും കഴിഞ്ഞ്, രാത്രി ഈ സ്ഥാപനം ആക്രമിച്ചു നശിപ്പിക്കാന്‍ ജിഹാദികള്‍ നിശ്ചയിച്ചിരിക്കുന്നു. ഒരുങ്ങിക്കോളിന്‍. സുമാര്‍ പത്തഞ്ഞൂറോളം, തോക്കും വാളും കുന്തവും കഠാരിയും മറ്റുമേന്തിയ ആളുകള്‍ വരും. എല്ലാം സജ്ജമാക്കിയിട്ടില്ലേ? നാളെ കാണാം എന്നുപറഞ്ഞ് ഇരുളില്‍ മറഞ്ഞു.
എങ്ങിനെയെങ്കിലും ശത്രുക്കള്‍ ഗേറ്റ് പൊളിച്ച് അകത്തുകടന്നാല്‍ വാതിലിന്റെ മറപിടിച്ച് സംഹരിക്കാനായിരുന്നു ഞങ്ങള്‍ക്കു ലഭിച്ച നിര്‍ദ്ദേശം. ഏകദേശം ഒന്നര ഫര്‍ലോങ്ങ് ദൂരം കാണാം ഹൈവേയിലേക്ക്. വൈദ്യുതിബന്ധം കട്ടുചെയ്ത് ഇരുട്ടാക്കി. എത്രപേരുണ്ടിവിടെയെന്ന് അറിയാതിരിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. പിന്നെ വാര്‍ത്താവിനിമയത്തിന് വിസിലു മാത്രമാക്കി. അങ്ങിനെ എല്ലാറ്റിനും തയ്യാറായി ഒരുങ്ങിനിന്നു. മണി പത്ത് ആയി. സി.ഐ.ഡി പണ്ഡിറ്റ് എവിടുന്നെന്ന് അറിയാതെ പ്രത്യക്ഷപ്പെട്ടു. ഞങ്ങളോടൊപ്പം ചേര്‍ന്നു. ഹര്‍ഹര്‍മഹാദേവ് എന്നാവേശത്തോടെ വിളിച്ചുപറഞ്ഞ്. നോക്കിയപ്പോള്‍ ആയുധധാരികളായ നൂറുകണക്കിനാളുകള്‍ ചൂട്ടും പന്തവുമായി അള്ളാഹു അക്ബര്‍ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഹൈവേയില്‍ നിന്ന് ഗുരുകുലത്തെ ലക്ഷ്യമാക്കി വരുന്നു. ഞങ്ങള്‍ മുകളിലും അവര്‍ താഴേയുമാണ്. പന്തമുണ്ടവരുടെ കയ്യില്‍. പന്തത്തിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ക്ക് അവരുടെ ശക്തി മനസ്സിലാക്കാം. ഇരുട്ടിലാണ് ഞങ്ങള്‍. അവര്‍ക്കൊന്നും പിടികിട്ടിയില്ല. അവരെ കെട്ടിടത്തോടടുക്കാന്‍ സമ്മതിക്കാതെ, ഞങ്ങള്‍ ഫയറിങ്ങ് തുടങ്ങി. ശേഖരിച്ചുവെച്ചിരുന്ന ഉരുളന്‍കല്ലുകൊണ്ടുള്ള പ്രയോഗവും ഉണ്ടായിരുന്നു. മൂന്നു മണിക്കൂറോളം അവിരാമം നടന്നു, ആ തെരുവുയുദ്ധം. അവരും വെടി ഉതിര്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ ടെറസ്സിന്റെ വക്കത്ത് അരയ്ക്കുയരം ചുമരുള്ളതുകൊണ്ട് അതിന്റെ മറപിടിച്ചിരിക്കുന്ന ഞങ്ങള്‍ക്കൊന്നും പറ്റിയില്ല.
