ഇല്ലത്തെ അന്തരീക്ഷമൊന്നു തണുത്തുവരികയായിരുന്നു. മീന വെയ്‌ലിലേക്കാള്‍ ശരതീക്ഷ്ണമായ ദുരന്ത വെയിലിന് ഭവത്രാതന്റെ സമീപനം കൊണ്ട് കുറച്ച് ശാന്തി ലഭിച്ചു വരികയായിരുന്നു. ഓര്‍മ്മയുടെ മുറിപ്പാടുകള്‍ ഉണങ്ങി മാഞ്ഞ് തുടങ്ങിയെന്ന് എല്ലാവരും കരുതിയിരിക്കുമ്പോഴാണ് സാവിത്രി ഛര്‍ദ്ധിച്ചത്. ആ ഛര്‍ദ്ധിയിലെന്തോ ആപത്തിന്റെ ശൂലമുനകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് ആത്തോരമ്മയ്ക്ക് മനസ്സിലായി. അവരത് രഹസ്യമായി അച്യുതന്‍ നമ്പൂതിരിയെ അറിയിച്ചു. അദ്ദേഹം ബോധശൂന്യനായി വീണു പോയില്ലെന്നേയുള്ളൂ. ഭവത്രാതനെ അറിയിക്കാതെ പെട്ടന്ന് വേളിയെങ്ങനെയും നടത്തണം. അതാണ് നല്ലതെന്ന അഭിപ്രായമായിരുന്നു നാരായണന്‍ നമ്പൂതിരിയ്ക്ക്. എന്നാല്‍ അച്യുതന്‍ നമ്പൂരി അത് സമ്മതിച്ചില്ല. മകളും മരുമകനുമാണ്. അവരുടെ ജീവിതം കൊണ്ട് ഒരു പരീക്ഷണം വേണ്ട. അവനോട് പറയണം. ദൂരയെവിടെയെങ്കിലും കൊണ്ടുപോയി ആരും അറിയാതെ ഒഴിവാക്കാം. എന്നിട്ട് അവനു സമ്മതമാണെങ്കില്‍ മാത്രം വേളി. അല്ലെങ്കില്‍ ഇല്ലത്തിന്റെ അകത്തെയിരുട്ടിലെവിടെയെങ്കിലും അവളും ആളുകള്‍ക്ക് മുഖം കൊടുക്കാതെ ഒരു ജീവിതം ജീവിച്ചു തീര്‍ക്കും. എന്തായാലും പുറത്തുള്ളോരറിയാതെ നോക്കണം – അത്രമാത്രമേ ഇപ്പോള്‍ ചെയ്യാന്‍ കഴിയു.
വല്യമ്പൂരിയെ ആളയച്ചു വരുത്തുകയായിരുന്നു. സാധാരണ എന്തെങ്കിലും കാര്യം പറയാനാണെങ്കില്‍ അച്യുതന്‍ നമ്പൂതിരി ഏഴൂര്‍മനയിലേയ്ക്ക് വരികയാണ് പതിവ്. അങ്ങോട്ട് ആളെ അയച്ച് വിളിപ്പിക്കണമെങ്കില്‍ കാര്യം അത്ര നിസ്സാരമായിരിക്കില്ലെന്ന് ഭവത്രാതനും തോന്നി. അച്ഛന്‍ പോയതിനുപിറകെ ഭവത്രാതനും മുത്താഴിയം കോട്ടേയ്ക്ക് പുറപ്പെട്ടു. അയാളവിടെയെത്തുമ്പോള്‍ അടച്ചിട്ട മുറിയ്ക്കകത്തിരുന്ന് എന്തോ ഗൗരവമായി സംസാരിക്കുകയായിരുന്നു വല്യമ്പൂരിയും കൂട്ടരും. മറ്റുള്ളവര്‍ കേള്‍ക്കേണ്ടതല്ല എന്നു തോന്നുമ്പോഴാണ് വാതിലടച്ച് താഴിടാറുള്ളത്. പിന്നെ അവിടാരും നില്ക്കാറുമില്ല. അതുകൊണ്ടു തന്നെ ഭവത്രാതന്‍ നേരെ അടുക്കള ഭാഗത്തേയ്ക്കാണ് പോയത്. അഞ്ചാംപുരയ്ക്ക് സമീപമുള്ള തിണ്ണയില്‍ തൂണും ചാരിയിരിക്കുകയായിരുന്നു സാവിത്രി. ‘എന്താ താത്രി കുട്ട്യേ ഒരു മ്ലാനത?’ ഭവത്രാതന്‍ ചിരിച്ചു കൊണ്ടു ചോദിച്ചു. അവള്‍ ഒരു വിളറിയ ചിരി മാത്രം ചിരിച്ചു. ഭവത്രാതന് കാര്യത്തിന്റെ ഗൗരവം മനസ്സിലായിട്ടുണ്ടായിരുന്നില്ല. ‘ചിരിയ്ക്ക് യാതൊരു തെളിച്ചം ല്യാ ലോ സാവിത്രി. ന്നെ കണ്ട ദേഷ്യാണോ?’ ഭവത്രാതന്‍ പിന്നെയും ചോദിച്ചു. ഭവത്രാതന്റെ ശബ്ദം കേട്ടിട്ടാണോ എന്നറിയില്ല അച്ഛന്‍ പെങ്ങള്‍ അങ്ങോട്ട് കയറിവന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അകത്തെവിടെയോ കിടക്കുകയായിരുന്നു എന്ന് ആ വരവു കണ്ടപ്പോഴേ ഭവത്രാതന് മനസ്സിലായി. ‘അച്ഛന്‍ പെങ്ങള് കരയാരുന്നോ? എന്താ കാര്യം എന്തേണ്ടായി -‘
കാര്യം അറിഞ്ഞാല്‍ ഭവത്രാതന്‍ പൊട്ടിത്തകരും എന്നായിരുന്നു ഇല്ലത്തുള്ളവരുടെ മുഴുവന്‍ ആധി. എന്നാല്‍ ‘അത്രേയുള്ളു’ എന്ന മട്ടില്‍ നിസ്സാരമായിട്ടാണ് അയാള്‍ പ്രതികരിച്ചത്. സാവിത്രിക്കുട്ടിയ്ക്കും അത്രവല്യ പരിഭ്രമമൊന്നും ഉണ്ടായിരുന്നില്ല. നാണക്കേടും മാനക്കേടുമൊക്കെ അവള്‍ക്കും ഉണ്ടായിരുന്നുവെങ്കിലും അന്ന് കുളപ്പുരയില്‍ വച്ചുണ്ടായ ആ സംഭവത്തിന്റെ പേരില്‍ അവളനുഭവിച്ച മാനസിക പീഡനത്തിന്റെ പകുതി പോലും ഇന്ന് അവളനുഭവിക്കുന്നില്ല എന്ന് ആത്തേരമ്മയ്ക്കും തോന്നിയിരുന്നു. അവളനുഭവിച്ചതിന്റെ അനേകം ഇരട്ടി പരിഭ്രമം ഇല്ലത്തുള്ള മറ്റുള്ളവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഭവത്രാതന്റെ നിസ്സാരവല്‍ക്കരണം അന്തരീക്ഷത്തിന്റെ പിരിമുറുക്കം കുറയ്ക്കുകതന്നെ ചെയ്തു.
