Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

ജനകീയ വിദ്യാഭ്യാസനയം

എ.വിനോദ്

Print Edition: 25 September 2020

പുതിയ നൂറ്റാണ്ടിന്റെ ആദ്യ ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നു. നീണ്ട 34 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ വിദ്യാഭ്യാസനയം വരുന്നത്. അതിനിടയില്‍ ലോകത്തുണ്ടായ വലിയ പരിവര്‍ത്തനങ്ങളെയും വെല്ലുവിളികളെയും അഭിസംബോധന ചെയ്യുന്നതിനോടൊപ്പം ഭാരതത്തെ സ്വയംപര്യാപ്തയില്‍ ഊന്നി, ഊര്‍ജ്ജസ്വല വിജ്ഞാനസമൂഹത്തെ സൃഷ്ടിച്ച്, വിശ്വഗുരുവാക്കുക എന്ന ചിരന്തനദൗത്യം ഈ നയത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. മൂന്ന് ലക്ഷത്തിനടുത്ത് വരുന്ന ഗ്രാമപഞ്ചായത്തുകളുടെയും 135 കോടി വരുന്ന ഭാരതീയരുടെയും അഭിലാഷങ്ങളാണ് ഈ നയരേഖയില്‍ പ്രതിഫലിക്കുന്നത്. അതിനാല്‍ സമഗ്രവും സര്‍വ്വസ്പര്‍ശിയുമായ ഈ നയത്തെ വിശേഷിപ്പിക്കാവുന്ന പേര് ജനകീയ വിദ്യാഭ്യാസ നയം എന്നാണ്.

നിറത്തിലും രൂപത്തിലും മാത്രമല്ല, വീക്ഷണത്തിലും വിചാരത്തിലും അഭിരുചിയിലും അഭിപ്രായത്തിലും സമ്പൂര്‍ണ്ണ ഭാരതീയനെ സൃഷ്ടിക്കലാണ് നയരേഖയുടെ ദര്‍ശനം. കഴിഞ്ഞ രണ്ട് നൂറ്റാണ്ട് ഭാരതത്തിന്റെ സമസ്ത മേഖലയിലും ആധിപത്യം പുലര്‍ത്തിയ യൂറോകേന്ദ്രിത വീക്ഷണങ്ങള്‍ക്ക് ഇതോടെ അറുതി വരും. 2047-ല്‍ ഭാരതം സ്വാതന്ത്ര്യത്തിന്റെ നൂറു വര്‍ഷം പൂര്‍ത്തികരിക്കുന്നതിന് മുന്നേ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഭാരതം ആരുടെയും പിന്നിലാകരുത് എന്നതാണ് പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമിടുന്നത്. വികസിത ഭാരതം സ്വപ്‌നം കാണുന്നത് യുവ സമൂഹത്തിന്റെ ആശയും അഭിലാഷങ്ങളുമാണ്. അതിനാല്‍ ഇത് വിദ്യാര്‍ത്ഥി പക്ഷ നയമാണ് എന്നും പറയാം.