അവസാനം അവരില്‍ കുറേപ്പേര്‍ ചാവുകയോ, ജീവച്ഛവമാകുകയോ ചെയ്തു. മുകളിലായിരുന്നതുകൊണ്ട് ഞങ്ങള്‍ക്കൊരു പരുക്കും പറ്റിയില്ല. അവര്‍ അമ്പരന്ന് ഓടി ഹൈവേയിലേക്ക് പിന്‍മാറി. ഞങ്ങള്‍ ഒരു ലോറി നടുമുറ്റത്തു സജ്ജമാക്കി നിര്‍ത്തിയിരുന്നു. ഇനി നിന്നാല്‍ രക്ഷയില്ലെന്നു കരുതി, എല്ലാവരും അതില്‍കേറി. ലോറി കുറ്റിക്കാടുപിടിച്ച പറമ്പില്‍ക്കൂടെ വടക്കുള്ള ഒരു മലഞ്ചരുവിലേക്കാണ് വിട്ടത്. എന്നാല്‍ ഡ്രൈവര്‍ക്കൊരു ശ്രദ്ധക്കുറവുപറ്റി. ലൈറ്റിട്ടാണ് പോയത്. അപ്പോള്‍ ജിഹാദികള്‍ ആ ലൈറ്റിനുനേരെ വെടിയുതിര്‍ത്തു. അതില്‍ ഒരാള്‍ ഞങ്ങള്‍ക്കു അങ്ങനെ നഷ്ടപ്പെട്ടു. ഞങ്ങള്‍ ലോറിവിട്ടിറങ്ങി. കാട്ടിലേയ്ക്ക് ലക്ഷ്യമെന്യേ ഓടിമറഞ്ഞു. എല്ലാവരും ഒറ്റപ്പെട്ടു. ആര്‍ക്കും തമ്മില്‍ തമ്മില്‍ ബന്ധപ്പെടാന്‍ കഴിയാതെയായി.
ഞാന്‍ ആ കാട്ടില്‍ക്കൂടെ ഒറ്റയാനായി 20-ഓളം നാഴിക വളഞ്ഞുതാണ്ടി, വെളിച്ചമായപ്പോഴെയ്ക്കും റാവല്‍പിണ്ഡിയ്ക്കടുത്തെത്തിച്ചേര്‍ന്നു. ഒരു വണ്ടി എവിടേയ്‌ക്കെന്നറിയില്ല, അവിടെ നില്‍ക്കുന്നതുകണ്ടു. അതില്‍കേറിക്കൂടി. ടിക്കറ്റില്ലായാത്രയാണ്. വണ്ടി പുറപ്പെട്ടു. റെയിലിന്റെ കിഴക്കുഭാഗം കാടും മലയുമാണ്. ആ കാടിന്റെ മദ്ധ്യത്തിലെത്തിയപ്പോള്‍, നേരത്തെ കേറിക്കൂടിയ ജിഹാദികള്‍, വണ്ടിയുടെ ചെയിന്‍ വലിച്ചു നിര്‍ത്തി ആക്രമണം തുടങ്ങി. എന്തോ ഈശ്വരേച്ഛയായിരിയ്ക്കാം, ഞാനിരുന്നിരുന്ന ബോഗി ഒരു പാലത്തിനുമുകളിലാണ് വന്നുനിന്നത്. മലവെള്ളം വന്നുചേറായി പൂന്തല്‍പിടിച്ച ആ പാലത്തിനടിയിലേക്ക് ജീവനുംകൊണ്ടു ചാടി, ചേറ്റിലാറാടി ഒളിച്ചിരുന്നു.
