”സര്‍വ-ഭൂത-ഹിതേരതാ”, ”സര്‍വേഷാം അവിരോധേന” എന്ന സംഘ കാഴ്ചപ്പാട് സ്വജീവിതത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ സാര്‍ത്ഥകമാക്കി സമ്പൂര്‍ണ്ണ ജീവിതവും സംഘ ആദര്‍ശത്തിന്റെ വ്യാപനത്തിനായി സമര്‍പ്പിക്കുകയും ജീവിതാന്ത്യം വരെ തന്റെ ദൗത്യനിര്‍വ്വഹണത്തില്‍ വ്യാപൃതനായിരിക്കുകയും ചെയ്ത അനുപമ കര്‍മ്മയോഗിയും രാഷ്ട്ര ഋഷിയുമായിരുന്നു മാന്യ.ദത്തോപന്ത് ഠേംഗ്ഡിജി. ആറ് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന തന്റെ പ്രചാരക ജീവിതത്തിനിടയ്ക്ക് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്, ഭാരതീയ മസ്ദൂര്‍ സംഘം, ഭാരതീയ കിസാന്‍ സംഘം, സാമാജിക സമരസത മഞ്ച്, സ്വദേശീ ജാഗരണ്‍ മഞ്ച്, സര്‍വപന്ഥ സമാദര്‍ മഞ്ച്, പര്യാവരണ്‍ മഞ്ച് എന്നിങ്ങനെ ഒട്ടേറെ സംഘടനകള്‍ക്ക് അദ്ദേഹം ജീവന്‍ നല്‍കി.
സംഘമെന്ന അധിഷ്ഠാനം
‘ചന്ദ്രഗുപ്ത മൗര്യന്റെ ചക്രവര്‍ത്തിപദവും സാമ്രാജ്യവും അതിന്റെ സേനയും ഭരണ സംവിധാനവുമെല്ലാം ഉടലെടുത്തത് തന്റെ മസ്തിഷ്‌ക്കത്തിലാണെന്നും, അവയെല്ലാം ഒരുപക്ഷെ തകര്‍ന്നടിഞ്ഞാലും തന്റെ മസ്തിഷ്‌ക്കം പ്രവര്‍ത്തനക്ഷമമായി നിലനില്‍ക്കുന്നിടത്തോളം അവയെ പുനര്‍നിര്‍മ്മിക്കാന്‍ തനിക്കാവുമെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെ ആചാര്യ ചാണക്യന്‍ പറഞ്ഞിരുന്നു. അതിനെ ഉദ്ധരിച്ചുകൊണ്ട് ഒരുപക്ഷെ, സംഘ ആദര്‍ശത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ വിവിധ ക്ഷേത്ര സംഘടനകള്‍ക്ക് ബലക്ഷയമോ നാശംപോലുമോ സംഭവിച്ചാലും സംഘത്തിന്റെ നിത്യശാഖാ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കില്‍ ആ പ്രവര്‍ത്തനങ്ങളെയെല്ലാം പുനരുജ്ജീവിപ്പിക്കാനും മുന്നോട്ടു നയിക്കുവാനും യാതൊരു പ്രയാസവും ഉണ്ടാകില്ലെന്നും ഠേംഗ്ഡിജി എപ്പോഴും പറയുമായിരുന്നു. സംഘമാകുന്ന അടിത്തറയില്‍ കെട്ടിയുണ്ടാക്കിയ ഉപരിഘടനയാണ് മറ്റെല്ലാ പ്രവര്‍ത്തനങ്ങളും. ഒരുപക്ഷെ, ഉപരിഘടന തകര്‍ന്നാലും അടിത്തറ ശക്തമായി നിലനില്‍ക്കുന്നിടത്തോളം ഉപരിഘടന പുനര്‍നിര്‍മ്മിക്കാന്‍ എളുപ്പമാണ്. അതേസമയം, അടിത്തറയ്ക്ക് ശക്തിക്ഷയം സംഭവിച്ചാല്‍ ഉപരിഘടന തകര്‍ന്നടിയാന്‍ അധികം സമയം വേണ്ടിവരില്ല എന്നും അദ്ദേഹം പറയുമായിരുന്നു. സംഘത്തിന്റെ ശാഖാ പ്രവര്‍ത്തനത്തിന്റെ മാഹാത്മ്യത്തെയും അനുപേക്ഷണീയതയെയുമാണ് അദ്ദേഹം തന്റെ വാക്കുകളിലൂടെ വ്യക്തമാക്കിയത്.
