ഇന്ത്യയിലെ ഹിന്ദു സമൂഹത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന മതപരിവര്‍ത്തനത്തെ അതേ രീതിയില്‍ തന്നെ ചെറുത്തുനിന്ന ചരിത്രമാണ് അയ്യാവൈകുണ്ഠസ്വാമികളുടേത്. കേന്ദ്രീകൃതമായ നേതൃത്വമോ സൈന്യ സന്നാഹങ്ങളോ മുന്‍പരിചയമോ ഇല്ലാതെ തന്നെ സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറളിപിടിപ്പിക്കുവാന്‍ സ്വാമികള്‍ക്ക് കഴിഞ്ഞു. സ്വന്തം ആശയ പ്രചരണത്തിനും വൈദേശിക പ്രതിരോധത്തിനും വേണ്ടി സ്വാമി ഒരു വലിയ നിരയെ തന്നെ സൃഷ്ടിച്ചു.
1809 മാര്‍ച്ച് 12നാണ് സ്വാമിയുടെ ജനനം. അച്ഛന്‍ പൊന്നുമാടന്‍, അമ്മ വെയിലാളി. സമൂഹത്തിന്റെ കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്തുവാന്‍ വിശേഷ കഴിവുകളുള്ള ഒരു കുഞ്ഞ് ജനിക്കുമെന്ന് സമൂഹം വിശ്വസിച്ചിരുന്ന കാലഘട്ടത്തിലാണ് ഈ ജനനം. വീട്ടുകാര്‍ കുട്ടിക്ക് മുടി ചൂടും പെരുമാള്‍ എന്ന് പേരിട്ടു. രാജാധികാരത്തെയും രാജസ്ഥാനത്തേക്കും കുറിക്കുന്നതാണ് ഈ പേരെന്നുള്ളതിനാല്‍ ഈ പേര് മാറ്റേണ്ടി വന്നു. ഇത്തരം പേരുകള്‍ രാജാധികാരവുമായി ബന്ധപ്പെട്ടവര്‍ക്കേ നല്‍കുവാന്‍ അധികാരമുണ്ടായിരുന്നുള്ളു. അതിനാല്‍ ഈ പേരിന് പകരം മുത്തുക്കുട്ടി എന്ന് പേരിട്ടു. സാമാന്യ വിദ്യാഭ്യാസവും ആത്മീയ കാര്യങ്ങളില്‍ ആഴത്തിലുള്ള അറിവും നേടിയ ഇദ്ദേഹം ചെറുപ്പം മുതലേ ജാതിപരമമായ വിവേചനത്തിനെതിരെയും ഇത് മുതലെടുക്കുവാന്‍ വിദേശ മിഷണറിമാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെയും ജാഗരൂകനായിരുന്നു.
അമാനുഷിക അല്‍ഭുതങ്ങള്‍ ജീവിത ചരിത്രത്തിന്റെ ഭാഗമായി കിട്ടുവാനും അത് എതിരാളികളെക്കൊണ്ട് താന്‍ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ അംഗീകരിപ്പിക്കുവാനും ഭാഗ്യം സിദ്ധിച്ചിട്ടുള്ള ഒരു ചരിത്രപുരുഷനാണ് അയ്യാ വൈകുണ്ഠസ്വാമികള്‍. അക്കാലത്തെ സവര്‍ണ-അവര്‍ണ വിവേചനത്തിന്റെ ഫലമായി അവര്‍ണനായ സ്വാമികളെ സവര്‍ണ ഹിന്ദുക്കള്‍ ചതിയില്‍ കൊല്ലുവാന്‍ ശ്രമിച്ചുവെന്നൊരാരോപണം സ്വാമിയുടെ ജീവചരിത്രത്തില്‍ ശക്തമായി തന്നെ പറയുന്നുണ്ട്. മരുത്വാമലയിലെ പരമാര്‍ത്ഥ ലിംഗേശ്വര ശിവക്ഷേത്ര സന്നിധിയില്‍ വെച്ചായിരുന്നു ഇത്. കേവലം 18 വയസ്സുള്ള സ്വാമിയെ സവര്‍ണ ഹിന്ദുക്കള്‍ അവിടേക്ക് സൂത്രത്തില്‍ വിളിച്ചുവരുത്തി ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നുവെന്നാണ് ബ്രിട്ടീഷ് അനുകൂല ചരിത്ര പുസ്തകങ്ങള്‍ പറയുന്നത്.വിഷബാധയേറ്റ സ്വാമി മരിച്ചില്ലെങ്കിലും ത്വക്ക് രോഗബാധിതനായി.