മുകളില്‍ കൊല്ലും കൊലകളും മാനഭംഗങ്ങളും ചീറ്റലും ആക്രോശങ്ങളും ദീനദീനരോദനങ്ങളും മറ്റും നടമാടുന്നുണ്ട്. മരണവെപ്രാളംപൂണ്ട, പാമ്പിന്റെ വായിലെ തവളക്കൊത്ത ദയനീയ രോദനങ്ങളും, ഹിംസകരാക്ഷസന്മാരുടെ ഉച്ചത്തിലുള്ള ജിഹാദി വിളികളും മാനഭംഗപ്പെടുന്ന സ്ത്രീകളുടെ അരുതേ അരുതേയെന്ന ദീനദീനരോദനങ്ങളും വണ്ടി പെട്രോളൊഴിച്ചു കത്തിയ്ക്കുമ്പോഴുണ്ടാകുന്ന പൊട്ടിത്തെറിയുടെ ഞെട്ടിയ്ക്കുന്ന ശബ്ദങ്ങളും കൊണ്ട് മുഖരിതമായി ആകാശം. ഞാനിതെല്ലാം കേട്ട് നിസ്സഹായനായ ഒരു മൂകഭ്രാന്തനെപ്പോലായി വിറപൂണ്ടിരുന്നു. ആരും കീഴ്‌പ്പോട്ട് ഇറങ്ങിവരാഞ്ഞത് എന്റെ ഭാഗ്യം കൊണ്ടോ, അതോ എനിയ്ക്കിനിയും അനുഭവിച്ചുതീര്‍ക്കാന്‍ കിടക്കുന്ന പ്രാരാബ്ധങ്ങളുടെ പരമ്പര അവശേഷിപ്പുള്ളതുകൊണ്ടോ എന്തോ ആവോ?
സൂര്യനസ്തമിച്ചു. മുകളില്‍ ജീവച്ഛവങ്ങളുടെ ഞരക്കമല്ലാതൊന്നും കേള്‍ക്കാതായി. ഞാന്‍ ഭയവിഹ്വലനായി ഒന്നു കേറിനോക്കി. അപ്പോള്‍ കുരുക്ഷേത്രയുദ്ധഭൂമി കണ്ടു. ഗാന്ധാരിയുടെ വീണിതല്ലോ കിടപ്പൂ എന്ന ദീനവിലാപത്തില്‍ പറഞ്ഞപോലെ, ദൃശ്യം ഭയനൈരാശ്യ കലുഷിതമായിരുന്നു. ചത്തതും പാതിചത്തതും മാനഭംഗപ്പെടുത്തി വധിക്കപ്പെട്ട സ്ത്രീകളുടെ നഗ്നശരീരങ്ങളും കണ്ടു. എങ്ങോട്ടു പോകണമെന്നറിയാതെ താഴോട്ടു തന്നെ ഇറങ്ങി. അന്തംവിട്ട് കാട്ടിലേയ്ക്കു കയറി, ഒരു മരക്കൊമ്പില്‍ മറഞ്ഞിരുന്നു. ഹിംസ്രജന്തുക്കളില്‍ നിന്ന് രക്ഷപ്പെടാമെന്ന ഭ്രാന്തന്‍ധാരണയാണ് എന്നെ അതിനു പ്രേരിപ്പിച്ചത്. നരിയും കരടിയും, പാമ്പും മറ്റും മരംകേറിവന്ന് ആക്രമിക്കുന്നവയാണെന്ന വിവേകം അപ്പോഴുണ്ടായിരുന്നില്ല. എന്തോ, ദൈവകടാക്ഷം, ഒന്നും സംഭവിച്ചില്ല. അങ്ങനെ ഭയാക്രാന്തനായി അവിടെ ഇരുന്നു. വെളുപ്പാന്‍കാലമായി, പിന്‍നിലാവുദിച്ചു. ഒരു മനുഷ്യന്‍ അതിലെ പോകുന്ന ഒറ്റടിപ്പാതയിലൂടെ നടന്നുവരുന്നതുകണ്ടു പേടിച്ചു വിറച്ചു. അയാള്‍ ഒരു കൈക്കോടാലിയുമായാണ് വന്നത്. ഇനിയെന്താ ഉണ്ടാവാന്‍ പോകുന്നതെന്റെ ഈശ്വരാ. അയാള്‍ ഞാനിരുന്നിരുന്ന മരത്തിന്റെ ചുവട്ടിലെത്തി. മേല്‍പ്പോട്ടുനോക്കി. അപ്പോള്‍ എന്നെ കണ്ടു. എന്നോടിറങ്ങാന്‍ പറഞ്ഞു. എന്റെ നിമിഷങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞതായി എനിക്കു തോന്നി. ഞാന്‍ ഭയവിഹ്വലനായി ഇറങ്ങി. അയാളുടെ വേഷം ബലൂചീപഠാണിന്റെതായിരുന്നു. അയാള്‍ വന്നത് എന്നാല്‍ ഔഷധ ഇലകള്‍ സംഭരിക്കാനായിരുന്നു. അയാള്‍ ആ മരത്തില്‍ നിന്ന് കുറച്ചുതോല്‍കൂടി എടുത്തശേഷം കൂടെ ചെല്ലാന്‍ പറഞ്ഞു എന്നോട്. അയാളെ അനുഗമിച്ചു ഞാന്‍. വഴിയ്ക്ക് എന്നോട് ഞാനീവിധമായൊരന്തരീക്ഷത്തില്‍ എത്തിപ്പെടാന്‍ കാരണമെന്തെന്നും എവിടുന്നാണീ കാട്ടില്‍വന്നുപെട്ടതെന്നും മറ്റുമുള്ള വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. അയാള്‍ക്ക് എന്റെ കഥ കേട്ടപ്പോള്‍ അലിവും കാരുണ്യവും തോന്നി. എന്നെ അയാള്‍ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. അയാളുടെ പിറന്നനാട് ബലൂചിസ്ഥാനാണെന്നും, അവിടുന്ന് കൊല്ലങ്ങള്‍ക്കു മുമ്പ്, അച്ഛനമ്മാരോടൊപ്പം ഷേര്‍ബുദാ എന്ന ഈ ഗ്രാമത്തില്‍ വന്ന് താമസമാക്കിയതാണെന്നും പേര് മുഹമൂദ് അഫ്‌സല്‍ ഖാന്‍ എന്നാണെന്നും മറ്റുമുള്ള വിശദവിവരങ്ങള്‍ പറഞ്ഞു പരിചയപ്പെടുത്തി.
വീട്ടിലെത്തി. വീട് ചെറുതാണ്. മൂന്നുനാല് മുറികളോടുകൂടിയ ഒരു കല്‍മാടം. പുറത്ത് കുറച്ചകലെയായി ഒരു ഔട്ട്ഹൗസുമുണ്ട്. പച്ചമരുന്നുശേഖരിച്ചു കൊടുക്കലാണ് അയാളുടെ പ്രധാന തൊഴില്‍. മരുന്നിന്റെ ഗോഡൗണാണ് ആ ഔട്ട്ഹൗസ്. അതില്‍ ഒരു മുറിയിലാക്കി എന്നെ പൂട്ടിയിട്ടു. മരണം വീണ്ടും മുന്നില്‍ കണ്ടു പരിഭ്രാന്തനായ ഞാന്‍ വാതില്‍ മുട്ടി. അയാള്‍ പുറത്തുനിന്ന് മുഖം വാതില്‍പൊളിയില്‍ വച്ച് പതുങ്ങിയ സ്വരത്തില്‍ ”നിങ്ങള്‍ പേടിയ്‌ക്കേണ്ട, ഞാന്‍ അതിര്‍ത്തിഗാന്ധി ഗാഫര്‍ഖാന്റെ അനുയായിയാണ്. ഞങ്ങള്‍ വിഭജനത്തിന് എതിരാണ്. എനിയ്ക്കു നിങ്ങള്‍ ശത്രുവല്ല. എന്നാല്‍ ഇവിടെ പലരും വരും. അതില്‍ ജിഹാദികളുമുണ്ടാകും, എനിയ്ക്ക് തടയാനാവില്ല. മിണ്ടരുത്, ഞാന്‍ പറഞ്ഞപോലെ ഇരിയ്ക്കണം.” എന്നുപദേശിച്ചുപോയി.