വല്യമ്പൂരിയും അച്യുതന്‍ നമ്പൂരിയും നാരായണന്‍ നമ്പൂരിയും ഒരുമിച്ചാലോചിച്ച് ഒരു തീരുമാനത്തിലെത്തിയിരുന്നു. ഭവത്രാതനുമായി ആലോചിച്ച് ദൂരെ ഏതെങ്കിലും ആശുപത്രിയിലെത്തിച്ച് ഗര്‍ഭം അലസിപ്പിക്കുക. പിന്നെ അയാള്‍ക്ക് സമ്മതമാണെങ്കില്‍ വിവാഹം ഉടനെ നടത്തുക. അയാള്‍ സമ്മതിയ്ക്കും എന്ന് തന്നെയായിരുന്നു വല്യമ്പൂരിയുടെ പ്രതീക്ഷ. അല്ലെങ്കിലും അവന്റെ ജീവന്‍ തന്നെ ആണ്ടവന്റെ ത്യാഗമാണ്. ആ ആണ്ടവന് അറിയാതെ പറ്റിയ ഒരു തെറ്റ് അതേറ്റെടുക്കുക എന്ന് പറഞ്ഞാല്‍ ഒരു തരത്തില്‍ ഒരു കടം വീട്ടലാണ്. ഉള്ളില്‍ ദുഃഖത്തിന്റെ ഒരു ലാവാ പ്രവാഹം പൊള്ളി പുറപ്പെടുന്നുണ്ടെങ്കിലും അത് അദ്ദേഹം പുറത്ത് കാണിച്ചതേയില്ല. യുക്തിയും മാനുഷിക പരിഗണനയും കൊണ്ട് അതിനെ അതിജീവിക്കുവാന്‍ മനസ്സിനെ പഠിപ്പിക്കുകയായിരുന്നു. ചിന്തകളുടെ ഒരു ഹിമാലയം തലയിലേറ്റിയ പോലെ അവര്‍ പൂമുഖത്തേയ്ക്കിറങ്ങിയിരുന്ന് അല്പ സമയത്തിനിടയില്‍ തന്നെ ഭവത്രാതന്‍ അവിടെ എത്തി. നാരായണന്‍ നമ്പൂതിരിയാണ് വിഷയം ഭവത്രാതനോട് സംസാരിച്ചത്. ‘അത് എന്റെ കുട്ടി തന്നെയാണ് – അതിനെ കൊല്ലാന്‍ ഞാന്‍ അനുവദിക്കില്ല. എന്തു പറഞ്ഞാലും – ‘ഭവത്രാതന്‍’ ഉറപ്പിച്ച് പറഞ്ഞു. ‘ഇപ്പൊ ഭവത്രാതന് അങ്ങനെയൊക്കെ തോന്നും. എന്നാല്‍ കാലം കഴിയുമ്പോള്‍ അതൊരു ബാദ്ധ്യതയാകും – അതിനെ നശിപ്പിക്കുന്നതാണ് നല്ലത്’. നാരായണന്‍ നമ്പൂതിരി പറഞ്ഞു നോക്കി. എന്നാല്‍ ഭവത്രാതന്‍ ഒരു പണത്തൂക്കം അതിനോട് യോജിച്ചില്ല. ‘അറിവും നമ്മളേക്കാള്‍ വിദ്യാഭ്യാസവുമുള്ള ഒരാളാണ് ഭവത്രാതന്‍. അയാളുടെ തീരുമാനം അതാണെങ്കില്‍ അങ്ങനെ തന്നെ നടക്കട്ടെ! ഇനി വേളി നീട്ടി കൊണ്ടുപോകണ്ട. അധികം ആരേം അറിയിക്കുകയും വേണ്ട. എല്ലാം ചുരുക്കി മതി.’ ഒരുപാട് നിര്‍ബന്ധങ്ങളൊക്കെ കഴിഞ്ഞിട്ടും ഭവത്രാതന്റെ തീരുമാനത്തില്‍ മാറ്റമൊന്നുമില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ വല്യമ്പൂരി പറഞ്ഞു. പറയി പെറ്റ കുട്ടിയ്ക്ക് അഗ്‌നിഹോത്രിയാകാമെങ്കില്‍ ഒരു മണ്ണാന്‍ കുട്ടിയ്ക്ക് നാളെ നമ്പൂരിയുമാവാം – അത്ര കരുത്യാല്‍ മതി.’അത് എല്ലാവരും അംഗീകരിക്കുകയും ചെയ്തു.
