ഭരണം ജന്മാവകാശമാണെന്ന് കരുതുന്ന കോണ്‍ഗ്രസ് അധികാരം തുടര്‍ച്ചയായി നഷ്ടമായതോടെ വലിയ പരിഭ്രാന്തിയിലും വിഭ്രാന്തിയിലുമാണ്. കോണ്‍ഗ്രസ് നേതൃത്വവും മുന്‍കാലത്ത് അവര്‍ നിര്‍മ്മിച്ചെടുത്തിട്ടുള്ള ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന സ്വയം പ്രഖ്യാപിത ബുദ്ധിജീവി ലിബറലുകളും അസ്വസ്തരും രോഷാകുലരും അക്രമാസക്തരുമാണ്. തികഞ്ഞ ആശയക്കുഴപ്പത്തിലകപ്പെട്ടിരിക്കുന്ന ഇക്കൂട്ടര്‍ക്ക് എന്തു പറയണമെന്നോ ചെയ്യണമെന്നോ നിശ്ചയമില്ല. എന്തു പറഞ്ഞാലും അത് അബദ്ധമായി മാറുന്ന അവസ്ഥ. നയതന്ത്ര രംഗത്തുനിന്ന് ഭാഗ്യം തേടി സോണിയാ കോണ്‍ഗ്രസ്സില്‍ എത്തിപ്പെട്ട ശശി തരൂരിന്റെ സ്ഥിതിയും ഇതുതന്നെ.
നെഹ്‌റു കുടുംബത്തിന്റെ ഡിഎന്‍എ തന്നെ ഹിന്ദുവിരുദ്ധമാണ്. പക്ഷേ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി പലപ്പോഴും മറിച്ചുള്ള പ്രതീതി സൃഷ്ടിക്കാറുണ്ടെന്നു മാത്രം. സോണിയയുടെ തിരുപ്പതി ദര്‍ശനവും, താന്‍ പൂണൂല്‍ധാരിയായ ശിവഭക്തനാണെന്ന രാഹുലിന്റെ പ്രഖ്യാപനവും, ഏറ്റവുമൊടുവില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ആശംസ നേര്‍ന്നുകൊണ്ടുള്ള പ്രിയങ്ക വാദ്രയുടെ പ്രതികരണവുമൊക്കെ ഇതിനു തെളിവാണ്. അടുത്തിടെയായി ഒരു വെളിപാടുപോലെ ഹിന്ദുത്വത്തോട് ശശി തരൂരിന് ഉണ്ടായിരിക്കുന്ന ആഭിമുഖ്യവും ഈ വകുപ്പില്‍പ്പെടുത്താവുന്നതാണ്. സ്വാമി വിവേകാനന്ദനുശേഷം ലോകമാന്യ ബാലഗംഗാധര തിലകനെയാണ് ഈ കറുത്ത സായിപ്പ് പിടികൂടിയിരിക്കുന്നത്. തിലകന്റെ ജന്മശതാബ്ദി ദിനമായ ആഗസ്റ്റ് ഒന്നിന് മാതൃഭൂമി ദിനപത്രത്തില്‍ തരൂര്‍ എഴുതിയ ‘അഭിമാന തിലകം’ എന്ന ലേഖനം കാപട്യപൂര്‍ണ്ണ വും കടുത്ത ഹിന്ദുത്വവാദിയും പ്രഖര ദേശാഭിമാനിയുമായിരുന്ന തിലകന്റെ സ്മരണയെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണ്.
റിപ്‌വാന്‍ വിംഗിള്‍ എന്തറിയുന്നു!