സംഘശാഖയിലൂടെ സൃഷ്ടിക്കപ്പെടുന്ന സ്വയംസേവകന്റെ ജീവിതത്തില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ച് സംഘ ബൗദ്ധിക് വര്‍ഗ്ഗുകളില്‍ ഠേംഗ്ഡിജി നിരന്തരം പ്രതിപാദിക്കുമായിരുന്നു. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറയേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട്, സമര്‍ത്ഥരാമദാസ സ്വാമികളുടെ ”ഒരു വിഷയത്തെക്കുറിച്ച് ഒരു പ്രാവശ്യം പറയുമ്പോള്‍ അതിനെക്കുറിച്ച് വ്യക്തത കൈവരും. എന്നാല്‍, പിന്നീട് സാഹചര്യങ്ങളും സദാ പരിണാമ വിധേയമായ മനസ്സിന്റെ അവസ്ഥയും മാറുമ്പോള്‍ നേരത്തെയുണ്ടായിരുന്ന വ്യക്തതക്ക് മങ്ങലേല്‍ക്കുകയും പുതുതായി സംശയങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍, മനസ്സിന്റെ സ്ഥിരത വീണ്ടെടുക്കാന്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കേണ്ടത് അനിവാര്യമായിത്തീരുന്നു” എന്ന വാക്യം അദ്ദേഹം ഉദ്ധരിക്കുമായിരുന്നു.
സമാജത്തെ സംഘടിപ്പിച്ച് രാഷ്ട്ര പുനര്‍നിര്‍മ്മാണം നിര്‍വ്വഹിക്കുക എന്ന ഉദാത്തമായ സങ്കല്പം യാഥാര്‍ത്ഥ്യമാക്കി തീര്‍ക്കാനുള്ള ഉപാധിയായി തീരേണ്ട കാര്യകര്‍ത്താവ് തന്റെ പ്രവര്‍ത്തനവിജയത്തിന്റെ അടിത്തറ ശക്തിയുക്തവും കുറ്റമറ്റതുമാക്കി മാറ്റാന്‍ ആന്തരിക പ്രേരണാശക്തിയുടെ തലം പരമോന്നതിയിലെത്തിക്കാന്‍ നിരന്തരം പ്രയത്‌നിക്കണമെന്നും മൗലികമായ ഈ കാര്യത്തേക്കുറിച്ച് ആവശ്യമായ മാത്രയില്‍ ചിന്തിച്ചാല്‍ മറ്റൊരു കാര്യത്തെക്കുറിച്ചും കാര്യകര്‍ത്താവ് വേവലാതിപ്പെടേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിമതം.