20 ദിവസങ്ങളോളം അയാളെന്നെ സ്വന്തം കുടുംബത്തെപോലും അറിയിക്കാതെ അവിടെ താമസിപ്പിച്ച് ബിസ്മില്ല ചൊല്ലാനും നമസ്‌കാരാദി മുസ്ലീം ആചാരസമ്പ്രദായങ്ങള്‍ അനുഷ്ഠിക്കാനും പഠിപ്പിച്ചു. അതിനുശേഷം ആ പ്രദേശത്തെ ഒരു നേതാവും മതമേധാവിയുമായിരുന്ന ബിസ്മില്ലാഹ് ഖാനില്‍ നിന്ന് ഞാന്‍ മതം മാറി, മുസ്ലീം വിശ്വാസിയായെന്ന ഒരു പ്രമാണപത്രം കൊണ്ടുവന്ന് എന്റെ കയ്യില്‍ തന്നു. എന്നിട്ട് എന്നെ മുസ്ലീമിന്റെ വേഷമണിയിച്ച് പഠിപ്പിച്ചതെല്ലാം ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം ”ഇനി നിങ്ങള്‍ ഹൈദരാബാദ്, രോഹരി, സുക്കൂര്‍വഴി കറാച്ചിയിലേക്ക് പോയ്‌ക്കോളു. അവിടെ ലഹളയില്ല, സമാധാനാന്തരീക്ഷമാണ്” എന്നിങ്ങനെ പറഞ്ഞാശ്വസിപ്പിച്ചു. ആരുമറിയാതെ ഹൈദരാബാദ് വരെയുള്ള ടിക്കറ്റെടുത്തുതന്ന് യാത്രയാക്കി. യാത്രപറയുമ്പോള്‍ ഞാന്‍ കരഞ്ഞുപോയി. മനുഷ്യത്വത്തിന്റെയും നൈസര്‍ഗ്ഗികമായ നന്മയുടെയും പ്രതീകമായ ആ കരുണാമയനെ ഞാന്‍ മനസ്സുകൊണ്ട് നമിച്ചു.
സിന്ധിലെ ഹൈദരബാദിലെത്തി. സ്റ്റേഷന്‍വിട്ട് ടൗണില്‍ വന്നപ്പോള്‍ അവിടെ ഒരു കോണ്‍ഗ്രസ് ആപ്പീസുകണ്ടു. അതില്‍ കേറി എന്റെ ദൈന്യത പറഞ്ഞപ്പോള്‍ അവിടെയുള്ളവരില്‍ ആരില്‍ നിന്നും ഒരു പ്രതികരണവും ലഭിച്ചില്ല. അവര്‍ ക്യാരംസും ചതുരംഗവും മറ്റുമായി ബഹളം കൂട്ടുകയായിരുന്നു. ഞാന്‍ പുറത്തേയ്ക്കിറങ്ങി, അടുത്തുള്ള ഒരു ക്ഷേത്രത്തില്‍ ചെന്നു തങ്ങി. ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളാണെങ്കിലും, കൃഷി, വ്യവസായം മുതലായ സാമ്പത്തികം അവരുടെ കൈയിലാണ്. അതുകൊണ്ട് വിദ്യാഭ്യാസ സമ്പന്നരുമാണവര്‍. മുസ്ലീങ്ങള്‍ ആധുനിക വിദ്യാഭ്യാസം കുറഞ്ഞവരും ദരിദ്രരുമാണ് പൊതുവേ.