സമഗ്രതയും സര്‍വ്വസ്പര്‍ശിത്വവുമാണ് ഈ നയരേഖയുടെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത. വ്യക്തിയുടെ സമഗ്ര വികാസം, വിദ്യാഭ്യാസത്തിന്റെ ഘടന, ഭരണ നിയന്ത്രണ നിര്‍വഹണ രീതികള്‍, ഉള്ളടക്കം, പഠനരീതികള്‍, ജീവിത മൂല്യങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വിലയിരുത്തുകയും വിദ്യാഭ്യാസ സമ്പ്രദായത്തെ ഉടച്ചുവാര്‍ക്കുകയും ചെയ്യുന്ന രൂപരേഖ ഈ നയം മുന്നാട്ടു വയ്ക്കുന്നു. വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളും ഭാവി സങ്കല്പങ്ങളും തമ്മിലുള്ള വിടവിനെക്കുറിച്ച് ഉത്തമ ബോധ്യത്തോടെയാണ് നിലപാടുകള്‍ എടുക്കുന്നത്. അടിസ്ഥാന സാക്ഷരതയും ഗണിതശേഷിയും ബാല്യത്തില്‍ തന്നെ ഉറപ്പിക്കുക എന്നത് വളരെ പ്രാധാന്യത്തോടെ കാണുന്നു. സാമൂഹികം, സാമ്പത്തികം, പ്രാദേശികം, ലിംഗപരം, ഭാഷാപരം, ശാരീരികം, മാനസികം തുടങ്ങി എല്ലാ വൈവിധ്യങ്ങളെയും നയം പരിഗണിക്കുന്നു. നിര്‍വ്വഹണത്തില്‍ എല്ലാവരെയും ഒരുപോലെ പരിഗണിക്കുമെന്നും ഓരോ കുട്ടിയെയും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കണമെന്നും അര്‍ത്ഥശങ്കക്കിടയില്ലാതെ പറഞ്ഞിരിക്കുന്നു. ജീവിത മൂല്യവും സ്വാഭിമാനവും നല്‍കി, പിന്നാക്ക മേഖലകളെ പ്രത്യേക വിദ്യാഭ്യാസ മേഖലകളാക്കി പരിഗണിക്കുന്ന പദ്ധതി നിര്‍വഹണത്തിലൂടെ ആത്മനിര്‍ഭര ഭാരതത്തിന്റെ അടിസ്ഥാന ശിലയിടാനള്ള ചിന്തയും ശക്തിയുമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലെ വിവിധ നിര്‍ദ്ദേശങ്ങളെ കോര്‍ത്തിണക്കുന്ന ചരട്.

എന്ത് പഠിക്കണം? എത്ര പഠിക്കണം? എന്ന സമീപനത്തില്‍ നിന്നും ‘എങ്ങിനെ പഠിക്കണം’ എന്ന് പരിശീലിപ്പിക്കുന്ന രീതിയില്‍ ഇന്നത്തെ വിദ്യാലയ ഘടനയായ 10+2നെ ശാസ്ത്രീയസമീപനത്തിലൂടെയുള്ള പാഠ്യപദ്ധതിക്ക് അനുസൃതമായി 5+3+3+4 എന്ന ക്രമത്തിലേക്ക് പുനര്‍രചിക്കാന്‍ നയരേഖ നിര്‍ദ്ദേശിക്കുന്നു. ഇത് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അലകുംപിടിയും മാറ്റിമറിക്കും. കുട്ടിയുടെ ബുദ്ധി വികാസത്തിന്റെ 85%വും നടക്കുന്നത് മൂന്നു വയസു മുതല്‍ എട്ട് വയസ് വരെയാണ്. ഇതിനെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനതലമായി വിഭാവനം ചെയ്യുന്നു. ഇവിടെ കലയും കഥയും കവിതയും പാട്ടും അന്വേഷണവും പഠനമാവും. ഇതിലൂടെ പല ഭാഷകളുടെ ചാരുതയും മാതൃഭാഷയുടെ മാധുര്യവും അറിഞ്ഞും അനുഭവിച്ചും കുട്ടിക്ക് വളരാന്‍ അവസരം ഒരുക്കുന്നു. പഠനം ഭാരമാവില്ലെന്നു മാത്രമല്ല ഭാവന സമ്പന്നവുമാകും.