ഭവത്രാതന്റെ വാക്കുകളിലെ സ്ഥൈര്യവും ആത്മവിശ്വാസവും കണ്ടപ്പോള്‍ അത് അയാളുടെ കുട്ടി തന്നെ ആയിരിക്കുമോ എന്നൊരു സംശയം വല്യമ്പൂരിയ്ക്ക് തോന്നാതിരുന്നില്ല. അവര്‍ക്ക് തമ്മില്‍ കൂടിച്ചേരാന്‍ ഇഷ്ടം പോലെ അവസരങ്ങള്‍ ഇല്ലത്തുണ്ട്. പ്രായത്തിന്റെ ചാപല്യവുമുണ്ടാകാമല്ലോ. സാവിത്രിയ്ക്കും ഗര്‍ഭം അലസിപ്പിക്കുവാന്‍ താല്പര്യമില്ലെന്ന് കൂടി അറിഞ്ഞപ്പോള്‍ വല്യമ്പൂരി ഉറപ്പിച്ചു. ‘കുട്ടികള്‍ എന്തൊക്കേയൊ ഒളിച്ചു വെച്ചിരിയ്ക്കുണു. ഒരു സ്ത്രീയ്ക്കും അന്യപുരുഷന്റെ ഗര്‍ഭം ധരിച്ചുകൊണ്ട് ഇഷ്ട പുരുഷന്റെ കൂടെ ജീവിയ്ക്കാന്‍ കഴിയില്ല. ഏതെങ്കിലും ഒരു ഭര്‍ത്താവിന്റെ കൂടെ ജീവിയ്ക്കാന്‍ കഴിഞ്ഞേയ്ക്കാം. എന്നാല്‍ ഇതങ്ങനെയല്ലല്ലോ.’
സുഗന്ധമാണെങ്കില്‍ പോലും അത് ആര്‍ക്കും എത്ര ശ്രമിച്ചാലും ഒളിപ്പിച്ചു വെയ്ക്കാന്‍ കഴിയില്ല. ഘ്രാണശക്തിയുള്ളവര്‍ മണം പിടിയ്ക്കുക തന്നെ ചെയ്യും. അപ്പോള്‍ ദുര്‍ഗന്ധമാണെങ്കിലൊ? മണം പിടിയ്ക്കാതെ തന്നെ മൂക്കിലേയ്ക്ക് പാഞ്ഞുകയറും.അത് തന്നെയാണ് പല രഹസ്യങ്ങളുടേയും അവസ്ഥ – ഇല്ലത്തുള്ളവര്‍ പരമരഹസ്യമാക്കി വച്ചിരുന്നതാണെങ്കിലും സാവിത്രിയുടെ ഗര്‍ഭ കഥയും ആരുമാരും പറഞ്ഞില്ലെങ്കിലും എല്ലാവരും അറിഞ്ഞു.
എന്നാല്‍ ആ കഥ ഗോവിന്ദന്‍ വിശ്വസിച്ചില്ല. അത് പച്ചക്കള്ളമാണെന്ന് അയാള്‍ മാത്രം തര്‍ക്കിച്ചു.’കോയിന്ദന്‍ നായരറിഞ്ഞോ – ഇല്ലത്തെ തമ്പ്‌രാട്ടി കുട്ടിയ്ക്ക് പള്ളേല് ണ്ടോ ലാ.’
ഒരിക്കല്‍ വഴിയില്‍ വച്ച് കണ്ടപ്പോള്‍ ചോയിച്ചി ഗോവിന്ദനോട് ചോദിച്ചു. വാറ്റല്‍ നിറുത്തിയ ശേഷം ഇടയ്ക്ക് പാടത്ത് പണിയ്ക്കു പോകുന്നുണ്ട് ചോയിച്ചി. അത് ആളുകളെ കാണിക്കാനാണെന്നും അവിടെ രാത്രിയായാല്‍ ആണ്ങ്ങള് പലരും വന്ന് പോകുന്നുണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഗോവിന്ദന്‍ പറഞ്ഞു. ‘അത് നാട്ട്കാര് വെറുതെ പറയാണ്. നിയ്ക്കറിയാലൊ അങ്ങനെ ണ്ടാവില്യ.’