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ നേര്‍ക്കുനേര്‍ വെല്ലുവിളിച്ച തിലകനെക്കുറിച്ച് അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ മനപ്പാഠമാക്കിയിട്ടുള്ള വിവരണങ്ങളാണ് തന്റെ നെടുങ്കന്‍ ലേഖനത്തില്‍ തരൂര്‍ പാണ്ഡിത്യ ഗര്‍വോടെ വൃഥാസ്ഥൂലമായി ആവര്‍ത്തിക്കുന്നത്. ഇതൊക്കെ താന്‍ വലിയ ഗവേഷണം നടത്തി കണ്ടുപിടിച്ച് വായനക്കാരെ അറിയിക്കുകയാണെന്ന ഭാവത്തിലുമാണ്. ഇതിനിടയില്‍ ദുരുപദിഷ്ടവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ചില കാര്യങ്ങള്‍ തരൂര്‍ പറഞ്ഞുവയ്ക്കുന്നു.
തിലകനെ തങ്ങളുടെ മഹത്തുക്കളായ നേതാക്കളിലൊരാളായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കണക്കാക്കുക സ്വാഭാവികമാണെന്നു പറയുന്ന തരൂര്‍, ബിജെപിയും തിലകന്റെ പൈതൃകത്തിനുമേല്‍ അവകാശമുന്നയിക്കുന്നതായും പരാതിപ്പെടുന്നു. അമേരിക്കന്‍ നോവലിസ്റ്റ് വാഷിംഗ്ടണ്‍ ഇര്‍വിംഗിന്റെ കഥാപാത്രമായ റിപ്‌വാന്‍ വിംഗിളിനെപ്പോലെയാണ് തരൂര്‍ പെരുമാറുന്നത്. തനിക്കു ചുറ്റും എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ നെടുനാളത്തെ ഉറക്കത്തില്‍നിന്ന് കോട്ടുവായിട്ടുകൊണ്ട് എണീറ്റുവരുകയാണ് വളരെ വൈകി രാഷ്ട്രീയത്തിലെത്തിയ തരൂരും.
തിലകനെ മഹത്തായ നേതാവായി കാണുന്ന ഏത് കോണ്‍ഗ്രസ്സിനെക്കുറിച്ചാണ് തരൂര്‍ വാചാലനാവുന്നത്? അത് നെഹ്‌റു കോണ്‍ഗ്രസ്സല്ലെന്നു വ്യക്തം. ഇന്ദിരയുടെയും രാജീവിന്റെയും കോണ്‍ഗ്രസ്സിന് തിലകനോട് ഇങ്ങനെയൊരു ആഭിമുഖ്യം ഉണ്ടായിട്ടില്ല. ഒരുപക്ഷേ തിലകന്റെ മുഴുവന്‍ പേരുപോലും എന്താണെന്നറിയാത്ത, ആ പേര് ആരെങ്കിലും റോമന്‍ ലിപിയില്‍ എഴുതിക്കൊടുത്താല്‍ കൂട്ടിവായിക്കാനറിയാത്ത സോണിയ മെയ്‌നോവിന്റെ പാര്‍ട്ടിയും തിലകനും തമ്മിലെന്ത്? 1920 ല്‍ തിലകന്‍ അന്തരിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തെ ഒന്നടങ്കം നടുക്കി. ശവമഞ്ചം ചുമക്കാന്‍ സാക്ഷാല്‍ മഹാത്മാഗാന്ധിയുമുണ്ടായിരുന്നു. ഇത്തരമൊരു മഹാപുരുഷന്റെ പൈതൃകം ഏതെങ്കിലും പപ്പുവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമം അപലപനീയമാണ്.