ക്ഷേത്രദര്‍ശനാര്‍ത്ഥം വരുന്നവരുടെ സഹായംകൊണ്ട് ഞാന്‍ രോഹരിയില്‍ ചെന്നിറങ്ങി. ഒന്നിലധികം കിലോമീറ്റര്‍ വീതിയുള്ള ആഴംകൂടിയ, കരമുട്ടി, കിഴക്കോട്ട് ഓളംതല്ലി ഒഴുകുന്ന സിന്ധുനദിയുടെ തെക്കേക്കരയ്ക്കാണ് രോഹരിടൗണ്‍. ബ്രിട്ടീഷ് എന്‍ജിനീയറിങ്ങിന്റെ വൈദഗ്ദ്ധ്യം പ്രകടമാക്കുന്ന ക്വയ്റ്റാചെയിന്‍പാലം കാണേണ്ടതുതന്നെയാണ്. അവിടെ നിന്ന് പടിഞ്ഞാട്ടൊരു രണ്ടുനാഴികയോളം പോയാല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച സുക്കൂര്‍ അണക്കെട്ടായി. മേല്‍ത്തട്ട് വാഹനങ്ങള്‍ക്കും മനുഷ്യര്‍ക്കും ഗതാഗതസൗകര്യമുള്ളതാണ്. അണക്കെട്ടിന്റെ തെക്കോട്ടാണ് ജലസേചനത്തോടുകള്‍. കിഴക്കുള്ള ക്വയ്റ്റാചെയിന്‍ പാലത്തിന്റെയും പടിഞ്ഞാറുള്ള അണക്കെട്ടിന്റെയും മദ്ധ്യഭാഗം, നമ്മുടെ ആലുവായിലെപ്പോലെ, പുഴ രണ്ടായി പിരിഞ്ഞൊഴുകുന്നു. നടുക്ക് പ്രകൃതിനിര്‍മ്മിച്ച തിട്ടില്‍ വെള്ള മാര്‍ബിള്‍ മാത്രമുപയോഗിച്ചുണ്ടാക്കിയ വെണ്ണക്കൃഷ്ണന്റെ ഒരു ക്ഷേത്രമുണ്ട്. പാലത്തിന്റെ കിഴക്കുവശത്ത് പച്ചമാര്‍ബിള്‍ മാത്രമുപയോഗിച്ച് പണിത്ത ഒരു നിസ്‌ക്കാരപ്പള്ളിയും കാണാം. സന്ധ്യക്ക് പ്രകാശപൂരിതമാവും പള്ളിയും അമ്പലവും. ഇരുകരകളിലുമുള്ള, അതായത് രോഹരീ സുകാകൂര്‍ ടൗണുകളിലെ പ്രകാശപ്രഫുല്ലിത മണിമന്ദിരങ്ങളും മെല്‍ക്കുറി ലൈറ്റുകളും വരിയായ് തിളങ്ങുന്ന പാലവും അണക്കെട്ടും പുഴയില്‍ പ്രതിഫലിച്ചു കാണുമ്പോള്‍ സ്വര്‍ഗീയാനുഭൂതിയാണുണ്ടാവുക.
സിന്ധുനദീതീരത്തു വിരാജിയ്ക്കുന്ന നഗരങ്ങളും ഗ്രാമപ്രദേശങ്ങളും കണ്ടു മനസ്സിലാക്കി. അവിടെ രണ്ടുനാളുകള്‍ ചിലവഴിച്ചു. സൂഫിസമ്പ്രദായക്കാരാണ്, മുസ്ലീങ്ങളിലേറെപ്പേരും. ഭൂരിപക്ഷവും സൗമ്യന്മാരാണ്. അങ്ങിനെ നാടിനെപ്പറ്റി, ഉപരിപ്ലവമാണെങ്കിലും, കുറച്ചൊക്കെ മനസ്സിലാക്കിയതിനുശേഷം, ഞാന്‍ കറാച്ചിയിലേയ്ക്കു തിരിച്ചു. സിന്ധില്‍ കടന്നതിനുശേഷം, ഹിന്ദുവേഷത്തില്‍ തന്നെയായിരുന്നു യാത്ര. കാരണം, അവിടെ സമാധാനാന്തരീക്ഷമായിരുന്നു എന്നതുതന്നെ.