‘അതെന്താ നായരേ ഇങ്ങളല്ലല്ലോ ആണ്ടവന്‍. അവന് കുട്ട്യാളുണ്ടാവില്യാന്ന് ങ്ങക്ക് എന്താ ത്ര ഒറപ്പ്?’ ചോയിച്ചി ഒന്നു ചിരിച്ചു.
‘ഞാന്‍ കണ്ടതല്ലേ -അതിനു മാത്രം ഒന്നും അവിടെ ണ്ടായിട്ടില്യ. ആള്‍ക്കാര്‍ക്ക് ശൂന്ന് കേട്ടാല്‍ മതീലോ. അവരത് ശുണ്ടങ്ങാന്ന് ആക്കിക്കോളും’
‘ഒരുമ്പട്ട ആണാണെങ്കില്‍ അതിനു മാത്രം ഒന്നും വേണ്ടാന്ന്. ങ്ങള് പറയുമ്പോലെല്ലാ- പെണ്ണ് പെറ്‌ണേനു മുമ്പ് മനയ്ക്കലെ തമ്പ്രാന്‍ കുട്ടീന്റെ തലേലേയ്ക്ക് വച്ചുന്നാ കേള്‍ക്കണ്’
‘അത് ന്നാ അയാള്‍ടെ ന്നേവും. അല്ലാണ്ടെ ആള്‍ക്കാര് പറയണതൊന്നും അല്ല കാര്യം – കൊള പുരേല്ട്ടുണ്ടായതെന്താന്ന് ഞാന്‍ കണ്ടതാ. അപ്പ ഞാനവടെ എത്തീര് ന്നീലാ- ന്നാല്‍ എന്തേലൊക്കെ സംഭവിക്കാരുന്നു – ഇത് നിക്ക് വിശ്വാസല്യ – തൊട്ടാലും പിടിച്ചാലും ഗര്‍ഭം ധരിയ്ക്കാന്‍ അവനെന്താ ഗന്ധര്‍വനോ?’
‘ങ്ങള് ചെല്ല് ണേന്റെ മുമ്പെ കാര്യം കയിഞ്ഞ്ട്ട്‌ണ്ടെങ്കിലോ?’.
‘ഇല്യന്റെ ചോയിച്ച്യേ – ഞാന്‍ പാറഞ്ഞില്യേ. അവന്‍ കൊളപ്പെരേല് കേറണ തടക്കം ഞാന്‍ കണ്ടതാ.’ ആരെത്ര തര്‍ക്കിച്ചാലും അത് മാത്രം സമ്മതിച്ചു കൊടുക്കുവാന്‍ ഗോവിന്ദന് കഴിഞ്ഞില്ല. ‘ഈശ്വരന്‍ നേരിട്ട് വന്ന് സാവിത്രിയെ ഗര്‍ഭം ധരിപ്പിച്ചു എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ഞാന്‍ വിശ്വസിക്കും. എന്നാല്‍ അന്ന് ആണ്ടവന്‍ കാരണം സാവിത്രി ഗര്‍ഭിണിയായിന്ന് ഒരിയ്ക്കലും ഞാന്‍ സമ്മതിയ്ക്കില്ല.’ ഗോവിന്ദന്‍ അത്ര ഉറപ്പിച്ചാണ് പറഞ്ഞത്. ഒന്നുകില്‍ സാവിത്രി ഗര്‍ഭിണിയാണെന്നത് നാട്ടുകാര്‍ മെനഞ്ഞെടുത്ത ഒരു കഥ അല്ലെങ്കില്‍ അതിനുത്തരവാദി മനയ്ക്കലെ ഭവത്രാതന്‍ നമ്പൂരി തന്നെ. അതായിരുന്നു അയാളുടെ വിശ്വാസം. പക്ഷെ ‘കോയിന്ദന്‍ നായരെ വാക്കല്ലെ. അതിനാര് വെല കൊടുക്കും – അയാളുടെ അച്ഛനും അമ്മീം കേള്‍ക്കൂല പിന്നല്ലേ നാട്ടാര്?’
(തുടരും)