അതിബാല്യപരിപാലനവിദ്യാഭ്യാസ (ECCE)ത്തില്‍ കുട്ടിയുടെ ശാരീരിക പോഷണത്തിനും സംസ്‌കാര പ്രക്രിയക്കുമാണ് പ്രാധാന്യം. സംസ്‌കാര പ്രക്രിയയെന്നാല്‍ ജീവിതശീലങ്ങള്‍ സ്വാംശീകരിക്കുക. വിദ്യാലയത്തിന്റെ അന്തരീക്ഷവും അധ്യാപകരുടെ സമീപനവും മാതാപിതാക്കളുടെ പങ്കാളിത്തവും ഈ ശിശുവിദ്യാഭ്യാസത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. ഇന്നത്തെ ഔപചാരിക പ്രാഥമിക വിദ്യാഭ്യാസത്തിന്റെ താഴോട്ടുള്ള വലിച്ചുനീട്ടലിന് പകരം, കുട്ടിയുടെ നൈസര്‍ഗികഭാവത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കി, കഥകളിലൂടെയും കളികളിലൂടെയും നല്ല ശീലങ്ങള്‍ക്കും ശാരീരിക-മാനസിക വികാസത്തിനും ഊന്നല്‍ നല്‍കുന്ന പാഠ്യപദ്ധതിയായിരിക്കും നടപ്പാക്കുക. ഇളംപ്രായത്തിലുള്ള കുട്ടിയുടെ അലക്ഷ്യവും അസുരക്ഷിതവുമായ ബാല്യകാലത്തെ ശാസ്ത്രീയവും പ്രായോഗികവുമായ ശിശുവിദ്യാഭ്യാസ പദ്ധതിയിലൂടെ അര്‍ത്ഥപൂര്‍ണ്ണമാക്കും. ഇത് വിപ്ലവകരമായ മാറ്റമാണ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും സാമൂഹ്യ വികസനത്തിലും ഉണ്ടാക്കുക. ഈ തലത്തിലേക്കുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കുടും (NCF) അധ്യാപക പരിശീലനവും 2021-22ല്‍ പൂര്‍ത്തികരിക്കണം എന്ന നിര്‍ദ്ദേശം എത്രത്തോളം പ്രാധാന്യത്തോടെയാണ് ശിശുവിദ്യാഭ്യാസത്തെ കാണുന്നത് എന്നതിന്റെ സൂചനയാണ്.

ഭാഷകളുടേയും ഗണിതത്തിന്റെയും അടിസ്ഥാന തത്വങ്ങള്‍ ഉറപ്പാക്കുക എന്നതുതന്നെയാണ് രണ്ടാമത്തെ ഘട്ടമായ തുടര്‍ന്നുള്ള മൂന്നു വര്‍ഷത്തെ ഊന്നല്‍. അടിസ്ഥാന സാക്ഷരതയും ഗണിത ശേഷിയും നേടിയാണ് ഓരോ കുട്ടിയും ആറാം തരത്തിലേക്ക് എത്തുന്നത് എന്ന് ഉറപ്പാക്കുന്ന ദേശീയ സാക്ഷരത ഗുണനിലവാരമിഷന്‍ നിലവില്‍ വരും. മാതൃഭാഷയില്‍ ഊന്നിക്കൊണ്ട് വിവിധ ഭാഷകള്‍ പഠിക്കാന്‍ ഇവിടെ അവസരം ഒരുക്കും. അടുത്ത മൂന്നു വര്‍ഷങ്ങളിലാണ് വിഷയങ്ങളിലേക്കുള്ള പ്രവേശനം. കൂട്ടത്തില്‍ അഭിരുചിക്കും പ്രാദേശിക സാധ്യതകള്‍ക്കും അനുസരിച്ച് കലയും തൊഴിലും പഠിക്കാം. ചുരുങ്ങിയത് പത്ത് ദിവസം പുസ്തകമില്ലാതെ വിദ്യാലയത്തില്‍ പോകാം. ഈ തൊഴില്‍ വിദ്യാഭ്യാസം നൈപുണിക്കല്ല, മറിച്ച് അഭിരുചി കണ്ടെത്താനാണ്, അനുഭവം നല്‍കാനാണ്, വീക്ഷണം മാറ്റാനാണ്. സമൂഹത്തിന്റെ വൈവിധ്യത്തെ അടുത്തറിയാനാണ്. ഔപചാരിക വിദ്യാഭ്യാസത്തെ പരമ്പരാഗത അറിവുകളോടും കഴിവുകളോടും ബന്ധിപ്പിക്കാനാണ്. ആധുനിക വിദ്യാഭ്യാസത്തെ പരമ്പരാഗത അറിവുകളോടും കഴിവുകളോടും സാങ്കേതികവിദ്യയോടും സമന്വയിപ്പിക്കുന്ന ഈ പ്രക്രിയയിലൂടെ ഭാരതത്തിന്റെ സംസ്‌കൃതിയോടും പ്രകൃതിയോടും വികസന സ്വപ്‌നങ്ങളോടും വിദ്യാഭ്യാസം ചേര്‍ന്നു നില്‍ക്കും. ആത്മനിര്‍ഭരഭാരതം അഥവാ സ്വാശ്രയ ഭാരതം എന്ന ഗാന്ധിയന്‍ സങ്കല്പത്തില്‍ അദ്ദേഹം തന്നെ രൂപകല്‍പ്പന ചെയ്ത അടിസ്ഥാന വിദ്യാഭ്യാസം എന്ന വാര്‍ദ്ധാ മാതൃകയുടെ ആധുനിക പ്രയോഗം ഓരോ വിദ്യാലയത്തിലും പ്രതിബിംബിക്കും. ഇതിലൂടെ പഠനം സിദ്ധാന്തങ്ങളില്‍ നിന്നും പ്രയോഗവല്‍ക്കരിക്കാന്‍ കഴിയും. ഒരു കുട്ടിക്കും വിദ്യാഭ്യാസവും വിദ്യാലയവും തന്റെ പരിസരത്തില്‍ നിന്നും അന്യമായി തോന്നില്ല. പുസ്തകഭാരം കുറയുകയും പഠനം ലളിതവും, ആനന്ദദായകമാവുകയും ചെയ്യും.

കൗമാരക്കാരുടെ ആശയും അഭിലാഷവും സ്വതന്ത്ര ചിന്തയുടെ സാധ്യതകളും കണക്കിലെടുത്താണ് 14 വയസു മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ പഠിക്കുന്ന 9-12 വരെ ക്ലാസുകളുടെ പാഠ്യപദ്ധതി തയ്യാറാക്കുക. ശാസ്ത്രവും ഗണിതവും സാമൂഹ്യശാസ്ത്രവും കലയും മാനവിക വിഷയങ്ങളും ആഴത്തിലും പരപ്പിലും പഠിക്കാം. ജീവിതാഭിലാഷങ്ങളുടെ പടവുകള്‍ താണ്ടാന്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ നിന്നും തനിക്ക് വേണ്ടത് സ്വയം തിരഞ്ഞെടുക്കാം. ഒരു ഭാഷയും ഒരു വിഷയവും ആരുടെമേലും അടിച്ചേല്‍പ്പിക്കില്ല. പരീക്ഷ സങ്കലനാത്മകതയില്‍ നിന്നു ആശയവികാസപ്രക്രിയയെ വിലയിരുത്തുന്നതിന് ഊന്നല്‍ നല്‍കുന്നതായിമാറും. പത്തിലും പന്ത്രണ്ടിലും രണ്ടു തലത്തിലും രണ്ടു തരത്തിലും വര്‍ഷത്തില്‍ രണ്ടു പ്രാവശ്യവുമുള്ള ബോര്‍ഡ് പരീക്ഷകള്‍ ഉണ്ടാവും. ഇത് അമിത മാനസിക പിരിമുറുക്കങ്ങളില്‍നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും നമ്മുടെ കൗമാരത്തെ രക്ഷിക്കും. ഭാരതത്തിന്റെ അഭിമാനകരമായ ചരിത്രം, ശാസ്ത്രരംഗത്തെ മഹത്തായ സംഭാവനകള്‍, നമ്മുടെ ജീവിതമൂല്യങ്ങള്‍, കലകള്‍, ഭരണഘടന മുന്നോട്ടുവെക്കുന്ന പൗരബോധം, ലോകമിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനം, പ്രകൃതിചൂഷണം, മലിനീകരണങ്ങള്‍, അശാന്തി, അതിക്രമങ്ങള്‍ തുടങ്ങി വിവിധങ്ങളായ വെല്ലുവിളികള്‍ക്ക് സമാധാനം കണ്ടെത്താനുള്ള കഴിവും കാഴ്ചപ്പാടും കര്‍മ്മ കുശലതയും നല്‍കുന്ന രീതിയില്‍ പാഠ്യപദ്ധതി മൂല്യവത്താക്കും. പാഠപുസ്തകങ്ങളിലെ വിവരണങ്ങള്‍ക്ക് പകരം അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യണം. യുക്തിഭദ്രമായി ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും അവസരം ഒരുക്കും. ഭാരതീയ ഭാഷകളിലെ വൈവിധ്യങ്ങള്‍ക്കിടക്കുള്ള ഏകാത്മതയും സൗന്ദര്യവും സമ്പത്തും, അതിലെ വിജ്ഞാനശാഖകളുടെ അറിയപ്പെടാത്ത ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങാനുള്ള അവസരവും പ്രദാനം ചെയ്യും. ഇവയോടൊക്കെയൊപ്പം ആധുനിക വിഷയങ്ങളായ വിവരസാങ്കേതികവിദ്യയും യാന്ത്രികബുദ്ധിയും, വിവരവിശകലനതന്ത്രവും വൈവിധ്യമാര്‍ന്ന വിഷയങ്ങളോടൊപ്പം മേളിക്കും. കലയും ശാരീരിക വിദ്യാഭ്യാസവും, പ്രകൃതിയെ അടുത്തറിയുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമിടക്ക്, പഠനപ്രവര്‍ത്തനം, പഠനാനുബന്ധപ്രവര്‍ത്തനം, പാഠ്യേതരപ്രവര്‍ത്തനം എന്ന വേര്‍തിരിവുണ്ടാവില്ല. കഥകളിക്ക് കിട്ടുന്ന മികവിന്റെ മാര്‍ക്ക് ഗണിതത്തിലോ ജീവശാസ്ത്രത്തിലോ ചേര്‍ത്ത് എ+ ആക്കുന്ന മാജിക്ക് ഉണ്ടാവില്ല എന്ന് ചുരുക്കം. ഓട്ടക്കാരന്‍ കായികതാരമായും കഥകളിനടന്‍ ആട്ടക്കാരനുമായി തന്നെ അംഗീകരിക്കപ്പെടും. 5+3+3+4 എന്ന ഈ വേര്‍തിരിവിനനുസരിച്ച് വിദ്യാലയ ഘടനയില്‍ ഒരു മാറ്റവും വരുത്തേണ്ടതില്ല. സമീപനത്തിലും ഉള്ളടക്കത്തിലും ബോധനരീതിയിലും മാത്രമാണ് മാറ്റം.