തെറ്റ് പറ്റിയേക്കാം, ആവര്‍ത്തിക്കരുത്
തെറ്റ് പറ്റുക എന്നത് മനുഷ്യസഹജമാണ്. അസാധാരണമായ സാഹചര്യത്തില്‍ ഒരു കാര്യകര്‍ത്താവിന് അനവധാനതകൊണ്ടോ മറ്റേതെങ്കിലും കാരണത്താലോ എന്തെങ്കിലും തെറ്റ് പറ്റിയെങ്കില്‍, കുറ്റബോധത്തിന്റെ തപ്താഗ്നിയില്‍ വെന്തുനീറാന്‍ അയാളെ അനുവദിക്കുന്നതിന് പകരം, അയാളില്‍ അപകര്‍ഷതാബോധം വളര്‍ത്തുന്നതിന് പകരം, സ്വയം തെറ്റ് തിരുത്താനും തന്റെ ധ്യേയനിഷ്ഠ പ്രകടമാക്കാനുമുള്ള ഒരവസരം അയാള്‍ക്ക് നല്‍കണം. അതേസമയം, വീണ്ടും വീണ്ടും അവസരം നല്‍കുന്നത് ഒരിക്കലും അനുവദനീയമല്ല. കാരണം അത് അച്ചടക്കത്തെ ബാധിക്കും. വാസ്തവത്തില്‍, ഒരു സാഹചര്യത്തിലും ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാനോ തെറ്റു ചെയ്യാനോ സാധിക്കാത്ത വിധം കാര്യകര്‍ത്താവിന്റെ മനസ്സിനെ സുദൃഢവും ഏകാഗ്രവുമാക്കി തീര്‍ക്കുന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
അഹങ്കാരം അരുത്
മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അഹങ്കാരമാണ്. ലോകത്ത് നിലനില്‍ക്കുന്ന അശാന്തിക്കും സംഘര്‍ഷങ്ങള്‍ക്കും മുഖ്യകാരണം അഹങ്കാരമാണ്. അഹങ്കാരരൂപിയായ രാക്ഷസന്റെ കെണിയില്‍ കാര്യകര്‍ത്താവ് ഒരിക്കലും അകപ്പെടരുത്. ഭൂമിയില്‍ സമുദ്രം ഏറ്റവും താഴ്ന്ന സ്ഥാനത്തായതുകൊണ്ട് ലോകത്തെമ്പാടുമുള്ള ഏത് ജലപ്രവാഹവും അവസാനം ചെന്നെത്തുന്നത് സമുദ്രത്തിലായിരിക്കും. സമുദ്രം ആ ജലമെല്ലാം ഏറ്റെടുക്കുകയും ചെയ്യുന്നു. ഹിമാലയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന ജലം അവിടെ തന്നെ നിലനില്‍ക്കുന്നതിന് പകരം താഴോട്ടേക്കൊഴുകും. ഇത് പ്രകൃതിയുടെ നിയമമാണ്. താഴോട്ടേക്കൊഴുകുന്ന ജലം നദിയുടെ രൂപം കൈക്കൊള്ളുന്നു. അപ്രകാരം രൂപപ്പെടുന്ന നദികളെല്ലാം അവസാനം ചെന്നു ചേരുന്നത് സമുദ്രത്തിലാണ്. ഏറ്റവും താഴത്തെ തലത്തില്‍ സ്ഥിതി ചെയ്യുന്നത് മഹാസാഗരമാണ്. മഹാസാഗരത്തിന്റെ സവിശേഷത തന്നെ അത് ഏറ്റവും താഴത്തെ തലത്തില്‍ സ്ഥിതി ചെയ്യുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ശാസ്ത്രജ്ഞന്മാര്‍ ഏതെങ്കിലും സ്ഥലത്തിന്റെ ഉയരം കണക്കാക്കുമ്പോള്‍ സമുദ്രതലത്തില്‍ നിന്ന് ഇത്ര ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു എന്നാണ് പറയുക. വിശാലവും ഉദാരവും എല്ലാറ്റിനെയും ഏറ്റുവാങ്ങുകയും ചെയ്യുന്ന, അത്യഗാധമായ സമുദ്രം ഏറ്റവും താഴത്തെ തലത്തില്‍ സ്ഥിതിചെയ്യുന്നതുകൊണ്ടാണ് അതിന് മേല്‍പ്പറഞ്ഞ സവിശേഷതകളെല്ലാം കൈവരിക്കാനായത്. അപ്രകാരം നോക്കുമ്പോള്‍ സമുദ്രത്തെ വിനമ്രതയുടെ പര്യായമായി കണക്കാക്കാം.