അധികാരത്തിന്റെ ലഹരിയില്‍ രാജ്യം സ്വകാര്യ സ്വത്താക്കിയ നെഹ്‌റു കുടുംബം ഒരിക്കല്‍പ്പോലും തിലകന്റെ പൈതൃകത്തെ ആദരിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഇങ്ങോട്ട് കുടുംബവാഴ്ച നടത്തിയ പ്രധാനമന്ത്രിമാരുടെ കാലത്തൊന്നും തിലകന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ എടുത്തുപറയാവുന്നതായി യാതൊന്നും ചെയ്തിട്ടില്ല. രാജ്യത്തിന്റെ മുക്കും മൂലയും നെഹ്‌റു കുടുംബത്തില്‍പ്പെട്ടവരുടെ പ്രതിമകൊണ്ടും, മറ്റു തരത്തിലുള്ള സ്മാരകങ്ങള്‍കൊണ്ടും നിറച്ചപ്പോള്‍ തിലകന്‍ വിസ്മരിക്കപ്പെട്ടു. തിലകന്റെ തട്ടകമായിരുന്ന മഹാരാഷ്ട്ര പതിറ്റാണ്ടുകളോളം ഭരിക്കാന്‍ അവസരം ലഭിച്ചിട്ടും ആ മഹാപുരുഷന്റെ സ്മരണയെ ശാശ്വതീകരിക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന് കോണ്‍ഗ്രസ്സിന് തോന്നിയില്ല. എന്നിട്ടാണ് സോണിയയ്ക്ക് വിടുപണി ചെയ്ത് കോണ്‍ഗ്രസ്സില്‍ കയറിപ്പറ്റിയ തരൂര്‍, തിലകന്റെ പൈതൃകം കോണ്‍ഗ്രസ്സിന് അവകാശപ്പെട്ടതാണെന്ന് അസംബന്ധം പറയുന്നത്.
നെഹ്‌റു കുടുംബത്തിന്റെ നന്ദികേടുകള്‍
കഴിഞ്ഞുപോയത് നൂറാം ജന്മദിനമാണെങ്കിലും ഓരോ ആഗസ്റ്റ് ഒന്നിനും തിലകന്റെ ജന്മദിനം വരാറുണ്ട്. 2018 ലും 2019 ലും തിലകന് ജന്മദിനമുണ്ടായിരുന്നു. പക്ഷേ കോണ്‍ഗ്രസ് അറിഞ്ഞഭാവം നടിച്ചില്ല. ഇപ്പോള്‍ തിലകപ്രേമം തിളച്ചുപൊന്തുന്ന തരൂരും കോണ്‍ഗ്രസ്സില്‍ വന്നിട്ട് വര്‍ഷങ്ങളായി. ഇതുവരെ തിലകന്റെ പൈതൃകത്തില്‍ അഭിമാനം കൊള്ളണമെന്ന് തോന്നിയില്ല. ഇപ്പോഴത്തെ തരൂരിന്റെ വെളിപാടിനു പിന്നില്‍ മറ്റൊരു ദുഷ്ടലാക്കും ഉണ്ടായിരിക്കാം. പ്രധാനമന്ത്രിയാവാന്‍ നടന്ന് കോമാളിയായിത്തീര്‍ന്ന പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷനു പകരം നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നുള്ള ആരെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കണമെന്ന് കഥയറിയാതെ ആട്ടം കാണുന്ന ചിലര്‍ വിളിച്ചു പറയുന്നുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് തരൂരിന്റെ പേരും തല്‍പ്പര കക്ഷികള്‍ തട്ടിമൂളിക്കുകയുണ്ടായി. വല്ലപാടും ലോട്ടറിയടിച്ചാലോ! ഇത് മനസ്സില്‍ വച്ച് അഴകിയ രാവണന്‍ ചമയുകയാണ് തരൂര്‍. കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ പോകുന്നയാള്‍ക്ക് തിലകനെ അറിയില്ലെന്നു വന്നാല്‍ മോശമാവുമല്ലോ!