ലോകത്തിലെ ഒരു ഭാഷയല്ല, നിരവധി ഭാഷകള്‍ പരിചയപെടാനും പഠിക്കാനുമുള്ള അവസരം കിട്ടും. ഒരു ഭാഷയും ആരിലും അടിച്ചേല്‍പ്പിക്കാത്ത സമീപനം. മാതൃഭാഷയുടെ ശക്തിയും സാധ്യതയും അറിയാം. മാതൃഭാഷാ ബോധനത്തിലൂടെ സാമൂഹ്യനീതിയും ശാസ്ത്രീയ സമീപനവും ഉറപ്പുവരുത്താം. ഉന്നത വിദ്യാഭ്യാസത്തിലും തൊഴിലിനുവേണ്ടി ഭാഷ മാറേണ്ടിവരും എന്ന അപകര്‍ഷത ആവശ്യവുമില്ല. ത്രിഭാഷാ പദ്ധതിയിലും നിബന്ധനകള്‍ ഇല്ല. മാതൃഭാഷക്ക് പുറമേ ഏത് രണ്ട് ഭാഷയുമാകാം. രണ്ടും വിദേശ ഭാഷകള്‍ ആകരുത് എന്ന് മാത്രം.

ഉന്നത വിദ്യാഭ്യാസത്തില്‍ ഇന്നുള്ള 25%ത്തെ അടുത്ത പതിനഞ്ച് വര്‍ഷംകൊണ്ട് ഇരട്ടിയാക്കണം. ഗുണനിലവാരവും തൊഴില്‍നൈപുണിയും ഗവേഷണത്വരയും വികസിപ്പിക്കണം. ഉന്നത വിദ്യാഭ്യാസത്തില്‍ പ്രവേശിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് സ്വാഭിമാനത്തൊടെ സ്വന്തം ജീവിതം കെട്ടിപ്പടുക്കാന്‍ ഒരു തൊഴില്‍ നൈപുണിയോടെയാണ് അവര്‍ വിദ്യാലയം വിട്ടിറങ്ങുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇന്നത്തെ അമിത നിയന്ത്രണങ്ങളും അഴിമതിയും അവസാനിപ്പിക്കണം. അതിനാണ് ഈ രംഗത്ത് കാതലായ അഴിച്ചുപണി. ഭാരതത്തിലെ യുവതലമുറയെ ലോകത്തെ ജയിച്ച് കീഴടക്കാന്‍ ശാക്തീകരിക്കണം. ടാലെന്റും(കഴിവ്) ടെക്‌നോളജിയും(സാങ്കേതികവിദ്യയും) കമ്മിറ്റ്‌മെന്റി(സമര്‍പ്പണം)നും ഒപ്പം തൊഴിലിന്റെ ഡിഗ്‌നിറ്റി (മാന്യത)യും കൂടിയായാല്‍ ഭാരതീയ യുവാക്കളെ ശാക്തീകരിക്കാം. നളന്ദയും തക്ഷശിലയും ആയിരിക്കണം നമ്മുടെ സര്‍വ്വകലാശാലകളുടെ മാതൃകകള്‍. പഠന വിഷയങ്ങളുടെ വേര്‍തിരിവില്ലാതെ, വിദ്യാര്‍ത്ഥിയുടെ ഇച്ഛാനുസരണം എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാനും, വിട്ടുപോകാനുമുള്ള അവസരത്തോടെ, ജീവിതാന്ത്യം വരെ പഠിക്കാനും ഗവേഷണം ചെയ്യാനും അവസരമൊരുക്കുന്ന സര്‍വകലാശാല മാതൃകകള്‍. ഇന്ന് പരീക്ഷ നടത്തിപ്പു കേന്ദ്രങ്ങള്‍ മാത്രമായി മാറിയ സര്‍വ്വകലാശാലകളെയും വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍പിരിഞ്ഞു പോയ സര്‍വ്വകലാശാലകളെയും നൂറും ഇരുനൂറും കുട്ടികളെ പഠിപ്പിക്കുന്ന കോളജുകളുടെ അഫിലിയേഷനിലൂടെ അടിതെറ്റിയ സര്‍വ്വകലാശാലകളെയും അക്ഷരാര്‍ത്ഥത്തില്‍ ”സര്‍വ്വ കലകളുടേയും ശാലകളാക്കി” മാറ്റിയെടുക്കുക എന്നതാണ് വലിയ ദൗത്യം. മൂന്ന് തരം ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ടാവും. ഗവേഷണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സര്‍വ്വകലാശാലകള്‍, ഗവേഷണവും പഠനവും നടക്കുന്ന സര്‍വകലാശാലകള്‍, ബിരുദങ്ങള്‍ നല്‍കാന്‍ പ്രാപ്തിയുള്ള സ്വതന്ത്രകലാലയങ്ങള്‍. പൊതുമേഖലയിലുള്ളതാണെങ്കിലും സ്വകാര്യ മേഖലയിലുള്ളതാണെങ്കിലും എല്ലാം ബഹുവിഷയീസ്ഥാപനങ്ങള്‍ ആയിരിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലും സ്വകാര്യ മേഖലയിലുമുള്ളവയെ ഒരേ മാനദണ്ഡത്തിലൂടെ പരിഗണിക്കും. മൂവായിരത്തിലധികം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവയായിരിക്കണം ഈ സ്ഥാപനങ്ങളോരോന്നും. ഉന്നതമായ വിദേശ സര്‍വ്വകലാശാലകളുമായി പരസ്പര ധാരണയില്‍ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് അവകാശമുണ്ടായിരിക്കും.

ഉന്നത വിദ്യാഭ്യാസത്തില്‍ പ്രവേശിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും എപ്പോള്‍ വേണമെങ്കിലും പുറത്തു പോവുകയും തിരിച്ചു വരികയും ചെയ്യാം. പഠിച്ചതിന് പ്രമാണപത്രം കിട്ടും. ഒരു വര്‍ഷം പൂര്‍ത്തീകരിച്ചാല്‍ സര്‍ട്ടിഫിക്കറ്റ്, രണ്ടായാല്‍ ഡിപ്ലോമ, മൂന്നായാല്‍ ബിരുദം. നാല് വര്‍ഷത്തില്‍ ഇന്റഗ്രേറ്റ് ബിരുദം അഥവ ഒാണേഴ്‌സ് ബിരുദം. അഞ്ച് വര്‍ഷത്തെ സംയോജിത ബിരുദാനന്തര ബിരുദം. പിന്നെ ഗവേഷണം. എംഫില്‍ ഇനി മുതല്‍ ഉണ്ടായിരിക്കില്ല. നാല് വര്‍ഷത്തെ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് ഗവേഷണത്തിലേക്ക് പ്രവേശിക്കാം. പൂര്‍ത്തീകരിച്ച വിഷയങ്ങളുടെ മൂല്യം സഞ്ചിതമായി സമാഹരിക്കാം. ഓണ്‍ലൈനിലും വിദ്യാഭ്യാസം തുടരാം.