കറാച്ചിയില്‍, ഭീംപുരാ എന്ന അമ്പലങ്ങളും ഹിന്ദുക്കളുമുള്ള പ്രദേശത്തായിരുന്നു താമസം. അങ്ങനെയിരിക്കെ, ഒരു ദിവസം രാഷ്ട്രഭാഷാ സമിതി എന്ന സ്ഥാപനത്തില്‍ ചെന്ന് അവിടുത്തെ അധികൃതരുമായി പരിചയപ്പെട്ടു. അവിടെ ഹിന്ദി അദ്ധ്യാപകനായി താമസിച്ചു. അതിനിടയില്‍ അവിടെയുള്ള മലയാളി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. അവിടെ ‘ക്വായദേ ആസം’ റൗണ്ടില്‍ ഒരു സൗത്തിന്ത്യന്‍ സ്‌കൂള്‍ നടന്നിരുന്നു. അവിടെ ഹിന്ദി അദ്ധ്യാപകനായി ചേര്‍ന്നു. റൗണ്ടിന്റെ വടക്കുകിഴക്കു മൂലയില്‍ ഒരു ഇറാനി ഹോട്ടലിന്റെ മൂന്നാം നിലയില്‍, അങ്ങാടിപ്പുറത്തുകാരനായ ഒരു നാരായണ അയ്യരുടെ മകന്‍ കേശവും കണ്ണൂരുകാരനായ കൃഷ്ണന്‍നായരും, അഞ്ചാം പീടികക്കാരനായ ഒരു നമ്പ്യാരും താമസിച്ചിരുന്നു. അവരുടെ കൂടെ ഒരു ഫ്‌ളാറ്റില്‍ താമസമാക്കി ഞാനും. അങ്ങിനെ ഒരുവിധം സമാധാനമായി കഴിച്ചുകൂട്ടുകയായിരുന്നു.
1947 ആഗസ്റ്റ് 15 വരെ ഒന്നും സംഭവിച്ചില്ല. അതായത് വിഭജനത്തിനു ശേഷമേ, അവിടെ വേഷപ്പകര്‍ച്ച ഉണ്ടായുള്ളൂവെന്നര്‍ത്ഥം. കസാലമോഹികളായ കുറച്ചു നേതൃത്വാഭിനേതാക്കള്‍ ദേശീയതാ മഹത്വമറിയാതെ പെറ്റമ്മയെ വികലാംഗയാക്കി. അതിനുശേഷം ഞങ്ങള്‍ മാതൃഭൂമിയില്‍ വിദേശികളായി, അഭയാര്‍ത്ഥികളായി. അദ്വാനി, കൃപലാനി, അംബാനി തുടങ്ങിയ നാമധാരികളും അഭയാര്‍ത്ഥിക്യാമ്പില്‍, ആടുകളെപ്പോലെ ടെന്റുകളില്‍ കഴിച്ചുകൂട്ടിയാണ് ഭാരതത്തിലെത്തിയത്. ലഹള ഭയാനകമായി. ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ അങ്ങോട്ടുമിങ്ങോട്ടും പ്രവഹിച്ചു. കറാച്ചിയിലെ നാലുനിലകളുള്ള സര്‍ക്കാര്‍ ലൈബ്രറി ജിഹാദികള്‍ കത്തിച്ചു. അപ്പോള്‍ അതില്‍ നിന്ന് ചില വിലപ്പെട്ട ഗ്രന്ഥങ്ങള്‍ വാരിയെടുക്കാന്‍ എനിക്കു സാധിച്ചു. അവയില്‍ വൈദികസമ്പത്തിയെന്ന അമൂല്യമായ ഒരു ഗ്രന്ഥവുമുണ്ടായിരുന്നു. ആ ഗ്രന്ഥം പിന്നീട് ഞാന്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു.*
ജിഹാദി മുസ്ലീങ്ങളുടെ ആക്രമണം ക്രൂരാതിക്രൂരമായിരുന്നു. അവര്‍ അച്ഛന്റെ മുന്നിലിട്ട് മകളേയും മകന്റെ മുന്നിലിട്ട് അമ്മയെയും പരസ്യമായി മാനഭംഗം ചെയ്തും പിഞ്ചുകുട്ടികളെ തീയിലിട്ട് ചുട്ടും ആര്‍പ്പുവിളിച്ചുമാണ് ഹിംസകള്‍ നടത്തിയിരുന്നത്. അവരുടെ രാക്ഷസീയ ചെയ്തികളെ വര്‍ണ്ണിയ്ക്കാന്‍ വാക്കുകള്‍ ഈശ്വരന്‍ സൃഷ്ടിച്ചിട്ടില്ല, വിഭജനകാലത്തെ ലഹളകളില്‍ ഇരുപതുലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായും പതിനാല് ലക്ഷത്തോളം പേര്‍ എല്ലാം നഷ്ടപ്പെട്ടവരായും പറയപ്പെടുന്നു.