വൈകുണ്ഠ സ്വാമികളെ കുട്ടിക്കാലത്ത് വളരെ കാര്യമായി ബാധിച്ചിരുന്ന ഒന്നാണ് ത്വക് രോഗം. ഇത് ത്വക്ക് വിഷബാധയായിരുന്നു. ഈ വിഷബാധക്ക് കാരണം സവര്‍ണര്‍ കൊല്ലുവാന്‍ വേണ്ടി സ്വാമിക്ക് വിഷം നല്‍കിയതാണെന്ന ഒരു വാര്‍ത്ത നാട്ടില്‍ പടര്‍ന്നു. ഈ വാര്‍ത്തയ്ക്ക് പുറകില്‍ മിഷണറിമാരുടെ കുരുട്ട് ബുദ്ധിയായിരുന്നു-ഈ സവര്‍ണ വിഷ കഥ നാടാര്‍ സമുഹത്തെ മറ്റ് ഹൈന്ദവരില്‍ നിന്ന് അകറ്റുവാന്‍ വേണ്ടി മിഷണറിമാര്‍ സൃഷ്ടിച്ച പല കഥകളില്‍ ഒന്നാണെങ്കിലും ഇത് സ്വാമികള്‍ക്ക് വലിയ അംഗീകാരമായി മാറുകയാണ് പിന്നീട് ഉണ്ടായത്.
തമിഴ്‌നാട്ടിലെ പ്രശസ്തമായ തിരുച്ചെന്തൂര്‍ ക്ഷേത്രത്തിലെ കുംഭമാസ മാശി ഉല്‍സവത്തില്‍ പങ്കെടുത്ത് കടലില്‍ കുളിച്ച് ദര്‍ശനം നടത്തിയാല്‍ ഏത് അസുഖവും ഭേദമാകുമെന്നുള്ളത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള വിശ്വാസമാണ്.1830 ല്‍ 21 -മത്തെ വയസ്സില്‍ സ്വാമി കുടുംബസമേതം തിരുച്ചന്തൂരിലെത്തി. ക്ഷേത്രദര്‍ശനത്തിന് മുമ്പായി കടലില്‍ കുളിക്കാന്‍ ഇറങ്ങിയ സ്വാമിയെ കാണാതായി. വന്നവരെല്ലാം കടല്‍ക്കരയില്‍ സ്വാമിയെ കാത്ത് ഇരിപ്പായി. നാലാം ദിവസം സ്വാമി കടലിനുള്ളില്‍ നിന്ന് തേജോഗോളം പോലെ പ്രത്യക്ഷപ്പെട്ടുവെന്നാണ് സ്വാമി ഭക്തരുടെ ചരിത്രം പറയുന്നത്. അപ്പോള്‍ അദ്ദേഹത്തിന്റെ ത്വക്ക് അസുഖങ്ങളെല്ലാം മാറിയിരുന്നു. ഇത് അതിശയോക്തിയും അസാധാരണവുമെന്ന് ഇന്ന് തോന്നിയാല്‍ പോലും അന്നത്തെ സമൂഹം ഇതിനെ അംഗീകരിച്ചിരുന്നു. കുരിശില്‍ കിടന്ന് മരിച്ച ക്രിസ്തു ദേവന്‍ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റ സംഭവത്തിന് ബദലായി വൈകുണ്ഠസ്വാമികളാല്‍ സൃഷ്ടിക്കപ്പെട്ട ഒരു ബദല്‍ അല്‍ഭുതമായി ഇതിനെ കാണാവുന്നതാണ്. ഇതിനെ തുടര്‍ന്ന് മഹാവിഷ്ണുവിന്റെ അവതാരമാണ് താനെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചു. മഹാവിഷ്ണുവിന്റെ വാസസ്ഥലമാണ് വൈകുണ്ഠം. തിരുവിതാംകൂറിന്റെ അധിപനായ പത്മനാഭസ്വാമി തന്നെ മഹാവിഷ്ണുവാണെന്നിരിക്കേ ഈ പ്രഖ്യാപനം സമൂഹത്തില്‍ വലിയ ഉണര്‍വ് ഉണ്ടാക്കി. പിന്നാക്ക ജാതിയില്‍പെട്ടവനും ദൈവാവതാരമാകുവാന്‍ കഴിയുമെന്ന ഒരു വെല്ലുവിളി കൂടിയായിരുന്നു ഇത്. സമൂഹം ഈ പ്രഖ്യാപനത്തെ ഭക്ത്യാദരവോടെ സ്വീകരിച്ചു. തങ്ങളുടെ ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ബദലായി വൈകുണ്ഠസ്വാമികള്‍ സ്വയം അല്‍ഭുതവുമായി പ്രത്യക്ഷപ്പെട്ടത് ക്രിസ്ത്യന്‍ മിഷണറിമാരില്‍ വലിയ ഞെട്ടല്‍ ഉളവാക്കി.
ജാതിപരമായ വിവേചനം അനുഭവിച്ചും കണ്ടും വളര്‍ന്ന സ്വാമിയില്‍ മനുഷ്യരെല്ലാം ഒന്നാണെന്ന ആശയം ചെറുപ്പത്തിലെ ഉടലെടുത്തിരുന്നു. ഈ ജാതി-മത വിവേചനങ്ങളെ എല്ലാത്തിനെയും കൗമാരത്തില്‍ തന്നെ സ്വാമി എതിര്‍ത്തിരുന്നു. ഒരു ജാതി, ഒരു മതം, ഒരു ദൈവം, ഒരു നീതി, ഒരു ലോകം എന്നതായിരുന്നു സ്വാമി വിഭാവനം ചെയ്ത ധര്‍മശാസ്ത്രം. ഇത് വിഭാവനം ചെയ്യുമ്പോള്‍ ഇദ്ദേഹത്തിന്റെ പ്രായം ഇരുപതിനോടടുത്ത്. കുടുംബങ്ങളിലും സമൂഹത്തിലും ഭിന്നിപ്പുണ്ടാക്കി ആളുകളെ മതം മാറ്റുകയും മതം മാറിയവര്‍ക്ക് മാത്രം പ്രത്യേക അനുകൂല്യങ്ങള്‍ വാങ്ങുവാന്‍ നടക്കുകയും ചെയ്യുന്ന മിഷണറിമാര്‍ക്ക് സ്വാമി പ്രഖ്യാപിത ശത്രുവായി മാറി. കാരണം ഒരു മതം, ഒരു ദൈവം, ഒരു നീതി തുടങ്ങിയ ധര്‍മ്മസൂചികകള്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രചരണ ആയുധങ്ങളായിരുന്നു. ഇതിന്മേലാണ് സ്വാമി കൈ വെച്ചത് തങ്ങളുടെ ദൈവത്തിന്റെ അല്‍ഭുത മഹദ് കഥകളുമായി നടക്കുന്ന മിഷണറിമാരുടെ ഇടയില്‍ ജീവിച്ചിരിക്കുന്ന ദൈവമായി വൈകുണ്ഠ സ്വാമികളെ സമൂഹം കാണുവാന്‍ തുടങ്ങി. നാടാര്‍ സമൂഹം അതിന്റെ ഗതകാല പ്രൗഢ സ്മരണകളുമായി വൈകുണ്ഠ നാഥന് ചുറ്റും അണിനിരക്കുവാന്‍ ആരംഭിച്ചു.
പിന്നീട് ചരിത്രം കാണുന്നത് സ്വാമിയുടെ ആത്മീയ പരിണാമത്തിന്റെ ഉന്നതങ്ങളിലേക്കുള്ള യാത്രയാണ്. തുടര്‍ന്ന് 4 വര്‍ഷം അദ്ദേഹം തപസ്സില്‍ ഏര്‍പ്പെട്ടതിന്നുശേഷം ദൈവ ചൈതന്യത്തോടെ ഇദ്ദേഹം സമൂഹത്തിലേക്ക് ഇറങ്ങി. സ്വാമിക്ക് അല്‍ഭുത ശക്തിയുണ്ടെന്ന് പ്രചരിപ്പിക്കപ്പെട്ടതോടെ സ്വാമിയെ തേടി ജനങ്ങള്‍ ഒഴുകി. പൂജിച്ച മണ്ണും ജലവും നല്‍കി സ്വാമി രോഗികളെ ഭേദമാക്കി. സ്വാമി കുഴിപ്പിച്ച മുന്തിരി കിണറിലെ ജലം കഴിച്ചാല്‍ ഏത് രോഗവും മാറും എന്ന വിശ്വാസം പരന്നതോടെ സ്വാമി അല്‍ഭുതങ്ങളുടെ ജീവിക്കുന്ന ദൈവമായി. മിഷണറിമാര്‍ക്ക് സ്വാമി തലവേദനയായി. ഹിന്ദു സമൂഹം പ്രത്യേകിച്ച് നാടാര്‍ സമൂഹം സ്വാമിയെ തങ്ങളുടെ സ്വന്തം ചോരയായി കണ്ടു. അസുഖങ്ങള്‍ ഭേദമാക്കുകയും അല്‍ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മിഷണറി അടവുകള്‍ ഫലിക്കാതെയായി. ജാതി മത ചിന്തകള്‍ക്ക് അതീതമായി സ്വാമി അംഗീകരിക്കപ്പെട്ടു.
