ഭള്ളാല്‍ ഭൂമി ഹരിക്കുവാന്‍ കൊതിവളര്‍-
ക്കേണ്ടാ വിഷവ്യാള1 നിന്‍-
കള്ളത്തത്തൊടു ഘോരസൈന്യ പടലം
ധ്വംസിക്കുവാന്‍ പോന്നവര്‍
തള്ളിക്കേറിയുടച്ചിടും ദുരയെഴും
നിന്‍ശീര്‍ഷമക്കാളിയ-
ന്നുള്ളില്‍ തീമഴപെയ്തബാലകകുലോദ്-
ഭൂതപ്രവീര്യാധികര്‍.
മുന്നംഭ്രാന്തുകലര്‍ന്നുദുഷ്ടദിതിജര്‍-
ക്കൊപ്പം കൊടുംപത്തികള്‍
സന്നാഹിച്ചഖിലം ത്രിവിഷ്ടപ2മഹാ-
രാജ്യം മുടിച്ചീലയോ,
മന്നിന്‍ നന്മകള്‍ ദേവതുല്യര്‍ തപമാ
ണ്ടുള്ളോരുലാമാദികള്‍
തന്നെക്കൊന്ന കണക്കു തീര്‍ക്കുമുടനേ
ധീരാംബയെന്‍ഭാരതം.
കമ്പോളങ്ങള്‍ തുറന്നു തന്നു വളര-
ട്ടേ നീ സഗര്‍ഭ്യന്‍ നിവര്‍-
ന്നുമ്പര്‍ക്കൊത്തര സേന സര്‍വജനവും
വാഴുന്നതല്ലോസുഖം,
തുമ്പം പാമ്പിനു പാല്‍കൊടുത്ത വിധമായ്
ചെയ്‌തോ കൊടും ദുഷ്ടതേ
വമ്പിക്കേണ്ടുടനേ വരുന്നു ഗരുഡന്‍
നിന്നന്തകന്‍ ക്രുദ്ധനായ്.
ലോകം നിന്‍ ഗരളാഗ്‌നിയില്‍3ശലഭമെ
ന്നോണം ദഹിക്കെ ഭ്രമാ-
ലേകന്‍ നീ ഭുവനാധിനാഥ നിനിമേ-
ലെന്നാടിടേണ്ടുത്സവം,
പോക്കാകും പടി ലോക വിക്ലബമുടന്‍
ദിവ്യൗഷധംകൊണ്ടുവ-
ന്നാര്‍ക്കാന്‍ വിക്രമമാര്‍ന്ന വീരഹനുമദ്4
കൗലീനര്‍ ഞങ്ങള്‍ ധ്രുവം.
പണ്ടും നിന്‍ കുടില പ്രവൃത്തിയിതുമ-
ട്ടന്നൊക്കെയെന്‍ പൂര്‍വികര്‍
കണ്ടം തുണ്ട മൊടിച്ചെറിഞ്ഞു വിഷദംഷ്ട്രങ്ങള്‍
രണപ്രൗഢിയാല്‍,5
തെണ്ടി പ്രാണനു കാലില്‍ വീണു ബഹുധാ
കേഴുന്ന നിന്‍മെയ് ക്രുധാ-
ഖണ്ഡിക്കാതെ മടക്കി വിട്ടതിതിനോ
സമ്മാനമോര്‍ത്തീടു നീ.
ഏകത്വം ബത സത്യമിങ്ങു പലതു-
ണ്ടെന്നുള്ളതോമിഥ്യതാന്‍
ലോകം ഭവ്യകുടുംബമേകമതിനാല്‍
സംഗച്ഛയെന്നോതിനോര്‍,
ഏകീട്ടുണ്ടു സമസ്ത ശത്രുനികര-
പ്രോദ്ധ്വംസനോദ്യദ്‌രസം
തീക്കൊള്ളുന്ന മഹാസ്ത്ര ജാലഗണവും
ധര്‍മ്മാഭി രക്ഷാര്‍ത്ഥമായ്.
മേഘത്തിന്‍ മറപറ്റിയഗ്‌നി വിശിഖ
വ്രാതം ചൊരിഞ്ഞിന്നിലം
മോഘീകൃത്യ ജയിക്കയെന്ന കനവും
വേണ്ടിങ്ങുമായാബലാല്‍,
നിര്‍ഘാത ക്രുധ പൂണ്ടു പര്‍വതസമ-
ന്മാര്‍ രാമ സൈന്യാധിപ-
വ്യാഘ്രന്മാര്‍ വരവായ് നികുംഭില പൊടി-
ച്ചീടാന്‍ വെടിപ്പായുടന്‍.
