പാലക്കാട്: മലയാളിയുടെ പുണ്യം ഋഷി കവി അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്കാരം സമര്‍പ്പിച്ചു. സപ്തം.24ന് പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിലാണ് പുരസ്കാര സമര്‍പ്പണചടങ്ങ് നടന്നത്. ദല്‍ഹിയില്‍ അതിവിപുലമായി നടക്കേണ്ട ചടങ്ങാണ് കൊറോണയുടെ പശ്ചാത്തലത്തില്‍ അക്കിത്തത്തിന്റെ സ്വന്തം ഗ്രാമമായ കുമരനെല്ലൂര്‍ അമേറ്റിക്കരയിലെ ദേവായനത്തില്‍ ആഘോഷമായി നടത്തിയത്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് വീടിനോട് ചേര്‍ന്ന് തയ്യാറാക്കിയ പ്രത്യേക വേദിയില്‍ വെച്ചായിരുന്നു ചടങ്ങ്. അക്കിത്തത്തിന്റെ മൂത്തമകള്‍ പാര്‍വ്വതി അന്തര്‍ജ്ജനം വിളക്ക് തെളിയിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ഏ.കെ.ബാലന് പുരസ്കാരം അക്കിത്തത്തിന് സമ്മാനിച്ചു. തുടര്‍ന്ന് പ്രശസ്ത കാലിഗ്രാഫിസ്റ്റ് നാരായണ ഭട്ടതിരി 15 ഭാഷകളില്‍ കാലിഗ്രാഫിയില്‍ അക്കിത്തത്തിന്റെ പേരെഴുതിയ ഷാള്‍ അദ്ദേഹത്തെ അണിയിച്ചു. അക്കിത്തത്തിന്റെ ജീവിത കഥ പറയുന്ന ‘അക്കിത്തം; സചിത്ര ജീവചരിത്രം’ എന്ന ആത്മാരമന് തയ്യാറാക്കിയ പുസ്തകം അക്കിത്തത്തിന്റെ സുഹൃത്ത് ചാത്തനാത്ത് അച്യുതനുണ്ണി കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനന് നല്കി പ്രകാശനം ചെയ്തു. ഭാരതീയ ജ്ഞാനപീഠം ഡയറക്ടര്‍ മധുസൂദനന് ആനന്ദ്, ജ്ഞാനപീഠം സെലക്ഷന് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രതിഭാ റായ്, എം.ടി. വാസുദേവന്‍ നായര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി തുടങ്ങി നിരവധി പ്രമുഖര്‍ ഓണ്‍ലൈനിലുടെ ആശംസകള്‍ നേര്‍ന്നു.