മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തിലെത്തിയ കാലത്താണ് മൂന്നാറിലെ ഭൂമി കൈയേറ്റം നടന്നത്. ഭൂമി കൈയേറ്റത്തിനിടെ കൈയേറ്റക്കാരായ അച്ചായന്മാര്‍ രക്ഷപ്പെടാന്‍ വേണ്ടി സ്ഥലത്ത് കുരിശ് നാട്ടി. പുറമ്പോക്ക് മുതല്‍ കുന്നുവരെ എവിടെ കണ്ടാലും കുരിശ് നാട്ടുകയും യാചകര്‍ മുതല്‍ മരണാസന്നര്‍ വരെ ആരെയും മാമോദീസ മുക്കുകയും ചെയ്യുന്നത് ഒരുവിഭാഗം പള്ളിക്കാരുടെ സ്ഥിരം സ്വഭാവവുമാണല്ലോ. സര്‍ക്കാര്‍ ഭൂമി കൈയേറി കുരിശ് നാട്ടിയത് പക്ഷേ, അന്നത്തെ സബ് കളക്ടറായ ശ്രീറാം വെങ്കിട്ടരാമനും മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ക്കും അത്ര പിടിച്ചില്ല. അവര്‍ കുരിശ് നീക്കം ചെയ്തു. അന്നും ഇന്നത്തെ പോലെ പിണറായി വിജയന്‍ ഉറഞ്ഞുതുള്ളി. അന്ന് ചോദിച്ച ചോദ്യം ‘കുരിശ് എന്തു പിഴച്ചു?’ എന്നായിരുന്നു.
2020 സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അതേ ചോദ്യം ആവര്‍ത്തിച്ചു. ഇക്കുറി കുരിശിനു പകരം ഖുര്‍ആന്‍ ആണ്. ‘ഖുര്‍ആന്‍ എന്ത് പിഴച്ചു?’ എന്നായിരുന്നു പിണറായിയുടെ ചോദ്യം. പിഴച്ചത് കുരിശിനും ഖുര്‍ആനുമല്ല, ഇതിനെ രണ്ടിനെയും വോട്ടു നേടാനുള്ള കുത്സിത തന്ത്രത്തിന്റെ ഭാഗമായി ദുരുപയോഗവും ദുര്‍വ്യാഖ്യാനവും ചെയ്ത പിണറായിക്കും ഒപ്പമുള്ള ഇടതു മുന്നണി നേതാക്കള്‍ക്കുമാണ്. അവരാണ് വഴിപിഴച്ചവര്‍. അവരാണ് ഈ രണ്ട് മതചിഹ്നങ്ങളെയും ദുരുപയോഗം ചെയ്തവര്‍. അവരാണ് ഇതിന്റെ പേരില്‍ ദുഃസ്വാധീനം ചെലുത്തിയത്.
പിണറായി വിജയന്റെ ആജന്മശത്രുക്കളും എതിരാളികളും നിന്ദിതരുമായവര്‍ കേരളത്തിലെ ഹിന്ദു സമൂഹം മാത്രമാണല്ലോ. അവരാണല്ലോ കുരിശിന്റെയും ഖുര്‍ആന്റെയും ദുരുപയോഗത്തിനെതിരെ നിലപാട് എടുക്കുകയും പൊതുജനമദ്ധ്യത്തിലേക്ക് അതിനെ തുറന്നുകാട്ടുകയും ചെയ്തത്. ഊരിപ്പിടിച്ച വാളിനും കത്തിയ്ക്കും ഇടയിലൂടെ നടക്കുന്നതിനിടയ്ക്ക് ചരിത്രം വായിക്കാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയിട്ടുണ്ടാവില്ല. ആര്‍ത്തവവും നവോത്ഥാനവും മുതല്‍ ശാസ്ത്രം വരെയുള്ള കാര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ മറ്റൊരു മുഖ്യമന്ത്രിക്കും ഇല്ലാത്തത്ര ഉപദേശികളെ കൊണ്ട് തിങ്ങിനിറഞ്ഞ ഓഫീസില്‍ മദ്യമദിരാക്ഷി കുളിര്‍മ്മയില്‍ സ്വബോധം നഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ കേരളത്തിലെ ഹിന്ദുക്കളുടെ ചരിത്രം പിണറായിക്ക് പറഞ്ഞുകൊടുക്കണം. ക്രിസ്ത്യാനികളും മുസ്ലീങ്ങളും മാത്രമല്ല, റോമക്കാരും ലന്തക്കാരും ജൂതന്മാരും ഒക്കെ ഈ നാട്ടില്‍ വ്യാപാരത്തിന് വന്നപ്പോള്‍ അവര്‍ക്കൊക്കെ ആരാധനയ്ക്കും ജീവിതത്തിനും സര്‍വ്വതന്ത്ര സ്വാതന്ത്ര്യം നല്‍കിയവരാണ് ഇവിടത്തെ ഹിന്ദുക്കള്‍. പള്ളി പണിതത് എങ്ങനെയാണെന്ന് ചരിത്രം വായിച്ചാല്‍ മനസ്സിലാകും. ഇവിടെയാര്‍ക്കും കുരിശിനോടും ഖുര്‍ആനോടും ദേഷ്യമില്ല. കുരിശും ഖുര്‍ആനും അതത് മതവിശ്വാസികള്‍ വിശ്വാസപ്രമാണങ്ങള്‍ക്കനുസരിച്ച് ആരാധനയ്ക്ക് ഉപയോഗിക്കട്ടെ. പക്ഷേ, ഇവിടെ എന്താണ് നടക്കുന്നത്? മൂന്നാറിലെ പശ്ചിമഘട്ട അതിലോല മേഖലയിലെ കന്യാവനങ്ങള്‍ കൈയേറാന്‍ കുറുക്കുവഴിയായി കുരിശ് ഉപയോഗിക്കുന്നു. ഈ മലയും ഭൂമിയും പശ്ചിമഘട്ട നിരകളും ഒരുവിഭാഗത്തിന് കുരിശ് വെച്ച് കൈയേറാനുള്ളതാണോ? അതിന് ആരാണ് അധികാരം നല്‍കിയത്? സംസ്ഥാന സര്‍ക്കാരിലെ ലെജിസ്ലേച്ചര്‍ പോലെ അതേ ഉത്തരവാദിത്തമുള്ള എക്‌സിക്യൂട്ടീവ് എടുത്ത നടപടിയെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 30 വെള്ളിക്കാശിന് യൂദാസ് യേശുദേവനെ ഒറ്റിക്കൊടുത്തതു പോലെ സംഘടിത ക്രിസ്ത്യന്‍ വോട്ടിനുവേണ്ടി, വോട്ട് കിട്ടുമെന്ന പ്രതീക്ഷയില്‍ കുരിശ് എടുത്ത് ഉപയോഗിച്ചത്.
മൂന്നാറില്‍ മാത്രമല്ല, കേരളത്തിലെ എല്ലാ ജില്ലകളിലും ഉയര്‍ന്ന മലനിരകളില്‍ തങ്ങള്‍ക്ക് അധികാരമില്ലാത്ത, ഉടമസ്ഥാവകാശമില്ലാത്ത സ്ഥലങ്ങളില്‍ ഹിന്ദു ക്ഷേത്രഭൂമികളില്‍ ഇതേ മാതിരി കുരിശ് സ്ഥാപിച്ചിട്ടുണ്ട്. അതിനെയെല്ലാം പിന്തുണയ്ക്കുന്നു എന്ന് കാട്ടാനാണ് മുഖ്യമന്ത്രിയുടെയും ഭരണകൂടത്തിന്റെയും ശ്രമമുണ്ടായത്. പക്ഷേ, ആ കുരുക്കില്‍ ക്രിസ്ത്യാനികള്‍ വീണില്ല. അതുകാരണമാണ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 19 സീറ്റിലും പിണറായിയുടെ ഇടത് മുന്നണി തോറ്റ് തുന്നം പാടിയത്. പിന്നെ ഇതുവരെ ഈ കുരിശിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അതത് കാലത്തെ താല്പര്യത്തിന് അനുസരിച്ച് ബിഷപ്പുമാരെ നികൃഷ്ടജീവി എന്നു തുടങ്ങി പിണറായിക്ക് മാത്രം മനസ്സിലാകുന്ന അല്ലെങ്കില്‍ അദ്ദേഹം മാത്രം ഉപയോഗിക്കുന്ന പരനാറി പ്രയോഗങ്ങള്‍ കൊണ്ട് അഭിഷേകം ചെയ്തിരുന്ന മനോഭാവത്തിന് പെട്ടെന്നു വന്ന മാറ്റം വോട്ടിനു വേണ്ടി മാത്രമായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാം.