കാര്യകര്‍ത്താവ് പ്രവര്‍ത്തനത്തില്‍ വിജയം കൈവരിക്കുമ്പോള്‍ സ്വാഭാവികമായും പ്രശംസയ്ക്കു പാത്രമാകുന്നു. ക്രമേണ, താന്‍ പറഞ്ഞതു തന്നെയാണ് സത്യം, അതു തന്നെയാണ് ശരി എന്ന ചിന്ത വളരുന്നു. അതോടെ അയാളുടെ മനസ്സില്‍ അഹങ്കാരം ഉടലെടുക്കുന്നു. കത്തിച്ചു വെച്ച റാന്തലിന്റെ ചില്ലുകൂടിന് പുകപിടിച്ചാലോ നിറം പിടിപ്പിച്ചാലോ ഉള്ളില്‍ കത്തുന്ന തിരിയുടെ യഥാര്‍ത്ഥ നിറം എപ്രകാരം മറയ്ക്കപ്പെടുമോ, അതേപ്രകാരം അഹങ്കാരിയായ കാര്യകര്‍ത്താവുമായി ബന്ധപ്പെടുന്നവര്‍ക്ക് സംഘ ആദര്‍ശം കാര്യകര്‍ത്താവിന്റെ അഹങ്കാരമാകുന്ന സ്ഫടികത്തിലൂടെ മാത്രമേ ദര്‍ശിക്കാനാവൂ. അത് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. മഹത്വം കൈവരുക, സ്ഥാനമാനങ്ങളിലൂടെയല്ല, മറിച്ച് തപസ്യയിലൂടെ, ത്യാഗത്തിലൂടെ, വിനമ്രതയിലൂടെ, അഹങ്കാരരഹിതമായ അവസ്ഥയിലൂടെയാണ്. സ്വര്‍ണ്ണം നെരുപ്പോടില്‍ വെന്തുരുകുമ്പോഴാണ് തങ്കമായി മാറുക എന്ന് കാര്യകര്‍ത്താവ് ഓര്‍ക്കണം.
നിരാശയരുത്
സമാജപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിക്കുമ്പോള്‍ മധുരിക്കുന്നതും കയ്പുള്ളതുമായ ധാരാളം അനുഭവങ്ങള്‍ ഉണ്ടാകും. കൂടാതെ, തീവ്രമായി പരിശ്രമിച്ചിട്ടും പ്രതീക്ഷിച്ചത്ര ഫലം കിട്ടിയെന്ന് വരില്ല. ഈ സാഹചര്യം, കാര്യകര്‍ത്താവിനെ നിരാശയിലേക്കും പൊതുപ്രവര്‍ത്തനം ഉപേക്ഷിക്കുന്നതിലേക്കും നയിച്ചേക്കാം. എന്നാല്‍, ഠേംഗ്ഡിജി ഈ നിരാശാവാദത്തെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. വൈയ്യക്തിക ജീവിതത്തിലും കുടുംബജീവിതത്തിലും പോലും ഏറ്റക്കുറച്ചിലുകളുണ്ടാവുക സ്വാഭാവികമാണ്. ചിലപ്പോഴെല്ലാം കുടുംബത്തിലും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ ആരും കുടുംബമുപേക്ഷിച്ച് പോകാറില്ല. മറിച്ച്, എല്ലാവരും ഒരുമിച്ചിരുന്ന് തങ്ങളുടെ കഴിവുകളെല്ലാം സംഘടിതമായി ഉപയോഗിച്ച് പ്രശ്‌നപരിഹാരം തേടുകയും കണ്ടെത്തുകയും ചെയ്യും. പ്രശ്‌നം പരിഹരിക്കപ്പെടുന്നതുവരെ അവരുടെ ചിന്ത മുഴുവന്‍ പരിഹാര സാധ്യതകളെക്കുറിച്ച് മാത്രമായിരിക്കും. കാര്യകര്‍ത്താവ് മാതൃകയാക്കേണ്ടത് ഇതിനെയാണ്.
