നിലംപറ്റിക്കിടന്നുരുണ്ടു വാവിട്ടു
നിലവിളിച്ചു ഞാന്‍: ”സ്ലെയിറ്റു പൊട്ടിച്ചേ
പുറത്തേക്കോടുന്നുണ്ടവന്‍, ചവിട്ടിയോന്‍
വടിവാള്‍, വട്ടവാളവന്‍ തന്നെ പിടി.”
സഹിപ്പതെങ്ങനെ, പൊടിയായ്‌പ്പോയെന്റെ
സ്ലെയിറ്റും പെന്‍സിലും, ചിരിക്കുന്നു കൂടെ-
പ്പഠിക്കും ശത്രുക്കള്‍(?), പരിഹസിക്കയാ-
ണുറക്കെ ഞാന്‍ വിളിച്ചലറിക്കേഴുന്നു.
വരുന്നുണ്ടു കൈയില്‍ കറങ്ങും ചൂരലും
പിടിച്ചു ശുഭ്രമാം ഖദര്‍ ജുബ്ബധാരി
അടിച്ചു രണ്ടിതടിമേശപ്പുറ-
ത്തൊരു മുഴക്കം ക്ലാസ് ശ്മശാനമൂകമായ്
പിടിച്ചെണീപ്പിച്ചു മടിയില്‍ച്ചേര്‍ത്തിട്ടു
നടന്നതെന്തെന്നു പറയാനീശോ സാര്‍
ചെറുചിരിയോടെ പറഞ്ഞുകേട്ടപ്പോള്‍
കിണുങ്ങി നിന്നെന്റെയവശത ചൊല്ലി,
‘അടികിട്ടും വീട്ടില്‍ മടങ്ങിച്ചെല്ലുമ്പോള്‍’,
പൊടിയായ്പ്പാറുന്ന സ്ലെയിറ്റുകാട്ടി ഞാന്‍.
‘ഒളിഞ്ഞു വാതില്‍ക്കല്‍പ്പതുങ്ങുന്നുണ്ടവന്‍
വിളിക്കും കൂട്ടുകാരവനെ വട്ടവാള്‍
ശരിക്കു മോഹനന്‍, ചവിട്ടിയെന്നെയും
പൊടിച്ചു സ്ലെയ്റ്റുമെന്‍പെന്‍സിലും സാറേ
ഇവിടെ വാടായെന്നുറക്കെയീശോ സാര്‍
വിളിച്ചതു കേട്ടു വിറച്ചു കൂട്ടുകാര്‍
പതുമ്മിപ്പമ്മിവന്നവന്‍ കള്ളന്‍ നിന്നു
കൊടുക്കും രണ്ടു സാര്‍ നിനച്ചു ഞാന്‍ നിന്നു
അവനെയും ചേര്‍ത്തുപിടിച്ചു സാര്‍ ചൊന്നു:
”ഇവന്‍ പാവമല്ലേ, വഴക്കുണ്ടാക്കാമോ?
പൊടിയെല്ലാം വാരിയെടുക്കണം നന്നായ്
തുടയ്ക്കണം ബോര്‍ഡും നിനക്കാണപ്പണി.”
കൊടുക്കടായിവന്‍ കവിളിലുമ്മയൊ-
ന്നടുത്തു ചേര്‍ത്തീശോ ചിരിച്ചു ചൊല്ലുന്നു.
അവനെന്നെക്കെട്ടിപ്പിടിക്കുന്നു ഞാനും
കവിളിലുമ്മകള്‍ പകര്‍ന്നു നില്‍ക്കുന്നു.
ഇതിനിടെസ്സാറു പണം കൊടുക്കുന്നു-
ണ്ടൊരുവന്‍ പോയ്‌വന്നു പൊതിയതു വാങ്ങി-
പ്പതുക്കനെത്തുറന്നതിനൊപ്പം മുഖം
വികസിക്കുന്നതുമറിഞ്ഞു ഞാന്‍ നിന്നു.
ഒരു കല്ലു സ്ലേറ്റും പെന്‍സിലും പിന്നെ
നിറയെ നാരങ്ങാ മധുരമിഠായി
നിറചിരിയോടെ തരുന്നീശോ സാറിന്‍
പദംതൊട്ടുവാങ്ങി വണങ്ങി നില്‍ക്കുന്നു.
കളിചിരിയായിപ്പകുത്തു മിഠായി
നുണയുന്നു ഞങ്ങള്‍ ചിരിക്കുന്നീശോ സാര്‍
മറഞ്ഞീശോ സാറും പ്രിയവട്ടവാളും,
പൊളിഞ്ഞു നാലാം ക്ലാസ് പഠിച്ച കെട്ടിടം
മറക്കുവാനാകാ മരണമായാലും
ചിരിച്ചുനില്‍ക്കുന്നസ്സലീശോ മുന്‍പില്‍