കറാച്ചിയില്‍ നിന്ന് അഭയാര്‍ത്ഥിയായി, പട്ടാളസംരക്ഷണത്തില്‍ കുരുക്ഷേത്രമൈതാനിയിലുള്ള ഒരു ക്യാമ്പിലെത്തി പിന്നീട് ഞങ്ങള്‍. അവിടെ ആടുമാടുകളെപ്പോലെ, ടെന്റുകളില്‍ കഴിച്ചുകൂട്ടി, കുറച്ചുനാള്‍. ഹെലികോപ്റ്ററില്‍ കൊണ്ടുവന്നിട്ടുതരുന്ന ചപ്പാത്തി മാത്രം കിട്ടിയിരുന്നു. വെള്ളമില്ല. ഇട്ടുതന്ന ചപ്പാത്തിക്കെട്ടിനുവേണ്ടി പിടിയും വലിയുമായിരുന്നു എന്നും. അങ്ങിനെ, അവസാനം, ഝാന്‍സിവഴി മൂന്നുദിവസങ്ങളോളം വണ്ടിയില്‍ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്ത്, ബോംബെയിലെത്തി. 1948 ജൂണ്‍ പാതിയോളം തീര്‍ന്നിരുന്നു നാട്ടില്‍ എത്തുമ്പോള്‍.
* പണ്ഡിറ്റ് രഘുനന്ദന്‍ ശര്‍മ്മ എഴുതിയ വൈദികസമ്പത്തി എന്ന പ്രൗഢ ഗ്രന്ഥമാണ് പരമേശ്വരന്‍ നമ്പൂതിരി രണ്ടു വാള്യങ്ങളായി മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. കുന്നംകുളത്തെ പഞ്ചാംഗം പുസ്തകാലയമാണ് പ്രസാധകര്‍.
സമ്പാദകന്റെ പിന്‍കുറിപ്പ്: ലേഖകന്‍ 1920 ജൂണില്‍ ഒറ്റപ്പാലത്തിനടുത്തുള്ള കീഴാനെല്ലൂര്‍ ഇല്ലത്തു ജനിച്ചു. 1936-ലാണ് ബോംബെയില്‍ എത്തുന്നത്. അവിടെ നിന്ന് ലാഹോറിലെ ആര്യസമാജ വിദ്യാലയത്തിലേയ്ക്കുപോയി. 1946-ല്‍ ലാഹോറിനടുത്തുള്ള ഗുരുകുല്‍ റാവലില്‍ വിദ്യാഭ്യാസം. തുടര്‍ന്ന് വിഭജനം പൂര്‍ത്തിയാകുംവരെ കറാച്ചിയില്‍. അനന്തരം സാഹസികമായി അവിടെനിന്നും രക്ഷപ്പെട്ടു. 1953 മുതല്‍ 1977 വരെ പാതായ്കര സ്‌കൂളില്‍ ഹിന്ദി അദ്ധ്യാപകന്‍. 2011ല്‍ മരണം.
(അവസാനിച്ചു)
Comments