സാക്ഷാല്‍ ശ്രീപത്മനാഭ സ്വാമിയായ മഹാവിഷ്ണുവിന്റെ അവതാരം എന്ന പേരില്‍ ഒരു നാടാര്‍ വൈകുണ്ഠസ്വാമിയായി പുനര്‍ജനിച്ച് അല്‍ഭുതങ്ങള്‍ ചെയ്യുന്നത് തിരുവിതാംകൂറിലെ സവര്‍ണ വിഭാഗത്തെയും അസ്വസ്ഥരാക്കി. രാജാവും മിഷണറിമാരും ഒരേ സമയം വൈകുണ്ഠസ്വാമിക്കെതിരെ തിരിഞ്ഞു.
പിന്നാക്ക ദരിദ്ര ജനവിഭാഗങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടായാലേ മതപരിവര്‍ത്തനം നടക്കൂ. വൈകുണ്ഠസ്വാമി ദൈവാവതാരമായി മാറിയതോടെ സമൂഹത്തിന് മിഷണറിമാരിലുള്ള ആകര്‍ഷണീയത നഷ്ടപ്പെട്ടു.മിഷണറിമാരുടെ കച്ചവടം നടക്കാതെയായി. വൈകുണ്ഠസ്വാമിയുടെ വര്‍ദ്ധിച്ച് വരുന്ന ജനപിന്തുണ തങ്ങള്‍ക്ക് ഭീഷണിയാകുമോയെന്ന് കൊട്ടാരവും ഭയപ്പെട്ടു.
ജാതിഭേദമോ വലിപ്പച്ചെറുപ്പമോ ഇല്ലാത്ത സമത്വമായിരുന്നു മിഷണറിമാരുടെ ഒരു വാഗ്ദാനം. താഴെക്കിടയിലുണ്ടായിരുന്നവര്‍ വന്‍തോതില്‍ ഇതിനാല്‍ മിഷണറിമാരിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെല്ലാം ബദലുകള്‍ സ്വാമി അപ്പപ്പോള്‍ ഒരുക്കി. വന്‍ വിജയമായ ഈ ബദലുകള്‍ ഒന്നും സ്വാമിയുടെ കാലശേഷം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. സഹചര്യം സൃഷ്ടിച്ച പ്രതിബന്ധങ്ങളെ തകര്‍ത്ത് മുന്നേറുവാന്‍ പറ്റിയ ഒരു രണ്ടാം നിര സ്വാമിക്ക് ഇല്ലാതെ പോയി.
1836ല്‍ തന്റെ 27-ാം വയസ്സില്‍ സ്വാമി സമത്വ സമാജം എന്ന പേരില്‍ ഒരു മുന്നേറ്റത്തിന് തുടക്കം കുറിച്ചു. തമിഴ്‌നാട്ടില്‍ 13-ാം നൂറ്റാണ്ടില്‍ ജാതിവിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുത്ത സിദ്ധ കവികളുടെ പേര് ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ശിഷ്യനിരയെ സ്വാമി രംഗത്തിറക്കി. അഞ്ച് പേര്‍ക്കായിരുന്നു ഇതിന്റെ നേതൃത്വം. സന്യാസ ദീക്ഷയുള്ള പേരുകള്‍ സ്വാമി ഇവര്‍ക്ക് നല്‍കി. ധര്‍മസിദ്ധര്‍, ഭീമന്‍സിദ്ധര്‍, അര്‍ജുന്‍ സിദ്ധര്‍, നകുലന്‍ സിദ്ധര്‍, സഹദേവന്‍ സിദ്ധര്‍ എന്നിങ്ങനെ ഇവര്‍ അറിയപ്പെട്ടു. ഇവരെ നാടിന്റെ നാനാഭാഗത്തേക്ക് തന്റെ സമത്വ സന്ദേശവുമായി സ്വാമി പറഞ്ഞയച്ചു. സമത്വ സമാജത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഒന്നായിരുന്നു മിശ്രഭോജനം. മനുഷ്യര്‍ സവര്‍ണ അവര്‍ണ വ്യത്യാസമില്ലാതെ ഒരുമിച്ച് കൂടിയിരുന്ന് ഭക്ഷണം കഴിക്കുക എന്നതായിരുന്നു ഇത്. ഇതും വന്‍ വിജയമായിരുന്നു. ജാതിഭേദമില്ലാതെ ആളുകളെ ഒന്നിച്ച് കൂട്ടുന്ന ഇത്തരം പരിപാടികള്‍ ജാതിപറഞ്ഞ് സമൂഹത്തെ വിഘടിപ്പിക്കുവാന്‍ നടക്കുന്ന മിഷണറിമാര്‍ക്ക് ബദലായിരുന്നു.