തിലകന്റെ പൈതൃകത്തില്‍ അഭിമാനിക്കാന്‍ ആര്‍.എസ്.എസ്സിന് കോണ്‍ഗ്രസ്സിന്റെ അനുമതി വേണ്ട. ആര്‍.എസ്.എസ് സ്ഥാപകനായ ഡോ.കെ.ബി. ഹെഡ്‌ഗേവാര്‍ തന്നെ തിലകന്റെ ഉറ്റ അനുയായി ആയിരുന്നു. ബ്രിട്ടീഷ് വാഴ്ചയോടുള്ള വിധേയത്വം അവസാനിപ്പിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ ബഹുജന പ്രസ്ഥാനമാക്കിയ തിലകന്റെ നിര്യാണത്തെത്തുടര്‍ന്ന് മഹര്‍ഷി അരവിന്ദനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തിരിച്ചുകൊണ്ടുവരാന്‍ പോണ്ടിച്ചേരി ആശ്രമത്തിലെത്തിയവരില്‍ ഒരാള്‍ ഡോ. ഹെഡ്‌ഗേവാറായിരുന്നു. തിലകനോടുള്ള ആര്‍.എസ്.എസ്സിന്റെയും ബിജെപിയുടെയുമൊക്കെ ആദരവ് തികച്ചും സ്വാഭാവികമാണ്. ഈ ചരിത്രമൊന്നും മനസ്സിലാക്കാതെ വിവരക്കേടുകള്‍ എഴുന്നെള്ളിക്കുന്ന തരൂരിനോട് സഹതാപം തോന്നുന്നു. പിന്നെ തിലകന്റെ പൈതൃകത്തില്‍ അഭിമാനിക്കാന്‍ മറ്റാര്‍ക്ക് അവകാശമുണ്ടെങ്കിലും തരൂരിന് അതില്ല. എന്തുകൊണ്ടാണിതെന്ന് തരൂരിന്റെ ലീലാവിലാസങ്ങള്‍ അറിയാവുന്നവരെ പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
മദന്‍ മോഹന്‍ മാളവ്യയെയും സര്‍ദാര്‍ വല്ലഭഭായ് പട്ടേലിനെയുമൊക്കെ ബി.ജെ.പി ഇതിനകം സ്വന്തമാക്കിയിരിക്കുകയാണെന്ന് തരൂരിന് പരാതിയുണ്ട്. കോണ്‍ഗ്രസ്സിന് അതുപാടില്ലെന്ന് ആരും പറഞ്ഞിട്ടില്ല. ഈ നേതാക്കളോട് അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നന്ദികേട് കാണിക്കുകയായിരുന്നു കോണ്‍ഗ്രസ്. നേതാജി സുഭാഷ് ചന്ദ്രബോസ്, വിനായക ദാമോദര സവര്‍ക്കര്‍, ഡോ. ബി.ആര്‍. അംബേദ്കര്‍ എന്നിങ്ങനെ വേറെയുമുണ്ട് കോണ്‍ഗ്രസ് തിരസ്‌കരിച്ചവര്‍. നെഹ്‌റു കുടുംബത്തിന് ഇല്ലാത്ത മഹത്വം കല്‍പ്പിച്ചു നല്‍കാന്‍ വലിയ മനുഷ്യരെ ചെറുതാക്കി കാണിക്കാനും, ചരിത്ര സംഭവങ്ങളെ നിസ്സാരവല്‍ക്കരിക്കാനും കോണ്‍ഗ്രസ്സില്‍ എന്നുമുണ്ടായിരുന്നു തരൂരിനെപ്പോലുള്ള വൈതാളികര്‍.
