കുരിശുനാട്ടി എല്ലാം ക്രൈസ്തവവല്ക്കരിക്കുന്ന പള്ളിമതം യോഗയ്ക്കു മുമ്പില്‍ തോല്ക്കുന്നു. ക്രിസ്ത്യാനി യോഗ അനുഷ്ഠിക്കുന്നതുകൊണ്ട് യോഗ ക്രൈസ്തവമാകില്ല എന്നാണ് കെ.സി.ബി.സിയ്ക്കുണ്ടായ ബോധോദയം. അറിയാതെ മറ്റൊരു മതത്തിലേയ്ക്ക് (ഹൈന്ദവ മതത്തിലേയ്ക്ക്) എത്തിപ്പെടാനുള്ള സാദ്ധ്യതയാണ് യോഗയിലൂടെ ഉണ്ടാവുക എന്ന ഭയവും അവര്‍ക്കുണ്ട്. ഇതുസംബന്ധിച്ച് പഠിക്കാന്‍ കെ.സി.ബി.സി. നിശ്ചയിച്ച ദൈവശാസ്ത്ര കമ്മീഷന് ചെയര്മാന് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി തയ്യാറാക്കിയ 27 പേജൂള്ള റിപ്പോര്‍ട്ടിലാണ് ഇതു പറയുന്നത്. യോഗ കത്തോലിക്കര്‍ക്ക് ചെയ്യാമോ, ചെയ്യുമ്പോള്‍ പാലിക്കേണ്ടേ മുന്‍കരുതല്‍ എന്തൊക്കെ എന്നുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് ഈ കമ്മറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഫലത്തില്‍ കെ.സി.ബി.സി. പുലിവാലുപിടിച്ച സ്ഥിതിയിലായി. യോഗയെ ഒഴിവാക്കാനും വയ്യ. യോഗ ചെയ്യാനും വയ്യ. ലോകം മുഴുവന്‍ യോഗയ്ക്കു പിന്നാലെ പോകുമ്പോള്‍ മാറിനിന്നാല്‍ ഒറ്റപ്പെട്ടുപോകും. കത്തോലിക്കരോട് യോഗ ചെയ്യാന്‍ ആഹ്വാനം ചെയ്താല്‍ യോഗയിലൂടെ ക്രൈസ്തവര്‍ ഹൈന്ദവ ആത്മീയതയിലേയ്ക്ക് പോകും. യോഗയെ ക്രിസ്തീയ ആത്മീയതയുമായി ബന്ധിപ്പിക്കുക എന്നത് പ്രയാസമാണ്. അതു പറ്റില്ലെന്നു പോപ്പ് തന്നെ പറഞ്ഞിട്ടുണ്ട്. കെ.സി.ബി.സി മാത്രമല്ല കത്തോലിക്കരെ മൊത്തത്തില്‍ ത്തന്നെ ആശയക്കുഴപ്പത്തിലാക്കിയിരിക്കയാണ് യോഗ. നേരത്തെ ഹൈന്ദവ ബിംബങ്ങളെയും ആചാരങ്ങളെയും വികലമായി ചിത്രീകരിച്ച് മതംമാറ്റത്തിനു ഉപയോഗിച്ചിരുന്ന പാതിരിപ്പടയുടെ തന്ത്രം യോഗയ്ക്കു മുമ്പില്‍ പരാജയപ്പെടുകയാണ്.