കളിപ്പൂ ‘ചത്തും കൊന്നും’
കളിയിക്കൂട്ടര്‍! – തല
തിരിഞ്ഞോരുസ്താദിന്റെ
വെളിവറ്റൊരു ശിഷ്യര്‍!
കളിയിതെന്തുകളി! –
കളിക്കാര്‍ ബോംബായ് പൊട്ടി-
ത്തെറിച്ച്, മാലോകരെ
പൊടിച്ചു പാറ്റും കളി!
നരകത്തിയ്യില്‍ വെന്തും,
ശതകങ്ങളെ ചുട്ടും,
കളിക്കാരിവര്‍ നാക-
പ്പൂവാടി പൂകുന്നത്രെ!
പാവങ്ങള്‍! ഉസ്താദവന്‍
ആടിക്കുംപടിയാടും
പാവകള്‍, അവന്റെയു-
ള്ളിരിപ്പെന്തറിയുന്നൂ!
സാത്താനും ലജ്ജിച്ചുപോം
നീചമിക്കളി, തീവ്ര-
വാദവൈതാളികനാ-
മവന്റെ നേരമ്പോക്ക്!
പേരുകള്‍ പലതുമു-
ണ്ടവന് പക്ഷേ, കൊടും
ക്രൂരതതന്‍ പര്യായ
പദങ്ങളവയെല്ലാം.
ഭൂഗോളമെടുത്തു കാ-
ല്‍പ്പന്താടാന്‍ തുനിയും വ്യാ-
മോഹി! – മൂഢര്‍തന്‍ ലോക-
ത്തൊരുഭ്രാന്തനാം മൂഢന്‍!
കലികാലത്തെ കാല-
ഭൂതനാക്കിരാതനെ
തളയ്ക്കാന്‍ തിടമുള്ളോ-
രെത്തുകില്ലെന്നോ വേഗം.