അടുത്തതായി മറ്റൊരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാം. സ്വന്തം ബുദ്ധിവൈഭവം, അറിവ്, കഴിവുകള്‍, പ്രതിഭ, ശക്തി എന്നിവ പൂര്‍ണ്ണമായി വിനിയോഗിച്ച് തികഞ്ഞ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചിട്ടും പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെന്ന് വന്നേക്കാം. ഈ സാഹചര്യത്തില്‍ നിരാശയില്‍ മുഴുകി കളം വിട്ടു പോവുകയല്ല വേണ്ടത്. ഇത് പരീക്ഷണത്തിന്റെ ഘട്ടമായി കരുതി ഉറച്ചുനിന്ന് സാഹചര്യങ്ങളോട് പൊരുതുകയാണ് വേണ്ടത്. കാര്യകര്‍ത്താവ് ധ്യേയത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും ധ്യേയം തന്റെ ജീവിതത്തിന്റെ അന്തഃസത്തയായി തീര്‍ന്നിട്ടുണ്ടോ, ഉദാത്തമായ ധ്യേയവുമായി പൂര്‍ണമായും താദാത്മ്യം പ്രാപിക്കാന്‍ തനിക്കായിട്ടുണ്ടോ എന്ന് ആത്മപരിശോധനയിലൂടെ അറിയാന്‍ ശ്രമിക്കുകയും വേണം. ധ്യേയപൂര്‍ത്തി നേടാന്‍ ആവശ്യമായ വൈയ്യക്തിക ഗുണങ്ങള്‍ സ്വജീവിതത്തില്‍ സ്വായത്തമാക്കാന്‍ തനിക്കായിട്ടുണ്ടോ എന്നും കാര്‍ക്കശ്യത്തോടെ പരിശോധിക്കണം. ഭാവാത്മകമായ ഇത്തരം നടപടികള്‍ നിരാശയെ തീര്‍ത്തും ഇല്ലാതാക്കി, വിപരീത സാഹചര്യങ്ങളെ നേരിടാനുള്ള ബലവും ഊര്‍ജ്ജവും കാര്യകര്‍ത്താവിന് പ്രദാനം ചെയ്യും എന്നതായിരുന്നു ഠേംഗ്ഡിജിയുടെ നിലപാട്. ഇപ്രകാരം, പ്രതിസന്ധികള്‍ കണ്ട് പതറാതെ, പരിഭ്രമിക്കാതെ, അടിതെറ്റാതെ ഉറച്ച കാല്‍വെപ്പോടെ ധ്യേയത്തിന്റെ പാതയില്‍ നിരന്തരം മുന്നോട്ടു നീങ്ങണം എന്ന പാഠമാണ് അദ്ദേഹം നമുക്ക് പ്രദാനം ചെയ്തത്.
വിയറ്റ്‌നാമിന്റെ വിജയരഹസ്യം
കഴിഞ്ഞ ശതാബ്ദത്തിലെ വിയറ്റ്‌നാം യുദ്ധത്തില്‍ സൈനികരുടെ എണ്ണം, ആധുനിക യുദ്ധോപകരണങ്ങള്‍, മറ്റ് സംവിധാനങ്ങള്‍ എന്നീ കാര്യങ്ങളിലെല്ലാം അമേരിക്ക ഏറ്റവും ശക്തമായിരുന്നു. വിയറ്റ്‌നാമാകട്ടെ വിദൂരമായിപ്പോലും അമേരിക്കയുമായി താരതമ്യം ചെയ്യാനാവാത്ത വിധം ഈ കാര്യങ്ങളിലെല്ലാം പിന്നാക്കാവസ്ഥയിലും. എന്നാല്‍ ഭീഷണമായ ഈ യുദ്ധത്തില്‍ അത്യന്തിക വിജയം നേടിയതാകട്ടെ വിയറ്റ്‌നാമും! എന്താണിതിന്റെ കാരണം? അമേരിക്കന്‍ സൈനികര്‍ക്ക് ഭക്ഷണത്തിനും മറ്റ് സുഖസൗകര്യങ്ങള്‍ക്കും യാതൊരു കുറവുമുണ്ടായിരുന്നില്ല. അവര്‍ക്ക് കൊതുകുവലപോലും