വൈകുണ്ഠ സ്വാമികളുടെ സാമൂഹ്യ ഇടപെടലുകള്‍ സമൂഹത്തെ ഇളക്കിമറിച്ചു. ഇതിനെ തുടര്‍ന്ന് സ്വാമി ഒരു സംഘടനക്ക് രൂപം നല്‍കി. ഇതിന്റെ പേര് അന്‍പുകൊടി ( Love Flag). ഈ സംഘടനയിലെ അംഗങ്ങളെ അന്‍പുകൊടി മക്കള്‍ എന്ന് വിളിച്ചിരുന്നു. സംഘടനയുടെ കൊടിയുടെ നിറം കാവിയായിരുന്നു. കൊടിയുടെ നടുവിലായിട്ടുള്ള ദീപം ചിഹ്നം വിശുദ്ധി, സമാധാനം, സ്‌നേഹം എന്നിവയെ സൂചിപ്പിക്കുന്നു.
ക്രിസ്ത്യന്‍ മിഷണറിമാരെപ്പോലെ മതംമാറ്റപ്രചരണം മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സമയ മതപ്രചാരകര്‍ ഹിന്ദു സമൂഹത്തില്‍ ഇല്ലായിരുന്നു. മതം മാറ്റലും അന്യമതനിന്ദയുമെല്ലാം ഹിന്ദു സമൂഹത്തിന് അജ്ഞാതമായിരുന്നു. ഹിന്ദു സന്യാസിമാര്‍ക്കാകട്ടെ തങ്ങളുടെ ആത്മീയ മണ്ഡലം വിട്ട് മതം മാറ്റല്‍ പോലെയുള്ള തരികിട വിദ്യകള്‍ അറിയുകയുമില്ലായിരുന്നു. മിഷണറിമാരെപ്പോലെ ഗ്രാമഗ്രാമാന്തരങ്ങള്‍ നടന്ന് സമത്വ സന്ദേശം പ്രചരിപ്പിക്കുവാന്‍ സ്വാമി ശിഷ്യമാര്‍ രംഗത്ത് ഇറങ്ങിയതോടെ മതപരിവര്‍ത്തന ശ്രമങ്ങളുടെ വേഗത കുറയുവാന്‍ തുടങ്ങി. മിഷണറിമാരുടെ മതതത്വങ്ങളെയും വിശ്വാസങ്ങളെയും വൈകുണ്ഠസ്വാമിയും ശിഷ്യഗണങ്ങളും നടന്ന് ചോദ്യം ചെയ്തു.
വൈകുണ്ഠ സ്വാമിയുടെ നിരവധി ശ്ലോകങ്ങള്‍ ക്രിസ്തുമതത്തിനും മിഷണറിമാര്‍ക്കും എതിരെയാണ്. അതിലൊന്ന് ഇങ്ങനെയാണ്. മരിച്ച മൂന്നാം ദിവസം ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു എന്ന ക്രൈസ്തവ ദര്‍ശനത്തിന്റെ അടിത്തറയെയാണ് ചോദ്യം ചെയ്യുന്നത്.
‘കറന്തപാല്‍ മുലൈ പൂകാകടെന്ത വെണ്ണൈ മോര്‍ പൂകാ
ഉടൈന്തു പോന ശങ്കിനോശൈ ഉയിര്‍കളും ഉടല്‍ പൂകാ
വിരിന്ത പൂവും ഉതിര്‍ന്ത കായും വീണ്ടും പോയ്മരം പൂകാ
ഇറന്തവര്‍ പിറപ്പ തില്ലൈയില്ലൈയില്ലൈയേ!
