രണ്ടാം ലോകമഹായുദ്ധം മൂര്‍ദ്ധന്യത്തിലെത്തി നില്‍ക്കുന്ന കാലം. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ക്വിറ്റിന്ത്യാ സമരവും നേവീകലാപവും ബ്രിട്ടനെ ഇന്ത്യവിടാന്‍ നിര്‍ബന്ധിതമാക്കിയെങ്കിലും, പാറപ്പുറത്തെറിഞ്ഞ സ്ഫടികക്കുപ്പിപോലെ കഷണം കഷണമാക്കിയാല്‍ വീണ്ടും തങ്ങള്‍ക്ക് മറ്റൊരു രൂപേണ ഇന്ത്യയില്‍ ആധിപത്യം നിലനിര്‍ത്താന്‍ കഴിയുമെന്ന ദുരാശയോടെ ക്രിപ്‌സ്, മൗണ്ട് ബാറ്റണ്‍ മുതലായ, ശകുനികളെ തോല്‍പ്പിക്കുന്ന കുശുമ്പ് നിറഞ്ഞ ഗൂഢതന്ത്രജ്ഞരെ ബ്രിട്ടീഷുകാര്‍ അയച്ച് മയക്കുമരുന്ന് പ്രയോഗം നടത്തുന്ന അവസരമാണ്. ജിന്നയെ പ്രലോഭിപ്പിച്ച് മൂര്‍ച്ചയുള്ള കഠാരിയാക്കി നിര്‍ത്തിയിരിയ്ക്കയാണ് അവര്‍. മറുഭാഗത്ത് അഹിംസാസിദ്ധാന്തത്തിന്റെ പൊരുളറിയാത്ത ധാര്‍മ്മാധര്‍മ്മാപദ്ധര്‍മ്മ ജ്ഞാനമൂഢരായ അന്ധവിശ്വാസികളും, അധികാരക്കൊതിയന്മാരുമാണുള്ളത്. കുഴപ്പം ഏതുസമയത്തും, അഗ്നിപര്‍വ്വതംപോലെ, പൊട്ടിപുറപ്പെടാമെന്ന അവസ്ഥയാണ്. അതുകൊണ്ട് താനിപ്പോള്‍ പോകേണ്ട, മടങ്ങിവരാനൊക്കുമോയെന്നറിയില്ല എന്നിപ്രകാരം പോകാന്‍ പുറപ്പെട്ട എന്നെ കൂട്ടുകാര്‍ ഉപദേശിച്ചു. ഞാന്‍ പക്ഷേ, ആ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞു.
വണ്ടിയ്ക്കാണ് പെഷവാര്‍ വരെ പോയത്. പെഷവാര്‍ ടൗണ്‍ (1946) മത്സ്യച്ചന്തപോലെ, മലീമസമാണ്. നാറിപ്പുളിച്ച അന്തരീക്ഷം. റോഡുകള്‍ ഇടുങ്ങിയവ. രണ്ടു വാഹനങ്ങള്‍ക്ക് ഒന്നിച്ച് പോകാന്‍ പറ്റില്ല. വീടുകള്‍ കൊച്ചു കൊച്ചു കല്‍മാടങ്ങള്‍. കശാപ്പുചെയ്ത മൃഗാവശിഷ്ടങ്ങള്‍ തെരുവില്‍ ചിന്നിച്ചിതറിക്കിടക്കുന്നു. അങ്ങിനെ ചണ്ടിപിടിച്ച സ്ഥലത്ത് മനുഷ്യനെങ്ങിനെ ദിവസം കഴിയ്ക്കും. ടൗണിന്റെ അതിര്‍ത്തിയില്‍ ഒരു ബോര്‍ഡുകണ്ടു. അറബി ലിപിയിലാണെഴുത്ത്. ഭാഷ പുശ്ത്തു കലര്‍ന്ന ഉറുദുവും. ‘ഈ അതിര്‍ത്തി വിട്ടുപുറത്തുപോകരുത്, തട്ടിക്കൊണ്ടുപോകപ്പെടാന്‍ സാധ്യതയുണ്ട്.’ എന്നാണെഴുതിയിരിക്കുന്നത്. അവിടെയുമുണ്ട് ഒരു ആര്യസമാജം. ഞാന്‍ അവിടെപ്പോയി അഭയം തേടി. 90 ശതമാനവും പഠാണ്‍ മുസ്ലീങ്ങളാണ് ജനസംഖ്യ. ബാക്കി 10 ശതമാനം വരുന്ന ഹിന്ദുനാമധാരികളും സഭ്യതയില്‍ വലിയ മാറ്റമൊന്നുമില്ലാത്തവരായി കഴിഞ്ഞിരിക്കുന്നു. പേരില്‍ ഹിന്ദുവാണെന്നുമാത്രം. അങ്ങിനെ വറുത്തകടലയും വെള്ളവുമായി ബലൂചിസ്ഥാനും തക്ഷശിലയും കടന്ന് കൈബര്‍ചുരം വഴി ഗാന്ധാരമെന്ന ഖണ്ഡഹാറിലെത്തി. അവിടെ പീഠഭൂമിപോലെ, നിരന്ന സ്ഥലമാണ്. ഒരു വിമാനത്താവളമുണ്ടവിടെ, ഒരു കല്‍മാടം, അതാണ് വിമാനത്താവളം. ഹെലികോപ്റ്ററേ അവിടെ ഇറങ്ങു. ഖണ്ഡഹാര്‍ പ്രദേശത്ത് കുറച്ചു പഠാണ്‍സ് താമസിക്കുന്നുണ്ട്. അവിടെ വിട്ടാല്‍ ഗ്രാമങ്ങളോ, വീടുകളോ കാണാന്‍ കഴിയില്ല. നോക്കുന്നിടത്തെല്ലാം മാനം തുളയ്ക്കുന്ന മാതേവര്‍ക്കൊത്ത ചെമ്മണ്‍ കുന്നുകളും നിബിഡവനമാര്‍ന്ന മലകളും പ്രാലേയശൈലങ്ങളും കാണാമെന്നല്ലാതെ ജനസഞ്ചാരമുള്ള സ്ഥലങ്ങളൊന്നും കാണില്ല. ചെമ്മണ്‍ കുന്നുകള്‍, പുറ്റുകള്‍ക്കൊത്ത, ഗുഹകളാര്‍ന്നവയാണ്, ചില ഗുഹകളില്‍ നിന്ന്, കാട്ടാളരെപ്പോലെ വരുന്നവരെ അങ്ങിങ്ങു കാണാം. അതും വിരളമായി. എവിടെയാണിവരുടെ വാസമെന്നറിയില്ല. ആകാശയുദ്ധത്തിനു പറ്റിയതല്ല ആ ഭൂപ്രദേശം. പാമീര്‍ പീഠഭൂമി (ഇറാന്‍ അതിര്‍ത്തി) വരെ ഇത്തരം ഭൂപ്രദേശമാണ്. പുഴകള്‍ കുറവായതുകൊണ്ട് ജലക്ഷാമമുണ്ട്. ആടുവളര്‍ത്തലും രോമവസ്ത്രങ്ങളുണ്ടാക്കലുമാണ് പ്രധാന തൊഴില്‍, ഞെരിഞ്ഞില്‍ചെടികള്‍ ധാരാളം വളരുന്നതുകൊണ്ട് ആടുമേയ്ക്കാന്‍ പ്രയാസമില്ല. ഇതാണ് അഫ്ഗാനിസ്ഥാന്റെ ഒരു സാമാന്യ ചിത്രം.