ഏതാണ്ട് ഇതേ അവസ്ഥ തന്നെയാണ് ഖുര്‍ആന്റെ കാര്യത്തിലും ഉണ്ടായത്. ഖുര്‍ആനെ അധിക്ഷേപിച്ച് കേരളത്തിലെ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ്, സാമൂഹിക പ്രവര്‍ത്തകന്‍ അല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകന്‍ ഒരു വാക്കെങ്കിലും പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രിക്ക് തെളിയിക്കാനാകുമോ? ഒരാളും ഖുര്‍ആനെ ആക്ഷേപിച്ച്, ഖുര്‍ആന് എതിരെ ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നു ഖുര്‍ആനെ ഒന്നും പറയരുത്, ഖുര്‍ആന്‍ എന്തു പിഴച്ചു? ഈ ചോദ്യം മുഖ്യമന്ത്രി ചോദിക്കേണ്ടത് സ്വന്തം മന്ത്രിസഭാംഗമായ കെ.ടി. ജലീലിനോടും പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനോടും പിന്നെ ദുബായ് സന്ദര്‍ശനവേളയില്‍ കുടുംബാംഗങ്ങള്‍ക്ക് അകമ്പടി സേവിച്ച സ്വപ്‌ന(മുംതാസ്) സുരേഷിനോടും ഒക്കെയാണ്. ദുബായില്‍ നിന്ന് കേരളത്തിലേക്ക് ഖുര്‍ആന്‍ കൊണ്ടുവരേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായിരുന്നത്? ഖുര്‍ആന്‍ ഇപ്പോള്‍ കേരളത്തിലെ പ്രസ്സുകളില്‍ അച്ചടിക്കുന്നില്ലേ? കേരളത്തില്‍ ഖുര്‍ആന്‍ കിട്ടാന്‍ ക്ഷാമമുണ്ടോ? പിന്നെ എന്തിനാണ് കേന്ദ്രസര്‍ക്കാരിന്റെയോ കസ്റ്റംസിന്റെയോ അനുമതിയില്ലാതെ നയതന്ത്ര ബാഗേജില്‍ ഖുര്‍ആന്‍ കൊണ്ടുവന്ന് ചട്ടവിരുദ്ധമായി കേരളത്തിന്റെ പലഭാഗത്തായി ഇറക്കിയത്. 4479 കിലോ ഭാരമുള്ള പാര്‍സലുകളാണ് കൊണ്ടുവന്നത്. പാര്‍സലിലെ ഖുര്‍ആന്റെ എണ്ണവും ഭാരവും തമ്മില്‍ കണക്കാക്കിയപ്പോള്‍ 20 കിലോ വ്യത്യാസം. ഖുര്‍ആന്‍ പാര്‍സലിന് അകത്തുനിന്ന് ആവിയായി പോകില്ലല്ലോ. അപ്പോള്‍ ഈ 20 കിലോ എവിടെപോയി? ആ 20 കിലോ എന്തായിരുന്നു?
കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും പറയുന്നത് ഈ 20 കിലോ സ്വര്‍ണ്ണമായിരുന്നു എന്നാണ്. കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒരുപക്ഷേ, സ്വര്‍ണ്ണം കൊണ്ടുവന്നിരിക്കാം, അത് തനിക്ക് അറിയില്ല എന്നാണ് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞത്. സ്വര്‍ണ്ണമായിരുന്നു വന്നത് എന്ന കാര്യത്തില്‍ ഭാഗികമായെങ്കിലും സമ്മതിക്കുന്ന കെ.ടി. ജലീലിന്റെ മാന്യത പോലും പിണറായി വിജയന്‍ കാട്ടുന്നില്ല എന്നതാണ് പ്രധാനം. സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ ജനങ്ങളെ വഴിതെറ്റിക്കാനാണ് ഖുര്‍ആന്‍ എന്ത് പിഴച്ചു? ഖുര്‍ആനെ ഒന്നും പറയരുത് തുടങ്ങിയ വാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പരിച ഉയര്‍ത്തുന്നത്. കേരളത്തിലാരും ഖുര്‍ആനെ ഒന്നും പറഞ്ഞിട്ടില്ല. പാവപ്പെട്ട ഇസ്ലാംമത വിശ്വാസികള്‍ വിശുദ്ധമെന്ന് കാണുന്ന, ആദരിക്കുന്ന ഖുര്‍ആന്‍ കൊണ്ടുവരികയാണ് എന്ന പേരില്‍ ആ ലഗേജിനുള്ളില്‍ സ്വര്‍ണ്ണം കടത്തിക്കൊണ്ടുവന്നത് ആരായാലും അവരാണ് പിഴച്ചവര്‍. അത് ജലീലാണോ, സ്വപ്‌നയാണോ എന്ന് കണ്ടെത്താനുള്ള ഉത്തരവാദിത്തം അന്വേഷണ ഏജന്‍സികള്‍ക്ക് ഉള്ളതാണ്. ആ അന്വേഷണത്തെ മതത്തിന്റെ പേരു പറഞ്ഞ് തടസ്സപ്പെടുത്താനും ദുരുപയോഗം ചെയ്യാനും ശ്രമിക്കുന്ന പിണറായി വിജയന്‍ നടത്തുന്നത് സത്യപ്രതിജ്ഞാലംഘനമാണ്. ഖുര്‍ആനെ ആരും ആക്ഷേപിക്കാതിരുന്നിട്ടും ഖുര്‍ആനെ ആക്ഷേപിച്ചു എന്നുപറഞ്ഞ് മതങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കാനുള്ള ശ്രമം തിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാന്‍ വേണ്ടിയാണെങ്കില്‍ പോലും തികച്ചും സത്യപ്രതിജ്ഞാലംഘനമാണ്.
പിണറായി വിജയന്‍ സി.പി. എമ്മിന്റെ മാത്രം മുഖ്യമന്ത്രിയല്ല. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും മുഖ്യമന്ത്രിയാണ്. ഏതെങ്കിലും ഒരു മതവിഭാഗത്തിനു വേണ്ടി മാത്രം സത്യപ്രതിജ്ഞ ലംഘിച്ച് വോട്ടുബാങ്കിനു വേണ്ടി കുഴലൂതിയാല്‍ ചരിത്രം, കാലം അദ്ദേഹത്തെ രേഖപ്പെടുത്തുന്നത് ടി.പി. ചന്ദ്രശേഖരനെ കുറിച്ച് അദ്ദേഹം പറഞ്ഞ അതേ വാക്കുകളില്‍ കൂടിത്തന്നെയായിരിക്കും, ‘കുലംകുത്തി’. ഒരു കുടുംബം പോലെ സമാധാനപരമായി പോകുന്ന കേരള സമൂഹത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും ശ്രമിക്കുന്നത് ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിന് ഭൂഷണമാണോ? സ്വര്‍ണ്ണക്കടത്ത് കേസില്‍, ഖുര്‍ആന്റെ പാര്‍സലില്‍ സ്വര്‍ണ്ണം കടത്തിയതില്‍ നിരപരാധിത്വം തെളിയിക്കും വരെ കെ. ടി.ജലീലിനെ മാറ്റി നിര്‍ത്തുകയാണ് അല്പമെങ്കിലും അന്തസ്സുണ്ടെങ്കില്‍ പിണറായി ചെയ്യേണ്ടത്. അല്ലാതെ ഖുര്‍ആന്റെ പേരില്‍ സംശയത്തിന്റെ നിഴലിലുള്ള ഒരാളെ മതസ്പര്‍ദ്ധയുണ്ടാക്കി സംരക്ഷിക്കുകയല്ല വേണ്ടത്. അങ്ങ് ചോദിച്ച ചോദ്യത്തിന്, ഖുര്‍ആന്‍ എന്ത് പിഴച്ചു? എന്ന ചോദ്യത്തിന് കേരള സമൂഹത്തിന് മറുപടിയുണ്ട്. പിഴച്ചത് ഖുര്‍ആനല്ല, ഖുര്‍ആന്‍ കള്ളക്കടത്തിന് മറയാക്കിയവര്‍ക്കും അവര്‍ക്ക് കഞ്ഞി വെയ്ക്കുന്ന പിണറായിക്കുമാണ്.