വിതരണം ചെയ്തിരുന്നു. അതുകൊണ്ട്, യുദ്ധം ജയിക്കുക എന്നതിലുപരി സൈനികരെന്ന നിലക്ക് തങ്ങള്‍ക്ക് കൈവന്ന ഉപഭോഗങ്ങള്‍, ഉയര്‍ന്ന വേതനം എന്നീ കാര്യങ്ങളിലായിരുന്നു അവരുടെ ശ്രദ്ധ. അതുകൊണ്ട് അങ്ങേയറ്റം ദാരിദ്ര്യത്തില്‍ കഴിയുന്ന, ആവശ്യമായ യുദ്ധസാമഗ്രികളോ മറ്റ് സജ്ജീകരണങ്ങളോ ഇല്ലാതിരുന്ന വിയറ്റ്‌നാം യുദ്ധത്തില്‍ വിജയം കൈവരിച്ചു. അതായത്, വിയറ്റ്‌നാം ജനതയും സൈന്യവും തങ്ങളുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുവാന്‍ പൂര്‍ണമായും യുദ്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, അമേരിക്കന്‍ സൈനികരുടെ ശ്രദ്ധ ഒരിക്കലും യുദ്ധത്തിലായിരുന്നില്ല. ജയാപചയങ്ങള്‍ നിശ്ചയിക്കുന്നതില്‍ ബന്ധപ്പെട്ടവരുടെ മാനസികാവസ്ഥക്കുള്ള പങ്കിനെയാണ് ഇത് വ്യക്തമാക്കുന്നത്. മറ്റൊരു കാര്യത്തിലും ശ്രദ്ധിക്കാതെ, തികഞ്ഞ ഏകാഗ്രതയോടെ, സന്തുലിതമായി യുദ്ധവിജയത്തെ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചതാണ് വിയറ്റ്‌നാമിന്റെ വിജയത്തിന്റെ കാരണം. ഇത് നല്‍കുന്ന പാഠം വളരെ വലുതാണ്.
ഭാരതം ഹിന്ദുരാഷ്ട്രം
ഭാരതം ഹിന്ദുരാഷ്ട്രമാണെന്നത് ആര്‍ക്കും നിഷേധിക്കാനാകാത്ത ത്രികാല സത്യമാണ്. സത്യം അതിനെ എത്ര ആളുകള്‍ അംഗീകരിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല നിലനില്‍ക്കുന്നത്. ജനാധിപത്യ വ്യവസ്ഥയിലെ ഭൂരിപക്ഷ നിയമം അതിന് ബാധകമല്ല. സൗരയൂഥം ഭൂമികേന്ദ്രി (Geocentric)തമാണെന്ന ബൈബിള്‍ വിശ്വാസം തെറ്റാണെന്നും സൗരയൂഥം സൂര്യകേന്ദ്രി (Heliocentric)തമാണെന്നും ഒരു പുരോഹിതന്‍ കൂടിയായിരുന്ന പോളിഷ് ശാസ്ത്രജ്ഞന്‍ നിക്കോളാസ് കോപ്പര്‍നിക്കസ് കണ്ടെത്തി. ഇറ്റാലിയന്‍ ജ്യോതി ശാസ്ത്രജ്ഞന്‍ ഗലീലിയോ ഗലീലി ഈ പ്രാപഞ്ചിക സത്യം ലോകത്തിന് മുമ്പാകെ വിളംബരം ചെയ്തപ്പോള്‍, മതകോടതി, അദ്ദേഹത്തെ മതനിന്ദകനെന്ന് മുദ്രകുത്തി മതഭ്രഷ്ടനാക്കി കാരാഗൃഹത്തിലടച്ചു. പക്ഷെ, ഇന്ന് ലോകം ആ പ്രാപഞ്ചിക യാഥാര്‍ത്ഥ്യത്തെ യാതൊരു കലവറയും കൂടാതെ അംഗീകരിക്കുന്നത് നാം കാണുന്നു. ഇതുപോലെ, ഭാരതം ഹിന്ദുരാഷ്ട്രമാണെന്ന വസ്തുത ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും അംഗീകരിക്കുകതന്നെ ചെയ്യും.