അഫ്ഗാനിസ്ഥാനില്‍ നിന്നു മടങ്ങി, റാവല്‍പിണ്ഡിയില്‍ വന്ന്, കാശ്മീരിലേയ്ക്കു തിരിച്ചു. 200 ഓളം നാഴിക ദൂരമുണ്ട് ശ്രീനഗറിലേയ്ക്ക്. റാവല്‍പിണ്ഡിയില്‍ നിന്ന് പത്തുനാഴികപോയാല്‍ ഗുരുകുല്‍ റാവല്‍ എന്ന ഒരു ആര്യസമാജ ഗുരുകുലം കാണാം. 400-ഓളം കുട്ടികള്‍ അവിടെ പഠിയ്ക്കുന്നുണ്ട്. അവിടുത്തെ പ്രിന്‍സിപ്പല്‍ ശ്രീമദ് ആത്മാനന്ദജിയാണ്. അദ്ദേഹം ഒരു യോഗിയും ഭിഷഗ്വരനും വേദോപനിഷത്തുകളില്‍ മഹാപണ്ഡിതനുമായിരുന്നു. അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങി പോകണമെന്നു വിചാരിച്ച് അന്ന് അവിടെ പോയിതങ്ങി. അദ്ദേഹം പോകേണ്ട വഴിയും, താവളങ്ങളും വിവരിച്ചതന്നു. അതോടൊപ്പം ഒരുപദേശവും തരാന്‍ മറന്നില്ല. സംഘര്‍ഷാവസ്ഥയാണ് നാടെങ്ങും. ശ്രദ്ധിച്ചുപോവണം. ഇവിടുന്ന് 40 നാഴികപോയാല്‍ ഖോജാഗലിയിലെത്തും. അവിടെ ഒരമ്പലമുണ്ട്. അവിടെ തങ്ങാം. പിന്നെ മുറീഹില്‍സെന്ന യൂറോപ്യന്മാരുടെ സുഖവാസകേന്ദ്രമായ ഒരു ചെറുടൗണുണ്ട്. ഒന്നിലധികം ക്ഷേത്രങ്ങളുണ്ടവിടെ, മലഞ്ചെരുവില്‍. അവിടുന്ന് ചിക്കാഗലി അംദാബാദ് വഴി പോകാം എന്നിങ്ങനെ.
പിറ്റേദിവസം ബ്രാഹ്മമുഹൂര്‍ത്തത്തിലേഴുന്നേറ്റ് കുളിച്ച് കിച്ചടി (അരിയും, പച്ചക്കറിയും പരിപ്പും നെയ്യും മറ്റും ഒന്നിച്ചുവേവിച്ചു വറ്റിച്ചത്) ഉണ്ടാക്കിക്കഴിച്ച്, സ്വാമിജിയുടെ അനുഗ്രഹം വാങ്ങി, നമസ്‌കരിച്ച് കുത്തനെ നടന്നു. ഝലം നദീതീരത്തിലൂടെ കിഴക്കോട്ടുപോയി, വടക്കോട്ടു കേറുന്ന ഹൈവയിലൂടെ നടന്ന് അഞ്ച് മണിയോടെ സ്വാമിജി പറഞ്ഞ ഖോജാഗലി അമ്പലത്തിലെത്തി. അന്നവിടെ വിശ്രമിച്ചു. പിറ്റെദിവസം കാലത്തു പുറപ്പെട്ട് മേല്‍പ്പറഞ്ഞ മുറീഹില്‍സ്, ചിക്കാഗലി മുതലായ താവളങ്ങളില്‍ തങ്ങിത്തങ്ങി പടിഞ്ഞാറന്‍ പഞ്ചാബിന്റെയും കാശ്മീര്‍ സ്റ്റേറ്റിന്റെയും അതിര്‍ത്തി ഗ്രാമമായ അംദാബാദിലെത്താന്‍ ഒരു മാസത്തോളം എടുത്തു. അവിടുന്ന് എട്ടൊമ്പത് ദിവസങ്ങള്‍ വേണ്ടിവന്നു ശ്രീനഗറിലെത്താന്‍. ഭൂമിയിലെ സ്വര്‍ഗ്ഗമെന്ന വിശേഷണത്തിനു ചേര്‍ന്നതുതന്നെയാണ് ആ ഹിമാലയ പുത്രി കാശ്മീര്‍ ഭൂമി. വൈദികസാഹിത്യങ്ങളില്‍ പ്രതിപാദിച്ചതുപോലെ, പഞ്ചവര്‍ണ്ണ സമ്മിശ്രിതമായ അവിടുത്തെ സ്ത്രീപുരുഷന്മാര്‍ തികഞ്ഞ അരോഗദൃഢഗാത്രരും സുന്ദരന്മാരും സുന്ദരികളുമാണ്. പട്ടണമധ്യത്തിലൂടെ ഒഴുകുന്ന ഝലംനദി ഇരുകരകളിലും വാഴുന്ന ജനങ്ങളെ, മാതൃസമാനം, സ്വന്തം മൃദുലശീതള കരപല്ലവങ്ങളാല്‍ താലോലിച്ചോമനിയ്ക്കുന്ന ദൃശ്യം മറക്കാനാവാത്തതാണ്. ജനങ്ങളുടെ സാമ്പത്തിക്കാടിത്തറ ടൂറിസമാണെങ്കിലും പരവതാനി, സാരി, വൂളന്‍ഷാള്‍, വിവിധതരം പാദരക്ഷകള്‍ മുതലായവ ഉല്‍പ്പാദിപ്പിച്ച് വിറ്റും സാമ്പത്തികശേഷി വര്‍ദ്ധിപ്പിക്കുന്നവര്‍.
