ജനാധിപത്യ സാമൂഹ്യക്രമത്തിന്റെ മുതല്‍ക്കൂട്ടാണ് പ്രതികരണ ശേഷിയുള്ള വ്യക്തികളുംമാധ്യമങ്ങളും. എല്ലാ സാഹിത്യകലാ ആവിഷ്‌കാരങ്ങളും ഒരര്‍ത്ഥത്തില്‍ പ്രതികരണങ്ങള്‍ തന്നെയാണ്. കലാ സാഹിത്യസാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ വാക്കുകളെ ജനങ്ങള്‍ ഏറെ വില മതിക്കാറുണ്ട്. അതുപോലെ മാധ്യമങ്ങളുടെ നിലപാടുകളും ജനാധിപത്യ സമ്പ്രദായത്തെ കരുത്തുറ്റതാക്കാന്‍ പോന്നതാണ്. ഇപ്പറഞ്ഞതൊക്കെ ആദര്‍ശാത്മക സാഹചര്യത്തിലെ കാര്യങ്ങളാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും വാചാലരാകുന്നവര്‍തന്നെ രാഷ്ട്രീയ മത പക്ഷഭേദങ്ങളുടെ താല്‍പ്പര്യങ്ങളാല്‍ നീതിനിഷേധങ്ങളോട് നിശബ്ദതപാലിക്കുമ്പോള്‍ അവരുടെ പ്രതികരണ ധീരത സംശയത്തിന്റെ നിഴലിലാവുകയാണ്. 2014 നു ശേഷം ഭാരതത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുംമേല്‍ ഭരണകൂടം കൈകടത്തുന്നു എന്ന് വിലപിച്ചവരിലേറെ ഇടത്, ഇസ്ലാമിക ബുദ്ധിജീവികളായിരുന്നു. പലപ്പോഴും പുരസ്‌കാരം മടക്കിയും തുണി ഉരിഞ്ഞാടിയും പോലും പ്രതികരിച്ച പല പ്രതികരണ തൊഴിലാളികളും ചിലപ്പോള്‍ നിശബ്ദതയുടെ മൗനവല്‍മീകങ്ങളില്‍ സുഖസുഷുപ്തിയിലാണെന്നു കാണാം.
അഭിപ്രായങ്ങളോട് അസഹിഷ്ണുത പാടില്ലെന്ന് ഉറക്കെപ്പറഞ്ഞിരുന്ന ഇടത് ഇസ്ലാമികപക്ഷങ്ങള്‍ തങ്ങള്‍ പ്രതിക്കൂട്ടിലാകുന്നു എന്നു തോന്നിയപ്പോഴൊക്കെ തികഞ്ഞ അസഹിഷ്ണുക്കളും ഫാസിസ്റ്റുകളുമായി മാറുന്ന കാഴ്ച പലപ്പോഴും കണ്ടതാണ്. തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടിമാത്രം ഉരുക്കഴിക്കുന്ന അഭിപ്രായസ്വാതന്ത്ര്യം മറ്റുള്ളവര്‍ക്ക് നിഷേധിക്കുന്നതില്‍ ഇക്കൂട്ടര്‍ക്ക് യാതൊരു മടിയുമില്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ദില്ലിയില്‍ ബ്ലൂംസ്ബറി എന്ന പുസ്തക പ്രസാധക സംഘം ഏറ്റെടുത്ത പുസ്തക പ്രസാധനത്തില്‍ നിന്നും പിന്‍വാങ്ങിയത്. ‘ദല്‍ഹി റയോട്‌സ് -ദി അണ്‍ ടോള്‍ഡ് സ്റ്റോറി’ (ദല്‍ഹി കലാപങ്ങള്‍ – പറയപ്പെടാത്ത കഥ) എന്ന പുസ്തകം ആരുടെയൊക്കെയോ ഉറക്കംകെടുത്താന്‍ പോന്നതാണ് എന്ന ഒറ്റക്കാരണം കൊണ്ടാണ് പ്രസാധകര്‍ ദൗത്യത്തില്‍നിന്നും പിന്‍മാറിയത്. സത്യത്തിന്റെ കുത്തകാവകാശം പറയുന്ന ഇടത്ജിഹാദി സഖ്യത്തിന്റെ സമ്മര്‍ദ്ദംകൊണ്ടാണ് ബ്ലൂംസ് ബെറി ഏറ്റെടുത്ത ദൗത്യത്തില്‍നിന്നും പിന്‍മാറിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. സുപ്രീം കോടതി അഭിഭാഷകയായ മോണിക്ക അറോറ, സൊനാലി ചിതാല്‍ക്കര്‍, പ്രേരണമല്‍ഹോത്ര എന്നിവരുടെ പ്രയത്‌ന ഫലമായി അടുത്തിടെ നടന്ന ദില്ലിക്കലാപത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമമായിരുന്നു പ്രസ്തുത പുസ്തകത്തിലൂടെ നടന്നത്. പൗരത്വനിയമഭേദഗതിക്കെതിരെ എന്ന പേരില്‍ ദില്ലിയിലരങ്ങേറിയ വര്‍ഗ്ഗീയ കലാപം ഭാരതത്തെ അന്താരാഷ്ട്ര വേദികളില്‍ അപകീര്‍ത്തിപ്പെടുത്താനും ആസൂത്രിതമായി ഹിന്ദുവംശഹത്യ നടത്താനുംവേണ്ടിയുള്ളതായിരുന്നു എന്ന സത്യം നിരവധി തെളിവുകളുടെ അടിസ്ഥാനത്തില്‍ പുറത്തുവിടുന്ന ഗ്രന്ഥം, കലാപത്തിന് ഇന്ധനം പകരുകയും നേതൃത്വം കൊടുക്കുകയും ചെയ്തവരെ സംബന്ധിച്ച് ഭീഷണിയാണ് എന്ന് തോന്നിയതു കൊണ്ടാണ് ഏതു തരത്തിലും പുസ്തക പ്രസാധനം തടയാന്‍ അവര്‍ ശ്രമിച്ചത്. പെരുമാള്‍ മുരുകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി വീറോടെ വാദിച്ചവര്‍ തന്നെയാണ് ഈ പുസ്തകം വെളിച്ചം കാണാതിരിക്കാന്‍ ശ്രമിച്ചത് എന്നതാണ് രസകരം. ഷഹീന്‍ ബാഗ് സമരത്തെക്കുറിച്ചും പൗരത്വനിയമഭേദഗതിയെക്കുറിച്ചും ഒന്നിലധികം പുസ്തകങ്ങള്‍ ദില്ലി കേന്ദ്രീകരിച്ച് പ്രകാശിതമായി കഴിഞ്ഞിട്ടുണ്ട്. അവയെല്ലാം മുസ്ലീംപക്ഷവ്യാഖ്യാനങ്ങളായതുകൊണ്ട് ഇടതുലിബറലുകള്‍ കൊണ്ടാടുകയും ചെയ്തപ്പോഴാണ് വേറിട്ട കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന ഗ്രന്ഥത്തോട് അസഹിഷ്ണുത കാട്ടുന്നത്. സത്യത്തോടുള്ള ഇത്തരക്കാരുടെ അസഹിഷ്ണുത എത്ര മാത്രമുണ്ടെന്നു വ്യക്തമാക്കുന്ന നടപടിയായിരുന്നു ഇത്. ലോകത്തെവിടെ ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെട്ടാലും തെരുവിലിറങ്ങുകയും ഒപ്പുശേഖരിക്കുകയും പുരസ്‌കാരം മടക്കുകയും ഒക്കെ ചെയ്യാറുള്ള മലയാളത്തിലെ പ്രഖ്യാപിത ഇടതു പ്രതികരണ വീരന്‍മാരൊന്നും ദില്ലിയിലെ പുസ്തകതിരസ്‌കാരം അറിഞ്ഞതായിപ്പോലും നടിച്ചില്ല. കേരളത്തിലെ ‘പ്രജാപതിയുടെ’ സായാഹ്ന പുലഭ്യങ്ങള്‍കേട്ട് നിര്‍വൃതിഅടയുന്ന മലയാള ‘മാധ്യമശിങ്കങ്ങള്‍ക്ക്’ ദില്ലി ചില സമയത്ത് ഏറെ ദൂരെയാകുന്നത് സ്വാഭാവികം.
മലയാള സിനിമാരംഗത്തുള്ള ചില സ്ഥിരംപ്രതികരണ കലാകാരന്മാര്‍ മയക്കുമരുന്ന് സ്വര്‍ണ്ണക്കടത്ത് അന്വേഷണങ്ങളുടെ നിഴലിലായതുകൊണ്ടാവും മുംബൈയില്‍ ഒരു സിനിമാ പ്രവര്‍ത്തകയ്ക്കു നേരിട്ട നീതിനിഷേധത്തോട് പ്രതികരിക്കാത്തത്. ബോളിവുഡ് നടി കങ്കണറാവത്ത് തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറഞ്ഞതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നത് കണ്ടിട്ട് എത്ര സിനിമാപ്രതികരണ തൊഴിലാളികള്‍ ശബ്ദിച്ചു എന്ന് ശ്രദ്ധിക്കേണ്ടതാണ്. മുഖ്യമന്ത്രി ഉദ്ധവ്താക്കറെയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടി കങ്കണറാവത്തിന്റെ മുബൈയിലുള്ള ഓഫീസിന്റെ ഒരുഭാഗം പൊളിച്ചുകളയുക മാത്രമല്ല അവര്‍ക്കെതിരെ കേസെടുക്കുകകൂടി ചെയ്തിരിക്കുകയാണ്. കേന്ദ്രഗവണ്‍മെന്റിനും ഹിന്ദുത്വത്തിനുമെതിരെ അച്ചു നിരത്തുകയും ഒച്ചവയ്ക്കുകയും ചെയ്യുന്നവരെ ഒന്നും ഇത്തരം നീതിനിഷേധങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കാണുന്നില്ല.