അര്‍ത്ഥം – അകിടില്‍ നിന്ന് പാല്‍ കറന്നെടുത്ത ശേഷം തിരികെ അകിടില്‍ പോകാന്‍ പറഞ്ഞാല്‍ അകിടില്‍ പാല്‍ കയറുകയില്ല. തൈര് കടഞ്ഞ് വെണ്ണ എടുത്ത ശേഷം വീണ്ടും തൈരാവുകയില്ല. ഉടഞ്ഞുപോയ ശംഖില്‍ നിന്ന് നാദം ഉയരുകയില്ല. ശരീരത്തില്‍ നിന്ന് ജീവന്‍ പുറത്ത് പോയിക്കഴിഞ്ഞാല്‍ ആ ശരീരത്തില്‍ ജീവന്‍ കയറുകയില്ല. വിരിഞ്ഞ പൂവ് കൊഴിഞ്ഞാല്‍ വീണ്ടും മൊട്ടാവുകയില്ല. ഞെട്ടറ്റ് മരത്തില്‍ നിന്ന് താഴെ വീണ കായ് വീണ്ടും മരത്തില്‍ പോയി പൂര്‍വ സ്ഥിതി പ്രാപിക്കുകയില്ല. മരിച്ചവര്‍ വീണ്ടും ജീവനിട്ടു വരുകയില്ല! ഇല്ലാ! പ്രകൃതി നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സ്വാമി ഖണ്ഡിക്കുകയാണ് ഇവിടെ.
അഖിലത്തിരട്ട് അമ്മാനൈ എന്ന തന്റെ ഗ്രന്ഥത്തില്‍ സ്വാമി മിഷണറിമാരെ വിലയിരുത്തിയത് ഇങ്ങനെയാണ്.
വിരുച്ചമുള്ള നീചന്‍ വേശൈ നസ്‌റാണിയവന്‍
വൈയ്യകങ്കളെല്ലാം വരമ്പഴത്തു മാനീചന്‍
നെയ്യരിയ ചാന്റേറാരിന്‍ നെറിയെല്ലാന്താന്‍ കുലൈത്തു
പേരഴിത്തു താനം പൂപ്പിയം താനഴിത്തു
അര്‍ത്ഥം – തേള്‍ സ്വഭാവികളും നീചന്മാരും ദുര്‍നടത്തക്കാരുമായ നസ്രാണികള്‍ ലോകം മുഴുവന്‍ പരന്ന് മനഷ്യരാശിയെ നിയന്ത്രണമില്ലാതാക്കി തീര്‍ത്തിരിക്കുന്നു. ഉത്തമരും മുമുക്ഷുക്കളുമായ ചന്റേറാര്‍ (നാടാര്‍) മക്കളുടെ നന്മയേയും പേരും പെരുമയേയും പരിശുദ്ധിയെയും നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളിലെല്ലാം മിഷണറിമാര്‍ പിടിമുറുക്കിയ ആ കാലഘട്ടം. തിരുവിതാംകൂറിനെ കൊള്ളയടിച്ച് കിട്ടുന്ന പണം കൊണ്ട് മിഷണറിമാര്‍ ബൈബിള്‍ അച്ചടിച്ച് വിതരണം ചെയ്യുവാന്‍ തുടങ്ങിയ കാലമായിരുന്നു അത്. വീടുവീടാന്തരം സൗജന്യ ബൈബിള്‍ വിതരണം തന്നെ നടത്തി. അച്ചടി സാങ്കേതിക വിദ്യയും പത്രത്താളുകളുമെല്ലാം ജനങ്ങള്‍ക്ക് കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന ആ കാലത്ത് ബൈബിള്‍ ഒരു അല്‍ഭുത വസ്തുപോലെ കിട്ടിയവരെല്ലാം വാങ്ങി വീട്ടില്‍ വെച്ചു.
മിഷണറിമാരുടെ ബൈബിളിന് ബദലായി സനാതന ഗ്രന്ഥങ്ങളെയും പോരാത്തതിന് ആശയ പ്രചരണത്തിനായി സ്വാമി സ്വന്തമായി രചനകളും നടത്തി. സ്വാമി ശിഷ്യന്മാര്‍ ഇത് വീടുവീടാന്തരം പ്രചരിപ്പിച്ചു. ഈ രചനകള്‍ സമാഹരിച്ച്, അഖിലത്തിരുട്ട് അമ്മാനൈ, അരുള്‍ നൂല്, തുടങ്ങിയ ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങി.
(തുടരും)