ബദ്ധാടോപമെഴുന്ന വെല്ലുവിളികള്‍
ഞങ്ങള്‍ക്കു ശക്ത്യാസമാ-
രാദ്ധ്യം വിശ്വഹിതം പെടാനവസരം
ദുസ്സാദ്ധ്യമെന്തിങ്ങുവാന്‍,
സ്പര്‍ദ്ധിക്കേണ്ട രചിക്കുവാന്‍ വിപുല സാ-
മ്രാജ്യം, തുനിഞ്ഞാകില്‍ നിന്‍
ശ്രാദ്ധത്തിന്‍ വക സംഭരിക്ക, യിനിമേല്‍
നല്ലൂ വികാസോദ്യമം.
തുല്യം താനൃഷി സന്തതിക്കു ഭഗവാന്‍
ശ്രീബുദ്ധ പാദങ്ങളും
മല്ലില്‍ ദൈത്യവരം പിളര്‍ന്ന നരസിം
ഹോദ്യന്‍ നഖക്രൗര്യവും,
ചൊല്ലീടെന്തു നിനക്കു വാഞ്ഛിതമതേ
നല്‍കീടുവന്‍ തത്ക്ഷണം
കില്ലില്ലാ തവ ഗൂഢ സര്‍പ്പണവിധം
തെല്ലുംപൊറുക്കാദൃഢം.
ഉണ്ടല്ലോ തവ നിഷ്ഠുര ക്രിയകളില്‍
വിദ്വേഷമാര്‍ന്നും ഭയാല്‍
മിണ്ടാതൊട്ടഴലാണ്ടുമങ്ങൊളിവിലെ-
ല്ലാര്‍ക്കുംസുഖംനേരുവോര്‍,
പണ്ടേ ഞങ്ങള്‍ വിഭീഷണന്നധികൃതം
രാജ്യം കൊടുപ്പാന്‍ മഹാ-
ചണ്ഡാംശു പ്രകുലീനര്‍6, കാണ്‍കിലിതു താ
നല്ലീ വിധിക്രീഡിതം ?
എന്തെല്ലാമെതിരിട്ടു ഞങ്ങള്‍യുഗസാ-
ഹസ്രങ്ങളില്‍ പണ്ടു മി-
ങ്ങന്തസ്സേറ്റിന പൂര്‍വികര്‍ക്കഭിമതം
വായ്പിക്കുവാന്‍ വല്ലഭര്‍,
രന്ധ്രാന്വേഷികളില്‍ വൃകോദരഗദാ-
ഘാതങ്ങളായര്‍ജ്ജുനന്‍
സന്ധാനിച്ച കഠോര പാശുപതമായ്
പൂര്‍ണ്ണം പടര്‍ന്നീടുവോര്‍.
ഉത്സാഹിക്കുക കാലമായ് സഹജരേ
രണ്ടാമതാം സര്‍പ്പസ-
ത്രസ്ഥം വഹ്നിയില്‍ ദുഷ്ട വൈരിനികരം
വെന്തറ്റിടേണം ദ്രുതം,
സ്വസ്തം മോറുക സ്രുക് സ്രുവങ്ങളഭിമ-
ന്ത്രിക്കുഗ്രരുദ്രോത്തമം
നിസ്തന്ദ്രം ഹുതഭുക്കിനേകുക രിപു
പ്രദ്ധ്വംസി ഹവ്യങ്ങളും.
മൂന്നാണഗ്‌നികള്‍ യജ്ഞഭൂവിലവനല്ലോണം
ജ്വലിപ്പിക്കുവിന്‍
ഒന്നൈക്യാമൃതവഹ്നിഭാരതമഹാ
ദേവിക്കുസേവാര്‍ത്ഥമായ്,
തിന്നങ്ങാടിമുടിക്കുമക്കുമതിതന്‍ പണ്ടങ്ങള്‍
വര്‍ജ്ജിക്കര-
ണ്ടെന്നും സ്വാത്മനിനിര്‍ഭരത്വമിവയാല്‍
ത്രേതാഗ്‌നിസമ്പൂര്‍ണ്ണമായ്.
വന്ദിപ്പിന്‍ വരവായ് ഭയങ്കരമഹാ
സിംഹോപരിശ്രീകരൈര്‍
ചെന്തീചിന്തുമസംഖ്യഖഡ്ഗപരിഘ
വ്രാതങ്ങളേന്തി ക്രുധാ,
ചിന്താന്‍മാഹിഷമര്‍ദ്ദിനീഖലരിപു
ക്കൂട്ടങ്ങളെപ്പിന്നെയും
നന്ദിപ്പാന്‍ സമനുഗ്രഹോത്തമശതൈര്‍
നല്ലോരെയെല്ലാരെയും.
1. ചീന
2. തിബത്ത്
3. കൊറോണ വൈറസ്
4. മൃതസഞ്ജീവനി കൊണ്ടുവന്ന രാമായണം
5. ഭാരത രാജാക്കന്മാര്‍ ദേവലോകം രക്ഷിച്ച കഥകള്‍.
6. ചീനയുടെ ഭരണം സജ്ജനങ്ങളെ ഏല്പിക്കുമെന്നും
ടിബറ്റ് മുതലായവയെ സ്വതന്ത്രമാക്കുമെന്നും.