ശ്രീനഗറില്‍ നിന്ന് 30 നാഴികയോളം തെക്കുകിഴക്കാണ് ജമ്മുകാശ്മീര്‍ നഗരം. കാശ്മീരിന് രണ്ടു തലസ്ഥാനങ്ങളുണ്ട്. വേനല്‍ക്കാലത്ത് ജമ്മുവിലാണെങ്കില്‍, തണുപ്പുകാലത്ത് ശ്രീനഗറിലാണ്. ജമ്മു ഹിന്ദു ഭൂരിപക്ഷ പ്രദേശവും ശ്രീനഗര്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശവുമാകുന്നു. അഫ്ഗാനിസ്ഥാനില്‍, ബുദ്ധമത സ്മാരക പുരാവസ്തു ശേഖരങ്ങളാണധികമുള്ളത്. അവിടെ ഒറ്റപ്പാലത്തിനടുത്തുള്ള കോതകുര്‍ശിയില്‍ കാണുന്ന വെറുംപാറ മാത്രമായി നില്‍ക്കുന്ന അനങ്ങന്‍മലപോലെ, ഒരു ഊത്തന്‍മലയുണ്ട്. ആ പാറമേല്‍ മുഴുവന്‍ നൂറുകണക്കിനു ബുദ്ധന്റെയും ബോധിസത്വന്മാരുടെയും പല ഭാവത്തിലുള്ള പ്രതിമകള്‍ കാണാമായിരുന്നു. *1
മടങ്ങിയെത്തിയ ഞാന്‍ ജമ്മുവിലുള്ള അര്‍ജ്ജുന്റെ വീടന്വേഷിച്ച് അങ്ങോട്ടുപോയി. അവരെന്നെ സസന്തോഷം സ്വീകരിച്ചാദരിച്ചു. പിറന്നാള്‍ക്കാരനായ അച്ഛന്റെ പേര്‍ ഭിംസിങ്ങെന്നാണെന്നും അമ്മയുടെ പേര്‍ അഹല്യാദേവി എന്നാണെന്നും പറഞ്ഞു. പിറന്നാളാഘോഷം വളരെ ഗംഭീരമായി. കുറച്ചുനാള്‍ ആ സ്വര്‍ഗ്ഗസമാന സുന്ദരപ്രദേശം കണ്ടാസ്വദിച്ചുകൂടി. പിന്നെ അമര്‍നാഥ് ഗുഹകാണാന്‍ പോയി. അമര്‍നാഥ് തീര്‍ത്ഥാടനക്കാലമായിരുന്നു അത്. അര്‍ജ്ജുനും ഉണ്ടായിരുന്നു വഴികാട്ടിയായി. നാലഞ്ചു നദികളും തോടുകളും കടന്നുവേണം അമര്‍നാഥിലേയ്ക്കുപോകാന്‍. പ്രകൃതി തന്നെ ഉണ്ടാക്കിയ ഗുഹയാണത്. പറ്റിപ്പിടിച്ച് മഞ്ഞുപാളിയാലാവൃതമായ ഗുഹാന്തര്‍ഭാഗം, വെള്ളിപൂശിയപോലെ തോന്നും. ഹിമശിവലിംഗമാണവിടുത്തെ പ്രതിഷ്ഠ. ഭൂഗോളത്തിന്റെ അച്ചുതണ്ടുപോലെ, ലേശം ചരിഞ്ഞാണ് നില്‍ക്കുന്നത് ശിവലിംഗം. വിളക്കുകളില്ല ഉള്ളില്‍. പുറത്തുസ്ഥാപിച്ച വിളക്കിന്റെ പ്രതിഫലനം കൊണ്ടുകിട്ടുന്ന മങ്ങിയ വെളിച്ചമേ ഉള്ളു ഗുഹാന്തര്‍ഭാഗത്ത്. ഭക്തജനങ്ങള്‍ക്ക് അകത്തുകടക്കാന്‍ ക്യൂ നിന്നിട്ടുവേണം. ഞാനും ക്യൂ നിന്ന് അകത്തുകടന്ന് തൊഴുതുനില്‍ക്കെ, ഒരത്ഭുതം കണ്ടു. ശിവലിംഗത്തിന്റെ ശിരസ്സില്‍ മുകള്‍ഭാഗത്ത് നിന്ന്, തീര്‍ത്ഥം (ജലബിന്ദു) സദാ ഇറ്റിറ്റു വീഴുന്നു. എവിടെ നിന്നാണാ തീര്‍ത്ഥകണങ്ങള്‍ വന്നുവീഴുന്നതെന്നറിഞ്ഞു കൂടാ ഹിമബിംബം ഉരുകാതെ സുരക്ഷിതമായിരിയ്ക്കുന്നതുകൊണ്ടായിരിക്കാം.