ജമ്മു കാശ്മീരിലെ കത്വയില്‍ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിന്റെ പേരില്‍ ഹിന്ദു സമൂഹത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുകയും ശിവലിംഗത്തില്‍ ഗര്‍ഭനിരോധന ഉറ ചാര്‍ത്തിയചിത്രം വരയ്ക്കുകയുമൊക്കെ ചെയ്ത പ്രതികരണധീരതയൊന്നും എന്തുകൊണ്ടോ ആറന്മുളയില്‍ കോവിഡ് ബാധിതയായ ദളിത്‌പെണ്‍കുട്ടിയെ ആംബുലന്‍സില്‍ ഡി.വൈ.എഫ്.ഐ. ക്കാരനായ ഡ്രൈവര്‍ പീഡിപ്പിച്ചപ്പോള്‍ കണ്ടില്ല. ദളിതര്‍ മനുഷ്യരല്ല എന്ന പ്രഖ്യാപിത കമ്മ്യൂണിസ്റ്റ് നിലപാടിന് വിരുദ്ധമാകും എന്നതു കൊണ്ടാവാം ഒരുപക്ഷെ ഇടത് സാംസ്‌കാരിക നായകന്‍മാര്‍ പ്രതികരിക്കാതിരുന്നതെന്നു കരുതാം.
നഗരമാവോയിസ്റ്റുകളായ അലനെയും താഹയെയും അറസ്റ്റു ചെയ്തത് തെറ്റായിപ്പോയെന്ന് പറയാന്‍ വാ തുറന്ന ഇടത് ബുദ്ധിജീവികളൊന്നും ഇതുവരെ കേരളത്തില്‍ നടക്കുന്ന സ്വര്‍ണ്ണ, മയക്കുമരുന്ന് വ്യാപാരത്തെ അപലപിക്കാന്‍ തയ്യാറായിട്ടില്ലെന്ന് നാം മനസ്സിലാക്കണം. അതിനര്‍ത്ഥം ഇത്തരം കള്ളക്കടത്തിന്റെയും സാമ്പത്തിക തട്ടിപ്പിന്റെയും വിഹിതം ഇവിടുത്തെ പല പ്രഖ്യാപിത സാംസ്‌കാരികനായകന്മാരും പറ്റുന്നുണ്ടെന്നു തന്നെയാണ്. ഒരു കിലോ മുന്തിയ ഈന്തപ്പഴത്തിനും ഒരു ഗള്‍ഫ് യാത്രക്കുംവേണ്ടി ഏത് നെറികെട്ട പ്രസ്താവനയും പ്രസംഗവും നടത്തുന്ന കേരളത്തിലെ ചില പ്രതികരണ തൊഴിലാളികളില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ വയ്യ.
സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചും സ്ത്രീപുരുഷസമത്വത്തെക്കുറിച്ചുമൊക്കെ വാചാലരാകുന്ന കേരളത്തിലെ ഒരു സാംസ്‌കാരിക നായകനും പാറശാലയില്‍ കമ്മ്യൂണിസ്റ്റ്‌സഖാക്കന്മാര്‍ക്കും നേതാക്കന്മാര്‍ക്കും എതിരെ കത്തെഴുതിവച്ച് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച പെണ്‍കുട്ടിയ്ക്കുവേണ്ടി സംസാരിക്കുമെന്നു കരുതാന്‍ വയ്യ. രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരെ സായാഹ്നചര്‍ച്ച നടത്തുന്നവരൊക്കെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ ബോംബ് ഫാക്ടറി പൊട്ടിത്തെറിച്ച് നിരവധി സഖാക്കന്മാരുടെ കൈകാലുകള്‍ ചിതറിപ്പോയത് കണ്ടിട്ടും നിശ്ശബ്ദരായിനില്‍ക്കുന്നു! പ്രതികരണധീരന്മാര്‍ എന്ന് നാം കരുതുന്ന പലര്‍ക്കും പക്ഷങ്ങളും പക്ഷഭേദങ്ങളും ഉണ്ട് എന്നതാണ് സത്യം. പ്രതിഫലം പറ്റുന്ന പ്രതികരണ തൊഴിലാളികള്‍ മാത്രമാണ് പലരും എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.