കപടമതേതരത്വം തിലകനു ചേരില്ല
തിലകന്‍ വിശ്വാസമര്‍പ്പിച്ചത് സര്‍വോദാരമായ ഹിന്ദുദര്‍ശനത്തിലാണെന്നും മതസ്വത്വത്തെക്കാള്‍ ദേശീയബോധമാണ് അദ്ദേഹം കണക്കിലെടുത്തതെന്നും വലിയ കണ്ടുപിടിത്തമായി തരൂര്‍ അവതരിപ്പിക്കുന്നു. സ്വാമി വിവേകാനന്ദനെപ്പോലെ സമരാത്മക ഹിന്ദുത്വത്തിന്റെ വക്താവായിരുന്ന തിലകനെ മൃദുഹിന്ദുത്വവാദിയും കപടമതേതരവാദിയുമായി ചിത്രീകരിക്കാനാവുമോ എന്നാണ് തരൂര്‍ നോക്കുന്നത്. ഇതൊന്നും വിലപ്പോവില്ലെന്ന് മനസ്സിലാക്കാനുള്ള ചരിത്രബോധം തരൂരിനില്ല. പൂനെയില്‍ പ്ലേഗ് പരിശോധനയുടെ പേരില്‍ ബ്രിട്ടീഷ് ഭരണകൂടം സ്ത്രീകളെ അപമാനിച്ചതിന് പ്ലേഗ് കമ്മീഷണര്‍ റാന്‍ഡിനെ ചാപേക്കര്‍ വധിച്ചപ്പോള്‍ പ്രേരണാകുറ്റത്തിന് തിലകനെയും അറസ്റ്റു ചെയ്യുകയുണ്ടായി. ശിവാജി ഉത്സവത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കുറ്റവും തിലകനെതിരെ ചുമത്തി. ഹിന്ദുസ്ഥാന്‍ അടക്കി ഭരിക്കാന്‍ മ്ലേച്ഛന്മാര്‍ക്ക് ആരും താമ്രപത്രം നല്‍കിയിട്ടില്ലെന്നാണ് ഈ പ്രസംഗത്തില്‍ തിലകന്‍ പ്രഖ്യാപിച്ചത്. ഇന്നായിരുന്നുവെങ്കില്‍ ഈ മ്ലേച്ഛന്മാരുടെ കൂട്ടത്തില്‍ തരൂരിനെയും തിലകന്‍ ഉള്‍പ്പെടുത്തുമായിരുന്നു.
ആധുനിക വിദ്യാഭ്യാസത്തെ അനുകൂലിച്ചിരുന്ന തിലകന്‍ രമാഭായ് എന്ന ക്രൈസ്തവ വനിതയ്ക്ക് ഹിന്ദു പെണ്‍കുട്ടികള്‍ക്കുവേണ്ടി സ്‌കൂള്‍ തുടങ്ങുന്നതിന് എല്ലാ പിന്തുണയും നല്‍കി. എന്നാല്‍ പഠനത്തിന്റെ മറവില്‍ നാല് പെണ്‍കുട്ടികളെ മതംമാറ്റി എന്നറിഞ്ഞപ്പോള്‍ രമാഭായിയെ തിലകന്‍ അതിശക്തമായി എതിര്‍ത്തു. രമാഭായിയെ പിന്തുണച്ച് തിലകനില്‍നിന്ന് അകന്നുപോയ ഗോപാല്‍ ഗണേഷ് അഗാര്‍ക്കറെപ്പോലെയുള്ള അനുയായികള്‍ പിന്നീട് തെറ്റ് മനസ്സിലാക്കി തിരിച്ചുവന്നു. ഇങ്ങനെയുള്ള തിലകനെയാണ് തരൂര്‍ കപടമതേതര വാദിയാക്കാന്‍ ശ്രമിക്കുന്നത്.
തിലകനെപ്പോലുള്ള ഹിന്ദുത്വവാദികളും ദേശീയവാദികളും പോരാടി നേടിയെടുത്ത സ്വാതന്ത്ര്യം നെഹ്‌റു കുടുംബത്തിന്റെ സംഭാവനയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം കാലങ്ങളായി തുടരുന്നതാണ്. ഇതിന്റെ ഭാഗമാണ് ശശി തരൂരിനെപ്പോലുള്ള സ്തുതിപാഠകര്‍ നടത്തുന്ന നിരര്‍ത്ഥകമായ ബൗദ്ധിക വ്യായാമവും, നെഹ്‌റു കുടുംബത്തിന്റെ വിഴുപ്പ് ഭാണ്ഡം പേറുന്ന മാധ്യമങ്ങള്‍ അതിനു കൂട്ടുനില്‍ക്കുന്നതും.