ഞങ്ങള്‍ മടങ്ങി. പിറ്റെദിവസം പുലര്‍ച്ചെ ഞാന്‍ അര്‍ജ്ജുന്റെ മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും യാത്രപറഞ്ഞ് അവരുടെ ആശംസകള്‍ സ്വീകരിച്ച് ഗുരുകുല്‍റാവലിലേയ്ക്കു യാത്ര തിരിച്ചു. അര്‍ജ്ജുന്‍ എന്നെ യാത്രയാക്കാന്‍ ശ്രീനഗര്‍വരെ പോന്നു. മടങ്ങി ഗുരുകുല്‍റാവലിലെത്തി ആത്മാനന്ദജിയെ കണ്ട് യാത്രാനുഭവങ്ങള്‍ കൈമാറി. അദ്ദേഹം എന്റെ തലയ്ക്കു കൈവച്ചു പറഞ്ഞു നിനക്ക് ഈശ്വരാനുഗ്രഹമുണ്ട്. നന്നായ്‌വരും. ഞാന്‍ തലകുനിച്ച് അനുഗ്രഹം ശിരസ്സില്‍ മാത്രമല്ല ഹൃദയത്തിലും ഏറ്റുവാങ്ങി.
വേദോപനിഷത്ത് സംബന്ധമായ ഉപരിപഠനത്തിനും യോഗപരിശീലനത്തിനുമായി അവിടെ താമസമാക്കി. അപ്പോഴെയ്ക്കും വര്‍ഗ്ഗീയവിദ്വേഷാഗ്നി ധൂമപടലം രാജ്യമെങ്ങും പടര്‍ന്നു പരന്ന്, ജനങ്ങള്‍ക്ക് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. 1946 – ആദ്യത്തോടെ തന്നെ വിഭജനാഗ്നി പര്‍വ്വതം പൊട്ടി, ലാവാപ്രവാഹം തുടങ്ങി. ഒരു ദിവസം ദിനപത്രം വന്നപ്പോള്‍ കല്‍ക്കത്തയില്‍ വര്‍ഗ്ഗീയകലാപം. നൂറുക്കണക്കു ശവങ്ങള്‍ ഹുഗ്ലീനദിയിലെഴുക്കപ്പെട്ടു എന്ന് വെണ്ടയ്ക്കാ അക്ഷരത്തില്‍, പ്രമുഖപത്രങ്ങള്‍ പ്രഥമ പേജിലെഴുതിക്കണ്ടു.
