കോഴിക്കോട്: എലിയറമല സംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍ കെ.കെ. ഷാജി വധശ്രമക്കേസില്‍ എസ്ഡിപിഐക്കാര്‍ക്ക് ഇന്റലിജന്‍സ് വിഭാഗത്തിലെ രണ്ട് പോലീസുകാര്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തി നല്‍കിയത് അതീവ ഗുരുതരമാണെന്നും പോലീസ് ഇന്റലിജന്‍സിലെ തീവ്രവാദ ഫ്രാക്ഷനെക്കുറിച്ച് വകുപ്പുതല അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു.
അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തിയവര്‍ക്കെതിരെ കേസെടുക്കാനും സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാനും തയ്യാറാകണം. അക്രമത്തിന് പിന്നില്‍ തീവ്രസ്വഭാവമുള്ള മതസംഘടനകളാണെന്ന് ബിജെപി അന്നുതന്നെ പറഞ്ഞതാണ്. കേസില്‍ പ്രതിയാകുന്നതിന് മുമ്പ് ഒരാള്‍ മുന്‍കൂര്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയത് നിസ്സാരമായി കാണാന്‍ കഴിയില്ല. അതിന് ആരുടെയൊക്കെ സഹായം ലഭിച്ചുവെന്നത് പുറംലോകം അറിയണം. പോലീസിനുള്ളിലും നിയമ സംവിധാനങ്ങളിലും തീവ്രവാദ ഫ്രാക്ഷന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന് തെളിവാണിത്. എം.ടി. രമേശ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.