സാമൂഹിക-സാമ്പത്തിക കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെയും പ്രദേശങ്ങളുടെയും ഉന്നമനം അടിയന്തിര പ്രാധാന്യത്തോടെ ശ്രദ്ധയൂന്നേണ്ട മേഖലയാണ്. ലഭ്യതയിലും പങ്കാളിത്തത്തിലും ശേഷി ആര്‍ജിക്കലിലും ഇന്ന് നിലനില്‍ക്കുന്ന അന്തരം കുറക്കുക എന്നതാണ് പ്രധാനം. അതിനായി പ്രത്യേക വിദ്യാഭ്യാസ മേഖല എന്ന സങ്കല്പമാണ് ഏറേ ശ്രദ്ധേയം. ഈ ലക്ഷ്യത്തോടെ സര്‍ക്കാര്‍ തലത്തിലും സ്ഥാനതലത്തിലും കൈക്കൊള്ളേണ്ട നപടികള്‍ നയം അക്കമിട്ട് നിരത്തുന്നുണ്ട്.

സാങ്കേതിക വിദ്യാഭ്യാസത്തെ മറ്റ് മാനവിക വിഷയങ്ങളുമായി ബന്ധിപ്പിക്കുന്നതോടൊപ്പം വ്യവസായസ്ഥാപനങ്ങളുമായും വികസന പ്രവര്‍ത്തനങ്ങളുമായും നേരിട്ട് ബന്ധിപ്പിക്കും. 80%ല്‍ അധികം നിയമ വ്യവഹാരങ്ങള്‍ നടക്കുന്നത് പ്രാദേശിക ഭാഷകളില്‍ ആയതിനാല്‍ നിയമപഠനം ദ്വിഭാഷയിലാക്കും. എല്ലാ വൈദ്യശാസ്ത്ര പഠനശാഖകള്‍ക്കുമിടയില്‍ പരസ്പര ധാരണയും സമന്വയവും കൊണ്ടുവരണമെന്ന് നയം നിര്‍ദ്ദേശിക്കുന്നു. 60% ത്തില്‍ അധികം വരുന്ന ഉല്‍പാദന മേഖലയും തൊഴില്‍ മേഖലയുമായി നേരിട്ട് ബന്ധപ്പെടുന്ന ഭാരതത്തിന്റെ കാര്‍ഷിക മേഖലയുടെ വികാസത്തിനും ആധുനികവല്‍ക്കരണത്തിനും വേണ്ടി നിരവധി കാര്‍ഷിക സര്‍വ്വകലാശാലകള്‍ സ്ഥാപിച്ചിട്ടുണ്ട്. അത് ആകെ സര്‍വ്വകലാശാലകളുടെ 9% വരുമെങ്കിലും വിദ്യാര്‍ത്ഥി പ്രവേശനം 1% കുറവാണ് എന്ന യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിച്ചുകൊണ്ട് കൃഷി വിദ്യാഭ്യാസത്തെ ഉടച്ചുവാര്‍ക്കാനും ശാക്തീകരിക്കാനും നയം ഊന്നല്‍ നല്‍കുന്നു.