സ്വാമി ആത്മാനന്ദജി, ഉപരിപഠനാര്‍ത്ഥം വന്നുതാമസിക്കുന്ന 30-ാളം പേരടങ്ങുന്ന ഞങ്ങള്‍ യുവാക്കളെ വിളിച്ചുകൂട്ടി പറഞ്ഞു. ആദ്യമായി കൊച്ചുകുട്ടികളായ വിദ്യാര്‍ത്ഥികളെ, അതതു രക്ഷിതാക്കളെ ഏല്‍പ്പിക്കണം. പിന്നെ നിങ്ങള്‍ക്ക് ഭയമുണ്ടെങ്കില്‍ വേഗം സ്ഥലംവിടാം. ഇവിടെ കുറെ അധികം സ്ഥാവരജംഗമസ്വത്തുക്കള്‍ ശേഖരിച്ചിട്ടുണ്ട് നാം. അവയില്‍ സ്ഥാവരം പോകട്ടെ. ജംഗമം സംരക്ഷിക്കണം. ആദ്യം കടത്തേണ്ടത് വിലമതിയ്ക്കാനാവാത്ത ഗ്രന്ഥങ്ങളാണ്. മറ്റുള്ളവ പിന്നെ ഉണ്ടാക്കിയാലുമുണ്ടാക്കാം. അതുകൊണ്ട് ഞാനതു കഴിഞ്ഞിട്ടേ പോകൂ എന്നിങ്ങനെ. ഇതുകേട്ടപ്പോള്‍ ഞങ്ങള്‍ മുപ്പതുപേരുണ്ട്. ഭീരുക്കളല്ല ഞങ്ങള്‍, മരണംവരെ ഞങ്ങളങ്ങയുടെ കൂടെ നില്‍ക്കും. അതുകൊണ്ടിനി ശത്രുസംഹാരത്തിന് സജ്ജമാവുകയാണ് മറ്റെല്ലാം നിര്‍ത്തിവച്ച് വേണ്ടത്. പുസ്തകങ്ങള്‍, ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് മാറ്റാവുന്നതേയുള്ളു. ഒരു വാനുണ്ടായാല്‍ കഴിഞ്ഞു കാര്യം. എന്നു ഞങ്ങള്‍ തീര്‍ത്തുപറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു.
പിന്നെ താമസിച്ചില്ല, രക്ഷിതാക്കളെ വരുത്തി കുട്ടികളെ അവരെ ഏല്‍പ്പിച്ച് സുരക്ഷിതരാക്കി. പുസ്തകങ്ങള്‍ അമൃതസറിലുള്ള സമാജത്തിലേയ്ക്കു മാറ്റി. കാരണം വിഭജനം കഴിഞ്ഞാല്‍ അമൃതസര്‍ ഭാരതത്തില്‍പെടുമെന്നതുതന്നെ. അതിനുശേഷം, ഞങ്ങളുടെ കൂട്ടത്തില്‍ നാലഞ്ചുകൊല്ലങ്ങള്‍ക്കു മുമ്പ് മതംമാറി, ഖുര്‍ആന്‍ പഠിച്ച് മുല്ലാക്കയായി, വീണ്ടും ഹിന്ദുവായി വന്ന ഒരു യു.പിക്കാരന്‍ പണ്ഡിറ്റുമുണ്ടായിരുന്നു. അയാള്‍ താടി നീട്ടി തുര്‍ക്കിത്തൊപ്പി ധരിച്ച് മുസ്ലീം വേഷംകെട്ടി വസ്തുതാശേഖരണത്തിനു പുറപ്പെട്ടു. വെളുപ്പാന്‍ കാലത്ത് പോയി, രാത്രി ഒരു മണിവരെ പള്ളികളിലും മറ്റും പോയി. മുസ്ലീങ്ങളുടെ പരിപാടികളെ സംബന്ധിച്ച രഹസ്യങ്ങള്‍ ചോര്‍ത്തി ഞങ്ങളെ അയാള്‍ അറിയിച്ചുകൊണ്ടിരുന്നു.*2
(തുടരും)
*1 ലേഖകന്‍ ബാമിയാന്‍ പ്രതിമകളെക്കുറിച്ചാണോ പറയുന്നത് എന്ന് വ്യക്തമല്ല. പില്‍ക്കാലത്ത് തീവ്രവാദികളാല്‍ നശിപ്പിക്കപ്പെട്ടത് ബാമിയാന്‍ പ്രതിമകളാണ്.
*2 ജനസംഖ്യാടിസ്ഥാനത്തില്‍ പഞ്ചാബിലെ ജില്ലകളെ പാകിസ്ഥാനിലേക്കോ, ഇന്ത്യയിലേക്കോ ചേര്‍ക്കാനുള്ള ബ്രിട്ടന്റെ തീരുമാനം കോണ്‍ ഗ്രസ്സും മുസ്ലീംലീഗും അംഗീകരിച്ചതാണ് ലഹള പൊട്ടിപ്പുറപ്പെടാന്‍ കാരണമായത്.
Comments