സ്വന്തം സ്ഥാനവലിപ്പത്തെക്കുറിച്ച് വേവലാതിപ്പെടുന്ന നേതൃത്വവും സുഖഭോഗങ്ങള്‍ ഇച്ഛിക്കുന്ന അണികളും ഏതൊരു സംഘടനയെയും നയിക്കുക വിനാശത്തിലേക്കായിരിക്കും എന്ന് ഠേംഗ്ഡിജി അടിവരയിട്ടു പറയുമായിരുന്നു.
ഭാരതമാതാവിന്റെ സേവനത്തിനായി നിഷ്‌കാമഭാവത്തോടെ തന്റെ സമ്പൂര്‍ണ ജീവിതം സമര്‍പ്പിക്കുകയും ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ യജ്ഞമാക്കി മാറ്റുകയും ചെയ്ത ആ രാഷ്ട്രഋഷിയുടെ ഓരോ വാക്കിനു പിന്നിലും സ്വാനുഭവത്തിന്റെ, അനുഭവജ്ഞാനത്തിന്റെ അപരിമേയമായ പ്രഭാവമുണ്ടെന്നതുകൊണ്ട് സംഘകാര്യകര്‍ത്താക്കളെയും സ്വയംസേവകരെയും സംബന്ധിച്ച് അവ ചിരകാലം അവരുടെ പ്രേരണയുടെയും ഊര്‍ജ്ജത്തിന്റെയും സ്രോതസ്സായി നിലനില്‍ക്കും.

ധ്യേയപൂര്‍ണമായ ജീവിതം
ഏതൊരു ധ്യേയത്തിനു വേണ്ടിയാണോ താന്‍ സ്വയം തന്നെ സമര്‍പ്പിച്ചത്, അതിന്റെ പൂര്‍ത്തിക്കായി കാര്യകര്‍ത്താവ് നിരന്തരം പ്രവര്‍ത്തിക്കണം. തന്റെ ബാല്യകാല സുഹൃത്തുക്കള്‍, ഇപ്പോഴത്തെ ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകര്‍ എന്നിവരെപ്പോലെ ജീവിതത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ തനിക്കായില്ല എന്ന ചിന്ത മനസ്സില്‍ വളരാന്‍ ഒരിക്കലും അനുവദിക്കരുത് എന്നതായിരുന്നു ഠേംഗ്ഡിജിയുടെ കാഴ്ചപ്പാട്. ഉദാഹരണത്തിന്, അടിയന്തരാവസ്ഥ കാലത്ത് ‘മിസ’ തടവുകാരനാക്കപ്പെട്ട ഒരു സംഘകാര്യകര്‍ത്താവിന്റെ വീട് സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവം അദ്ദേഹം വിവരിച്ചത് ഇപ്രകാരമാണ്: ‘കാര്യകര്‍ത്താവിന്റെ വീട്ടിലെത്തി അവരുടെ ക്ഷേമമന്വേഷിക്കുകയും വരുമാനത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തപ്പോള്‍ കാര്യകര്‍ത്താവിന്റെ ഭാര്യയുടെ പ്രതികരണം ഇതായിരുന്നു: ‘അദ്ദേഹത്തെ തടവുകാരനാക്കിയ സാഹചര്യത്തില്‍ മാസത്തെ പകുതി വേതനം വീട്ടിലെത്തുന്നുണ്ട്. അതിനുമുമ്പ്, പ്രവര്‍ത്തനത്തിന് വേണ്ടി വളരെയധികം അവധിയെടുത്തിരുന്നതിനാല്‍ ഇത്രയും വേതനം പോലും വീട്ടിലെത്തിയിരുന്നില്ല.’ ഉല്‍കൃഷ്ടമായ ഒരു കാര്യം ചെയ്യുന്നതില്‍ വ്യാപൃതനായ ഏതൊരു കാര്യകര്‍ത്താവിന്റെയും സ്ഥിതി ഏറെക്കുറെ സമാനമായിരിക്കും.