പുതിയ നയത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ ഉടച്ചുവാര്‍ക്കാനും കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാനും സാമ്പത്തിക സംവിധാനം, നിയമങ്ങളുടെയും ചട്ടങ്ങളുടെയും നിര്‍മ്മാണം, സമൂഹത്തിന്റെയും, സ്ഥാപനങ്ങളുടെയും സക്രിയ പങ്കാളിത്തം എന്നിവ ഉറപ്പുവരുത്താനും വലിയ അഴിച്ചുപണികള്‍ ആവശ്യമായി വരും. അത്തരത്തിലുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ നയം മുന്നോട്ടുവക്കുന്നു. മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം ആക്കുന്നത് തൊട്ട് താഴെ തലത്തില്‍ അങ്കണവാടികളെ വിദ്യാഭ്യാസവുമായി സമന്വയിപ്പിക്കുന്നതു വരെ എല്ലാ തലത്തിലും സമഗ്രവും ഏകാത്മകവുമായ ഒരു സമീപനം നയം അവതരിപ്പിക്കുന്നു. ഇതിനായി പൊതുമുതല്‍മുടക്ക് ദേശീയ മൊത്തവരുമാനത്തിന്റെ 6% എത്രയും പെട്ടന്ന് എത്തിച്ചേരണമെന്നും, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒരുമിച്ചാലോചിപ്പ് സമയബന്ധിതമായ സമഗ്രാസൂത്രണം നിര്‍വ്വഹിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. അത്ര സമയം സേവാഭാവത്തില്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ തന്നെയായിരിക്കണം എന്നും നയം വ്യക്തമാക്കുന്നു. പത്ത് വര്‍ഷം കൊണ്ട് അടിസ്ഥാന ലക്ഷ്യങ്ങള്‍ നേടി അടുത്ത പത്ത് വര്‍ഷം പൂര്‍ണരൂപത്തില്‍ നടപ്പില്‍ വരുത്തി 2040-ല്‍ അവലോകനം നടത്തി മുന്നോട്ടു പോകണം എന്ന കാഴ്ചപാട് നയത്തിന്റെ നടത്തിപ്പിന്റെ ഓരോ ഘട്ടത്തിലുമുള്ള സുവ്യക്ത ദര്‍ശനവും പ്രതിബദ്ധതയും വ്യക്തമാക്കുന്നു. ഇത് സമ്പൂര്‍ണ്ണ വിജയമാകാന്‍ പൊതു സമൂഹത്തിന്റെ സക്രിയ പങ്കാളിത്തവും അക്കാഡമിക സമൂഹത്തിന്റെ സമര്‍പ്പണവും ആവശ്യമാണ്.

ചാലകശക്തി അദ്ധ്യാപകന്‍

ഈ നയത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്ന ഏതെങ്കിലും ഒരു പ്രത്യേക മേഖലയുണ്ടെങ്കില്‍ അത് അധ്യാപക വിദ്യാഭ്യാസമാണ്. കാരണം ഈ വിദ്യാഭ്യാസ പരിവര്‍ത്തനത്തിന്റെ ചാലകശക്തി സര്‍ക്കാറോ സംവിധാനങ്ങളോ ആയിരിക്കില്ല. മറിച്ച് അധ്യാപകരായിരിക്കും. ശിശുവിദ്യാഭ്യാസം മുതല്‍ ഗവേഷണരംഗം വരെയുള്ള അധ്യാപകശാക്തീകരണമാണ് പ്രധാനം. 2030 ആകുമ്പോഴേക്കും മുഴുവന്‍ അദ്ധ്യാപക പരിശീലനവും ബഹുവിഷയീകലാലയങ്ങളുടെ ഭാഗവും ഉദ്ഗ്രഥിത ബിരുദവുമാകണമെന്ന് നിര്‍ദ്ദേശിക്കുന്നു. ഏറ്റവും നല്ല കഴിവും അഭിരുചിയുമുള്ള വിദ്യാര്‍ത്ഥികളെ അധ്യാപക വൃത്തിയിലേക്ക് ആകര്‍ഷിക്കാനും പരിശീലിപ്പിക്കാനും നിരന്തര നൈപുണികള്‍ വികസിപ്പിക്കാനും നയം പ്രാധാന്യം നല്‍കുന്നു. ഭാരതത്തെ വിശ്വഗുരുവാക്കാന്‍ ഭാരതത്തിലെ അധ്യാപകരുടെ സ്ഥാനവും മാനവും ഉയര്‍ത്തേണ്ടത് ആവശ്യമാണെന്ന് നയം തിരിച്ചറിയുന്നു.

(ലേഖകന്‍ ദേശീയ വിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗമാണ്)

Tags: NCFFEATUREDദേശീയ വിദ്യാഭ്യാസനയംNEPECCE
Share25TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies